Ros Altmann
സ്ത്രീകളുടെ പെന്‍ഷന്‍ പ്രായത്തില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് നല്‍കിയ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപണം. മുന്‍ പെന്‍ഷന്‍ മിനിസ്റ്ററായ ബാരോണെസ് റോസ് ആള്‍ട്ട്മാന്‍ ആണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുന്ന മാറ്റങ്ങളാണ് സ്റ്റേറ്റ് പെന്‍ഷന്‍ എയിജില്‍ വരുത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഈ വിഷയത്തിലാണ് ഇവര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. 2015-16 കാലയളവില്‍ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ പെന്‍ഷന്‍സ് ആയി സേവനമനുഷ്ഠിച്ചയാളാണ് ബാരോണസ് ആള്‍ട്ട്മാന്‍. സ്ത്രീകളുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 66 ആയി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ ആശങ്ക അറിയിച്ചെങ്കിലും പുരുഷന്‍മാരായ മന്ത്രിമാര്‍ അത് ഗൗനിക്കാന്‍ തയ്യാറായില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. 1950കളില്‍ ജനിച്ച 2.6 മില്യന്‍ സ്ത്രീകളെ ഈ മാറ്റം ബാധിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. 2011ലാണ് സ്ത്രീകളുടെ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം പുരുഷന്‍മാര്‍ക്കൊപ്പമാക്കിക്കൊണ്ട് നിയമം പാസാക്കിയത്. എന്നാല്‍ സ്ത്രീകളില്‍ പലര്‍ക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇതു മൂലം നിരവധി പേര്‍ സാമ്പത്തിക ക്ലേശത്തിലാണെന്നും അവര്‍ വ്യക്തമാക്കി. നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വേഗത്തില്‍ നടപ്പാക്കരുതെന്നായിരുന്നു താന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത് കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന് അവര്‍ പറഞ്ഞു. പദ്ധതി മാറ്റാന്‍ കഴിയില്ലെന്നായിരുന്നു നമ്പര്‍ 10ല്‍ താന്‍ സമീപിച്ച മന്ത്രിമാരെല്ലാവരും നല്‍കിയ മറുപടിയെന്നും അവര്‍ വ്യക്തമാക്കി. ഒട്ടുമിക്ക സ്ത്രീകള്‍ക്കും ഇതേക്കുറിച്ച് അറിയില്ല. ഗവണ്‍മെന്റിന്റെ ഭാഗമായ പുരുഷന്‍മാര്‍ക്ക് ഇക്കാര്യം ഗൗനിക്കുന്നതേയില്ല. 2010-2015 കാലയളവില്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് മിനിസ്റ്ററായിരുന്ന സ്റ്റീവ് വെബ്ബ് ഇത് ശ്രദ്ധിക്കാന്‍ തയ്യാറായില്ല. ഇയാന്‍ ഡങ്കന്‍ സ്മിത്തും അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ട്രഷറിയാണെങ്കില്‍ ഇക്കാര്യത്തില്‍ താല്‍പര്യമേയില്ല എന്ന സമീപനത്തിലായിരുന്നുവെന്നും ആള്‍ട്ട്മാന്‍ വ്യക്തമാക്കി. 50-60 വയസ് പ്രായമുള്ള പലര്‍ക്കും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് ചിലര്‍ ആത്മഹത്യക്കും പോലും ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
RECENT POSTS
Copyright © . All rights reserved