school
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് പിഴയേര്‍പ്പെടുത്തി കൗണ്‍സില്‍. ഈസ്റ്റ് എയര്‍ഷയര്‍ കൗണ്‍സിലാണ് എല്ലാ ഹൈസ്‌കൂളുകളിലും ഇത് നടപ്പിലാക്കിയിരിക്കുന്നത്. മാലിന്യം അലക്ഷ്യമായി ഇടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് 80 പൗണ്ട് ഈടാക്കാനാണ് നിര്‍ദേശം. അധികൃതരുടെ മേല്‍നോട്ടത്തില്‍ മാലിന്യം ശരിയായ വിധത്തില്‍ സംസ്‌കരിക്കാന്‍ തയ്യാറായാല്‍ ഈ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടും. ഗാല്‍സ്റ്റണിലെ ലൗഡന്‍ അക്കാഡമിയില്‍ നടത്തിയ ട്രയല്‍ വിജയകരമായ സാഹചര്യത്തിലാണ് കൗണ്‍സിലര്‍മാര്‍ ഇത് വ്യാപകമാക്കുന്നതിന് അംഗീകാരം നല്‍കിയത്. റബ്ബിഷ് പാര്‍ട്ടി കൗണ്‍സിലറായ സാലി കോഗ്ലിയാണ് ഈ ക്യാംപെയിനിന് നേതൃത്വം നല്‍കിയത്. യുകെയില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കമെന്ന് അവര്‍ പറഞ്ഞു. യുകെയില്‍ ഇതുവരെ നടപ്പിലാകാത്ത കാര്യമാണ് ഈസ്റ്റ് എയര്‍ഷയറില്‍ സംഭവിക്കുന്നത്. ലൗഡന്‍ അക്കാഡമിയില്‍ കുട്ടികളുടെ മനോഭാവം മാറാന്‍ ഇതു സഹായിച്ചുവെന്ന് അവര്‍ വിശദീകരിച്ചു. വളരെ ശക്തമായ മാറ്റം കുട്ടികളിലുണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഇതെന്നും അവര്‍ പറഞ്ഞു. മാലിന്യവും അവ അലക്ഷ്യമായി വലിച്ചെറിഞ്ഞാലുണ്ടാകുന്ന പ്രശ്‌നങ്ങളെയും കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി 2017ലാണ് സാലി കോഗ്ലി റബ്ബിഷ് പാര്‍ട്ടി സ്ഥാപിച്ചത്. പാര്‍ട്ടി രൂപീകരിച്ച് രണ്ടു മാസം കഴിഞ്ഞ് മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കുട്ടികള്‍ക്ക് പിഴയേര്‍പ്പെടുത്തിയെങ്കിലും അവ ഒരു കാരണവശാവും കുട്ടികളെ ക്രിമിനലുകളാക്കുകയല്ല ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു. മാലിന്യം വലിച്ചെറിയല്‍, നായകളെ പൊതുസ്ഥലത്ത് മലവിസര്‍ജനം ചെയ്യിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിരീക്ഷണത്തിനായി എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അടങ്ങിയ സംഘത്തെ നിയോഗിക്കാനും അവര്‍ കൗണ്‍സിലില്‍ നിര്‍ദേശം വെച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നത് സ്‌കോട്ട്‌ലന്‍ഡില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. 80 പൗണ്ടാണ് പിടിക്കപ്പെടുന്നവരില്‍ നിന്ന് ഈടാക്കുന്നത്.
