Property
ലെസ്റ്റര്‍ഷയറിലെ ലോഗ്ബറോയില്‍ നിന്ന് എന്നും ലണ്ടനിലെത്തി ജോലി ചെയ്ത് മടങ്ങിയിരുന്ന ഇയാന്‍ പാറ്റിസണ്‍ തന്റെ ട്രെയിന്‍ യാത്രയ്ക്കിടെ ഉണ്ടാക്കിയ സമ്പാദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കള്‍. ദിവസവും 5 മണിക്കൂര്‍ ട്രെയിനില്‍ ചെലവഴിക്കുന്ന പാറ്റിസണ്‍ ആ സമയം ഫലപ്രദമായി ഉപയോഗിച്ചതിലൂടെ സമ്പാദിച്ചത് 2.8 മില്യന്‍ മൂല്യമുള്ള പ്രോപ്പര്‍ട്ടി സാമ്രാജ്യമാണ്. ലണ്ടനില്‍ സേഫ്റ്റി അഡൈ്വസറായി ജോലി ചെയ്യുന്ന പാറ്റിസണ് ജോലിക്കു പോകുന്നതിനായി ദിവസവും രാവിലെ 5.15ന് ഉണരണം. തിരികെ വീട്ടിലെത്തുമ്പോള്‍ രാത്രി 9 മണി കഴിയും. ഈ തിരക്ക് കുടുംബജീവിതത്തെ ബാധിക്കാന്‍ തുടങ്ങുകയും കുട്ടികളെ പോലും കാണാന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് മൂന്നു കുട്ടികളുടെ പിതാവായ ഇദ്ദേഹം സമ്പാദ്യത്തിനായി മറ്റു വഴികളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ദിവസവും നടത്തുന്ന അഞ്ചു മണിക്കൂര്‍ യാത്രകള്‍ക്കിടെ പ്രോപ്പര്‍ട്ടി ബിസിനസില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഇയാന്‍ പാറ്റിസണ്‍ പഠിക്കാന്‍ ശ്രമിച്ചു. ഇതേക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുകയും പോഡ്കാസ്റ്റുകള്‍ ശ്രദ്ധിക്കാന്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് ഹൗസ് ഡീലുകളില്‍ കൈവയ്ക്കുകയും അതില്‍ നിന്ന് പണമുണ്ടാക്കാന്‍ ആരംഭിക്കുകയും ചെയ്തു. പ്രോപ്പര്‍ട്ടികള്‍ വാങ്ങി അവ മറിച്ചു വിറ്റ് ലാഭമുണ്ടാക്കുന്നതുള്‍പ്പെടെയുള്ള ബിസിനസുകള്‍ ശ്രമിച്ചു നോക്കി. ജീവിതശൈലി മൂലം പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചതിനാല്‍ വാരാന്ത്യങ്ങള്‍ മിക്കവാറും ഉറങ്ങിത്തീര്‍ക്കുകയായിരുന്നു താന്‍ ചെയ്തിരുന്നതെന്നാണ് പാറ്റിസണ്‍ പറഞ്ഞത്. അമിതവണ്ണം ഉണ്ടായതോടെ തന്റെ ജോലിയും ജീവിതശൈലിയും ഒട്ടും സുരക്ഷിതമല്ലെന്ന് തനിക്ക് വ്യക്തമായി. കുടുംബത്തില്‍ ആര്‍ക്കും ഇല്ലാതിരുന്ന പ്രമേഹം തനിക്ക് ബാധിച്ചത് വ്യായാമക്കുറവു മൂലമാണെന്ന് വ്യക്തമായതോടെ മറ്റൊരു ജോലിയെക്കുറിച്ച് ചിന്തിച്ചു. കോടീശ്വരനായ സാമുവല്‍ ലീഡ്‌സ് നടത്തിയ പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റര്‍ കോഴ്‌സില്‍ പാറ്റിസണ്‍ പങ്കെടുത്തു. ഇവിടെനിന്നാണ് തന്റെ വിജയകരമായ കരിയര്‍ പടുത്തുയര്‍ത്താനുള്ള പൊടിക്കൈകള്‍ അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോള്‍ 2.8 മില്യന്‍ മൂല്യമുള്ള പ്രോപ്പര്‍ട്ടി സാമ്രാജ്യം സ്വന്തമായുള്ള പാറ്റിസണും ഭാര്യയും നേരത്തേയുണ്ടായിരുന്ന ജോലികള്‍ ഉപേക്ഷിച്ച് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇപ്പോള്‍ കുട്ടികളുമൊത്ത് ചെലവഴിക്കാന്‍ ഏറെ സമയം തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യയില്‍ 26 ശതമാനം യുവാക്കള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോഴും കഴിയുന്നതെന്ന് സര്‍വേ. 3.4 മില്യനിലേറെ യുവജനങ്ങള്‍ക്ക് ഇപ്പോഴും മാതാപിതാക്കളുടെ വീടുകള്‍ തന്നെയാണ് ആശ്രയം. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രോപ്പര്‍ട്ടി വിലയാണ് ഈ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. 20നും 34നുമിടയില്‍ പ്രായമുള്ളവരാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ നേരിടുന്നതെന്നാണ് വ്യക്തമായിട്ടുള്ളത്. ഉയര്‍ന്ന വാടകയും മോര്‍ട്ട്‌ഗേജ് ഡിപ്പോസിറ്റുകളും പെയ്‌മെന്റുകളും സൃഷ്ടിക്കുന്ന അധൈര്യവും യുവാക്കള്‍ക്ക് സ്വന്തം കൂര തേടാന്‍ കഴിയാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നാണ് കണക്കുകള്‍. യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ വിദ്യാഭ്യാസ വായ്പകളുടെ ഭാരം, പ്രതിഫലമില്ലാത്ത ഇന്റേണ്‍ഷിപ്പുകള്‍, ജോലികളിലെ അനിശ്ചിതത്വം, ഉയരാത്ത ശമ്പള നിരക്കുകള്‍ എന്നിവയാണ് പ്രധാനമായും ഉള്ളത്. ഇവ സ്വന്തമായി പാര്‍പ്പിടം എന്ന സ്വപ്‌നത്തെത്തന്നെയാണ ഇല്ലാതാക്കുന്നതെന്ന് ഇന്റര്‍ജനറേഷണല്‍ ഫെയര്‍നസ് എന്ന പ്രഷര്‍ ഗ്രൂപ്പ് കോ ഫൗണ്ടര്‍ ആന്‍ഗസ് ഹാന്റണ്‍ പറയുന്നു. മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന യുവാക്കളുടെ എണ്ണം കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ എട്ടു ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇതില്‍ ഉണ്ടായത്. പത്തു വര്‍ഷത്തിനിടെ 28 ശതമാനവും 15 വര്‍ഷത്തിനിടെ 41 ശതമാനവുമാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ്. ലണ്ടനിലും സൗത്ത് ഈസ്റ്റിലുമാണ് ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്നത്. അനുപാതത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡാണ് മുന്നില്‍. മൂന്നിലൊന്നിലേറെപ്പേര്‍ ഇവിടെ ഇത്തരത്തില്‍ കഴിയുന്നുണ്ട്. ഗാര്‍ഹിക പ്രതിസന്ധി ഒരു തമുറയെത്തന്നെ ബാധിക്കുന്ന കാഴ്ചയക്കാണ് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്നത്.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്. സാധാരണക്കാര്‍ക്ക് പാര്‍പ്പിടം എന്ന സ്വപനം അപ്രാപ്യമാക്കുന്ന വിധത്തിലാണ് വില വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകര്‍ വീടുകള്‍ വാങ്ങിക്കൂട്ടുന്നതും പുതുതായി നിര്‍മിച്ച വീടുകളുടെയും കെട്ടിടങ്ങളുടെയും ക്ഷാമവുമാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍. 2009ലെ മാന്ദ്യത്തിനു ശേഷം വീടുകളുടെ ശരാശരി വിലയില്‍ 47 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 154,452 പൗണ്ട് വിലയുണ്ടായിരുന്ന വീടുകള്‍ക്ക് കഴിഞ്ഞ ഏപ്രിലില് 226,906 പൗണ്ടായാണ് വില ഉയര്‍ന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. പത്തു വര്‍ഷത്തിനിടെ 96 ശതമാനം വിലവര്‍ദ്ധനവാണ് ലണ്ടനിലുണ്ടായത്. ഒരു ശരാശരി വീടിന് 484,585 പൗണ്ടാണ് ഇവിടുത്തെ വില. ഇംഗ്ലണ്ടില്‍ ഏറ്റവും വിലക്കുറവുള്ള പ്രദേശം എന്ന് അറിയപ്പെടുന്ന നോര്‍ത്ത് ഈസ്റ്റില്‍ പോലും ശരാശരി വില 130,489 പൗണ്ടാണ്. 11 ശതമാനം വര്‍ദ്ധനയാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. എങ്കിലും ഒരു 25 ശതമാനം നിക്ഷേപമുള്ള ഒരു സാധാരണ വരുമാനക്കാരന് ഇവിടെ 884 സ്‌ക്വയര്‍ഫീറ്റ് വിസ്താരമുള്ള വീടുകള്‍ വരെ മാത്രമേ വാങ്ങാനാകൂ. ദേശീയ ശരാശരിയില്‍ നിന്ന് 9 സ്‌ക്വയര്‍ഫീറ്റ് കുറവാണ് ഇത്. ലണ്ടനിലാണെങ്കില്‍ 292 സ്‌ക്വയര്‍ഫീറ്റ് വരെ മാത്രമേ ഈ വരുമാനമുള്ളവര്‍ക്ക് താങ്ങാനാകൂ. സാവില്‍സ് ആണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. ബ്രൈറ്റണ്‍, കേംബ്രിഡ്ജ്, ഓക്‌സ്‌ഫോര്‍ഡ് എന്നിവയാണ് പ്രോപ്പര്‍ട്ടി വില ഏറ്റവും കൂടുതലുള്ള മറ്റു നഗരങ്ങള്‍.
RECENT POSTS
Copyright © . All rights reserved