Robot pill
മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ശരീരത്തിന് ആവശ്യമായ മരുന്നുകള്‍ നല്‍കാന്‍ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ച് ശാസ്ത്രലോകം. വയറിനുള്ളില്‍ സ്ഥാപിക്കുന്ന ഒരു റോബോട്ട് ഗുളികയാണ് ഇത്. ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഉപകരണം ഫോണിലൂടെ നല്‍കുന്ന നിര്‍ദേശമനുസരിച്ച് മരുന്നുകള്‍ ശരീരത്തിന് നല്‍കും. ഗുളിക രൂപത്തില്‍ വിഴുങ്ങുന്ന ഈ ഉപകരണം വയറ്റിലെത്തിയാല്‍ ഇംഗ്ലീഷ് അക്ഷരം 'Y' ആകൃതി പ്രാപിക്കുന്നു. കുത്തിവെയ്പ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഇത് അണുബാകളെയും അലര്‍ജിക് റിയാക്ഷനുകളെയും സംബന്ധിച്ച് നേരത്തേ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. ഒരു മാസത്തോളം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് 3ഡി പ്രിന്റ് ചെയ്ത ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ സ്വയം വിഘടിച്ച് കഷണങ്ങളായി ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ ഇത് പുറത്തു പോകുകയും ചെയ്യും. നിലവിലുള്ള ഉപകരണം ഒരു സില്‍വര്‍ ഓക്‌സൈഡ് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ദഹനരസങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉദ്പാദിപ്പിക്കുന്നതിനോ പുറത്തുള്ള ഒരു ആന്റിന ഉപയോഗിക്കുന്നതിനോ ഉള്ള സാധ്യതകള്‍ ശാസ്ത്രജ്ഞന്‍മാര്‍ പരീക്ഷിച്ചു വരികയാണ്. പന്നികളില്‍ ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തി. മനുഷ്യരില്‍ ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ പരീക്ഷിക്കും. ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന്റെ ആവേശത്തിലാണ് തങ്ങളെന്ന് അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫ. റോബര്‍ട്ട് ലാംഗര്‍ പറഞ്ഞു. നിരവധി വര്‍ഷങ്ങളുടെ ഗവേഷണത്തിനൊടുവിലാണ് ഈ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്. ശരീര താപനിലയുള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് നല്‍കാനും ഈ ഉപകരണത്തിന് സാധിക്കും.
RECENT POSTS
Copyright © . All rights reserved