Russia football world cup
പാരീസ്: ഫ്രാന്‍സിന്റെ രണ്ടാമത് ഫുട്‌ബോള്‍ ലോകകപ്പ് നേട്ടം മതിമറന്ന് ആഘോഷിച്ച് നഗരങ്ങള്‍. എംപ്പാബെയും കൂട്ടരും മോസ്‌കോയില്‍ കപ്പുയര്‍ത്തിയതിന് ശേഷം ഫ്രാന്‍സിലെ നഗരങ്ങള്‍ ഉറങ്ങിയിട്ടില്ല. പതാകയുമേന്തി പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. പല സ്ഥലങ്ങളിലേയും ആഘോഷങ്ങള്‍ അതിരുകടന്നു. പോലീസുമായി ആരാധകര്‍ ഏറ്റുമുട്ടി. കുപ്പികളും മറ്റും പോലീസിന് നേരെ വലിച്ചെറിഞ്ഞ് അക്രമം അഴിച്ചുവിടാന്‍ ശ്രമമുണ്ടായി. ആയിരക്കണക്കിന് പോലീസുകാരാണ് ഒരോ സ്ഥലങ്ങളിലും നിയമിക്കപ്പെട്ടിരിക്കുന്നത്. അക്രമികള്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും തിരികെ പോവാന്‍ ആരാധകര്‍ കൂട്ടാക്കാതിരുന്നതോടെ കണ്ണീര്‍ വാതകം പ്രയോഗിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2006ന് ശേഷം ഇതാദ്യമായിട്ടാണ് ഫ്രാന്‍സ് ഫൈനലിലെത്തുന്നത്. വലിയ ആവേശത്തിലാണ് ആരാധകര്‍ ഫൈനലിനെ നോക്കിക്കണ്ടിരുന്നുത്. പാരിസിലെ ഈഫല്‍ ടവറിന് കീഴില്‍ ഉള്‍പ്പെടെയ വലിയ സ്‌ക്രീനില്‍ കളി കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പലയിടങ്ങളിലും ഒരു സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്ന അത്രയും കാണികളുമുണ്ടായിരുന്നു. അക്രമ സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലെല്ലാം ശക്തമായി പോലീസ് സാന്നിധ്യവും ഉണ്ടായിരുന്നു. കളിയുടെ അവസാന മിനിറ്റുകളിലേക്ക് കടന്നപ്പോള്‍ തന്നെ ആരാധകര്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ബസ് സ്‌റ്റോപ്പുകളും തെരുവുകളും ദേശീയ പതാകകൊണ്ട് ആരാധകര്‍ അലങ്കരിച്ചു. പിന്നീട് പതാകയേന്തി തെരുവുകളിലൂടെ നടന്നു നീങ്ങിയ ആരാധകര്‍ പടക്കം പൊട്ടിക്കുകയും സമീപത്തെ കടകള്‍ തകര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. കടകളുടെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമം ആരംഭിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. ചിലര്‍ പടക്കം കത്തിച്ച് പോലീസിന് നേരെ എറിഞ്ഞു. പാരീസില്‍ ആഘോഷ പരിപാടികള്‍ നടത്തിയ മിക്കവരും മുഖം മറച്ചിരുന്നു. സ്വന്തം മൊബൈലില്‍ ചിത്രം പകര്‍ത്തുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്താണ് ആദ്യഘട്ടത്തില്‍ ആഘോഷം നടന്നത്. എന്നാല്‍ പിന്നീട് പോലീസിന് നേരെ തിരഞ്ഞ ആരാധകര്‍ ബിയര്‍ കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ പോലീസിനെ നേരെ വലിച്ചെറിഞ്ഞു. ഇതോടെ ജലപീരങ്കി ഉപയോഗിച്ച പോലീസ് അക്രമികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പാരീസ് നഗരത്തില്‍ രാത്രി വൈകിയും ആഘോഷങ്ങള്‍ നടന്നിരുന്നു. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
