shami
തനിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യക്കെതിരെ പ്രത്യാക്രമണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മുന്‍ ഭര്‍ത്താവും രണ്ട് മക്കളുമുണ്ടെന്ന കാര്യം ഹസിന്‍ ജഹാന്‍ തന്നില്‍ നിന്ന് മറച്ചുവെച്ചതായി ഷമി ആരോപിച്ചു. ഇക്കാര്യത്തില്‍ ഹസിന്‍ തന്നോട് കളവു പറയുകയായിരുന്നെന്നും ഷമി പറയുന്നു. ഷമിയുമായുള്ള വിവാഹത്തിന് മുന്‍പ് ഷെയ്ക് സെയ്ഫുദീനെന്നയാളുമായി ഹസിന്റെ വിവാഹം നടന്നിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ സ്വന്തം കുട്ടികളെ സഹോദരിയുടെ മക്കള്‍ എന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് ഷമി പറയുന്നു. 2010 ല്‍ ആദ്യ വിവാഹം ബന്ധം വേര്‍പ്പെടുത്തിയ ഹസിന്‍. മക്കളെ മുന്‍ ഭര്‍ത്താവിനൊപ്പമാണ് താമസിപ്പിച്ചിരുന്നത്. ഹസിന്റെ മൂത്തമകള്‍ക്ക് ഇപ്പോള്‍ പതിനഞ്ചു വയസാണ് പ്രായം. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചിയര്‍ഗേളും മോഡലുമായിരുന്ന ഹസിന്‍ വിവാഹം കഴിക്കുന്നത്. സഹോദരനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്ന് ഹസിന്‍ ഷമിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഷമിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഷമിയെ കാണാനില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് അവസാനമായി ഷമിയുമായി ബന്ധപ്പെടാന്‍ സാധിച്ചെതെന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. നിലവില്‍ ഷമിയെ കാണാനില്ലെന്നാണ് അദ്ദേഹത്തോട് അടുത്തു നില്‍ക്കുന്ന കേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വരും സമയങ്ങളില്‍ വിവരമൊന്നും ലഭിച്ചില്ലെങ്കില്‍ ബന്ധുക്കള്‍ പോലീസിന്റെ സഹായം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നുവെന്നും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഷമിയുടെ ഭാര്യ ഹാസിന്‍ ജഹാന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഷമിക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷമിയുടെ സഹോദരനെതിരെയും ഹാസിന്‍ ജഹാന്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയ എട്ടോളം കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഷമിയെ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഷമിക്ക് ഇതര സ്ത്രീകളുമായി ബന്ധമുണ്ടെന്നും വീട്ടില്‍ വെച്ച് തന്നെ ഉപദ്രപിക്കാരുണ്ടെന്നും ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഷമിയുടെ കരിയര്‍ അനിശ്ചിതത്തിലായിരിക്കുകയാണ്. ബിസിസിഐ തങ്ങളുടെ വേതനവ്യവസ്ഥ കരാറില്‍ നിന്നും താരത്തെ പുറത്താക്കിയിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ചാല്‍ കരാറില്‍ വീണ്ടും ഉള്‍പ്പെടുത്താമെന്നാണ് ബിസിസിഐ പറഞ്ഞു.
RECENT POSTS
Copyright © . All rights reserved