Shone George
കോട്ടയം: ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണിക്കെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി തള്ളി. ഷോണ്‍ ജോര്‍ജ് പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. നിഷയെ ട്രെയിനില്‍ വെച്ച് അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെയാണ് ഷോണ്‍ പരാതി നല്‍കിയത്. നിഷയുടെ ഈയിടെ പുറത്തിറങ്ങിയ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നോട് ട്രെയിനില്‍ വെച്ച് അപമര്യാദയായി പെരുമാറിയതായി പരാമര്‍ശം ഉള്ളത്. എന്നാല്‍ അപമാനിച്ചയാളുടെ പേരോ മറ്റു വിവരങ്ങളോ നിഷ ജോസ് പുസ്തകത്തിന്‍ വ്യക്തമാക്കിയിട്ടില്ല. ഷോണിന്റെ പരാതി പരിശോധിച്ച ഈരാറ്റുപേട്ട പോലീസ് പ്രശ്‌നത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തനിക്കെതിരെ നടക്കുന്ന വ്യാപക അപകീര്‍ത്തി പ്രചാരണങ്ങള്‍ അന്വേഷിക്കണമെന്ന് പരാതിയില്‍ ഷോണ്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് നിഷ പരാതി നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി.
കോട്ടയം: മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുകയും അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പോലീസില്‍ പരാതി നല്‍കി. ജോസ് കെ മാണി എം.പിയുടെ ഭാര്യ നിഷയോട് ട്രെയിനില്‍ വെച്ച് അപമര്യാദയായി പെരുമാറിയ രാഷ്ട്രീയ നേതാവിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പുതിയ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന തന്റെ പുസ്തകത്തിലാണ് നിഷ ഒരു രാഷ്ട്രീയ നേതാവിന്റെ മകനില്‍നിന്ന് മോശമായ പെരുമാറ്റം ട്രെയിന്‍ യാത്രക്കിടെ നേരിടേണ്ടി വന്നതിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അപമര്യാദയായി പെരുമാറിയ നേതാവിന്റെ മകന്‍ ഷോണ്‍ ആണെന്ന് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അതേസമയം നിഷയ്ക്കൊപ്പം ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയുടെ പിതാവായ നടന്‍ ജഗതി ശ്രീകുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുന്ന വഴി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നിഷയുമായി സംസാരിച്ചിരുന്നു. എന്നാല്‍ ട്രെയിനില്‍ വച്ച് സംസാരിച്ചിട്ടില്ല. ചില സിപിഎം നേതാക്കളും ഒപ്പമുണ്ടായിരുന്നതായി ഷോണ്‍ പറഞ്ഞു. കോട്ടയം എസ്.പിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
RECENT POSTS
Copyright © . All rights reserved