28 വര്‍ഷത്തിനു ശേഷം ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ പ്രവേശിച്ച ഇംഗ്ലണ്ട് ടീമിന്റെ പ്രതീക്ഷകള്‍ വാനോളം. നമുക്ക് ചരിത്രമെഴുതാനാകുമെന്നാണ് ടീമിന്റെ നിര്‍ണ്ണായക മത്സരത്തില്‍ രക്ഷകനായ ത്രീ ലയണ്‍സ് ഹീറോ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് പറഞ്ഞു. സ്വീഡന്‍ ഗോള്‍ നേടാന്‍ ലഭിച്ച അവസരം തടഞ്ഞിട്ട പിക്ക്‌ഫോര്‍ഡ് തന്നെയാണ് സെമിയിലേക്കുള്ള ഇംഗ്ലണ്ടിന്റെ യാത്ര സുഗമമാക്കിയതിലൂടെ കളിയിലെ കേമനായത്. ബുധനാഴ്ച വൈകിട്ട് 7 മണിക്ക് മോസ്‌കോയില്‍ നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും. ഇംഗ്ലണ്ട് അവസാനം ലോകകപ്പ് നേടുമ്പോള്‍ ഞാന്‍ ജനിച്ചിട്ടു പോലുമില്ല. നമുക്ക് ഒരു ഗെയിമുണ്ടാകും, അതിലൂടെ നാം ചരിത്രമെഴുതുമെന്ന് എപ്പോഴും ഞങ്ങള്‍ പറയുമായിരുന്നുവെന്ന് പിക്ക്‌ഫോര്‍ഡ് ബിബിസിയോട് പറഞ്ഞു. ക്യാപ്റ്റന്‍ ഹാരി കെയിനും പിക്ക്‌ഫോര്‍ഡിന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. സെമിയില്‍ കടുത്ത മത്സരമായിരിക്കും ഉണ്ടാവുകയെന്നറിയാം. പക്ഷേ ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ഞങ്ങള്‍ ഇത് ആസ്വദിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനമുയര്‍ത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നും കെയിന്‍ പറഞ്ഞു. ലെസ്റ്റർ സിറ്റി പ്രതിരോധ താരം ഹാരി മഗ്വയറും (30–ാം മിനിറ്റ്) ടോട്ടനം ഹോട്സ്പർ മിഡ്ഫീൽഡർ ഡെലെ അലിയുമാണ് (58) ഇം​ഗ്ലണ്ടിന് വേണ്ടി സ്കോർ ചെയ്തിരിക്കുന്നത്. ഇടതു മൂലയിൽനിന്ന് ആഷ്‍ലി യങ്ങിന്റെ കോർണർ കിക്കിൽനിന്നായിരുന്നു മഗ്വയറിന്റെ ഹെഡർ ഗോൾ. മഗ്വയറിന്റെ ഉയർന്ന് ചാടിയുള്ള തകർപ്പൻ ഹെഡർ സ്വീഡിഷ് ​ഗോളി റോബിൻ ഓൾസനെ കാഴ്ച്ചക്കാരനാക്കി വലയിലെത്തി. 58–ാം മിനിറ്റിലായിരുന്നു ഡെലെ അലിയുടെ ​ഗോൾ. ബോക്സിലേക്ക് ജെസ്സി ലിങാർഡ് നൽകിയ ക്രോസ് മനോഹരമായി ഹെഡ് ചെയ്ത് സ്വീഡിഷ് വലയിലെത്തിച്ചു. ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർഡൻ പിക്ഫോർഡിന്റെ തകർപ്പൻ സേവുകളാണ് ഇം​ഗ്ലണ്ടിന് അർഹിച്ച വിജയം സമ്മാനിച്ചിരിക്കുന്നത്. 28 വർഷങ്ങൾക്ക് ശേഷം ഇം​ഗ്ലീഷ് ടീം സെമിയിൽ. പ്രതിരോധവും മുന്നേറ്റവും ഒന്നിനൊന്ന് മികച്ചതായി എന്നതാണ് ഇം​ഗ്ലണ്ടിന്റെ വിജയത്തിന്റെ രഹസ്യം. സെമിയിൽ ക്രൊയേഷ്യയെ സമാന പ്രകടനം കാഴ്ച്ചവെക്കാനായാൽ ഇംഗ്ലണ്ട് ചരിത്രം കുറിക്കും.
മോസ്‌കോ ആതിഥേയത്വം വഹിക്കാന്‍ പോകുന്ന 2018 ലോകകപ്പ് ഫുട്‌ബോളിനെ 1936ല്‍ ഹിറ്റ്‌ലര്‍ നടത്തിയ ജര്‍മന്‍ ഒളിമ്പിക്‌സുമായി താരതമ്യം ചെയ്ത് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍. മുന്‍ റഷ്യന്‍ ഉദ്യോഗസ്ഥനും ബ്രിട്ടീഷ് ചാരനുമായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ നെര്‍വ് ഏജന്റ് ആക്രമണത്തിനിരയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിമര്‍ശനവുമായി ഫോറിന്‍ സെക്രട്ടറി രംഗത്ത് വന്നിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ ആഭിമുഖ്യത്തില്‍ സമ്മറില്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് കാണുന്നത് അത്യധികം വെറുപ്പുളവാക്കുന്ന കാര്യമാണ്. റഷ്യയുടെ അതിക്രൂരവും മലീമസവുമായ ഭരണത്തെ ലോകത്തിന് മുന്നില്‍ ന്യായീകരിച്ചു കാണിക്കാനുള്ള അവസരമായി ലോകകപ്പ് വിനിയോഗിക്കപ്പെടുമെന്നും ഫോറിന്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. ബ്രിട്ടീഷ് ഫുട്‌ബോള്‍ ആരാധകര്‍ റഷ്യന്‍ ലോകകപ്പിന് പോകരുതെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഫോറിന്‍ ഓഫീസ് നിര്‍ത്തലാക്കിയിട്ടുണ്ട്. പക്ഷേ ആരാധകര്‍ക്ക് റഷ്യയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് എന്ന രൂപത്തിലാണ് ജോണ്‍സന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടനിലെ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവരോ മന്ത്രിമാരോ റഷ്യന്‍ ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ബ്രിട്ടന്‍ ആലോചിക്കണമെന്നും മത്സരങ്ങള്‍ കാണുന്നതിനായി റഷ്യയിലെത്തുന്ന ഇംഗ്ലണ്ട്  ആരാധകരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും ലേബര്‍ എംപി ഇയാന്‍ ഓസ്റ്റിന്‍ അഭിപ്രായപ്പെട്ടു. ന്യൂക്ലിയര്‍ ശക്തിയായ ഒരു രാജ്യത്തിന്റെ നേതാവായി പുടിന്‍ മാറിയത് ഭയപ്പാടുണ്ടാക്കുന്ന കാര്യമാണെന്നും ഫുട്‌ബോള്‍പ്രേമി കൂടിയായ ലേബര്‍ എംപി കൂട്ടിച്ചേര്‍ത്തു. 1936ലെ ഒളിമ്പിക്‌സിനെ ഹിറ്റ്‌ലര്‍ എങ്ങനെയാണോ ഉപയോഗപ്പെടുത്തിയത് അതിനു സമാന രീതിയില്‍ പുടിന്‍ വരുന്ന ലോകകപ്പിനെയും ഉപയോഗപ്പെടുത്തുമെന്ന് കോമണ്‍സ് ഫോറിന്‍ അഫേയേര്‍സ് കമ്മറ്റിക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കുന്നു. പുടിന്‍ ഉത്തരവാദിയായിരിക്കുന്ന ക്രൂരപ്രവൃത്തികളെയും മലിനമായ ഭരണത്തെയും വെള്ളപൂശാനുള്ള പിആര്‍ വര്‍ക്കുകള്‍ ലോകകപ്പിലൂടെ നടത്താനാണ് റഷ്യ പദ്ധതിയിടുന്നതെന്നും ജോണ്‍സണ്‍ പറയുന്നു. തുറന്ന് പറയുകയാണെങ്കില്‍ 1936ല്‍ ഹിറ്റ്‌ലര്‍ നടത്തിയ ഒളിമ്പിക്‌സുമായുള്ള താരതമ്യം വളരെ ശരിയാണ്. ലോകകപ്പോടു കൂടി പുടിന്‍ എന്ന നേതാവ് ലോകത്തിന് മുന്നില്‍ പ്രകീര്‍ത്തിക്കപ്പെടും. ഇഗ്ലണ്ട് ആരാധകര്‍ ലോകകപ്പ് കാണാനായി റഷ്യയിലേക്ക് യാത്ര ചെയ്യുന്നത് നിരോധിക്കുന്നത് ശരിയായ നടപടിയല്ല. പക്ഷേ റഷ്യയില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുവെന്ന സത്യം അവരെ അറിയിക്കേണ്ടതുണ്ട് ജോണ്‍സണ്‍ വ്യക്തമാക്കി. ഇത്തവണ റഷ്യയിലേക്ക് ലോകകപ്പ് കാണാന്‍ പോകുന്നത് 24,000 ആരാധകരാണ്. എന്നാല്‍ കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിന് ഇഗ്ലണ്ടില്‍ നിന്നും 94,000 പേര്‍ പങ്കെടുത്തിരുന്നു. അതേ സമയം ഫോറിന്‍ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി റഷ്യ രംഗത്ത് വന്നു. ബോറിസ് ജോണ്‍സണിന്റെ പ്രസ്താവന ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വിഷം നിറഞ്ഞതാണെന്ന് റഷ്യന്‍ ഫോറിന്‍ മിനിസ്ട്രി വക്താവ് പ്രതികരിച്ചു.
RECENT POSTS
Copyright © . All rights reserved