ജനസംഖ്യയില്‍ 26 ശതമാനം യുവാക്കള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോഴും കഴിയുന്നതെന്ന് സര്‍വേ. 3.4 മില്യനിലേറെ യുവജനങ്ങള്‍ക്ക് ഇപ്പോഴും മാതാപിതാക്കളുടെ വീടുകള്‍ തന്നെയാണ് ആശ്രയം. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രോപ്പര്‍ട്ടി വിലയാണ് ഈ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. 20നും 34നുമിടയില്‍ പ്രായമുള്ളവരാണ് ഈ പ്രശ്നം ഏറ്റവും കൂടുതല്‍ നേരിടുന്നതെന്നാണ് വ്യക്തമായിട്ടുള്ളത്. ഉയര്‍ന്ന വാടകയും മോര്‍ട്ട്ഗേജ് ഡിപ്പോസിറ്റുകളും പെയ്മെന്റുകളും സൃഷ്ടിക്കുന്ന അധൈര്യവും യുവാക്കള്‍ക്ക് സ്വന്തം കൂര തേടാന്‍ കഴിയാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് കണക്കുകള്‍.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്. സാധാരണക്കാര്‍ക്ക് പാര്‍പ്പിടം എന്ന സ്വപനം അപ്രാപ്യമാക്കുന്ന വിധത്തിലാണ് വില വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകര്‍ വീടുകള്‍ വാങ്ങിക്കൂട്ടുന്നതും പുതുതായി നിര്‍മിച്ച വീടുകളുടെയും കെട്ടിടങ്ങളുടെയും ക്ഷാമവുമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍. 2009ലെ മാന്ദ്യത്തിനു ശേഷം വീടുകളുടെ ശരാശരി വിലയില്‍ 47 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.