Prithviraj Sukumaran
സിനിമാ താരം പൃഥ്വിരാജ് സുകുമാരന്‍ ഈയിടെയാണ് കോടികള്‍ മുടക്കി ആഢംബര വാഹനമായ ലംബോര്‍ഗിനി ഹുറാകാന്‍ സ്വന്തമാക്കിയത്. എന്നാല്‍ വാഹനം വാങ്ങി താരം വെട്ടിലായി എന്നു വേണം പറയാന്‍. കാര്‍ ഇതുവരെ തിരുവനന്തപുരത്തെ തറവാട് വീട്ടിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. തറവാട് വീട്ടിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയാണ് കാര്‍ കൊണ്ടു വരുന്നതിലെ തടസ്സം. ലംബോര്‍ഗിനി പോലുള്ള ആഢംബര കാറുകള്‍ക്ക് ഗ്രൗണ്ട് ക്ലിയറന്‍സ് വളരെ കുറവാണ്. കുഴികളുള്ളതോ ഓഫ് റോഡിലോ ഇവ ഉപയോഗിക്കാന്‍ കഴിയില്ല. കേരളത്തിലെ മിക്ക റോഡുകളില്‍ കൂടിയും ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. ചെറിയ ഹമ്പുകള്‍ പോലും ഇത്തരം വാഹനങ്ങള്‍ക്ക് മറികടക്കാന്‍ കഴിയില്ല. ഏകദേശം മൂന്നരക്കോടി രൂപയോളം ചെലവഴിച്ച് പൃഥ്വി വാങ്ങിയ ലംബോര്‍ഗിനി വീട്ടിലിരിക്കുമെന്ന് സോഷ്യല്‍ മീഡയകളില്‍ ചിലര്‍ പരിഹസിക്കുന്നു. തന്റെ തറവാട് വീട്ടിലേക്കുള്ള മിനി ബൈപ്പാസ് റോഡ് നന്നാക്കി തരണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനും അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നുവെന്ന് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന്‍ പറയുന്നു. പുതിയ വാഹനത്തിന് കെഎല്‍-7-സിഎന്‍-1 എന്ന നമ്പര്‍ സ്വന്തമാക്കാന്‍ താരം മുടക്കിയത് ഏതാണ്ട് 43.16 ലക്ഷം രൂപയാണ്. മലയാള ചലച്ചിത്ര താരങ്ങളില്‍ ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് പൃഥ്വിരാജ്.

Also read... ബ്രിട്ടനെ വെല്ലുവിളിക്കുന്ന വ്‌ളാഡിമിര്‍ പുടിന്‍ അമര്‍ത്യനോ? പുടിന്റെ നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ചിത്രങ്ങള്‍ പ്രചാരത്തില്‍

കൊച്ചി: നടന്‍ പൃഥ്വിരാജ് സിനിമാ നിര്‍മ്മാണ മേഖലയിലേക്ക്. പുതിയ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് കമ്പനിയുടെ പേര്. പുതിയ നിര്‍മ്മാണ സംരഭം ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിന് സമ്മാനിക്കുമെന്ന് പൃഥ്വിരാജ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ടു നിന്ന തയ്യാറെടുപ്പുകള്‍ക്ക് ഒടുവിലാണ് പൃഥ്വിയുടെ സിനിമാ കമ്പനി പ്രഖ്യാപനം. കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് നിലവില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ല. കമ്പനി പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് എഴുതിയ കുറിപ്പ്. കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്‌നത്തില്‍ ആയിരുന്നു. ഇപ്പോള്‍ അത് നിങ്ങളുമായി പങ്കുവയ്ക്കാന്‍ സമയമായി. മലയാള സിനിമയ്ക്കു ഒരു പുതിയ സിനിമ നിര്‍മാണ കമ്പനി കൂടി! എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമര്‍പ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നത് തന്നെ ആണ് എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. എന്തുകൊണ്ട് ഈ സംരംഭം ഉടലെടുക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു? ഈ ദൗത്യം മലയാള സിനിമ നിര്‍മാണ മേഖലക്ക് ഒരു പുത്തന്‍ ചുവടു വെപ്പ് ആണ് എന്ന് ഞങ്ങള്‍ എന്ത് കൊണ്ട് വിശ്വസിക്കുന്നു? മലയാള സിനിമയെ കുറിച്ച് ഞാന്‍ കണ്ട സ്വപ്നങ്ങളിലേക്ക് ഇതിലൂടെ നമ്മള്‍ എങ്ങനെ ഒരു പടി കൂടുതല്‍ അടുക്കുന്നു? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തുടര്‍ന്ന് ഉണ്ടാകുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നെ ഞാന്‍ ആക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിര്‍മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ എന്നോട് ഒപ്പം നിന്ന ശ്രീ ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്തെന്നും എങ്ങനെ എന്നും എന്നെ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്, സുപ്രിയയും ഞാനും അഭിമാനപൂര്‍വം അവതരിപ്പിക്കുന്നു, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.
തിരുവനന്തപുരം: അനുജന്റെ കസ്റ്റഡി മരണത്തിനു കാരണക്കാരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജും രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ശ്രീജിത്തിന് പിന്തുണയറിയിച്ചത്. നീ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് ആധുനിക കാലത്തിന്റെ മനുഷ്യത്വമാണെന്നും നീ അര്‍ഹിക്കുന്ന നീതി നിനക്ക് ലഭിക്കട്ടെയെന്നും പൃഥ്യിരാജ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നീ ഇത് ചെയ്യുന്നത് നിനക്ക് വേണ്ടിയും നിന്റെ കുടുംബത്തിന് വേണ്ടിയും നിന്റെ സഹോദരന് വേണ്ടിയുമാണെങ്കിലും വരും തലമുറയ്ക്ക് നിങ്ങളൊരു പ്രതീക്ഷയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ഇരിക്കുന്നതിന്റെ ചിത്രത്തോട് കൂടിയാണ് പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നേരത്തെ നടന്‍ ടോവിനോ തോമസ് ശ്രീജിത്തിന് പിന്തുണയുമായി സമര പന്തലില്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് വന്‍ ജന പിന്തുണയാണ് ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
RECENT POSTS
Copyright © . All rights reserved