Royal College of Nursing
ആശുപത്രികളില്‍ നഴ്‌സിംഗ് ജീവനക്കാരുടെ കുറവ് അപകടകരമായ അവസ്ഥയിലെത്തി നില്‍ക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. നഴ്‌സിംഗ് ജീവനക്കാരുടെ ഇടയില്‍ നടത്തിയ സര്‍വ്വേയാണ് പ്രതിസന്ധിയുടെ കാഠിന്യം വെളിപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ അപര്യാപ്തത മുലം രോഗികള്‍ക്ക് കൃത്യമായ പരിചരണം നല്‍കാന്‍ കഴിയുന്നില്ലെന്ന് നഴ്‌സുമാര്‍ തന്നെ സമ്മതിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. പത്തില്‍ നാല് പേര്‍ പരിചരണം നല്‍കുന്നതില്‍ അപാകതയുണ്ടെന്ന് സമ്മതിക്കുന്നു. സമീപകാലത്ത് ഉണ്ടായിരിക്കുന്നതില്‍ വെച്ച് ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് ആശുപത്രികള്‍ കടന്നു പോകുന്നത്. പല ജീവനക്കാരും ജോലിഭാരത്താല്‍ മാനസികമായി ബുദ്ധിമുട്ടുകയാണെന്നും പഠനം വ്യക്തമാക്കുന്നു. 30,865 നഴ്‌സുമാരില്‍ നടത്തിയ സര്‍വ്വേയില്‍ പകുതിയിലേറെ പേരും രോഗികളുടെ പരിചരണത്തില്‍ കൃത്യത പുലര്‍ത്താന്‍ കഴിയുന്നില്ലെന്ന് പ്രതികരിച്ചു. അധികൃതര്‍ പ്രശ്‌നം ഗൗരവത്തോടെ കാണുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരുടെ ദൗര്‍ലഭ്യം ചൂണ്ടി കാണിച്ചപ്പോള്‍ അധികൃതര്‍ യാതൊരുവിധ പരിഹാരവും കാണാന്‍ തയ്യാറായില്ലെന്ന് ഭുരിഭാഗം നഴ്‌സുമാരും വ്യക്തമാക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് പ്രശ്‌ന പരിഹാരം കാണേണ്ടതുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ജെനറ്റ് ഡേവിസ് പ്രതികരിച്ചു. കാര്യങ്ങള്‍ ഇത്രയധികം വഷളാവുന്നത് ഒഴിവാക്കാമായിരുന്നു. കുറേ മുന്‍പ് തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാഷ്ട്രീയ നേതാക്കളുടെയും നയതന്ത്രജ്ഞരുടെയും പരാജയത്തെയാണ് പുതിയ പ്രതിസന്ധി ചൂണ്ടി കാണിക്കുന്നതെന്നും ജെനറ്റ് ഡേവിസ് പറഞ്ഞു. 2016ല്‍ വെയില്‍സില്‍ നടപ്പിലാക്കിയ സേഫ് സ്റ്റാഫിംഗ് ലെജിസ്ലേഷന്‍ യുകെയില്‍ മുഴുവന്‍ നടപ്പിലാക്കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആവശ്യപ്പെട്ടു. നഴ്‌സിംഗ് ജീവനക്കാരുടെ ദൗര്‍ലഭ്യതയും ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും അഭിമൂഖീകരിക്കാനുള്ള അധികാരികളുടെ രാഷ്ട്രീയ പക്വതയില്ലായ്മയാണ് കാര്യങ്ങള്‍ ഇത്രയും അപകടത്തിലാക്കിയത്. സര്‍വീസ് സെക്ടറില്‍ ജോലി ചെയ്യുന്നവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം മുതല്‍ 25 ശതമാനം നഴ്‌സിംഗ് സ്റ്റാഫിനെ അധികം നിയമിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് വക്താവ് പ്രതികരിച്ചു. നഴ്‌സിംഗ് സ്റ്റാഫിന്റെ ജോലിഭാരം കുറയ്ക്കുന്നതും ശമ്പള വര്‍ദ്ധനവും പരിഗണനയിലാണെന്നും ജീവനക്കാര്‍ക്ക് നല്ല സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ബാധ്യസ്ഥരാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
RECENT POSTS
Copyright © . All rights reserved