Prince Philip
ലണ്ടന്‍: തന്റെ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നാഴ്ച്ചയ്ക്ക് ശേഷം പ്രിന്‍സ് ഫിലിപ്പ് ലൈസന്‍സ് തിരികെ നല്‍കി. നടപടി സ്വമേധയാ എടുത്ത തീരുമാനത്തിന്റെ ഭാഗമെന്ന് ബെക്കിംഗ്ഹാം പാലസ് അറിയിച്ചിട്ടുണ്ട്. അപകടത്തിനു ശേഷം ഫിലിപ്പ് രാജകുമാരന്‍ കാഴ്ച പരിശോധനയ്ക്കും ബ്രെത്തലൈസര്‍ ടെസ്റ്റിനും വിധേയനായിരുന്നു. രണ്ട് പരിശോധനകളിലും അദ്ദേഹം പാസായെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ഫ്രീലാന്‍ഡറിനു പകരം പുതിയ ഒന്ന് 24 മണിക്കൂറിനുള്ളില്‍ രാജകുടുംബത്തിന് ലഭിക്കുകയും ചെയ്തു. അതേസമയം അപകട സമയത്ത് പ്രിന്‍സ് ഫിലിപ്പ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന വാര്‍ത്തകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് ലൈസന്‍സ് തിരികെ നല്‍കാന്‍ പ്രിന്‍സ് ഫിലിപ്പ് തീരുമാനിച്ചത്. അപകടത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവര്‍ തലകീഴായി മറിഞ്ഞിരുന്നു. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായതെന്നാണ് ദൃസാക്ഷികള്‍ പോലീസില്‍ മൊഴി നല്‍കിയത്. അതേസമയം ഇപ്പോള്‍ ലൈസന്‍സ് തിരികെ നല്‍കാന്‍ തീരുമാനിച്ചത് പ്രിന്‍സ് ഫിലിപ്പ് സ്വമേധയാ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. നേരത്തെ അദ്ദേഹത്തിന്റെ ലൈസന്‍സ് നിര്‍ബന്ധപൂര്‍വ്വം തിരികെ വാങ്ങാന്‍ പോലീസ് ശ്രമിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം നിയമ നടപടികളൊന്നും ഉണ്ടാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കണ്ണില്‍ അമിത സൂര്യപ്രകാശം പതിഞ്ഞതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് പ്രിന്‍സ് ഫിലിപ്പ് നേരത്തെ പോലീസിനേട് വ്യക്തമാക്കിയിരുന്നു. അന്നത്തെ അപകടത്തില്‍ പ്രിന്‍സ് ഫിലിപ്പ് ഇടിച്ച കാറിലുണ്ടായിരുന്നു 4 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്നയുടന്‍ ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ശ്വാസ പരിശോധന പോലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഇരുകൂട്ടരും യാതൊരു ലഹരിയുടെയും സ്വാധീനത്തിലായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പ്രിന്‍സ് ഫിലിപ്പിന് കൈയ്യില്‍ നിയമം അനുശാസിക്കുന്ന ലൈസന്‍സ് ഉണ്ടായിരുന്നതായി ബെക്കിംഗ്ഹാം പോലീസ് സ്ഥിരീകരിക്കുകയും ചെയ്തതോടെ മനപൂര്‍വ്വമുള്ള നിയമ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു. പിന്നീട് നടന്ന അന്വേഷണം അപകടമുണ്ടായതിന്റെ പ്രധാന കാരണങ്ങള്‍ അന്വേഷിച്ചായിരുന്നു. യു.കെയില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എല്ലാ മൂന്ന് വര്‍ഷവും ലൈസന്‍സ് പുതുക്കി വാങ്ങേണ്ടതുണ്ട്. ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഒരോ മൂന്ന് വര്‍ഷത്തിലും നിരത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുമോയെന്ന് പരിശോധിച്ച ശേഷമാവും ഇവര്‍ക്ക് ലൈസന്‍സ് നല്‍കുക.
സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റ് അപകടത്തില്‍ പരിക്കേറ്റ സ്ത്രീകളോട് മാപ്പു പറഞ്ഞ് ഫിലിപ്പ് രാജകുമാരന്‍. താന്‍ ഡ്രൈവ് ചെയ്തിരുന്ന ലാന്‍ഡ് റോവര്‍ കൂട്ടിയിടിച്ച കിയ കാറിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും എഴുതിയ കത്തിലാണ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് ഖേദപ്രകടനം നടത്തിയത്. എല്ലി ടൗണ്‍സെന്‍ഡ്, എമ്മ ഫെയര്‍വെതര്‍ എന്നീ സ്ത്രീകളായിരുന്നു അപകടത്തില്‍പ്പെട്ട കിയ കാരെന്‍സ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. 97 കാരനായ ഫിലിപ്പ് രാജകുമാരനെ വാഹനമോടിക്കാന്‍ അനുവദിച്ചതില്‍ ബക്കിംഗ്ഹാം കൊട്ടാരവും കേസ് കൈകാര്യം ചെയ്ത രീതിയില്‍ പോലീസും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. അപകടത്തിന് രണ്ടു ദിവസം മുമ്പ് അപകടത്തില്‍പ്പെട്ട ലാന്‍ഡ് റോവറില്‍ പ്രിന്‍സ് ഫിലിപ്പ് സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. തന്റെ വാഹനത്തിനു നേരെ വരികയായിരുന്ന കാര്‍ കാണുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്ന് കിയയുടെ ഡ്രൈവറായിരുന്ന ഫെയര്‍വെതറിന് എഴുതിയ കത്തില്‍ ഫിലിപ്പ് പറഞ്ഞു. വിന്റര്‍ വെയിലിന്റെ തീക്ഷ്ണതയാണ് തന്റെ കാഴ്ചയെ ബാധിച്ചതെന്നും ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് വാദിക്കുന്നു. ഈ ദുരനുഭവത്തില്‍ നിന്ന് എത്രയും വേഗത്തില്‍ മുക്തിയുണ്ടാകട്ടെയെന്നും കഴിഞ്ഞുപോയ സംഭവത്തില്‍ അഗാധമായ ദുഃഖം തനിക്കുണ്ടെന്നും അദ്ദേഹം കത്തില്‍ എഴുതി. അപകടത്തില്‍ കരണം മറിഞ്ഞ ലാന്‍ഡ് റോവറിന്റെ സണ്‍റൂഫില്‍ കൂടിയാണ് ഫിലിപ്പ് രാജകുമാരനെ പുറത്തെടുത്തത്. അപകടത്തിന്റെ ഞെട്ടലിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 17നായിരുന്നു അപകടം. ഇതില്‍ ഫിലിപ്പ് രാജകുമാരന്‍ പോലീസിന് തന്റെ മൊഴി എഴുതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അശ്രദ്ധമായ ഡ്രൈവിംഗിന് ഇദ്ദേഹത്തിനെതിരെ കേസെടുക്കാനാകുമോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ജനുവരി 21ന് പുറത്തുവിട്ട കത്ത് സണ്‍ഡേ മിററാണ് പ്രസിദ്ധീകരിച്ചത്. തന്നെ കാറിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയ വഴിയാത്രക്കാര്‍ക്കും അദ്ദേഹം പ്രത്യേകം കത്തുകള്‍ എഴുതിയിട്ടുണ്ട്. കിയ ഓടിച്ചിരുന്ന ഫെയര്‍വെതറിന്റെ കയ്യുടെ അസ്ഥി അപകടത്തില്‍ പൊട്ടിയിരുന്നു. അപകടത്തിനു ശേഷം ഫിലിപ്പ് രാജകുമാരന് പുതിയ ലാന്‍ഡ്‌റോവര്‍ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചിരുന്നു. ഇതുമായി അദ്ദേഹം റോഡിലിറങ്ങിയതിനെ ഫെയര്‍വെതര്‍ വിമര്‍ശിച്ചിരുന്നു.
