Salisbery attack
ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത റഷ്യന്‍ യാത്ര വിമാനം യുകെ പോലീസ് കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ആരോപിച്ച് റഷ്യ രംഗത്ത്. എയ്‌റോഫ്‌ളോട്ട് എയര്‍ബസ് എ321 വിമാനത്തിലാണ് പരിശോധന നടത്തിയതെന്ന് മോസ്‌കോ ആരോപിക്കുന്നു. എന്നാല്‍ റഷ്യയുടെ ആരോപണം മെറ്റ് പോലീസ് നിഷേധിച്ചു. റഷ്യയുടെ യാത്രാവിമാനത്തില്‍ നിന്ന് ജീവനക്കാരും ക്യാപ്റ്റനും ഉള്‍പ്പെടെ എല്ലാവരോടും പുറത്ത് പോകാന്‍ പോലീസ് ആവശ്യപ്പെട്ടതായും എന്നാല്‍ ക്യാപ്റ്റന്‍ പുറത്ത് പോകാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും റഷ്യ പറയുന്നു. എന്നാല്‍ അങ്ങനെയൊരു പരിശോധന ഹീത്രു വിമാനത്താവളത്തില്‍ ഉണ്ടായിട്ടില്ലെന്ന് മെട്രോപൊളിറ്റല്‍ പോലീസ് വ്യക്തമാക്കി. റഷ്യന്‍ യാത്രാവിമാനത്തില്‍ യുകെ പോലീസ് പരിശോധന നടത്തിയതായുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത്തരമൊരു പരിശോധന പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മെട്രോപൊളിറ്റന്‍ പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. വിഷയുമായി ബന്ധപ്പെട്ട് ഹോം ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാന ജീവനക്കാരോട് പുറത്ത് പോകാന്‍ പോലീസ് ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി റഷ്യന്‍ ഫോറിന്‍ മിനിസ്ട്രി വക്താവ് മരിയ സാക്കറോവ രംഗത്ത് വന്നു. പരിശോധന നടക്കുന്ന സമയത്ത് വിമാനത്തിന്റെ പുറത്ത് പോകാന്‍ നിയമം അനുവദിക്കുന്നില്ലെന്നും തന്റെ സാന്നിധ്യത്തില്‍ തന്നെ പരിശോധന നടത്തണമെന്നും കമാന്‍ഡര്‍ പോലീസിനോട് പറഞ്ഞിരുന്നതായും തുടര്‍ന്ന് കാബിനില്‍ നിന്ന് പുറത്ത് വരാന്‍ ക്യാപ്റ്റനെ അനുവദിക്കാതെ പരിശോധന പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും മരിയ സാക്കറോവ ആരോപിക്കുന്നു. മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാലും മകള്‍ യൂലിയയും നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായതോടെയാണ് ബ്രിട്ടനും റഷ്യയും തമ്മിലുള്ള ശീതയുദ്ധം ആരംഭിച്ചത്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായ നോവിചോക് ഉപയോഗിച്ചാണ് സ്‌ക്രിപാലും മകളും സാലിസ്‌ബെറിയിലെ പാര്‍ക്കില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്. ഇരുവരും ഇപ്പോഴും ആശുപത്രിയിലാണ്. യൂലിയയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് അവളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം സ്‌ക്രിപാലിന്റെ ആരോഗ്യ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
സാലിസ്ബറി ആക്രമണത്തില്‍ ലോകരാജ്യങ്ങളുടെ പ്രതികരണത്തില്‍ വ്യക്തമായ സന്ദേശം നല്‍കി റഷ്യ. 4000 മൈല്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള സര്‍മത് ഭൂഖണ്ഡാന്തര ഹൈപ്പര്‍സോണിക് ബാലിസ്റ്റിക്ക് മിസൈല്‍ റഷ്യ പരീക്ഷിച്ചു. സാത്താന്‍ മിസൈല്‍ എന്ന് അറിയപ്പെടുന്ന ഇത് ഭൂഗര്‍ഭത്തില്‍ നിന്നാണ് ഉപരിതലത്തിലേക്ക് വിക്ഷേപിച്ചത്. നോര്‍ത്തേണ്‍ റഷ്യയിലെ പ്ലെസെറ്റ്‌സ്‌ക് സ്‌പേസ്‌പോര്‍ട്ടില്‍ നിന്നായിരുന്നു വിക്ഷേപണം. റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിക്കൊണ്ടുള്ള അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്‍, നാറ്റോ രാജ്യങ്ങളുടെയും നടപടിക്ക് മറുപടിയെന്ന നിലയിലാണ് മിസൈല്‍ പരീക്ഷണം വിലയിരുത്തപ്പെടുന്നത്. പുതിയ സബ്മറൈന്‍ പദ്ധതിക്ക് കൂടുതല്‍ പണം അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. അപ്രതീക്ഷിതമായാണ് പ്രതിരോധ ബജറ്റില്‍ ഇത്രയും വര്‍ദ്ധന വരുത്തിയത്. റഷ്യയുമായി ഉടലെടുത്തിരിക്കുന്ന പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതിനു പിന്നാലെയാണ് ലോകം ആശങ്കയോടെ കാണുന്ന സാത്താന്‍ മിസൈലിന്റെ പരീക്ഷണം റഷ്യ നടത്തിയിരിക്കുന്നത്. മേഖലയില്‍ ശീതയുദ്ധകാലത്തെ ആയുധ മത്സരത്തിന് സമാനമായ അന്തരീക്ഷമാണ് ഉടലെടുത്തിരിക്കുന്നത്. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ മറ്റ് രാജ്യങ്ങളുടെ നടപടിക്കും അതേ നാണയത്തില്‍ റഷ്യ തിരിച്ചടി നല്‍കിയിരുന്നു. മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ടു. കഴിഞ്ഞ ഡിസംബറിലാണ് ഈ മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയത്. ഇത് രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 2021ല്‍ സൈന്യത്തിന് കൈമാറാവുവന്ന വിധത്തിലാണ് മിസൈലിന്റെ പരീക്ഷണം പുരോഗമിക്കുന്നത്. ഈ മിസൈലിനെ പ്രതിരോധിക്കണമെങ്കില്‍ കുറഞ്ഞത് 500 അമേരിക്കന്‍ നിര്‍മിത എബിഎം മിസൈലുകള്‍ വേണ്ടിവരുമെന്നാണ് റഷ്യന്‍ സെനറ്റിന്റെ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ വിക്ടര്‍ ബോന്‍ഡറേവ് അവകാശപ്പെട്ടത്.
ബ്രിട്ടനുമേല്‍ റഷ്യ ആണവായുധം പ്രയോഗിക്കുകയാണെങ്കില്‍ 8 മില്ല്യണിലധികം ജനങ്ങള്‍ കൊല്ലപ്പെട്ടേക്കും. ബ്രിട്ടനെ മുഴുവനായും ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാന്‍ കെല്‍പ്പുള്ള ആണവായുധങ്ങള്‍ റഷ്യയുടെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടനിലെ പ്രധാനപ്പെട്ട 38 ടൗണുകളും മറ്റു നഗരങ്ങളുമാണ് റഷ്യ പ്രധാനമായും ആക്രമിക്കാന്‍ പദ്ധതിയിടുന്നതെന്നാണ് യുകെ കണക്കുകൂട്ടുന്നത്. 70ഓളം മിലിട്ടറി ബേസ് ക്യാമ്പുകളും കമ്യൂണിക്കേഷന്‍ സെന്ററുകളും വ്യോമയാന കേന്ദ്രങ്ങളും ഉള്‍പ്പെടെ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വലിയ പങ്ക് വഹിക്കുന്ന പ്രധാന മേഖലകളെല്ലാം ആക്രമണ ഭീഷണിയിലാണെന്ന് അധികൃതരുടെ നിഗമനം. പുറത്തു വന്ന രഹസ്യ രേഖകളാണ് റഷ്യന്‍ ആക്രമണ സാധ്യതയെക്കുറിച്ചുള്ള ബ്രിട്ടീഷ് ആശങ്കകള്‍ വ്യക്തമാക്കുന്നത്. റഷ്യ അണുവായുധം പ്രയോഗിച്ചാല്‍ ഏകദേശം 7.7 മില്ല്യണ്‍ ജനങ്ങള്‍ വധിക്കപ്പെടുമെന്നാണ് ആശങ്ക. പുടിന്റെ ആയുധപ്പുരയില്‍ സൂക്ഷിച്ചിരിക്കുന്ന ഏത് ആണവായുധമാണ് ബ്രിട്ടനില്‍ പ്രയോഗിക്കാന്‍ പോകുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നാശത്തിന്റെ തോതും നിര്‍ണയിക്കപ്പെടുക. വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന റഷ്യയും ബ്രിട്ടനും തമ്മില്‍ ശീതയുദ്ധം ആരംഭിക്കുന്നത് ബ്രിട്ടിഷ് ഡബിള്‍ ഏജന്റ് ആയിരുന്ന സെര്‍ജി സ്‌ക്രിപാലും മകളും നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായതിനു ശേഷമാണ്. സാലിസ്ബറിയിലെ ഒരു പാര്‍ക്കില്‍ വെച്ച് റഷ്യന്‍ നിര്‍മ്മിത നെര്‍വ്വ് ഏജന്റ് നോവിചോക്ക് ഉപയോഗിച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. സ്‌ക്രിപാലും മകളും ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ 23 റഷ്യന്‍ ഡിപ്ലോമാറ്റുകളെ പ്രധാനമന്ത്രി തെരേസ മേയ് പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി 23 ബ്രിട്ടിഷ് ഡിപ്ലോമാറ്റുകളെ റഷ്യയും പുറത്താക്കിയിരുന്നു. മേഖലയില്‍ സംഘര്‍ഷം ഉണ്ടാവുകയാണങ്കില്‍ റഷ്യ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതകളേറെയാണ്. ലിവര്‍പൂള്‍, ലണ്ടന്‍, മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ്, ലീഡ്‌സ്, ന്യൂ കാസില്‍ തുടങ്ങി ബ്രിട്ടനിലെ പ്രധാന 20 നഗരങ്ങളാണ് റഷ്യ ലക്ഷ്യമിടുന്നതായി കരുതപ്പെടുന്നത്. ലണ്ടന്‍ നഗരത്തിലുണ്ടാകുന്ന ഏറ്റവും ചെറിയ ഒരു ആക്രമണം പോലും ഏതാണ്ട് 9,50,000 പേരുടെ ജീവഹാനിക്ക് കാരണമാകും. ലിവര്‍പൂള്‍, ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളിലാണ് ആക്രമണങ്ങള്‍ നടക്കുന്നതെങ്കില്‍ മരണ നിരക്ക് 3,71,000 മുതല്‍ 4,20,000 വരെയോ അല്ലെങ്കില്‍ 3,00,000 മുതല്‍ 3,25,000 വരെയോ ആകാനാണ് സാധ്യത. ബ്രിസ്‌റ്റോളില്‍ ആക്രമണം നടന്നാല്‍ 2,70,000 പേര്‍ കൊല്ലപ്പെട്ടേക്കാമെന്ന് കണക്കുകള്‍ പറയുന്നു. റഷ്യയുടെ ആക്രമണ പദ്ധതികളെല്ലാം വിജയിക്കുകയാണെങ്കില്‍ 38 ബ്രിട്ടീഷ് നഗരങ്ങള്‍ കത്തിച്ചാമ്പലാകും.
ലണ്ടന്‍: സാലിസ്ബറി നെര്‍വ് ഏജന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതിക്കെതിരെ കണ്‍സര്‍വേറ്റീവ് എംപിയുടെ പ്രതിഷേധം. ആക്രമണത്തില്‍ പ്രധാനമന്ത്രി റഷ്യക്കെതിരായി സ്വീകരിച്ച സമീപനങ്ങളേക്കുറിച്ചുള്ള ചോദ്യത്തിനിടെയാണ് ടോറി എംപി സ്റ്റീഫന്‍ ക്രാബ് ദ്രവീകൃത പ്രകൃതിവാതകം റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ച കാര്യം പരാമര്‍ശിച്ചത്. അടുത്തിടെ റഷ്യയില്‍ നിന്ന് ഗ്യാസ് ഇറക്കുമതി ചെയ്യാനാരംഭിച്ച കാര്യം പ്രധാനമന്ത്രിക്ക് അറിയുമോ എന്ന് ചോദിച്ച ക്രാബ് റഷ്യക്ക് ബ്രിട്ടനില്‍ വിപണിയുണ്ടാക്കിക്കൊടുക്കുന്ന കാര്യം അംഗീകരിക്കുന്നുണ്ടോയെന്നും ചോദ്യമുന്നയിച്ചു. തീര്‍ച്ചയായും ഗ്യാസ് ഇറക്കുമതിക്ക് മറ്റു രാജ്യങ്ങളെയായിരിക്കും ആശ്രയിക്കുകയെന്നാണ് പ്രധാനമന്ത്രി ഇതിനു മറുപടിയായി പറഞ്ഞത്. യൂറോപ്പ് ആകമാനമെടുത്താല്‍ 2017ല്‍ ആകെ ഉപയോഗത്തിന്റെ 37 ശതമാനം പ്രകൃതിവാതകവും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. നോര്‍വേ, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്നാണ് യുകെ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത്. പൈപ്പ്‌ലൈനുകളിലൂടെയാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള സപ്ലൈ സാധ്യമാക്കിയിരിക്കുന്നത്. റഷ്യയുമായി അതിന് ബന്ധമില്ല. നോര്‍വേയില്‍ നിന്നാണ് യുകെയുടെ വാതക ഇറക്കുമതി ഏറ്റവും കൂടുതല്‍ നടക്കുന്നത്. റഷ്യയുമായി ബന്ധിപ്പിക്കാവുന്ന പൈപ്പ്‌ലൈനുകള്‍ അവിടെയും നിലവിലില്ല. എന്നാല്‍ ഈ വര്‍ഷം മൂന്ന് കാര്‍ഗോ പ്രകൃതിവാതകം റഷ്യന്‍ ഉടമസ്ഥതയിലുള്ള സൈബീരിയയിലെ യാമാല്‍ ഗ്യാസ് പ്രോജക്ടില്‍ നിന്ന് യുകെ വാങ്ങിയിരുന്നു. ഓരോ കപ്പലിലും 0.1 ബില്യന്‍ ക്യുബിക് മീറ്റര്‍ വാതകമാണ് അടങ്ങിയിരിക്കുന്നത്. യുകെയ്ക്ക് 2018ല്‍ ആവശ്യമായി വരുന്നത് 21.5 ബില്യന്‍ ക്യുബിക് മീറ്റര്‍ വാതകമാണെന്നിരിക്കെ റഷ്യയില്‍ നിന്ന് ഇതുവരെ എത്തിയത് 1.4 ശതമാനം മാത്രമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത്ര ചെറിയ അളവിലാണെങ്കില്‍ പോലും റഷ്യന്‍ ഇറക്കുമതി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ക്രാബ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. സഖ്യരാജ്യങ്ങളായ ഖത്തര്‍, മലേഷ്യ, ഓസ്‌ട്രേലിയ എന്നിവര്‍ ഗ്യാസ് നല്‍കാന്‍ തയ്യാറാണെന്നും അവരെ ആശ്രയിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
