Sevanam UK
ദിനേശ് വെള്ളാപ്പള്ളി അര്‍ഹിക്കുന്ന കൈയ്യില്‍ സഹായമെത്തുമ്പോഴാണ് അതിന് പൂര്‍ണ്ണത കൈവരുക. അത്തരത്തില്‍ സേവനം യുകെ നല്‍കുന്ന സഹായം പൂര്‍ണ്ണമായും അര്‍ഹിക്കുന്ന കൈകളിലെത്തുന്നുവെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം. ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒഴിവാക്കപ്പെടുന്ന സമൂഹത്തിന് സഹായഹസ്തം നീട്ടുമ്പോഴാണ് അത് മഹത്വപൂര്‍ണമാകുന്നത്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് (കുതിരവട്ടം) സേവനം യുകെ നല്‍കിയ സഹായം അതിനാല്‍ തന്നെ മികവേറിയതാണ്. സേവനം യുകെയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 31 ന് 11 മണിക്ക് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രനില്‍ നിന്നും ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കെ. സി. രമേശന്‍ ആശുപത്രി ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. ആരും തുണയില്ലാതെ നാലു ചുമരുകള്‍ക്കുള്ളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സഹായം എത്തിക്കുക എന്ന ദൗത്യം ആണ് സേവനം യുകെ നിര്‍വഹിച്ചത്. സേവനം യുകെ ഏപ്രില്‍ 14ന് ഗ്ലോസ്റ്ററില്‍ വച്ചു നടത്തിയ വിഷു നിലാവ് എന്ന പരിപാടിയില്‍ നിന്നും സമാഹരിച്ച തുകയുടെ ഒരു ഭാഗമാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. വിഷു നിലാവ് എന്ന മികച്ച പരിപാടിയുടെ ഭാഗമായി ഇതോടെ സേവന രംഗത്തിനും ഒരു സഹായ ഹസ്തമായി മാറിയ ഏവരും ഈ നന്മയുടെ ഭാഗം തന്നെയാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയേറെ പുരോഗമിച്ച ഒരു സംസ്ഥാനമാണ് കേരളം. അതിന് പ്രവാസി സമൂഹം നല്‍കിയ സംഭാവന വളരെ വലുതാണ്. എന്നാല്‍ കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ കണ്ടറിഞ്ഞ സേവനം യുകെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ഓരോ പ്രവാസികള്‍ക്കും അഭിമാനിക്കാവുന്ന പ്രവര്‍ത്തനമാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകന്നു കഴിയുന്ന ഇവരുടെ ജീവിതത്തിലേക്ക് കൈത്തിരി വെളിച്ചമായി കടന്നു ചെല്ലാനുള്ള ദൗത്യമാണ് സേവനം യു കെ ഏറ്റെടുത്തത്. ശ്രീനാരായണീയ ഭക്തരെന്ന നിലയില്‍ ശ്രീനാരായ ഗുരു ദേവന്റെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ നാം എന്നും സേവന സന്നദ്ധരായിരിക്കണം.'അവനവനാത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം', ഗുരുദേവന്റെ ഈ വാക്കുകള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി മാറ്റിക്കൊണ്ടാണ് സേവനം യുകെ പ്രവര്‍ത്തനപഥം തെളിയിക്കുന്നത്. കേരളം പ്രളയദുരന്തത്തില്‍ ആയിരുന്നതിനാലാണ് ഇതു വരെ ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നത് വൈകിപ്പിച്ചത്. സംഭാവന നല്‍കിയ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു. ചെയര്‍മാന്‍ ബിജു പെരിങ്ങത്തറ. സേവനം യു കെ. നമുക്കു നല്‍കാം ഹാരോ കുടുംബ യൂണിറ്റ് കണ്‍വീനര്‍ സുരേഷ് മോഹന് ഒരു ബിഗ് സല്യൂട്ട്. തന്റെ അവധിക്കാലം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടില്‍ പോയ സുരേഷ് തന്റെ സമയത്തിന്റെ മുക്കാല്‍ ഭാഗവും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി മാറ്റിവച്ചു. കോഴിക്കോട്ട് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്നു. സുരേഷിന്റെ ഈ പ്രവര്‍ത്തനം പ്രശംസനീയമാണ്.
ദിനേശ് വെള്ളാപ്പിള്ളി ജാതിയും, മതവുമില്ലാത്ത മനുഷ്യനെന്ന ജാതിയെ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ തുടങ്ങിയാല്‍ ലോകം എത്ര സമാധാനപൂര്‍ണ്ണമാകും എന്ന ശാന്തിമന്ത്രം വിളംബരം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ 164-ാമത് ജയന്തി ആഘോഷങ്ങള്‍ ബ്രിട്ടനില്‍ സമുചിതമായി ആഘോഷിക്കാനൊരുങ്ങി സേവനദൗത്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ സംഘടനയായ സേവനം യുകെ. വര്‍ണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെ എയില്‍സ്ബറിയില്‍ സെപ്റ്റംബര്‍ 16-ന് കൊണ്ടാടും. ലോക മലയാളി സമൂഹത്തില്‍ ജാതി-മതരഹിത സമൂഹം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ച, മനുഷ്യരെല്ലാം ഒരു ജാതി എന്ന് വിളംബരം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെ പിന്തുടര്‍ന്നാണ് സേവനം യുകെയുടെ പ്രവര്‍ത്തനങ്ങള്‍. നിലവില്‍ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായി മാറിയ 'സേവനം യുകെ' എയില്‍സ്ബറിയില്‍ ബൃഹത്തായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സാംസ്‌കാരിക, രാഷ്ട്രീയ, സാഹിത്യ രംഗത്തെ പ്രമുഖര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. സേവനം യുകെയുടെ പ്രവര്‍ത്തനങ്ങളില്‍ യുകെയിലെ മലയാളി സമൂഹം ഒന്നാകെ അണിചേരുന്നതാണ് സവിശേഷത. സേവനം യുകെ അംഗങ്ങളായ മലയാളി കുടുംബങ്ങള്‍ സജീവമായി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. വിശിഷ്ട വ്യക്തികളെ ആഘോഷങ്ങളിലേക്ക് സംഘാടകര്‍ ക്ഷണിച്ച് വരികയാണ്. ജയന്തി ആഘോഷങ്ങള്‍ സമ്പൂര്‍ണ്ണ വിജയത്തിലെത്തിക്കാന്‍ ഏവരുടെയും പിന്തുണ ആവശ്യമാണെന്ന് സേവനം യുകെ ചെയര്‍മാന്‍ ഡോ. ബിജു പെരിങ്ങത്തറ ചെല്‍ട്ടന്‍ഹാമില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. ചതയ ദിനാഘോഷം വിജയകരമാക്കുന്നതിനായി സജീവ അംഗങ്ങളെ ഉള്‍പ്പെടുത്തി മികച്ച സ്വാഗത സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. എയില്‍സ്ബറി കുടുംബ യൂണിറ്റിലെ ഷാജി മുണ്ടിത്തൊട്ടിയിലിനെ സ്വാഗത സംഘം കണ്‍വീനറായി തെരഞ്ഞെടുത്തു. ചതയദിനാഘോഷം വിജയകരമാക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി നടക്കുകയാണെന്നും സംഘാടകര്‍ വ്യക്തമാക്കി.
ദിനേശ് വെള്ളാപ്പള്ളി ഗ്ലോസ്റ്റര്‍ :  വിഷുവിന്റെ പ്രാധാന്യം എന്തെന്നറിയാത്ത മലയാളികള്‍ ഉണ്ടാവില്ലല്ലോ? കേരളത്തിന്റെ കാര്‍ഷികോത്സവമാണ് വിഷു. എന്തെങ്കിലും തരത്തില്‍ കൃഷിയുമായി ബന്ധമുള്ളവരാണല്ലോ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന നമ്മളെല്ലാവരും. എന്നും ഹരിതഭംഗി കൊണ്ട് കണ്ണിന് കുളിര്‍മ്മയേകുന്ന, എങ്ങും കുയിലിന്റെ നാദം കൊണ്ട് കാതിനു കുളിര്‍മ്മയേകുന്ന കേരളത്തിന്റെ സ്വന്തം മക്കളായ നിങ്ങളേവര്‍ക്കും കണ്ണിന് കുളിര്‍മ്മയും കാതിനു ഇമ്പവും മനസിന് നിറവും പകരാനായി വിഷു നിലാവെന്ന നൃത്ത സംഗീത വിരുന്നൊരുക്കി സേവനം യുകെ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ ഈ വിഷു ആഘോഷിക്കുവാനായി ജാതിഭേദമന്യേ സര്‍വ ജന ഐശ്വര്യത്തിനായി പ്രവര്‍ത്തിക്കുന്ന സേവനം യുകെ ഗ്ലോസ്റ്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. മലയാള സിനിമാ സംഗീത ലോകത്തിലെ വസന്ത കാലത്തെ നൈര്‍മല്യമുള്ള നിമിഷങ്ങള്‍ പുനര്‍ ആവിഷ്‌ക്കരിക്കുവാനായി അന്തരിച്ച ശ്രീ. ജോണ്‍സന്‍ മാസ്റ്ററുടെ നിത്യഹരിത ഗാനങ്ങളുമായി യുക്മ - ഗര്‍ഷോം ടിവി സ്റ്റാര്‍ സിംഗറിലെയും ഐഡിയ സ്റ്റാര്‍ സിംഗറിലെയും വിജയികളും മറ്റു മത്സരാര്‍ത്ഥികളും ഏപ്രില്‍ പതിനാലിന് നടക്കുന്ന ഈ നൃത്ത സംഗീത വിരുന്നില്‍ നിങ്ങള്‍ക്ക് മുന്നിലെത്തും. കൂടാതെ നമ്മളേവരേയും ആവേശഭരിതരാക്കുന്ന നൃത്ത ചുവടുകളുമായി അരങ്ങ് തകര്‍ക്കാന്‍ പ്രശസ്ത ബോളിവുഡ് നൃത്ത ഗ്രൂപ്പായ ദേശി നാച്ചിന്റെ വര്‍ണശബളമായ നൃത്തങ്ങളും വിഷുസന്ധ്യയെ നയനാന്ദകരമാക്കാന്‍ ഒരുക്കിയിട്ടുണ്ട്. സേവനം യുകെ എന്ന ചാരിറ്റി & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ അവതരിപ്പിക്കുന്ന ഈ ഫണ്ട് റെയ്സിംഗ് ഇവന്റ് വലിയ വിജയമാക്കി തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് സേവനം യുകെയുടെ അണിയറ പ്രവര്‍ത്തകര്‍. ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഈ ഉത്സവ വേളയിലേക്ക് എല്ലാ യുകെ മലയാളികളെയും സേവനത്തിന്റെ ഭാരവാഹികളും കൂടാതെ വനിതാ സംഘം ഭാരവാഹികളും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. നിങ്ങളേവരും സകുടുംബം വന്ന് ഈ ആഘോഷവേളയില്‍ പങ്കെടുത്ത് ഈ പരിപാടി വന്‍ വിജയമാക്കണമെന്ന് സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോരുത്തരും അഭ്യര്‍ത്ഥിക്കുന്നു. വിഷുനിലാവിന്റെ ടിക്കറ്റുകള്‍ക്കായി സേവനം യുകെ ഭാരവാഹികളുമായി ബന്ധപ്പെടുക.
RECENT POSTS
Copyright © . All rights reserved