ഇംഗ്ലണ്ടിലെ ഏറ്റവും കര്‍ക്കശക്കാരിയായ ഹെഡ്ടീച്ചര്‍ എന്ന് അറിയപ്പെടുന്ന ആലിസണ്‍ കോള്‍വെല്‍ യുകെ വിടുന്നു. മല്ലോര്‍ക്കയിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ തലപ്പത്തേക്കാണ് ഇവര്‍ പോകുന്നത്. സ്വാന്‍കോംബിലെ എബ്ബ്‌സ്ഫ്‌ളീറ്റ് അക്കാഡമിയുടെ പ്രിന്‍സിപ്പലായിരുന്ന ഇവര്‍ ഷോര്‍ട്ട് സ്‌കേര്‍ട്ട് ധരിച്ചെത്തിയ 20 വിദ്യാര്‍ത്ഥിനികളെ തിരികെ വീടുകളിലേക്ക് അയച്ചാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. പെണ്‍കുട്ടികള്‍ 'തുട കാട്ടി' നടക്കുന്നു എന്നതായിരുന്നു ഇവര്‍ ഉന്നയിച്ച ആരോപണം. കര്‍ക്കശ നിലപാടുകളുടെ പേരില്‍ രക്ഷിതാക്കളുമായി നിരന്തരം കലഹത്തിലായിരുന്ന കോള്‍വെലിന് ഭീഷണികളും അധിക്ഷേപങ്ങളും പതിവായി ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പെരുമാറുന്ന ഒരു ന്യൂനപക്ഷത്തിന്റെ ശ്രമഫലമായി താന്‍ പുറത്താക്കപ്പെടുകയല്ലെന്ന് കോള്‍വെല്‍ പറഞ്ഞു. താന്‍ കുട്ടികളുടെ ഭാവി മികച്ചതാക്കാനായിരുന്നു പരിശ്രമിച്ചത്. മോശം പെരുമാറ്റത്തോടായിരുന്നു താന്‍ അസഹിഷ്ണുത കാട്ടിയതെന്നും അവര്‍ വ്യക്തമാക്കി. താന്‍ പുറത്തു പോകുന്നതില്‍ സന്തോഷിക്കുന്ന ചിലരുണ്ടാകും. അധ്യാപകരോട് അപമര്യാദയായി പെരുമാറുന്ന രക്ഷിതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സിനോട് ആവശ്യപ്പെടുകയും ചെയ്തു. ഓഫീസില്‍ ബഹളമുണ്ടാക്കിയ രക്ഷിതാക്കളെ പുറത്താക്കാന്‍ പോലീസിനെ വിളിക്കേണ്ട സാഹചര്യം പോലും പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ സമ്മതിച്ചു. ഇത്തരം സംഭവങ്ങളേത്തുടര്‍ന്ന് ചില രക്ഷിതാക്കള്‍ക്ക് സ്‌കൂളിലെത്താന്‍ അപ്പോയിന്റ്‌മെന്റ് എടുക്കണമെന്ന നിബന്ധനയും ഇവര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരു ഫെയിസ്ബുക്ക് കമ്യൂണിറ്റിയില്‍ തനിക്കെതിരെ അധിക്ഷേപങ്ങള്‍ ഉയര്‍ന്നുവെന്നും 700 വിദ്യാര്‍ത്ഥികളുള്ള സ്‌കൂളിനെ കോള്‍ഡിറ്റ്‌സ് അക്കാഡമിയെന്ന് ചിലര്‍ പരിഹസിച്ചുവെന്നും അവര്‍ പറഞ്ഞു. രക്ഷിതാക്കളില്‍ നിന്ന് നേരിടേണ്ടി വന്ന പല മോശം അനുഭവങ്ങളും മറക്കാന്‍ ശ്രമിക്കുകയാണ് താനെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ചുമതലയേറ്റ് ആദ്യ വര്‍ഷം റിസപ്ഷനില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് ഒരു രക്ഷിതാവ് തന്നെ അസഭ്യം പറഞ്ഞത് കോള്‍വെല്‍ ഓര്‍ത്തെടുത്തു. കുട്ടികള്‍ രാത്രി 9.30ന് ഉറങ്ങണമെന്നും കാലത്ത് 6 മണിക്കു തന്നെ ഉണരണമെന്നുമായിരുന്നു കോള്‍വെലിന്റെ ചട്ടം. മൊബൈല്‍ ഫോണുകള്‍ പൂര്‍ണ്ണമായും നിരോധിച്ചു. കുട്ടികളില്‍ നിന്ന് ഫോണ്‍ കണ്ടെത്തിയാല്‍ അടുന്ന അവധി ദിവസം വരെ അത് പിടിച്ചുവെക്കും. പെണ്‍കുട്ടികളുടെ യൂണിഫോമില്‍ സ്‌കേര്‍ട്ടുകള്‍ മുട്ടില്‍ നിന്ന് 5 സെന്റീമീറ്ററില്‍ കൂടൂതല്‍ നീളം കുറയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. അമിതമായി മെയ്ക്ക് അപ് ചെയ്യുന്നവര്‍ക്ക് അവ തുടക്കാന്‍ വൈപ്പുകള്‍ നല്‍കുമായിരുന്നു. കാല്‍ക്കുലേറ്ററുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ എടുക്കാന്‍ മറക്കുന്ന കുട്ടികളെ സ്‌കൂളില്‍ തടഞ്ഞു നിര്‍ത്തുന്നതും പതിവായിരുന്നു. മൊബൈല്‍ ഫോണുകള്‍ പിടിച്ചു വെച്ച സംഭവങ്ങളില്‍ സ്‌കൂളിനെതിരെ മോഷണക്കുറ്റം പോലും ആരോപിക്കപ്പെട്ടിട്ടുണ്ട്.
സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനത്തിന് ശ്രമിക്കുന്ന 115,000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആദ്യ ചോയ്‌സ് സ്‌കൂളുകള്‍ ലഭിക്കാന്‍ ഇടയില്ലെന്ന് സൂചന. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയാണ് ഇതിന് കാരണമായി പറയുന്നത്. 606,000 കുട്ടികളാണ് സെക്കന്‍ഡറി പ്രവേശനത്തില്‍ ഇഷ്ട സ്‌കൂളുകള്‍ക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്. നാഷണല്‍ ഓഫര്‍ ഡേ എന്ന പേരില്‍ അറിയപ്പെടുന്ന ദിവസമായ ഇന്നലെ ഇംഗ്ലണ്ടിലെ രക്ഷിതാക്കള്‍ക്ക് വിവരമറിയിച്ചു കൊണ്ടുള്ള കത്തുകള്‍ ലഭിച്ചു. ഇഷ്ട സ്‌കൂളുകള്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം 2018നെ അപേക്ഷിച്ച് 23,000 കൂടുതലാണ്. ഈ രീതി കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുകയാണ്. 2010-11നു ശേഷം ജനന നിരക്കിലുണ്ടായ വര്‍ദ്ധനയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാക്കിയിരിക്കുന്നതെന്നാണ് വിവരം. 2013ല്‍ സ്‌കൂളുകള്‍ക്കു വേണ്ടി 20,000 പേര്‍ അപ്പീലുകള്‍ നല്‍കിയിരുന്നു. ഈ വര്‍ഷം അപ്പീലുകളുടെ എണ്ണം 40,000 കവിഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൈമറി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടം നല്‍കാന്‍ അധികൃതര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയായിരുന്നു ഇതുവരെ നാം കണ്ടിരുന്നതെന്നും ഇപ്പോള്‍ അത് സെക്കന്‍ഡറി തലത്തിലേക്ക് മാറിയിരിക്കുകയാണെന്നും ഗുഡ് സ്‌കൂള്‍ ഗൈഡ്‌സിന്റഎ ബെര്‍നാഡെറ്റ് ജോണ്‍ പറഞ്ഞു. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പ്രതിസന്ധി രൂക്ഷമാകുന്ന കാഴ്ചയ്ക്കും നാം സാക്ഷ്യം വഹിക്കും. ഔട്ട്സ്റ്റാന്‍ഡിംഗ്, ഗുഡ് എന്നീ റേറ്റിംഗുകള്‍ ഉള്ള സ്‌കൂളുകളിലെ സെക്കന്‍ഡറി പ്രവേശനത്തിന് സമ്മര്‍ദ്ദം ഏറെയാണെന്ന് അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്‍ഡ് കോളേജ് ലീഡേഴ്‌സിന്റെ പ്രതിനിധി ജെഫ് ബാര്‍ട്ടന്‍ പറഞ്ഞു. അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 428,000ന്റെ വര്‍ദ്ധനവുണ്ടാകും. 2010 മുതല്‍ 825,000 പുതിയ സ്‌കൂള്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് സ്‌കൂള്‍ സ്റ്റാന്‍ഡാര്‍ഡ് മിനിസ്റ്റര്‍ നിക്ക് ഗിബ്ബ് അറിയിക്കുന്നത്.