റഷ്യയില്‍ നിന്നും യുകെയില്‍ അഭയം തേടിയ വ്യക്തികളുടെ ജീവന് ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പുമായി പോലീസ്. റഷ്യന്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയായ കോടീശ്വരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുകെയില്‍ സ്ഥിര താമസക്കാരായ റഷ്യന്‍ വംശജര്‍ക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നേരിട്ട് നല്‍കി. മാര്‍ച്ച് 12നാണ് റഷ്യന്‍ കോടീശ്വരന്‍ നിക്കോളായി ഗ്ലുഷ്‌ക്കോവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. 2010ത്തിന് ശേഷം യുകെയില്‍ രാഷട്രീയ അഭയം തേടിയ വ്യക്തിയാണ് ഗ്ലുഷ്‌ക്കോവ്. രാജ്യത്ത് അഭയം നല്‍കിയിട്ടുള്ള മറ്റു റഷ്യന്‍ പൗരന്മാരുടെ ജീവനും ഭീഷണിയുള്ളതായി പോലീസ് വ്യക്തമാക്കുന്നു. റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലും മകളും ആക്രമിക്കപ്പെട്ട സംഭവുമായി ഗ്ലുഷ്‌ക്കോവിന്റെ മരണത്തിന് ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഗ്ലുഷ്‌ക്കോവിന്റെ ദുരൂഹ മരണത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. റഷ്യയുടെ സ്‌റ്റേറ്റ് എയര്‍ലൈന്‍ എയറോഫ്‌ളോട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടറായി ഗ്ലുഷ്‌ക്കോവ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു. കള്ളപ്പണമിടപാട് ആരോപണം നേരിട്ടതിനെ തുടര്‍ന്ന് 1999 മുതല്‍ 5 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. 2006ല്‍ വീണ്ടും കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ബ്രിട്ടന്‍ രാഷ്ട്രീയ അഭയം നല്‍കുകയായിരുന്നു. ഇദ്ദേഹം റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാള്‍ കൂടിയായിരുന്നു ഇദ്ദേഹം. ഗ്ലുഷ്‌ക്കോവിന്റെ താമസ സ്ഥലത്തിനടുത്തായി മാര്‍ച്ച് 11,12 തിയതികളില്‍ സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം റഷ്യന്‍ ഡബിള്‍ ഏജന്റ് ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് റഷ്യയും ബ്രിട്ടനും തമ്മില്‍ ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. സെര്‍ജി സ്‌ക്രിപാലിനെയും മകളെയും ആക്രമിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായ സ്‌ക്രിപാലിന്റെയും മകള്‍ യൂലിയയുടെയും ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റായ നോവിചോക് ഉപയോഗിച്ചാണ് സ്‌ക്രിപാലിനേയും മകളെയും ആക്രമിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ റഷ്യ തന്നെയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് ആരോപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ് നെര്‍വ് ഏജന്റ് ആക്രമണം നടത്താന്‍ ഉത്തരവിട്ടതെന്ന് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണും വ്യക്തമാക്കി. റഷ്യയുടെ 23 ഡിപ്ലോമാറ്റുകളെ സംഭവത്തിന് ശേഷം ബ്രിട്ടന്‍ പുറത്താക്കിയിരുന്നു. ഇതിനു മറുപടിയായി 23 ബ്രിട്ടിഷ് ഡിപ്ലോമാറ്റുകളെ പുറത്താക്കുമെന്ന് റഷ്യയും അറിയിച്ചിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved