Pregnancy
ബ്രിട്ടനില്‍ ഗര്‍ഭിണികളിലെ മോര്‍ണിംഗ് സിക്ക്‌നസ് പരിഹരിക്കാനുള്ള മരുന്നിന് ബ്രിട്ടനില്‍ ലൈസന്‍സ്. ഗര്‍ഭകാലത്തെ ഛര്‍ദ്ദി, ശാരിരികമായ മറ്റ് അസ്വസ്ഥതകള്‍ എന്നിവ പരിഹരിക്കാന്‍ സോനേവ എന്ന പുതിയ മരുന്നിന് സാധിക്കുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിരുന്നു. ഛര്‍ദ്ദി മൂന്നില്‍ രണ്ടായി കുറയ്ക്കാനും തലകറക്കം പോലെയുള്ള അസ്വസ്ഥതകള്‍ ദിവസത്തില്‍ നാലില്‍ നിന്ന് ഒന്നായി കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഛര്‍ദ്ദി ഇല്ലാതാക്കാനുള്ള മരുന്നുകള്‍ ഗര്‍ഭിണികള്‍ക്ക് നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ മടിക്കുമായിരുന്നു. ഇഞ്ചി, അക്യൂപങ്ചര്‍ തുടങ്ങിയവയായിരുന്നു ഗര്‍ഭിണികള്‍ക്ക് നിര്‍ദേശിക്കപ്പെട്ടിരുന്നത്. 80 ശതമാനം ഗര്‍ഭിണികളിലും മോര്‍ണിംഗ് സിക്ക്‌നസ് എന്ന പേരില്‍ അറിയപ്പെടുന്ന ഗര്‍ഭകാല ശാരിരിക പ്രശ്‌നങ്ങള്‍ കാണാറുണ്ട്. അതില്‍ രണ്ട് ശതമാനം പേര്‍ക്ക് അതി കഠിനമായ ഛര്‍ദ്ദി കാണപ്പെടാറുണ്ട്. ഹൈപ്പറെമെസിസ് ഗ്രാവിഡാറം എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥ കീമോതെറാപ്പിക്ക് വിധേയരാകുന്നവരില്‍ കാണപ്പെടുന്ന ഛര്‍ദ്ദിക്കു തുല്യമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ അതി ശക്തമായ ഛര്‍ദ്ദിയും മറ്റ് പ്രശ്‌നങ്ങളുമുള്ള ഗര്‍ഭിണികള്‍ക്ക് അബോര്‍ഷന്‍ നിര്‍ദേശിക്കാറുണ്ട്. നിലവില്‍ ആയിരത്തോളം ഗര്‍ഭങ്ങള്‍ ഇങ്ങനെ അലസിപ്പിക്കാറുണ്ടെന്ന് ബ്രിട്ടീഷ് പ്രെഗ്നന്‍സി അഡൈ്വസറി സര്‍വീസ് പറയുന്നു. ഇത്തരത്തിലുള്ള അബോര്‍ഷനുകള്‍ കുറയ്ക്കാന്‍ ഈ പുതിയ മരുന്ന് സഹായിക്കുമെന്നാണ് കരുതുന്നത്. ഗര്‍ഭത്തോടനുബന്ധിച്ചുള്ള ശാരീരിക പ്രശ്‌നങ്ങളുമായി 2016-17 കാലയളവില്‍ 33,071 പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതു മൂലം 36,171 ചികിത്സാ ദിനങ്ങളാണ് എന്‍എച്ച്എസിന് ചെലവായത്. 62 മില്യന്‍ പൗണ്ട് ഈയിനത്തില്‍ ഹെല്‍ത്ത് സര്‍വീസിന് എല്ലാ വര്‍ഷവും ചെലവാകുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്. 1960കളില്‍ ഗര്‍ഭകാല ആലസ്യങ്ങള്‍ക്ക് മരുന്നായി താലിഡോമൈഡിന് അനുമതി നല്‍കിയിരുന്നുവെങ്കിലും കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരോധിച്ചിരുന്നു.
ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ വെറും ഒരു പൗണ്ട് മാത്രം ചെലവാകുന്ന ഈ കുത്തിവെയ്‌പ്പെടുത്താല്‍ അത് നിങ്ങളുടെ കുഞ്ഞിന് ജീവിതകാലം മുഴുവന്‍ ഉപകാരപ്പെടും. ശാരീരികവും മാനസികവുമായ വൈകല്യമുണ്ടാകാകുന്ന സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയില്‍ സുരക്ഷ നല്‍കുന്ന മഗ്നീഷ്യം സള്‍ഫേറ്റ് കുത്തിവെയ്പ്പാണ് ഇത്. ഗര്‍ഭം 32 ആഴ്ചയിലെത്തുന്നതിനു മുമ്പാണ് ഇത് നല്‍കേണ്ടത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിലും ഇനി മുതല്‍ ഈ കുത്തിവെയ്പ്പ് ലഭ്യമാകും. ബ്രിസ്റ്റോളിലെ സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റലില്‍ നടത്തിയ ഒരു പൈലറ്റ് സ്റ്റഡിക്കു ശേഷമാണ് പദ്ധതി വ്യാപകമാക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിനുണ്ടാകുന്ന മസ്തിഷ്‌ക തകരാറുകളാണ് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ശാരീരിക, മാനസിക വൈകല്യങ്ങള്‍ സൃഷ്ടിക്കുന്നത്. മഗ്നീഷ്യം സള്‍ഫേറ്റ് കുത്തിവെയ്പ്പ് മസ്തിഷ്‌ക തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനത്തോളം കുറയ്ക്കുന്നു. ഏറ്റവും മോശം അവസ്ഥയിലുള്ള സെറിബ്രല്‍ പാള്‍സിയെപ്പോലും ഇത് ചെറുക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പേശികളുടെയും അസ്ഥികളുടെയും വികസനത്തിന് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. അമ്മയുടെ രക്തചംക്രമണ വ്യവ്സ്ഥയിലേക്ക് എത്തുന്ന മഗ്നീഷ്യം പ്ലാസന്റയിലൂടെ കുട്ടിയിലെത്തുകയും ഓക്‌സിജന്‍ കുറയുന്നതു മൂലം തലച്ചോറില്‍ രൂപപ്പെടാന്‍ ഇടയുള്ള വിഷവസ്തുക്കളുടെ രൂപീകരണം തടയുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. സെറിബ്രല്‍ പാള്‍സിക്കെതിരെയുള്ള ഏക പ്രതിരോധ മാര്‍ഗം ഇതു മാത്രമാണെന്ന് വിദഗ്ദ്ധരും സാക്ഷ്യപ്പെടുത്തുന്നു.
ഗര്‍ഭസ്ഥ ശിശുക്കളെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വിവാദ എപ്പിലെപ്‌സി മരുന്ന് യുവതികള്‍ക്ക് നല്‍കുന്നത് നിരോധിച്ചു. അപസ്മാരത്തിന് ഫലപ്രദമായ മരുന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഡിയം വാല്‍പൊറേറ്റ് ആണ് പ്രത്യുല്‍പാദന കാലയളവില്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് ഈ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളില്‍ ഗുരുതരമായ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഈ മരുന്നിന് കഴിയുമെന്നാണ് വെളിപ്പെടുത്തല്‍. ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നവര്‍ക്ക് മാത്രം ഈ മരുന്ന് നല്‍കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഗര്‍ഭിണികളായ അപസ്മാര രോഗികള്‍ക്ക് ഫലപ്രദമായ മരുന്ന് സോഡിയം വാല്‍പോറേറ്റ് മാത്രമാണെന്ന് രണ്ട് കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റുകള്‍ വ്യക്തമാക്കി ഒരാഴ്ചക്കു ശേഷമാണ് പുതിയ നിരോധനമെന്നതും ശ്രദ്ധേയമാണ്. അപസ്മാരം ചികിത്സിക്കാതിരിക്കുന്നത് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഒരുപോലെ അപകടകരമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കുട്ടികള്‍ക്ക് ഓട്ടിസം, പഠന വൈകല്യങ്ങള്‍ തുടങ്ങിയ വൈകല്യങ്ങളുണ്ടാകാന്‍ കാരണം സോഡിയം വാല്‍പോറേറ്റിന്റെ ഉപയോഗമാണെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഗര്‍ഭകാലത്ത് ഈ മരുന്ന് ഉപയോഗിച്ചാലുള്ള കുഴപ്പങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചിരുന്നു. ഈ മരുന്നിന്റെ പാര്‍ശ്വഫലം അനുഭവിക്കുന്ന 20,000ത്തോളം കുട്ടികള്‍ യുകെയിലുണ്ടെന്നാണ് ക്യാംപെയിനര്‍മാര്‍ പറയുന്നത്. സനോഫിയുടെ എപീലിയം എന്ന ബ്രാന്‍ഡാണ് യുകെയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. ഗര്‍ഭകാലത്ത് ഇത് ഉപയോഗിച്ചാല്‍ കുട്ടികളില്‍ വളര്‍ച്ചാ പ്രശ്‌നങ്ങളുണ്ടാകാമെന്ന് നൈസ് ഡേറ്റയും സൂചന നല്‍കുന്നു. ഈ മരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളും യുവതികളും തങ്ങളുടെ ജിപിമാരെ ബന്ധപ്പെട്ട് മറ്റു മരുന്നുകള്‍ തേടേണ്ടതാണെന്നും എംഎച്ച്ആര്‍എയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
RECENT POSTS
Copyright © . All rights reserved