Scripal
മോസ്‌കോ: റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബ്രിട്ടന്‍ നല്‍കിയ അന്ത്യശാസനം തള്ളി റഷ്യ. ആണവശക്തിയായ തങ്ങളെ ഭീഷണിപ്പെടുത്താന്‍ യുകെ വളര്‍ന്നിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാഖറോവയാണ് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ പ്രസ്താവന നടത്തിയത്. റഷ്യന്‍ നിര്‍മിത നോവിചോക്ക് എന്ന നെര്‍വ് ഏജന്റാണ് സെര്‍ജി സക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേയ് ആവശ്യപ്പെട്ടത്. റഷ്യക്കെതിരെ ബ്രിട്ടന്‍ സൈബര്‍ ആക്രമണം നടത്തുമെന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്ന് ലണ്ടനിലെ റഷ്യന്‍ എംബസി അറിയിച്ചു. അപ്രകാരമുണ്ടായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ യുകെ തയ്യാറാകണമെന്നും എംബസി വ്യക്തമാക്കി. സാലിസ്ബറി സംഭവത്തില്‍ അടിസ്ഥാനരഹിതമായും പ്രകോപനപരമായും യുകെ നീങ്ങുകയാണെന്നും റഷ്യക്കെതിരെ സൈബര്‍ ആക്രമണം നടത്താനുള്ള പദ്ധതികളാണ് അണിയറയില്‍ തയ്യാറാകുന്നതെന്നും എംബസി ആരോപിക്കുന്നു. അത്തരമൊരു നീക്കമുണ്ടായാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും റഷ്യന്‍ കേന്ദ്രങ്ങള്‍ നല്‍കുന്നു. ഇന്നലെ കോമണ്‍സില്‍ തെരേസ മേയ് നടത്തിയ ശക്തമായ ആരോപണങ്ങള്‍ നിഷേധിച്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവറോവ് സാലിസ്ബറിയില്‍ ആക്രമണത്തിന് ഉപയോഗിച്ച വസ്തു പരിശോധനയ്ക്ക് നല്‍കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചുവെന്നും വ്യക്തമാക്കി. 1980കളില്‍ റഷ്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച വസ്തുവാണ് സ്‌ക്രിപാലിനെതിരെ ഉപയോഗിച്ചതെന്നാണ് മേയ് പറഞ്ഞത്. സാലിസ്ബറിയില്‍ സംഭവിച്ചതെന്താണെന്ന് മനസിലാക്കിയിട്ട് വരൂ, അതിനു ശേഷം സംസാരിക്കാമെന്നായിരുന്നു സംഭവത്തേക്കുറിച്ച് പ്രതികരണം ചോദിച്ച ബിബിസിയോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞത്.
ലണ്ടന്‍: റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യയുമായുള്ള ബ്രിട്ടന്റെ ബന്ധം ഉലയുന്നു. സ്‌ക്രിപാലിന്റെ വധശ്രമത്തിനു പിന്നില്‍ മോസ്‌കോയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചു. വിഷയത്തില്‍ ഇന്ന് അര്‍ദ്ധരാത്രിക്കുള്ളില്‍ റഷ്യ വിശദീകരണം നല്‍കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. വില്‍റ്റ്ഷയറിലെ സാലിസ്ബറിയില്‍ വെച്ചാണ് സ്‌ക്രിപാലിനും മകള്‍ യൂലിയക്കു നേരെ നെര്‍വ് ഏജന്റ് ഉപയോഗിച്ച് ആക്രമണമുണ്ടായത്. ഇത് റഷ്യന്‍ നിര്‍മിത വിഷമാണെന്ന് വ്യക്തമായിരുന്നു. ആക്രമണത്തിന് പിന്നില്‍ റഷ്യയാകാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. റഷ്യയുടെ ഭാഗത്തു നിന്നുണ്ടായ അങ്ങേയറ്റം മോശം പെരുമാറ്റമാണ് ഇതെന്നും അതിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും വ്യക്തമാക്കി. ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെ കോബ്ര മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ഹോം സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലായിരിക്കും ഗവണ്‍മെന്റിന്റെ എമര്‍ജന്‍സി കമ്മിറ്റിയായ കോബ്ര യോഗം ചേരുക. അതേസമയം സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മോസ്‌കോ പ്രതികരിച്ചത്. നോവിചോക്ക് എന്ന റഷ്യന്‍ സൈനിക ഉപയോഗത്തിലുള്ള നെര്‍വ് ഏജന്റാണ് സ്‌ക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിച്ചതെന്ന് തെരേസ മേയ് തിങ്കളാഴ്ച കോമണ്‍സില്‍ പറഞ്ഞിരുന്നു. ഈ ആക്രമണത്തില്‍ റഷ്യക്ക് നേരിട്ട് പങ്കുണ്ടെന്നതാണ് ഈ വിഷവസ്തുവിന്റെ ഉപയോഗം തെളിയിക്കുന്നത്. അല്ലെങ്കില്‍ റഷ്യയുടെ കൈകളില്‍ നിന്ന് ഇത് നഷ്ടപ്പെട്ട് മറ്റുള്ളവരില്‍ എത്തിയിട്ടുണ്ടാകാമെന്നും അവര്‍ പറഞ്ഞു. ഇവയില്‍ എന്താണ് നടന്നിരിക്കുക എന്ന കാര്യം വിശദീകരിക്കണമെന്ന് ഫോറിന്‍ ഓഫീസ് റഷ്യന്‍ അംബാസഡറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ചക്കുള്ളില്‍ ഇതിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ മോസ്‌കോ രാജ്യത്തിനുള്ളില്‍ നടത്തിയ നിയമവിരുദ്ധ സൈനികപ്രവൃത്തിയായി ഇതിനെ കണക്കാക്കുമെന്നും അവര്‍ വ്യക്തമാക്കി. റഷ്യക്കെതിരെ മുമ്പില്ലാത്ത വിധത്തില്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ രാജ്യം തയ്യാറെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബ്രിട്ടന്റെ നിലപാടിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഫോണ്‍ സന്ദേശത്തില്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണെ അറിയിച്ചത്. അതേ സമയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസ മേയ് സര്‍ക്കസ് ഷോ നടത്തുകയാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാഖറോവ് പറഞ്ഞു. പ്രകോപനത്തിലൂന്നിയ രാഷ്ട്രീയ പ്രചരണമാണ് ഇതെന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു. കാര്യങ്ങളേക്കുറിച്ച് കൂടുതല്‍ വ്യക്തത വന്നതിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു വ്‌ളാഡിമിര്‍ പുടിന്‍ ബിബിസിയോട് പറഞ്ഞത്.
ലണ്ടന്‍: റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള യുകെയുടെ നീക്കം കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയുമായി ലണ്ടന്റെ ബന്ധം മോശമായിരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. 40 വര്‍ഷത്തിനിടെ ഏറ്റവും മോശമായ നിലയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുകെയില്‍ സ്ഥിരതാമസമാക്കിയിരുന്ന മുന്‍ ബ്രിട്ടീഷ് ചാരനും റഷ്യന്‍ സൈനിക ഇന്റലിജന്‍സ് ഓഫീസറുമായി സ്‌ക്രിപാലിനെയും മകളെയും റഷ്യയില്‍ നിന്ന് തിരികെയെത്തിയ ശേഷം വിഷവാതകം ശ്വസിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുകെ ആരോപിക്കുന്നത്. ലണ്ടനിലുള്‍പ്പെടെയുള്ള റഷ്യന്‍ വസ്തുക്കളില്‍ അധികാരം സ്ഥാപിച്ചുകൊണ്ടാണ് ഇതിനോട് പ്രതികരിക്കേണ്ടതെന്നാണ് ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ആന്തണി ഗ്ലീസ് പറയുന്നത്. അതേസമയം റഷ്യന്‍ തിരിച്ചടിയെ പ്രതിരോധിക്കാനും ഗവണ്‍മെന്റ് തയ്യാറെടുത്തിരിക്കണം. തിരിച്ചടിയായി യുകെ നേരിടേണ്ടി വരിക ഒരു സൈബര്‍ ആക്രമണമായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാന്‍സ്, ജര്‍മനി, ബള്‍ഗേറിയ, യുക്രൈന്‍, എസ്റ്റോണിയ എന്നിവിടങ്ങളില്‍ അതാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന്‍ റഷ്യന്‍ സൈബര്‍ അറ്റാക്കുകള്‍ക്ക് ഏറ്റവും സാധ്യതയുള്ള പ്രദേശമായി മാറിയിരിക്കുകയാണെന്ന് കഴിഞ്ഞ മാസം ആര്‍മി തലവന്‍ സര്‍.നിക്ക് കാര്‍ട്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാശ്ചാത്യ ലോകത്തോട് റഷ്യ ആരംഭിച്ചിരിക്കുന്ന പുതിയ ശീതയുദ്ധത്തില്‍ ഏറ്റവുമൊടുവിലെ സംഭവമാണ് സ്‌ക്രിപാലിനെതിരെയുണ്ടായ ആക്രമണമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഈ ആക്രമണത്തിന് റഷ്യന്‍ പ്രസിഡന്റിന്റെ അംഗീകാരമോ അറിവോ ഇല്ലെന്നാണ് കരുതുന്നത്. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ ഏജന്റുമാര്‍ സ്വയം നടത്തിയ കൃത്യമായിരിക്കാം ഇതെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു,
RECENT POSTS
Copyright © . All rights reserved