അപകടമുണ്ടാക്കിയ ലാന്‍ഡ് റോവര്‍ ഫിലിപ്പ് രാജകുമാരന്‍ ഡ്രൈവ് ചെയ്തത് സീറ്റ് ബെല്‍റ്റ് ഇടാതെയെന്ന് റിപ്പോര്‍ട്ട്. അപകടത്തിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം പുറത്തുവന്ന ഫോട്ടോകളാണ് ഇത് വ്യക്തമാക്കുന്നത്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും നോര്‍ഫോള്‍ക്ക് കോണ്‍സ്റ്റാബുലറി വക്താവ് പറഞ്ഞു. സീറ്റ്‌ബെല്‍റ്റ് ഇടാത്തതു പോലെയുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ആദ്യം പ്രതികരിക്കുന്നത് ഈ വിധത്തിലായിരിക്കുമെന്നും വക്താവ് അറിയിച്ചു. ഒരു കിയ കാറുമായി കൂട്ടിയിടിച്ച് പ്രിന്‍സ് ഫിലിപ്പ് ഓടിച്ചിരുന്ന ലാന്‍ഡ്‌റോവര്‍ ഫ്രീലാന്‍ഡര്‍ തകിടംമറിഞ്ഞിരുന്നു. വാഹനത്തില്‍ നിന്ന് അദ്ദേഹത്തെ വലിച്ചെടുക്കുകയായിരുന്നു. അപകടത്തില്‍ കിയയിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 9 മാസം പ്രായമായ കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചില്ല. അപകടത്തിനു ശേഷം ഫിലിപ്പ് രാജകുമാരന്‍ കാഴ്ച പരിശോധനയ്ക്കും ബ്രെത്തലൈസര്‍ ടെസ്റ്റിനും വിധേയനായി. രണ്ട് പരിശോധനകളിലും അദ്ദേഹം പാസായെന്ന് പോലീസ് വൃത്തങ്ങള്‍ പ്രസ് അസോസിയേഷനെ അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെ സാന്‍ഡ്രിംഗ്ഹാം എസ്‌റ്റേറ്റില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ഫ്രീലാന്‍ഡറിനു പകരം പുതിയ ഒന്ന് 24 മണിക്കൂറിനുള്ളില്‍ രാജകുടുംബത്തിന് ലഭിച്ചു. തകര്‍ന്ന കാറിന്റെ അതേ നിറത്തിലും മാതൃകയിലുമുള്ള ഒന്നാണ് മാറ്റി നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച സാന്‍ഡ്രിഗ്ഹാം എസ്‌റ്റേറ്റിന് സമീപത്തുവെച്ച് പ്രിന്‍സ് ഫിലിപ്പിന്റെ ലാന്‍ഡ് റോവറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നുയടന്‍ സ്ഥലത്തേക്ക് എത്തിയവര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലീസെത്തി പ്രിന്‍സ് ഫിലിപ്പ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സമയത്ത് പരിഭ്രാന്തനായിട്ടായിരുന്നു പ്രിന്‍സ് ഫിലിപ്പ് കാണപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വാഹനം തലകീഴായി മറിഞ്ഞിട്ടും 97കാരനായ പ്രിന്‍സ് ഫിലിപ്പിന് അപകടമൊന്നും പറ്റാത്തത് അദ്ഭുതകരമാണ്.
ലണ്ടന്‍: എഡിന്‍ബറോ ഡ്യൂകും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായി പ്രിന്‍സ് ഫിലിപ്പ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവര്‍ തലകീഴായി മറിഞ്ഞു. അതേസമയം അപകടത്തില്‍ പ്രിന്‍സ് ഫിലിപ്പിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രിന്‍സ് ഫിലിപ്പിന്റെ വാഹനവുമായി കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് നിസാര പരിക്കുകളേറ്റിട്ടുണ്ട്. ഇവരെ കിംഗ്‌സ് ലെയ്‌നിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സാന്‍ഡ്രിഗ്രഹാം എസ്‌റ്റേറ്റിന് സമീപത്ത് കൂടെ സഞ്ചരിക്കുകയായിരുന്ന പ്രിന്‍സ് ഫിലിപ്പിന്റെ ലാന്‍ഡ് റോവറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അപകടം നടന്നുയടന്‍ സ്ഥലത്തേക്ക് എത്തിയവര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലീസെത്തി പ്രിന്‍സ് ഫിലിപ്പ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സമയത്ത് പരിഭ്രാന്തനായിട്ടായിരുന്നു പ്രിന്‍സ് ഫിലിപ്പ് കാണപ്പെട്ടതെന്ന് ദൃസാക്ഷികള്‍ പറയുന്നു. വാഹനം തലകീഴായി മറിഞ്ഞിട്ടും 97കാരനായ പ്രിന്‍സ് ഫിലിപ്പിന് അപകടമൊന്നും പറ്റാത്തത് അദ്ഭുതകരമാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ആരോഗ്യവിവരം തിരക്കി രംഗത്ത് വന്നിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ശ്വാസ പരിശോധന പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുകൂട്ടരും യാതൊരു ലഹരിയുടെയും സ്വാധീനത്തിലായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പ്രിന്‍സ് ഫിലിപ്പിന് കൈയ്യില്‍ നിയമം അനുശാസിക്കുന്ന ലൈസന്‍സ് ഉണ്ടായിരുന്നതായി ബെക്കിംഗ്ഹാം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യു.കെയില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എല്ലാ മൂന്ന് വര്‍ഷവും ലൈസന്‍സ് പുതുക്കി വാങ്ങേണ്ടതുണ്ട്. നിയമലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക പോലീസ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.
Copyright © . All rights reserved