Smartphones
സ്മാര്‍ട്ട്‌ഫോണുകള്‍ മനുഷ്യ ജീവിതത്തെ ഏതൊക്കെ വിധത്തില്‍ ബാധിക്കുന്നു എന്ന കാര്യത്തില്‍ പഠനങ്ങള്‍ കൂടുതലായി നടന്നു വരികയാണ്. യുവാക്കളിലും കൗമാരക്കരിലും സ്മാര്‍ട്ട്‌ഫോണുകള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന കാര്യം നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റൊരു ഗുരുതരമായ പ്രത്യാഘാതം കൂടി സ്മാര്‍ട്ട്‌ഫോണുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പുതിയ പഠനം പറയുന്നു. ബ്രിട്ടനിലെ അഞ്ചിലൊന്ന് കുടുംബങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ദിനംപ്രതി കലഹങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് വെളിപ്പെടുത്തല്‍. കുടുംബ ജീവിതത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത് എന്ന് അറിയാനുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം മാതാപിതാക്കളും കൗമാരക്കാരും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അടിമത്വത്തെക്കുറിച്ച് സര്‍വേയില്‍ വെളിപ്പെടുത്തി. മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് കുട്ടികളും കുട്ടികളുടെ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കളും വിമര്‍ശിക്കുന്നത് കലഹങ്ങള്‍ക്ക് കാരണമാകുന്നു. ഭക്ഷണത്തിനിടയിലും അല്ലാതെയുമുള്ള സംസാരമാണ് ഈ വിധത്തില്‍ കലഹങ്ങളിലേക്ക് വഴിമാറുന്നത്. കൗമാരക്കാരായ തങ്ങളുടെ കുട്ടികള്‍ കൂടുതല്‍ സമയം ഫോണില്‍ ചെലവഴിക്കുന്നുവെന്ന് മൂന്നില്‍ രണ്ട് രക്ഷിതാക്കളും വിശ്വസിക്കുന്നു. അതേസമയം 29 ശതമാനം കുട്ടികള്‍ പറയുന്നത് തങ്ങളുടെ മാതാപിതാക്കളും ഫോണില്‍ സമയം ചെലവഴിക്കുന്നുവെന്നാണ്. 1200 മാതാപിതാക്കളിലും 13 മുതല്‍ 17 വയസു വരെ പ്രായമുള്ള അവരുടെ കുട്ടികളിലുമാണ് സര്‍വേ നടത്തിയത്. മൊബൈല്‍ ഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ വീട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മൂന്നില്‍ രണ്ട് കുടുംബങ്ങള്‍ വെളിപ്പെടുത്തി. ഭക്ഷണ സമയത്തും ഉറങ്ങാന്‍ കിടക്കുമ്പോഴും മറ്റും ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ 70 ശതമാനം പേരും ലംഘിച്ചിട്ടുണ്ട്. കൗമാരക്കാരായ കുട്ടികളാണ് നിയമലംഘനം ഏറ്റവും കൂടുതല്‍ നടത്തിയതെന്നും 17 ശതമാനം മാതാപിതാക്കളും ഈ 'ചട്ടലംഘനം' നടത്തിയിട്ടുണ്ടെന്നും സര്‍വേയില്‍ വെളിപ്പെടുത്തി.
16 മുതല്‍ 24 വരെ പ്രായമുള്ള യുവാക്കളില്‍ പകുതിയോളം പേരും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളിലെന്ന് പഠനം. ഏഴു മണിക്കൂറിലേറെ ഇവര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുവെന്നാണ് ഓഫ്‌കോം ഡേറ്റ വ്യക്തമാക്കുന്നത്. 65 വയസുള്ളവരില്‍ ഒരു ശതമാനവും 55-64 പ്രായപരിധിയിലുള്ളവരില്‍ 6 ശതമാനവും ആഴ്ചയില്‍ 50 മണിക്കൂര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. അതേസമയം 16-24 പ്രായപരിധിയിലുള്ളവരില്‍ 18 ശതമാനവും മിക്ക സമയങ്ങളിലും ഓണ്‍ലൈനിലായിരിക്കും. ബ്രിട്ടീഷുകാര്‍ ഓരോ 12 മിനിറ്റിലും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പരിശോധിക്കുന്നുണ്ടെന്നാണ് ഓഫ്‌കോം പറയുന്നത്. ഇത്തരത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വ്യക്തിബന്ധങ്ങളെയും ഉദ്പാദനക്ഷമതയെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഓണ്‍ലൈന്‍ വിദഗ്ദ്ധര്‍ പറയുന്നു. നാലു മണിക്കൂറോളം സ്‌ക്രീനില്‍ ചെലവഴിക്കുന്ന 15 വയസുകാരുടെ മാനസികാരോഗ്യത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് ഈ പ്രശ്‌നങ്ങള്‍ ഗുരുതരമാകാനേ സഹായിക്കൂ എന്ന് ടൈം ടു ലോഗ് ഓഫ് എന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സി വിദഗ്ദ്ധ താനിയ ഗുഡിന്‍ പറയുന്നു. 16-24 പ്രായ ഗ്രൂപ്പിലുള്ള 95 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പ്രധാനമായും സ്മാര്‍ട്ട്‌ഫോണുകളെയാണ് ആശ്രയിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ 25 ശതമാനം അധികമാണ് ഇത്. എങ്കിലും ഇന്റര്‍നെറ്റ് ഉപയോഗം സൃഷ്ടിക്കുന്ന മോശം ഫലങ്ങളെക്കുറിച്ച് യുവാക്കള്‍ക്ക് അറിവുണ്ടെന്നതും വസ്തുതയാണ്. ഫോണില്‍ നിന്ന് അകലം പാലിച്ചാല്‍ റിവാര്‍ഡുകള്‍ നല്‍കുന്ന ആപ്പ് ഒരു ലക്ഷത്തോളം ബ്രിട്ടീഷ് യുവാക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇത് പുറത്തിറക്കിയ ഹോള്‍ഡ് എന്ന നോര്‍വീജിയന്‍ കമ്പനി അവകാശപ്പെടുന്നു.
RECENT POSTS
Copyright © . All rights reserved