shuhaib murder
മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ശുഹൈബ് കൊല്ലപ്പെട്ട മട്ടന്നൂര്‍ തെരൂരില്‍ നിന്ന് രണ്ടു കിലോ മീറ്റര്‍ അകലെയുള്ള വെള്ളിയാംപ്പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാംപ്പറമ്പില്‍ കാടു വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് വാളുകള്‍ കണ്ടെത്തിയത്. ശുഹൈബിന്റെ കൊലപാതകം അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പോലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആയുധങ്ങള്‍ കണ്ടെടുത്തോയെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചിരുന്നു. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അറിയിച്ച് ശുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ എല്ലാവരെയും പിടികൂടണമെന്ന് ശുഹൈബിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മട്ടന്നൂര്‍ തെരൂരില്‍ ചായക്കടയില്‍ സുഹൃത്തുക്കളോടപ്പം നില്‍ക്കുമ്പോഴാണ് സിപിഎം അനുഭാവികളായ ഒരുപറ്റം അക്രമികള്‍ ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയതിന് ശേഷം വടിവാള് ഉപയോഗിച്ച് ശുഹൈബിന്റെ കാലിനും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ച അക്രമകാരികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ശുഹൈബിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിക്ക് ചോരവാര്‍ന്നാണ് ശുഹൈബ് മരണപ്പെട്ടത്.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാടുകളെ നിരാകരിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം. വിഷയത്തില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങളെ പുറത്താക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശുഹൈബ് വധക്കേസ് പാര്‍ട്ടിയുടേതായ രീതിയില്‍ അന്വേഷിക്കുമെന്നും അതിനു ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു പി ജയരാജന്റെ നിലപാട്. സംസ്ഥാന സമ്മേളനത്തിനു ശേഷം ശുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേ സമയം ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടിയെ ദോഷകരമായി ബാധിച്ചതായി സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ കൊലപാതകം പാര്‍ട്ടിക്ക് ക്ഷീണം സൃഷ്ടിച്ചതായി ജില്ലാ പ്രതിനിധികള്‍ വിമര്‍ശിച്ചു. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരിയുടെ മൊഴി പുറത്തു വന്നിരുന്നു. ശുഹൈബിനെ കൊല്ലാന്‍ ഡിവൈഎഫ്‌ഐയുടെ ക്വട്ടേഷനുണ്ടായിരുന്നെന്നും ഡമ്മി പ്രതികളെ നല്‍കാമെന്ന് പാര്‍ട്ടി വാക്കു പറഞ്ഞിരുന്നതായും ആകാശ് തില്ലങ്കേരി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ അനുയായിയാണ് താനെന്നാണ് ജയരാജന്റെ ധാരണയെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരപ്പന്തലില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന കെ.സുധാകരന്‍. കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയായ ഭരണാധികാരിയെപ്പോലെയാണ് ജയരാജന്റെ പെരുമാറ്റം എല്ലാത്തിനും മുകളില്‍ താനാണെന്ന് അദ്ദേഹത്തിന്റെ ധാരണ. പാര്‍ട്ടി ഭരണം ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് ജയരാജന്‍ ചെയ്യുന്നത്. കാര്യങ്ങളെല്ലാം പാര്‍ട്ടിയുടെ കൈയ്യിലാണ് എന്ന ധാരണയുണ്ടെങ്കില്‍ അതൊരു അസുഖമാണ്. ഒരു തരം ഭ്രാന്താണ് ഇതെന്നും കെ.സുധാകരന്‍ പറഞ്ഞു. അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളേയും അടിച്ചമര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ മനസിനകത്ത് വരുന്ന ഒരു തോന്നലുണ്ട്. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ആ തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്. ഈ തോന്നല്‍ പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ തന്നെ തിരുത്തിലിന് ഇറങ്ങിത്തിരിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കി. ശുഹൈബിന് വധിച്ചവരുടെ സംഘം പരിശീലനം സിദ്ധിച്ച ക്രിമിനലുകളണെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. ആകാശ് തില്ലങ്കേരി കൊലയാളി സംഘത്തില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ല. പക്ഷേ ശുഹൈബിനെ വെട്ടിയത് ആകാശ് അല്ലെന്നാണ് പറഞ്ഞതെന്നും സുധാകരന്‍ പറയുന്നു.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ശുഹൈബ് വധം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുമെന്നും പി. ജയരാജന്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ സൈബര്‍ പോരാളികളില്‍ ഒരാളാണ് പിടിയിലായ ആകാശ് തില്ലങ്കേരി, പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയതിനു ശേഷം ഉചിതമായ നടപടി സ്വീകരിക്കും പി. ജയരാജന്‍ പറഞ്ഞു. അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം അലസി പിരിഞ്ഞു. കളക്ടര്‍ വിളിച്ചത് കൊണ്ടുമാത്രമാണ് സമാധാന യോഗത്തില്‍ പങ്കെടുക്കാനെത്തിയത് എന്നാല്‍ യോഗം തകര്‍ക്കാനുള്ള ബാലിശമായ നീക്കമാണ് യുഡിഎഫ് നേതാക്കളുടെ ഭാഗത്തു നിന്ന ഉണ്ടായതെന്ന് കെ.കെ രാഗേഷ് എം.പി പറഞ്ഞു. കോണ്‍ഗ്രസ് ജന പ്രതിനിധികളെ വിളിക്കാതെ നടത്തിയ സമാധാന യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാന യോഗത്തില്‍ മാത്രമെ ഇനി പങ്കെടുക്കുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയത് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മനോജ് പരോളില്‍ ഇറങ്ങിയ സമയത്താണ് ശുഹൈബ് വധിക്കപ്പെട്ടതെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നുമാണ് കെ.സുധാകരന്‍ ആരോപിക്കുന്നത്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ രീതിക്ക് സമാനമായാണ് ശുഹൈബിനെ വധിച്ചിരിക്കുന്നത്. ശുഹൈബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം ഇതു വ്യക്തമാക്കുന്നതായും സുധാകരന്‍ ആരോപിക്കുന്നു. ശുഹൈബിനെ ആക്രമിക്കുമ്പോള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാടകയ്‌ക്കെടുത്ത രണ്ട് കാറുകളിലാണ് പ്രതികള്‍ കൃത്യം നടത്താന്‍ എത്തിയത്. ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. കേസിലെ മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അടുത്തുള്ള സംസ്ഥാനങ്ങളിലേക്ക് പ്രതികള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരങ്ങള്‍ കൈമാറിയതായി പോലീസ് വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved