Robot
ഡിമെന്‍ഷ്യ രോഗികളുടെ പരിതചരണത്തിന് റോബോട്ടുകള്‍ വരുന്നു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് എന്‍എച്ച്എസ് ഇതിലൂടെ തയ്യാറാകുന്നത്. പുതുതലമുറ ചികിത്സാ മാര്‍ഗ്ഗമായ ഇതിന്റെ ഗവേഷണത്തിനും വികസനത്തിനുമായി 215 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ഇന്ന് ജെറമി ഹണ്ട് പ്രഖ്യാപിക്കും. പ്രമേഹം, ഹൃദ്രോഗം മുതലായവ ഉള്ളവര്‍ക്കും ഈ സാങ്കേതികത ഉപയോഗപ്പെടുമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയകള്‍, ചികിത്സ, ദീര്‍ഘകാല പരിചരണം എന്നിവയില്‍ പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ മുന്നേറ്റമുണ്ടാക്കാന്‍ ആശയങ്ങള്‍ കൊണ്ടുവരണമെന്ന് അക്കാഡമിക്കുകളോടും സാങ്കേതിക സ്ഥാപനങ്ങളോടും ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ്, സാങ്കേതിക വിദ്യ എന്നിവയില്‍ കുതിച്ചുചാട്ടം ആവശ്യപ്പെടുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് റിവ്യൂവും ഇതേ ആശയം തന്നെയാണ് പങ്കുവെക്കുന്നത്. വരുന്ന രണ്ട് പതിറ്റാണ്ടുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ്, ഡിജിറ്റല്‍ മെഡിസിന്‍, ജീനോമിക്‌സ് എന്നിവയ്ക്ക് ചികിത്സാ മേഖലയില്‍ കാര്യമായ സ്വാധീനമുണ്ടാകുമെന്ന് റിവ്യൂ പറയുന്നു. എന്നാല്‍ റോബോട്ടിക്‌സ് എന്ന പ്രയോഗം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സര്‍ജറി, റേഡിയോ തെറാപ്പി ചികിത്സ മുതലായ മേഖലകളില്‍ മാത്രമായി ചുരുക്കിയിരിക്കുകയാണ്. എന്‍എച്ച്എസിന്റെ 70-ാം ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ജീവനക്കാരുടെ സമര്‍പ്പണത്തിന്റെ ഫലമായി ആളുകള്‍ ദീര്‍ഘായുസോടെ ജീവിക്കുന്നുവെന്ന് ഹണ്ട് പറഞ്ഞു. അടുത്ത തലമുറ ചികിത്സാ രീതികളിലേക്ക് നാം ഇനി മാറേണ്ടതുണ്ടെന്നും അത് സര്‍ക്കാരിന്റെ ദീര്‍ഘകാല പദ്ധതിയാണെന്നും ഹണ്ട് വ്യക്തമാക്കി.
വികസിത ലോകത്ത് വരാനിരിക്കുന്ന ഓട്ടോമേഷന്‍ വിപ്ലവം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ്. പാശ്ചാത്യലോകത്തെ മുന്‍നിര തിങ്ക്ടാങ്കായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ ഡവലപ്‌മെന്റ് (ഒഇസിഡി) ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഓട്ടോമേഷന് അനുസൃതമായി പരിശീലനം നല്‍കിയില്ലെങ്കില്‍ 66 ദശലക്ഷം തൊഴിലാളികള്‍ക്ക് അത് ദുരിതമായിരിക്കും സമ്മാനിക്കുക. വരും വര്‍ഷങ്ങളില്‍ ഇത്രയും ജോലികള്‍ റോബോട്ടുകള്‍ ഏറ്റെടുക്കും. അതായത് 14 ശതമാനം ജോലികളും ഓട്ടോമേറ്റഡ് ആയി മാറും. മറ്റൊരു 32 ശതമാനം ജോലികളുടെ സ്വഭാവം തന്നെ മാറുമെന്നും തിങ്ക്ടാങ്ക് പറയുന്നു. 32 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ വളരെ ദുര്‍ബല വിഭാഗത്തില്‍പ്പെടുത്താവുന്ന ഏഴിലൊന്ന് ജീവനക്കാര്‍ക്ക് പുതിയ രീതികള്‍ക്ക് അനുസൃതമായ പരിശീലനം ലഭ്യമാകില്ല. മറ്റുള്ളവരുടെ ജോലി സുരക്ഷിതമാകുകയും ചെയ്യുമെന്ന് പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. ഓട്ടോമേഷനില്‍ രാജ്യങ്ങളനുസരിച്ച് വ്യത്യാസങ്ങളുണ്ട്. സ്ലോവാക്യയിലെ 33 ശതമാനം ജോലികളും ഓട്ടോമേഷന് വിധേയമാകാന്‍ സാധ്യതയുള്ളവയാണ്. അതേസമയം നോര്‍വേയില്‍ ഇത് 6 ശതമാനം മാത്രമാണ്. ആംഗ്ലോ-സാക്‌സണ്‍, നോര്‍ഡിക് രാജ്യങ്ങളിലെയും നെതര്‍ലാന്‍ഡ്‌സിലെയും തൊഴിലുകള്‍ സൗത്ത്, ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ജര്‍മനി, ചിലി, ജപ്പാന്‍ എന്നിവയേക്കാള്‍ ഓട്ടോമേഷന്‍ സാധ്യത കൂടുതലുള്ളവയാണ്. ഓട്ടോമേഷന്‍ വളരെ കുറച്ചു മാത്രമുണ്ടാകാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ബ്രിട്ടനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കിലും പത്തിലൊന്ന് ജോലികള്‍ പ്രതിസന്ധിയിലാണെന്നും നാലിലൊന്ന് ജോലികളുടെ സ്വഭാവത്തില്‍ മാറ്റം വരാമെന്നും തിങ്ക്ടാങ്ക് പറയുന്നു.
ലണ്ടന്‍: അമ്പത് വര്‍ഷത്തിനുള്ളില്‍ റോബോട്ടുകള്‍ ബ്രിട്ടനിലെ നാലാമത് എമര്‍ജന്‍സി സര്‍വീസായി മാറുമെന്ന് വിദഗ്ദ്ധര്‍. മോശം കാലാവസ്ഥയിലും മറ്റും എമര്‍ജന്‍സി സേവനങ്ങള്‍ നല്‍കാന്‍ സ്വയം തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള റോബോട്ടുകള്‍ നിയോഗിക്കപ്പെടുമെന്ന് രാജ്യത്തെ മുന്‍നിര സാങ്കേതിക വിദഗ്ദ്ധരാണ് സൂചന നല്‍കുന്നത്. 2068ല്‍ 500 മനുഷ്യരുടെ ശേഷിയുള്ള നൂറുകണക്കിന് റോബോട്ടുകള്‍ സേവനത്തിനിറങ്ങും. മനുഷ്യന് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യങ്ങളില്‍ ഇവയുടെ സേവനം ലഭ്യമാക്കും. മൈനസ് താപനിലയില്‍ തെരച്ചിലുകള്‍ നടത്താനും മനുഷ്യര്‍ക്കും നിലവിലുള്ള യന്ത്രങ്ങള്‍ക്കും ചെയ്യാനാകാത്ത കാര്യങ്ങള്‍ നടപ്പിലാക്കാനും ഇവയ്ക്കാകും. എമ്മ കൊടുങ്കാറ്റ്, ബീസ്റ്റ് ഓഫ് ദി ഈസ്റ്റ് പോലെയുള്ള കാലാവസ്ഥകളില്‍ ഈ സൈബോര്‍ഗുകളായിരിക്കും മനുഷ്യരെ സഹായിക്കുക. മഞ്ഞില്‍ കുടുങ്ങിയ കാറുകള്‍ വീണ്ടെടുക്കാനും മറിഞ്ഞ ലോറികള്‍ തിരികെയെത്തിക്കാനും മോട്ടോര്‍വേകളില്‍ നിന്ന് മഞ്ഞ് അതിവേഗം നീക്കം ചെയ്യാനുമൊക്കെ ഇവയുടെ സേവനം ആവശ്യമായി വരും. നിലവിലുള്ള റെസ്‌ക്യൂ വാഹനങ്ങളേക്കാള്‍ പതിന്‍മടങ്ങ് വേഗതയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇവയ്ക്ക് കഴിയും. പരിക്കേറ്റവര്‍ക്ക് ഫസ്റ്റ് എയ്ഡ് നല്‍കുക, ഇവരെ ആശുപത്രികളില്‍ എത്തിക്കുക, വിഷമ സ്ഥിതിയിലുള്ളവരെ സമാശ്വസിപ്പിക്കുക തുടങ്ങി നിരവധി ഫങ്ഷനുകള്‍ ഇവയില്‍ ഇണക്കിച്ചേര്‍ത്തിരിക്കുമെന്ന് സാങ്കേതിക വിദഗ്ദ്ധും എഴുത്തുകാരനുമായ മാറ്റ് ഷോര്‍ പറയുന്നു. പോലീസ്, ഫയര്‍, ആംബുലന്‍സ് സര്‍വീസുകള്‍ക്കും സൈനികേതര സേവനങ്ങള്‍ക്ക് ആര്‍മിക്കും ഇവ ഉപയോഗ യോഗ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved