Sainsbury’s
ലണ്ടന്‍: ചെലവേറിയ ഷോപ്പിംഗുകള്‍ നിരാശയുണ്ടാക്കുന്നവയാണെങ്കിലും ചെറിയൊരു തുക തിരികെ നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകാറുണ്ട്. ടെസ്‌കോയുടെ ക്ലബ്കാര്‍ഡും സെയിന്‍സ്ബറീസ് നല്‍കുന്ന നെക്റ്റാര്‍ കാര്‍ഡും ഉപഭോക്താക്കള്‍ ഷോപ്പിംഗ് നടത്തുന്നതിന് അനുസരിച്ച് പോയിന്റുകള്‍ നല്‍കുകയും മറ്റു ചിലയിടങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. പെട്രോള്‍ സ്‌റ്റേഷനുകളിലും മറ്റുമാണ് ഈ കാര്‍ഡിലെ ഡിസ്‌കൗണ്ടുകള്‍ മിക്കയാളുകളും ഉപയോഗിക്കാറുള്ളത്. ഇതിനായി എണ്ണ കമ്പനികളും സൂപ്പര്‍മാര്‍ക്കറ്റുകളുമായി പാര്‍ട്‌നര്‍ഷിപ്പുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യുകെയിലെ ഇത്തരം പങ്കാളിത്തങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ നടക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. രണ്ട് പെട്രോള്‍ കമ്പനികള്‍ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 2019 മധ്യത്തോടെ ടെസ്‌കോ ക്ലബ്കാര്‍ഡ് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് എസ്സോ അറിയിച്ചു. നെക്റ്റാര്‍ ആണ് ഇവരുടെ പുതിയ പങ്കാളി. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ എസ്സോ ബ്രാന്‍ഡഡ് സ്റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് നെക്റ്റാര്‍ പോയിന്റുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്കാണ് തങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് എസ്സോയുടെ ഗ്ലോബല്‍ ലോയല്‍റ്റി പ്രോഗ്രാംസ് മാനേജര്‍ ഡേവിഡ് ചില്‍ട്ടന്‍ പറഞ്ഞു. അതിനാലാണ് നെക്റ്റാറുമായി പാര്‍ട്‌നര്‍ഷിപ്പ് ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്ന പങ്കാളിത്തത്തിലേക്ക് എസ്സോയെ സ്വാഗതം ചെയ്യുന്നതായി നെക്റ്റാറും അറിയിച്ചു. അതേ സമയം നെക്റ്റാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബിപി അറിയിച്ചു. 2019ല്‍ പുതിയ ലോയല്‍റ്റി പ്രോഗ്രാം ആരംഭിക്കുമെന്നാണ് ബിപി അറിയിച്ചിരിക്കുന്നത്. എം ആന്‍ഡ് എസ് സിംപ്ലി ഫുഡ് സ്റ്റോറുകളില്‍ തങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്നാണ് ബിപി വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന കാര്യമാണ് സാധിച്ചുകൊടുക്കാന്‍ കമ്പനി തയ്യാറായിരിക്കുന്നതെന്ന ബിപിയുടെ യുകെ റീട്ടെയില്‍ ഹെഡ് നിക്കി ഗ്രേഡി സ്മിത്ത് പറഞ്ഞു.
ടെസ്‌കോയും സെയിന്‍സ്ബറീസും വിറ്റഴിച്ച മീറ്റ് ഫ്രീ വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മാംസ ശകലങ്ങള്‍ കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണം. ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി ഈ ആരോപണം അന്വേഷിക്കും. വെജിറ്റേറിയന്‍ ഉല്‍പ്പന്നങ്ങളില്‍ പോര്‍ക്ക്, ടര്‍ക്കി എന്നിവയുടെ മാംസത്തിന്റെ അംശമുണ്ടായിരുന്നു എന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇത്തരമൊരു ആരോപണമുയരാനിടയായ സാഹചര്യങ്ങളാണ് പരിശോധനാ വിധേയമാക്കുന്നതെന്ന് എഫ്എസ്എ വക്താവ് അറിയിച്ചു. തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.. സെയിന്‍സ്ബറീസ് വിറ്റഴിച്ച വെജിറ്റേറിയന്‍ മീറ്റ്‌ബോള്‍സില്‍ പോര്‍ക്കിന്റെ അംശം അടങ്ങിയിട്ടുണ്ടായിരുന്നുവെന്ന് ടെലഗ്രാഫ് നടത്തിയ ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ടെസ്‌കോയുടെ വെജ് മാക്കറോണിയില്‍ ടര്‍ക്കിയുടെ അംശമുണ്ടെന്നും വ്യക്തമായിരുന്നു. ഒരു ജര്‍മന്‍ ഗവണ്‍മെന്റ് അംഗീകൃത ലബോറട്ടറിയിലാണ് ഇവ പരിശോധനയ്ക്ക് അയച്ചതെന്നും നിരവധി സാമ്പിളുകള്‍ അയച്ചിരുന്നുവെന്നും ടെലഗ്രാഫ് അറിയിച്ചിരുന്നു. സെയിന്‍സ്ബറീസിന്റെ സ്വന്തം ബ്രാന്‍ഡായ മീറ്റ്ഫ്രീ മീറ്റ് ബോള്‍സിലും ടെസ്‌കോയുടെ വിക്കഡ് കിച്ചണ്‍ ബിബിക്യു ബട്ടര്‍നട്ട് മാക് 385 ഗ്രാം റെഡിമീലിലുമാണ് നോണ്‍വെജ് ഡിഎന്‍എ സാന്നിധ്യം കണ്ടെത്തിയത്. മാംസമോ മൃഗ ചര്‍മ്മമോ ഈ ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിട്ടുണ്ടാകാമെന്നതിന്റെ തെളിവാണ് ഈ ഡിഎന്‍എ സാന്നിധ്യമെന്ന് ലബോറട്ടറി വ്യക്തമാക്കിയതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയ പരിശോധനയില്‍ ഇങ്ങനെയൊരു ഡിഎന്‍എ സാന്നിധ്യം പ്രകടമായില്ലെന്നാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിശദീകരിക്കുന്നത്.
ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തെ ഭീമന്മാരായ സെയിന്‍സ്‌ബെറീസും ആസ്ഡയും ലയിക്കാനൊരുങ്ങുന്നു. പുതിയ നീക്കം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണെന്ന് സെയിന്‍സ്‌ബെറീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് ബില്യണ്‍ പൗണ്ടിന്റെ ലയന ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ടെസ്‌കോ, സെയിന്‍സ്‌ബെറീസ്, ആസ്ഡ, മോറിസണ്‍ എന്നിവരാണ് യുകെയിലെ മികച്ച സൂപ്പര്‍മാര്‍ക്കറ്റുകളുടെ ആദ്യ നാല് സ്ഥാനങ്ങളിലുള്ളവര്‍. സെയിന്‍സ്‌ബെറീസും ആസ്ഡയും ഒന്നിക്കുന്നതോടെ ടെസ്‌കോയെ മറികടന്ന് ഇവര്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതുന്നത്. പുതിയ നീക്കം ഇരു കമ്പനികള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു. എന്നാല്‍ ഇരുവരും ലയിച്ചാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകാനും സാധ്യതയുണ്ട്. ഇരു സ്ഥാപനങ്ങള്‍ക്കും കൂടി നിലവില്‍ സമാന തസ്തികകള്‍ ഉണ്ട്. ഒരു കമ്പനിയായി മാറിക്കഴിഞ്ഞാല്‍ ഇതിന്റെ ആവശ്യമുണ്ടാവുകയില്ല. അങ്ങനെയാകുമ്പോള്‍ നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആള്‍ഡി, ലിഡില്‍ തുടങ്ങിയ ബജറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ വിപണിയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ശക്തമായ മത്സരത്തെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ വിപണികളില്‍ നിന്നും ശക്തമായ മത്സരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. യുഎസ് റിട്ടൈല്‍ ഭീമന്‍ വാള്‍മാര്‍ട്ട് 1999ലാണ് ആസ്ഡ ഏറ്റെടുക്കുന്നത്. യുകെയുടെ വിപണി കീഴടക്കാനുള്ള പുതിയ നീക്കത്തിന് മുന്‍കൈ എടുത്തിരിക്കുന്നതും വാള്‍മാര്‍ട്ടാണ്. വാള്‍മാര്‍ട്ടുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് സെയിന്‍സ്‌ബെറീസ് അധികൃതര്‍ വ്യക്തമാക്കുന്നു. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തെ കമ്പനികള്‍ എങ്ങനെ നേരിടുമെന്ന് വ്യക്തമല്ല. സെയിന്‍സ്‌ബെറീസ് ശൃംഖലയ്ക്ക് രാജ്യത്താകമാനം 1400 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്വന്തമായുണ്ട്. ആസ്ഡയ്ക്ക് 600ലധികവും. ലയനം സാധ്യമായാല്‍ ഇവരുടെ ബിസിനസില്‍ കാര്യമായ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൂപ്പര്‍മാര്‍ക്കറ്റ് വമ്പനായ സെയിന്‍സ്ബറീസ് ലോയല്‍റ്റി കാര്‍ഡ് സംവിധാനമായ നെക്ടാറില്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നു. ഉപഭോക്താക്കള്‍ക്ക് നിലവില്‍ പോയിന്റുകള്‍ നല്‍കിവരുന്ന രീതിയില്‍ മാറ്റം വരുത്താനാണ് ശ്രമം. നിലവില്‍ ഉപഭോക്താവ് നല്‍കുന്ന ഓരോ പൗണ്ടിനുമാണ് പോയിന്റുകള്‍ ലഭിക്കുന്നത്. ഇതില്‍ മാറ്റം വരുത്തി കൂടുതല്‍ ഷോപ്പിംഗിന് കൂടുതല്‍ റിവാര്‍ഡുകള്‍ എന്ന രീതി നടപ്പില്‍ വരുത്തും. ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളായ ലിഡില്‍, ആള്‍ഡി എന്നിവയിലേക്ക് ഉപഭോക്താക്കള്‍ തിരിയുന്നത് സെയിന്‍സ്ബറീസിന് കാര്യമായ വരുമാനക്കുറവുണ്ടാക്കുന്നുണ്ട്. ഉപഭോക്താക്കളെ അവയില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഈ ശ്രമം. പുതിയ രീതി ഐല്‍ ഓഫ് വൈറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഏപ്രില്‍ 12 മുതലാണ് ട്രയല്‍ ആരംഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ നല്‍കാനാണ് ഈ നീക്കമെന്നാണ് സെയിന്‍സ്ബറീസ് അവകാശപ്പെടുന്നത്. പുതിയ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ഒരു ആപ്പ് ലഭിക്കും. മുന്‍കാല ഷോപ്പിംഗ് റിവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് എന്തൊക്കെ ഓഫറുകളാണ് ലഭ്യമാകുകയെന്ന് ഈ ആപ്പില്‍ നിന്ന് മനസിലാക്കാം. ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പോയിന്റുകള്‍ കരസ്ഥമാക്കാനും ഇതില്‍ സൗകര്യമുണ്ട്. 2002ല്‍ നെക്ടാര്‍ കാര്‍ഡ് ആരംഭിച്ചതു മുതല്‍ സെയിന്‍സ്ബറീസ് ഇതില്‍ അംഗമായിരുന്നു. ഇ ബേ, ബിപി തുടങ്ങിയ കമ്പനികളും ഈ സംവിധാനത്തിന്റെ ഭാഗമാണ്. ഫെബ്രുവരിയില്‍ നെക്ടാറിനെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ സെയിന്‍സ്ബറീസ് വാങ്ങി. ഇതിനു ശേഷമാണ് സംവിധാനങ്ങളില്‍ പൊളിച്ചെഴുത്തിന് കമ്പനി തയ്യാറായിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പോയിന്റുകള്‍ നെക്ടാര്‍ വെബ്‌സൈറ്റിലോ സെയിന്‍സ്ബറീസ് സ്റ്റോറുകളിലോ വിനിയോഗിക്കാവുന്നതാണ്.
RECENT POSTS
Copyright © . All rights reserved