Punjab National bank
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപ തട്ടിയ ശേഷം മുങ്ങിയ നീരവ് മോഡിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒരുമിച്ചുള്ള ചിത്രം പുറത്ത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഈ ചിത്രം ട്വീറ്റ് ചെയ്തത്. രത്‌നവ്യാപാരിയായ നീരവ് മോഡി ദാവോസില്‍ വെച്ച് നരേന്ദ്ര മോഡിക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് യെച്ചൂരി പുറത്തു വിട്ടത്. നീരവ് മോഡി രാജ്യം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനു പിന്നാലെയാണ് ചിത്രം ട്വിറ്ററിലെത്തിയത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ദാവോസില്‍ വെച്ച് നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍വെച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയിലാണ് നീരവ് മോഡി പ്രധാനമന്ത്രിക്കൊപ്പമുള്ളത്. ഇയാള്‍ക്ക് ബെല്‍ജിയം പാസ്‌പോര്‍ട്ടും സ്വന്തമായുണ്ടെന്നാണ് വിവരം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഗ്യാരന്റിയില്‍ വിദേശ ബാങ്കുകളില്‍ നിന്ന് കോടികള്‍ പിന്‍വലിച്ച ശേഷം തിരിച്ചടക്കാതെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ബാങ്ക് ഗ്യാരന്റിയുടെ ഉറപ്പില്‍ വന്‍ ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് ലെറ്റര്‍ ഓഫ് കംഫര്‍ട്ട് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. 2011 മുതല്‍ നടത്തിയ തട്ടിപ്പില്‍ 11,343 കോടി രൂപയാണ് ഇയാളും കുടുംബവും സ്വന്തമാക്കിയത്.
മുംബൈ: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,378 കോടി രൂപയുടെ തട്ടിപ്പ്. മുംബൈയിലെ ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. ജീവനക്കാരുടെ സഹായത്തോടെയാണ് തട്ടിപ്പെന്നാണ് സംശയം. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. വിവിധ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും പണം പിന്‍വലിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു. ബാങ്ക് നല്‍കിയ പരാതിയില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഈ ഇടപാടുകളെ തുടര്‍ന്നുണ്ടായ നഷ്ടം ബാങ്ക് വഹിക്കേണ്ടി വരുമോയെന്ന കാര്യം അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ബാങ്ക് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. തട്ടിപ്പ് വാര്‍ത്ത പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
RECENT POSTS
Copyright © . All rights reserved