ലണ്ടന്‍: ക്ലാസ്മുറിയിലെ വൈ-ഫൈ റേഡിയേഷന്‍ 12കാരിയായ വിദ്യാര്‍ത്ഥിനിക്ക് 40ഓളം രോഗങ്ങള്‍ പിടിപെടാന്‍ കാരണമായെന്ന് മാതാപിതാക്കള്‍. സോമറെസ്റ്റിനടുത്തുള്ള യോവില്‍ താമസിക്കുന്ന നെയില്‍ ബോക്‌സാലിനാണ് തന്റെ മകള്‍ക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം സ്‌കൂളിലെ വൈ-ഫൈ റേഡിയേഷനെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. വൈ-ഫൈ ഉപയോഗം സ്‌കൂള്‍ അധികൃതര്‍ തുടരുമെന്ന് പ്രഖ്യാപിച്ചതോടെ നെയില്‍ തന്റെ മകളെ ഹോം സ്‌കൂളിംഗ് രീതിയിലേക്ക് മാറ്റുകയാണുണ്ടായത്. തൊലിയിലെ ചൊറിച്ചില്‍, കണ്ണില്‍ ചൊറിയുക, മറവി, ഉത്കണ്ഠ, വ്യാകുലത, സംസാരിക്കാനുള്ള കഴിവില്ലായ്മ തുടങ്ങി നാല്‍പ്പതോളം രോഗ ലക്ഷണങ്ങള്‍ മകളില്‍ കണ്ടെത്തിയിരുന്നുവെന്ന് നെയില്‍ പറയുന്നു. എഞ്ചിനിയറായ നെയില്‍ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെയാണ് മകളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞത്. 7-ാമത്തെ വര്‍ഷം മുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ഞാന്‍ ഇക്കാര്യങ്ങള്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അവള്‍ 8-ാമത്തെ വര്‍ഷത്തിലേക്ക് മാറിയപ്പോള്‍ കാര്യങ്ങള്‍ വലിയ തോതില്‍ പ്രതിഫലിക്കാന്‍ തുടങ്ങി. ശ്രദ്ധയില്ലായ്മയില്‍ തുടങ്ങി നിരവധി മാനസിക പിരിമുറുക്കത്തിലൂടെയും അവള്‍ കടന്നുപോകുന്നതായി എനിക്ക് വ്യക്തമായി. സ്‌കൂള്‍ അധികൃതരുമായി ഇത് സംസാരിക്കുകയും ചെയ്തിരുന്നു.-നെയില്‍ പറഞ്ഞു. സ്‌കൂളിലെ ക്ലാസ് മുറികളില്‍ എല്ലാം തന്നെ വൈ-ഫൈ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെന്ന കാര്യം ആ സമയത്താണ് ഞാന്‍ ശ്രദ്ധിക്കുന്നത്. സൂക്ഷതലത്തില്‍ വിലയിരുത്തിയപ്പോള്‍ മകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ വൈ-ഫൈ റേഡിയേഷനാണെന്ന് ബോധ്യമാവുകയായിരുന്നു. ഇക്കാര്യം തങ്ങള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും. വൈ-ഫൈ ഓഫ് ചെയ്യാമെന്ന് അദികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നതായി നെയില്‍ പറഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗം നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന് പിന്നീട് സ്‌കൂള്‍ അധികൃതര്‍ നെയിലിനെ അറിയിച്ചു. ക്രിസ്തുമസ് അവധിക്ക് ശേഷം സ്‌കൂളിലെത്തിയ മകള്‍ക്ക് വീണ്ടും പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയതോടെ നിലവില്‍ തുടരുന്ന സ്‌കൂള്‍ പഠനം അവസാനിപ്പിക്കാന്‍ മകളോട് നെയില്‍ ആവശ്യപ്പെടുകയും ചെയ്തു. സാധാരണ സിസ്റ്റത്തില്‍ പഠിച്ചു പരിയപ്പെട്ട നെയിലിന്റെ മകള്‍ക്ക് ആദ്യഘട്ടത്തില്‍ ഹോം സ്‌കൂളിംഗ് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മറിച്ചായി. ശ്രദ്ധക്കുറവ്, കണ്ണിനും തൊലിയിലുമുണ്ടായിരുന്ന ചൊറിച്ചില്‍ എന്നിവയോടപ്പം മാനസികമായി അനുഭവിച്ചിരുന്ന പ്രയാസങ്ങളില്‍ നിന്നും അവള്‍ മോചിപ്പിക്കപ്പെട്ടുവെന്ന് നെയില്‍ ചൂണ്ടിക്കാണിക്കുന്നു.
മക്കളുടെ ലഞ്ച് ബോക്‌സുകള്‍ കുത്തിനിറയ്ക്കുന്ന അമ്മമാര്‍ അധ്യാപകരുടെ വിമര്‍ശനത്തിന് സ്ഥിരം ഇരയാകാറുണ്ട്. അത്തരം അനുഭവം പങ്കുവെക്കുകയാണ് ഒരു അമ്മ. ഫെയിസ്ബുക്കിലാണ് ഇവര്‍ കുട്ടിക്ക് നല്‍കുന്ന ലഞ്ച് ബോക്‌സിന്റെ ചിത്രം ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്. തന്റെ മകളെ അങ്ങനെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് അധ്യാപികയോട് വിശദീകരിച്ചു. ചില ദിവസങ്ങളില്‍ അവള്‍ കുറച്ച് ഭക്ഷണം കഴിക്കും. പക്ഷേ ചില ദിവസങ്ങളില്‍ വിഷം കാണുന്നതുപോലെയാണ്, ഭക്ഷണത്തില്‍ തൊട്ടു നോക്കുക പോലുമില്ല. പല വിധത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ അവള്‍ക്ക് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവള്‍ കഴിക്കുന്നത് നഗ്ഗെറ്റ്‌സും സോസേജും മുട്ടയും മാത്രമാണ്. ഓടി നടക്കുന്ന പ്രകൃതക്കാരിയാണ് അവള്‍. കളിയും ബഹളവും കഴിഞ്ഞാല്‍ അവള്‍ക്ക് വിശക്കുമെന്ന് തനിക്ക് അറിയാമെന്നും അമ്മ പറയുന്നു. പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന ലഞ്ച് ബോക്‌സിന്റെ ചിത്രം കണ്ടാല്‍ ഇത്രയും ഭക്ഷണം നല്‍കണോ എന്ന് ചോദിക്കുമോ എന്നും പോസ്റ്റില്‍ അമ്മ പറയുന്നു. എന്തായാലും സമ്മിശ്രമായ പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. പലരും ഇത്രയും ഭക്ഷണം നല്‍കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. കുട്ടികള്‍ ഭക്ഷണം മറ്റു കുട്ടികളുമായി പങ്കുവെക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും ചിലര്‍ പറഞ്ഞു. ചില കുട്ടികള്‍ ചില പ്രത്യേക ഭക്ഷണ സാധനങ്ങളോട് അലര്‍ജിയുള്ളവരാകാമെന്നും ചോക്കോ കുക്കീസ് പോലെയുള്ള മധുരമടങ്ങിയ ഭക്ഷണ സാധനങ്ങള്‍ തങ്ങളുടെ കുട്ടികള്‍ അധികം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാത്ത രക്ഷിതാക്കളുണ്ടാകാം എന്നതൊക്കെയാണ് ഇതിന് കാരണമായി പറയുന്നത്. അതേസമയം ഒരു അമ്മയെന്ന നിലയില്‍ കുട്ടിയെ ഭക്ഷണം കഴിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്ന കമന്റുകളും പോസ്റ്റിലുണ്ട്. കുട്ടികള്‍ക്ക് ബാലന്‍സ്ഡ് ഫുഡ് ആണ് നല്‍കേണ്ടതെന്ന് അറിയാമെങ്കിലും അവര്‍ കുറച്ചു മാത്രം കഴിക്കുന്നവരാണെങ്കില്‍ ഇതല്ലാതെ മാര്‍ഗ്ഗമില്ലെന്നാണ് അമ്മമാരുടെ അഭിപ്രായം. മിക്ക രക്ഷിതാക്കളും ലഞ്ച് ബോക്‌സുകള്‍ കുത്തിനിറയ്ക്കുന്നതിനു കാരണവും ഇതു തന്നെയാണ്.
RECENT POSTS
Copyright © . All rights reserved