Sikh
തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ച സിഖ് യുവാവിനെ നൈറ്റ് ക്ലബില്‍ നിന്നും ബലമായി പുറത്താക്കി. മാന്‍സ്ഫീല്‍ഡിലെ റഷ് എന്നറിയപ്പെടുന്ന നൈറ്റ് ക്ലബ് അധികൃതരാണ് തലപ്പാവ് കാരണം യുവാവിനെ ഇറക്കി വിട്ടത്. ഇന്നലെ രാത്രിയാണ് അമ്രിഖ് സിങ് എന്ന 22 കാരനെ വംശീയമായി അധിക്ഷേപിച്ച പ്രവര്‍ത്തി ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയായ അമ്രിഖ് തന്റെ ഫേസ്ബുക്കില്‍ കുറിപ്പ് എഴിതിയതോടെയാണ് വിഷയം പുറം ലോകമറിയുന്നത്. സംഭവത്തെ തുടര്‍ന്ന് ഒരു ബാര്‍ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബാറിലെത്തിയ അമ്രിഖ് തനിക്ക് ആവശ്യമുള്ള ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തതിനു ശേഷം ചങ്ങാതിമാരോട് സംസാരിച്ചു നില്‍്ക്കുന്നതിനിടയില്‍ ബാര്‍ ജീവനക്കാരനായ ഒരാള്‍ സമീപിച്ച് തലപ്പാവ് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടു. തലപ്പാവ് തന്റെ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും അഴിച്ചുമാറ്റുന്നത് വിശ്വാസത്തിനെതിരാണെന്നും അമ്രിഖ് ജീവനക്കാരനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അമ്രിഖിന്റെ വിശദീകരണത്തില്‍ തൃപ്തനാവാതെ ബാറില്‍ നിന്ന് പുറത്തു പോവാന്‍ ആവശ്യപ്പെട്ട് ഇയാള്‍ യുവാവിനെ ബലമായി ഇറക്കി വിടുകയായിരുന്നു. ബാര്‍ ജീവനക്കാരനോട് സംസാരിക്കുന്ന ശബ്ദരേഖ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്താണ് അമ്രിഖ് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തലപ്പാവിനെ പാദരക്ഷകളുമായി താരതമ്യപ്പെടുത്തി അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ജീവനക്കാരന്റെ ശബ്ദം അമ്രിഖ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ വ്യക്തമായി കേള്‍ക്കാം. തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ചതിനാണ് ഞാന്‍ പുറത്താക്കപ്പെടുന്നത്. ക്ലബിന്റെ നിയമങ്ങള്‍ അനുസരിച്ച് തലപ്പാവ് ധരിക്കാന്‍ പാടില്ലെന്നാണ് അവര്‍ പറഞ്ഞത്. ആദ്യഘട്ടത്തില്‍ ഏതാണ്ട് 30 മിനിറ്റോളം എനിക്ക് ക്ലബില്‍ തുടരാന്‍ കഴിഞ്ഞിരുന്നു അതിനു ശേഷമാണ് ജീവനക്കാരന്‍ വന്ന പുറത്താക്കിയത്. തലപ്പാവ് സ്റ്റൈലിനായി ഉപയോഗിക്കുന്നതല്ലെന്നും മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും പൊതു ഇടങ്ങളില്‍ തലപ്പാവ് ധരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ട് എന്നടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു പക്ഷേ അംഗീകരിക്കപ്പെട്ടില്ല. സുഹൃത്തുക്കള്‍ക്കിടയില്‍ നിന്ന് ബലമായിട്ടാണ് എന്നെ പുറത്താക്കിയത് അമ്രിഖ് ഫേസ്ബുക്കില്‍ കുറിച്ചു. എന്റെ പൂര്‍വ്വികര്‍ ബ്രിട്ടിഷ് സൈന്യത്തിന് വേണ്ടി പടപൊരുതിയിട്ടുള്ളവരാണ്. ഞാനും എന്റെ മാതാപിതാക്കളും ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്നവരാണ്. രാജ്യത്തിന്റെ എല്ലാ മുല്ല്യങ്ങളെയും ബഹുമാനിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ പൊതുയിടത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത് എന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും അമ്രിഖ് പറയുന്നു. ബാറിലേക്ക് വീണ്ടും സമീപിച്ചെങ്കിലും തലപ്പാവ് കാരണം ഭാവിയില്‍ പ്രവേശനം അനുവദിക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അമ്രിഖ് കൂട്ടിച്ചേര്‍ത്തു. നോട്ടിംഗ്ഹാമിലെ ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് അമ്രിഖ് സിങ്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും തലപ്പാവ് അഴിപ്പിക്കുന്നത് തങ്ങളുടെ സ്ഥാപനത്തിന്റെ പ്രൈവസിയുടെ ഭാഗമല്ലെന്നും അമ്രിഖിനെ ഇറക്കി വിട്ട ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായും റഷ് ബാര്‍ ലേബര്‍ കൗണ്‍സിലര്‍ സോണ്യാ വാര്‍ഡ് ട്വീറ്റ് ചെയ്തു.
ലണ്ടന്‍: പഞ്ചാബില്‍ നിന്ന് യുകെയിലെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് ബലമായി അഴിച്ചു മാറ്റാന്‍ ശ്രമം. റവ്‌നീത് സിങ് എന്ന യുവാവിനാണ് വംശീയാതിക്രമം നേരിടേണ്ടി വന്നത്. പോര്‍ട്ട്കള്ളിസ് ഹൗസിനു മുമ്പില്‍ ലേബര്‍ എംപി തന്‍മന്‍ജീത് സിങ് ദേശിയെ കാണാന്‍ കാത്തിരിക്കുന്നതിനിടെയാണ് സംഭവം. ക്യൂവില്‍ നില്‍ക്കുകയായിരുന്ന റവ്‌നീത് സിങ്ങിനു നേരെ മുസ്ലീങ്ങള്‍ തിരികെ പോകുക എന്ന് ആക്രോശിച്ചുകൊണ്ട് വെളുത്ത വര്‍ഗ്ഗക്കാരനായ ഒരാള്‍ പാഞ്ഞെത്തുകയും തന്റെ തലപ്പാവില്‍ പിടിച്ച് വലിക്കുകയുമായിരുന്നുവെന്ന് റവ്‌നീത് സിങ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 5.20നാണ് സംഭവമുണ്ടായത്. തലപ്പാവ് പകുതിയോളം തലയില്‍ നിന്ന് ഊരിയെടുക്കാന്‍ അക്രമിക്ക് സാധിച്ചു. അപ്പോഴേക്കും താന്‍ അതില്‍ പിടിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്തതോടെ അക്രമി ഓടിപ്പോകുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തില്‍ താന്‍ ഞെട്ടിപ്പോയെന്ന് പറഞ്ഞ റവ്‌നീത് തന്നെ ആക്രമിച്ചയാള്‍ വെളുത്ത വര്‍ഗ്ഗക്കാരനാണെങ്കിലും ഇംഗ്ലീഷുകാരനാണെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു. സ്ലോവിലെ ലേബര്‍ എംപിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്യൂവില്‍ നില്‍ക്കുകയായിരുന്നു ഇദ്ദേഹം. മൂന്നാഴ്ച നീളുന്ന സന്ദര്‍ശനത്തിനാണ് ഇദ്ദേഹം യുകെയില്‍ എത്തിയത്. ഒരു പരിസ്ഥിതി സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തനങ്ങളേക്കുറിച്ച് സംസാരിക്കാനാണ് എത്തിയത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച തന്‍മന്‍ജീത് തന്റെ അതിഥിയുടെ തലപ്പാവ് അഴിക്കാന്‍ ശ്രമിച്ച അതിക്രമം വംശവെറിയുടേതാണെന്ന് ട്വിറ്ററില്‍ പറഞ്ഞു. അധികാരികളും മെറ്റ് പോലീസും വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.
വിഗ്ട്വിക്ക്: കാറില്‍ ബോംബ് വെച്ച് മാതാപിതാക്കളെ കൊല്ലാന്‍ ശ്രമിച്ച സിഖ് യുവാവിന് എട്ട് വര്‍ഷം തടവ് ശിക്ഷ. ഡാര്‍ക്ക് വെബ്ബില്‍ നിന്ന് ഓണ്‍ലൈനില്‍ വാങ്ങിയ ബോംബ് ഉപയോഗിച്ച് മാതാപിതാക്കളെ കൊല്ലാനായിരുന്നു ഗുര്‍തേജ് രണ്‍ധാവ എന്ന 19 കാരന്‍ ശ്രമിച്ചത്. വെള്ളക്കാരിയായ തന്റെ കാമുകിയെ അംഗീകരിക്കാന്‍ കുടുംബം തയ്യാറാകാത്തതായിരുന്നു പ്രകോപനം. മാതാപിതാക്കളെ ഇല്ലാതാക്കിയാല്‍ കാമുകിക്കൊപ്പം താമസിക്കാന്‍ കഴിയുമെന്ന ധാരണയിലാണ് ഇയാള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്. അതേസമയം ഇയാള്‍ ബോംബിനേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതു മുതല്‍ നാഷണല്‍ ക്രൈം ഏജന്‍സിയുടെ ആംഡ് ഓപ്പറേഷന്‍സ് യൂണിറ്റ് നിരീക്ഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ബോംബ് ഓണ്‍ലൈനില്‍ വാങ്ങിയതോടെയാണ് പോലീസ് ഇയാളെ കെണിയിലാക്കിയത്. ഇന്റര്‍നെറ്റില്‍ ഇതിന് ഓര്‍ഡര്‍ നല്‍കിയത് മനസിലാക്കിയ പോലീസ് ബോംബിന് പകരം ഒരു ഡമ്മി ഉപകരണം രണ്‍ധാവ നല്‍കിയ മേല്‍വിലാസത്തില്‍ എത്തിച്ചു നല്‍കുകയായിരുന്നു. വൂള്‍വര്‍ഹാംപ്ടണിലെ വിഗ്ട്വിക്കില്‍ താമസക്കാരനായ രണ്‍ധാവ കാര്‍ ബോംബ് വാങ്ങിയതില്‍ കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ സ്‌ഫോടക വസ്തു കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ നവംബറില്‍ കുറ്റം ചുമത്തിയിരുന്നു. ഇയാള്‍ ഓര്‍ഡര്‍ ചെയ്ത ബോംബ് ഉപയോഗിച്ചിരുന്നെങ്കില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു. തീവ്രവാദി ഗ്രൂപ്പുകളിലോ ക്രിമിനല്‍ സംഘങ്ങളിലോ അംഗമല്ലെങ്കിലും രണ്‍ധാവയുടെ നടപടി സമൂഹത്തിന് വന്‍ വിപത്തായി മാറുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. തിരിച്ചറിയപ്പെടാതിരിക്കാന്‍ ഡാര്‍ക്ക് വെബ്ബാണ് രണ്‍ധാവ ഉപയോഗിച്ചത്. കേസില്‍ എട്ട് വര്‍ഷത്തെ തടവാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി രണ്‍ധാവയ്ക്ക് നല്‍കിയത്.
RECENT POSTS
Copyright © . All rights reserved