Salibury
മോസ്‌കോ: റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടന്‍ നല്‍കിയ അന്ത്യശാസനം തള്ളി റഷ്യ. ആണവശക്തിയായ തങ്ങളെ ഭീഷണിപ്പെടുത്താന്‍ യുകെ വളര്‍ന്നിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാഖറോവയാണ് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ പ്രസ്താവന നടത്തിയത്. റഷ്യന്‍ നിര്‍മിത നോവിചോക്ക് എന്ന നെര്‍വ് ഏജന്റാണ് സെര്‍ജി സക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് ആവശ്യപ്പെട്ടത്. റഷ്യക്കെതിരെ ബ്രിട്ടന്‍ സൈബര്‍ ആക്രമണം നടത്തുമെന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് ലണ്ടനിലെ റഷ്യന്‍ എംബസി അറിയിച്ചു. അപ്രകാരമുണ്ടായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ യുകെ തയ്യാറാകണമെന്നും എംബസി വ്യക്തമാക്കി. സാലിസ്ബറി സംഭവത്തില്‍ അടിസ്ഥാനരഹിതമായും പ്രകോപനപരമായും യുകെ നീങ്ങുകയാണെന്നും റഷ്യക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള പദ്ധതികളാണ് അണിയറയില്‍ തയ്യാറാകുന്നതെന്നും എംബസി ആരോപിക്കുന്നു. അത്തരമൊരു നീക്കമുണ്ടായാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും റഷ്യന്‍ കേന്ദ്രങ്ങള്‍ നല്‍കുന്നു. ഇന്നലെ കോമണ്‍സില്‍ തെരേസ മേയ് നടത്തിയ ശക്തമായ ആരോപണങ്ങള്‍ നിഷേധിച്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവറോവ് സാലിസ്ബറിയില്‍ ആക്രമണത്തിന് ഉപയോഗിച്ച വസ്തു പരിശോധനയ്ക്ക് നല്‍കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചുവെന്നും വ്യക്തമാക്കി. 1980കളില്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച വസ്തുവാണ് സ്‌ക്രിപാലിനെതിരെ ഉപയോഗിച്ചതെന്നാണ് മേയ് പറഞ്ഞത്. സാലിസ്ബറിയില്‍ സംഭവിച്ചതെന്താണെന്ന് മനസിലാക്കിയിട്ട് വരൂ, അതിനു ശേഷം സംസാരിക്കാമെന്നായിരുന്നു സംഭവത്തേക്കുറിച്ച് പ്രതികരണം ചോദിച്ച ബിബിസിയോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞത്.
RECENT POSTS
Copyright © . All rights reserved