Rain
ഈ വര്‍ഷം യുകെ അഭിമുഖീകരിക്കാനിരിക്കുന്നത് എട്ടു വര്‍ഷങ്ങള്‍ക്കിടയിടെ ഏറ്റവും കടുത്ത മഞ്ഞുകാലത്തെയായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. ആര്‍ട്ടിക് കാലാവസ്ഥയായിരിക്കും രാജ്യത്ത് വരുന്ന ആഴ്ചകളിലുണ്ടാകുക. ക്രിസ്മസ് വരെ പലയിടങ്ങളിലും താപനില മൈനസിലേക്ക് താഴുകയും മഞ്ഞുവീഴ്ചയുണ്ടാകുകയും ചെയ്യും. ഇടവിട്ടുണ്ടാകുന്ന മഞ്ഞുവീഴ്ചയായിരിക്കും പ്രധാന പ്രത്യേകത. വൈറ്റ് ക്രിസ്മസായിരിക്കും ഇത്തവണയെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. ഈയാഴ്ച ആദ്യമുണ്ടായ മഞ്ഞുവീഴ്ചയില്‍ രാജ്യത്തിന്റെ മിക്കയിടങ്ങളും മഞ്ഞു പുതച്ചു. ഈ വിന്ററിലെ ആദ്യ മഞ്ഞുവീഴ്ചയായിരുന്നു ഇത്. ഡെര്‍ബിഷയറിലും യോര്‍ക്ക് ഷയറിലും വാഹനങ്ങള്‍ ഓടിച്ചവര്‍ മഞ്ഞുവീഴ്ചയുണ്ടാക്കിയ ദുരിതത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ക്രിസ്മസ് അടുക്കുമ്പോള്‍ മാത്രം കാണുന്ന വിധത്തിലുള്ള കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായതെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. സൈബീരിയയില്‍ നിന്നുള്ള മഞ്ഞുകാറ്റ് രാജ്യത്തേക്ക് എത്തിയതിന്റെ ഫലമായാണ് ഈ മഞ്ഞുവീഴ്ചയുണ്ടായത്. താപനില മൈനസ് പത്ത് വരെ താഴ്ന്നു. ഈ വര്‍ഷം യൂറോപ്പിന്റെ വടക്കന്‍ മേഖലകളില്‍ കടുത്ത ശൈത്യമായിരിക്കും ഉണ്ടാകുക എന്നാണ് വെതര്‍ കമ്പനിയുടെ പ്രിന്‍സിപ്പല്‍ മെറ്റീരിയോളജിസ്റ്റ് എലനോര്‍ ബെല്‍ പറയുന്നു. ജനുവരിയിലും ഫെബ്രുവരിയിലും കടുത്ത ശൈത്യം തുടരുമെന്നും ബെല്‍ പറഞ്ഞു. വരുന്ന ആഴ്ചകളിലെ ഇടവിട്ടു വരാനിടയുള്ള മഞ്ഞുവീഴ്ച ക്രിസ്മസ് വരെ തുടരാനിടയുണ്ടെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഈയാഴ്ച തണുത്ത കാലാവസ്ഥ തന്നെയായിരിക്കുമെന്നാണ് മെറ്റ് ഓഫീസിലെ ബെക്കി മിച്ചല്‍ പ്രവചിക്കുന്നത്. വീക്കെന്‍ഡില്‍ സൗത്ത് വെസ്റ്റ് മേഖലയില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഇടിമിന്നലുണ്ടാകില്ലെങ്കിലും മേഘാവൃതമായ കാലാവസ്ഥയും മഴയും ഉണ്ടാകും. 24 മണിക്കൂറിനുള്ളില്‍ 2 ഇഞ്ച് മഴയുണ്ടാകുമെന്നാണ് സൂചന. കടുത്ത കാലാവസ്ഥയില്‍ പവര്‍കട്ടിന് വീടുകള്‍ക്ക് തകരാറുകള്‍ ഉണ്ടാകാനും ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ 48 മണിക്കൂര്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 25 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. രാക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട് തുടങ്ങിയ മലയോര മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം വിവിധ ജില്ലകളിലെത്തിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ പതിനഞ്ചംഗ സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചിട്ടുണ്ട്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ കല്‍പ്പറ്റയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഇടുക്കി, പാലക്കാട് ജില്ലകളിലേക്കും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറത്ത് അതിശക്തമായ മഴ തുടര്‍ന്നതോടെ നിലമ്പൂര്‍, കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളിലായി പത്തു ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മലമ്പുഴയില്‍ നിന്ന് ജില്ലയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നതോടെ നഗരങ്ങളില്‍ കുടിവെള്ളമില്ലാതായിരിക്കുകയാണ്. വയനാട്ടിലെ ബാണാസുരാസാഗര്‍ അണക്കെട്ട് തുറന്നതോടെ വെണ്ണിയോട്, പടിഞ്ഞാറത്തറയിലെ ചില പ്രദേശങ്ങള്‍ എന്നിവ വെള്ളത്തിനടിയിലാണ്. കല്‍പ്പറ്റയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ബാണാസുരയില്‍ നിന്നുള്ള വെള്ളം ഒഴുക്കി വിടാനായി കബനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കര്‍ണാടക വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്നു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ആലുവ ഉള്‍പ്പടെയുള്ള നഗരങ്ങള്‍ ഇതോടെ വെള്ളത്തിനടയിലാകുമെന്നാണ് കരുതുന്നത്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ഏഴിന് ജലനിരപ്പ് 2401 അടി പിന്നിട്ടു. ഡാമിലെ വെള്ളം പോകുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 13 പേര്‍ മരിച്ചു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. വടക്കന്‍ ജില്ലകളിലും മഴ ശക്തമായതോടെ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഇടുക്കിയിലെ ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടിമാലി- മൂന്നാര്‍ ദേശീയ പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. ഹസന്‍ കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇയാളുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയാ ഫാത്തിമ, ദിയാ സന എന്നിവരാണ് മരിച്ചത്. കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേര്‍ മരിച്ചു. അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. ഇടുക്കിയില്‍ ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടിലുള്ള പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കണ്ണപ്പന്‍കുണ്ട് സ്വദേശിയായ രജീഷിനെ കാറടക്കമാണ് കാണാതായിരിക്കുന്നത്. വയാനാട് വൈത്തരിയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. വയനാട്ടില്‍ 21 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. ഡാമിന് സമീപത്തുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ട്. ഇവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ട്. താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്. മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേരളം കേന്ദ്ര സഹായത്തിനായി സമീപിക്കുമെന്നാണ് സൂചന. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സുമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.
ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് ഈ വാരാന്ത്യത്തില്‍ തണ്ടര്‍‌സ്റ്റോം എത്തുന്നു. മഴയ്‌ക്കൊപ്പം രാത്രിയില്‍ താപനില കൂടുതല്‍ താഴുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3 മണി വരെ ഈസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും യെല്ലോ വാര്‍ണിംഗ് നല്‍കിയിരിക്കുകയായിരുന്നു. കനത്ത മഴയും ഇടിമിന്നലും പലയിടങ്ങളിലും ഉണ്ടായി. 20 മുതല്‍ 30 മില്ലീമീറ്റര്‍ വരെ മഴ പലയിടങ്ങളിലും ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ കാലാവസ്ഥ ഞായറാഴ്ച വരെ തുടരാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. മുന്നറിയിപ്പിനെത്തുടര്‍ന്ന് സ്റ്റാന്‍സ്റ്റെഡ് വിമാനത്തില്‍ നിന്നുള്ള 14 ഡിപ്പാര്‍ച്ചറുകളും 13 അറൈവലുകളും റയന്‍എയര്‍ റദ്ദാക്കി. മോശം കാലാവസ്ഥ മൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായി റയന്‍എയര്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കി. രാത്രി താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇന്ന് സൗത്ത് ഈസ്റ്റില്‍ കുറച്ച് സൂര്യപ്രകാശം ലഭിച്ചേക്കും. ബുധനാഴ്ച യുകെയിലെ താപനില കാര്യമായി ഉയരാന്‍ സാധ്യതയില്ല. സൗത്ത് ഈസ്റ്റില്‍ 24 ഡിഗ്രിയായിരിക്കും പരമാവധി രേഖപ്പെടുത്താന്‍ ഇടയുള്ള താപനില. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സൗത്ത് ഈസ്റ്റില്‍ മഴയുണ്ടാകും. ശക്തമായ കാറ്റും ഇതോടൊപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച 30 ഡിഗ്രിയായിരുന്നു പരമാവധി ചൂട്. യൂറോപ്യന്‍ ഹീറ്റ് വേവാണ് ഈ ചൂട് കാലാവസ്ഥ കൊണ്ടുവന്നത്. സ്‌പെയിനിലും പോര്‍ച്ചുഗലിലും കടുത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്. ഓട്ടമിലും ഏകദേശം വരണ്ട കാലാവസ്ഥ തന്നെയായിരുന്നു യുകെയില്‍ അനുഭവപ്പെട്ടത്.
ദിവസങ്ങളോളം നീണ്ടുനിന്ന ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് യുകെയില്‍ ലഭിച്ചത് കനത്ത മഴ. ഒരു മാസം ലഭിക്കുന്ന അത്രയും അളവിലുള്ള മഴയാണ് ഏതാനും മണിക്കൂറുകളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെയ്തിറങ്ങിയതെന്നാണ് വിവരം. ഇത് വാരാന്ത്യത്തെ സാരമായി ബാധിച്ചു. ഗതാഗത തടസങ്ങള്‍ പലയിടത്തും രൂക്ഷമായിരുന്നു. വെള്ളപ്പൊക്കം പല സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാലാവസ്ഥാ മുന്നറിയിപ്പ് ആംബര്‍ വാണിംഗ് ആക്കി മാറ്റിയിരുന്നു. ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 88.2 മില്ലിമീറ്റര്‍ മഴയാണ് ശനിയാഴ്ച ഉച്ചക്കു ശേഷം രേഖപ്പെടുത്തിയത്. ജൂലൈ മാസം ഇവിടെ ശരാശരി ലഭിക്കാറുള്ളത് 81.2 മില്ലിമീറ്റര്‍ മഴയാണ്. ഗതാഗത തടസം അഞ്ചു മണിക്കൂറോളം നീണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോക്ക്‌സ്‌റ്റോണില്‍ ഗതാഗതത്തില്‍ മൂന്നു മണിക്കൂറോളം താമസമുണ്ടായെന്നും സ്റ്റാന്‍സ്‌റ്റെഡില്‍ നിന്ന് റയന്‍ എയര്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടുത്ത ചൂട് മൂലം ഷട്ടര്‍ എയര്‍ കണ്ടീഷനിംഗില്‍ തകരാറുകള്‍ ഉണ്ടായതാണ് താമസത്തിന് കാരണമായതെന്ന് യൂറോടണല്‍ അറിയിച്ചു. കനത്ത മഴയും കാറ്റും അതിനൊപ്പം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ കുറവുമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് റയന്‍ എയര്‍ അറിയിച്ചത്. ലണ്ടനിലെ ബ്ലാക്ക് വെല്‍ ടണലില്‍ ഒരു വാഹനത്തിന് തീ പിടിച്ചത് ഗതാഗത തടസത്തിന് കാരണമായിരുന്നു. ആഴ്ചകളോളം നീണ്ട ചൂടു കാലാവസ്ഥയ്ക്ക് ശേഷം ശനിയാഴ്ച 24.0 ഡിഗ്രി സെല്‍ഷ്യസ് ആയി താപനില കുറഞ്ഞിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved