Snow
ബ്രിട്ടനില്‍ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച രാത്രി താപനില ഈ വിന്ററിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തുമെന്നാണ് മുന്നറിയിപ്പ് പറയുന്നത്. വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നു. മഞ്ഞു നിറഞ്ഞ മോട്ടോര്‍വേകളില്‍ നൂറുകണക്കിന് കാറുകള്‍ യാത്രക്കാര്‍ ഉപേക്ഷിച്ചു. വിമാനത്താവളങ്ങളും അടച്ചിട്ടു. സ്‌കോട്ടിഷ് ഹൈലാന്‍ഡിലെ ബ്രെയ്മറില്‍ മൈനസ് 15 ഡിഗ്രിയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അതേസമയം, ശനിയാഴ്ച രാത്രി സ്‌കോട്ട്‌ലന്‍ഡിലെ താപനില മൈനസ് 16 ഡിഗ്രി വരെ താഴ്‌ന്നേക്കാമെന്നാണ് നിഗമനം. ഇംഗ്ലണ്ടിന്റെ പല പ്രദേശങ്ങളിലും മൈനസ് താപനില രണ്ടക്കം കടക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധന്‍ അലക്‌സ് ബേര്‍ക്കില്‍ പറഞ്ഞു. നോര്‍ത്തിലും വെസ്റ്റിലും ഈസ്റ്റിലും മഞ്ഞുമഴയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ശനിയാഴ്ച തണുപ്പേറിയ ദിവസമായിരിക്കും. സൗത്തില്‍ തണുത്ത കാറ്റിന് സാധ്യതയുണ്ട്. എങ്കിലും മിക്കയിടങ്ങളിലും വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥയായിരിക്കും. വ്യാഴാഴ്ചയ്ക്ക് സമാനമായിരിക്കും ശനിയാഴ്ച രാത്രിയെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ താപനില കൂടുതല്‍ താഴുകയും ചെയ്യും. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ച മുതല്‍ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ മിക്ക പ്രദേശങ്ങളും, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരം, തെക്കന്‍ പ്രദേശങ്ങള്‍, വെയില്‍സിന്റെ പടിഞ്ഞാറന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ വാണിംഗ് ബാധകമാകും. വെള്ളിയാഴ്ച 14 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയാണ് സൗത്ത് വെസ്റ്റില്‍ രേഖപ്പെടുത്തിയത്. മഞ്ഞുവീണ റോഡുകളില്‍ ഗതാഗതം നിലച്ചതോടെ കാറുകള്‍ ഉപേക്ഷിച്ച് യാത്രക്കാര്‍ മറ്റിടങ്ങളില്‍ അഭയം തേടി. ഏഴു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഫെബ്രുവരി താപനിലയായിരുന്നു കഴിഞ്ഞ ദിവസത്തേത്. സ്‌കൂളുകള്‍ പലതും ഇതേത്തുടര്‍ന്ന് അടച്ചിട്ടു. ബ്രിസ്റ്റോളിലെ പകുതിയോളം സ്‌കൂളുകളും ബക്കിംഗ്ഹാംഷയറില്‍ 300 ഓളം സ്‌കൂളുകളും കോണ്‍വാളില്‍ 150ലേറെ സ്‌കൂളുകളും അടച്ചിട്ടുവെന്നാണ് വിവരം.
വിന്ററിലെ ആദ്യ മഞ്ഞുവീഴ്ച ഈയാഴ്ച ബ്രിട്ടനില്‍ ഉണ്ടായേക്കും. ഐസ്‌ലാന്‍ഡില്‍ നിന്നുള്ള ശീതവായു പ്രവാഹം ബ്രിട്ടനില്‍ കടുത്ത തണുപ്പ് ഉണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പെനൈന്‍സ് ഉള്‍പ്പെടെയുള്ള നോര്‍ത്തേണ്‍ മേഖലയിലേക്കും തണുത്ത കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച മുതല്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായേക്കുമെന്നാണ് നിഗമനം. ന്യൂനമര്‍ദ്ദ മേഖല പടിഞ്ഞാറേക്ക് സഞ്ചരിക്കുമെന്നും പ്രവചനം പറയുന്നു. ഇന്ന് രാത്രിയോടെ ചില മേഖലകളില്‍ താപനില മൈനസ് 6 ഡിഗ്രി വരെ താഴ്‌ന്നേക്കാം. വാരാന്ത്യത്തോടെ ഉയര്‍ന്ന പ്രദേശങ്ങളിലെ താപനില മൈനസ് 8 വരെയാകുമെന്നും പ്രവചനം വ്യക്തമാക്കുന്നു. സീസണിലെ ആദ്യത്തെ വലിയ മഞ്ഞുവീഴ്ചയ്ക്കാണ് കളമൊരുങ്ങുന്നതെന്ന് മെറ്റ് ഓഫീസ് വക്താവ് ബെക്കി മിച്ചല്‍ പറയുന്നു. എന്നാല്‍ ഇത് കുറച്ചു കൂടി വ്യക്തമായി പറയണമെങ്കില്‍ കുറച്ചു ദിവസങ്ങള്‍ കൂടി കഴിയണമെന്നും മിച്ചല്‍ പറഞ്ഞു. മഞ്ഞുവീഴ്ചയുടെ തോത്, താഴ്ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകുമോ എന്നീ കാര്യങ്ങളില്‍ അനിശ്ചിതത്വമുണ്ടെന്നും മിച്ചല്‍ വ്യക്തമാക്കി. സൗത്തിലെ രേഖപ്പെടുത്താവുന്ന ഉയര്‍ന്ന താപനില 12 ഡിഗ്രി സെല്‍ഷ്യസ് ആണ്. നോര്‍ത്തില്‍ അത് 9 ഡിഗ്രി ആയിരിക്കുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ കഴിഞ്ഞ രാത്രിയില്‍ മൈനസ് 3 ഡിഗ്രി വരെ താപനില താഴ്ന്നിരുന്നു. ആകാശം മേഘാവൃതമായതിനാല്‍ ഇന്നു രാത്രിയും തണുത്ത കാലാവസ്ഥയായിരിക്കും. കിഴക്കന്‍ ബ്രിട്ടനില്‍ തണുത്ത കാലാവസ്ഥ ബുധനാഴ്ചയോടെ എത്തും. വരണ്ടതും തണുത്തതുമായ കാലാവസ്ഥയായിരിക്കും ഇവിടെയുണ്ടാകുകയെന്നും മെറ്റ്ഓഫീസ് അറിയിക്കുന്നു.
ഈ വര്‍ഷം യുകെ അഭിമുഖീകരിക്കാനിരിക്കുന്നത് എട്ടു വര്‍ഷങ്ങള്‍ക്കിടയിടെ ഏറ്റവും കടുത്ത മഞ്ഞുകാലത്തെയായിരിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍. ആര്‍ട്ടിക് കാലാവസ്ഥയായിരിക്കും രാജ്യത്ത് വരുന്ന ആഴ്ചകളിലുണ്ടാകുക. ക്രിസ്മസ് വരെ പലയിടങ്ങളിലും താപനില മൈനസിലേക്ക് താഴുകയും മഞ്ഞുവീഴ്ചയുണ്ടാകുകയും ചെയ്യും. ഇടവിട്ടുണ്ടാകുന്ന മഞ്ഞുവീഴ്ചയായിരിക്കും പ്രധാന പ്രത്യേകത. വൈറ്റ് ക്രിസ്മസായിരിക്കും ഇത്തവണയെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. ഈയാഴ്ച ആദ്യമുണ്ടായ മഞ്ഞുവീഴ്ചയില്‍ രാജ്യത്തിന്റെ മിക്കയിടങ്ങളും മഞ്ഞു പുതച്ചു. ഈ വിന്ററിലെ ആദ്യ മഞ്ഞുവീഴ്ചയായിരുന്നു ഇത്. ഡെര്‍ബിഷയറിലും യോര്‍ക്ക് ഷയറിലും വാഹനങ്ങള്‍ ഓടിച്ചവര്‍ മഞ്ഞുവീഴ്ചയുണ്ടാക്കിയ ദുരിതത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ക്രിസ്മസ് അടുക്കുമ്പോള്‍ മാത്രം കാണുന്ന വിധത്തിലുള്ള കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായതെന്ന് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. സൈബീരിയയില്‍ നിന്നുള്ള മഞ്ഞുകാറ്റ് രാജ്യത്തേക്ക് എത്തിയതിന്റെ ഫലമായാണ് ഈ മഞ്ഞുവീഴ്ചയുണ്ടായത്. താപനില മൈനസ് പത്ത് വരെ താഴ്ന്നു. ഈ വര്‍ഷം യൂറോപ്പിന്റെ വടക്കന്‍ മേഖലകളില്‍ കടുത്ത ശൈത്യമായിരിക്കും ഉണ്ടാകുക എന്നാണ് വെതര്‍ കമ്പനിയുടെ പ്രിന്‍സിപ്പല്‍ മെറ്റീരിയോളജിസ്റ്റ് എലനോര്‍ ബെല്‍ പറയുന്നു. ജനുവരിയിലും ഫെബ്രുവരിയിലും കടുത്ത ശൈത്യം തുടരുമെന്നും ബെല്‍ പറഞ്ഞു. വരുന്ന ആഴ്ചകളിലെ ഇടവിട്ടു വരാനിടയുള്ള മഞ്ഞുവീഴ്ച ക്രിസ്മസ് വരെ തുടരാനിടയുണ്ടെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഈയാഴ്ച തണുത്ത കാലാവസ്ഥ തന്നെയായിരിക്കുമെന്നാണ് മെറ്റ് ഓഫീസിലെ ബെക്കി മിച്ചല്‍ പ്രവചിക്കുന്നത്. വീക്കെന്‍ഡില്‍ സൗത്ത് വെസ്റ്റ് മേഖലയില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഇടിമിന്നലുണ്ടാകില്ലെങ്കിലും മേഘാവൃതമായ കാലാവസ്ഥയും മഴയും ഉണ്ടാകും. 24 മണിക്കൂറിനുള്ളില്‍ 2 ഇഞ്ച് മഴയുണ്ടാകുമെന്നാണ് സൂചന. കടുത്ത കാലാവസ്ഥയില്‍ പവര്‍കട്ടിന് വീടുകള്‍ക്ക് തകരാറുകള്‍ ഉണ്ടാകാനും ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു.
ലണ്ടന്‍: ഈസ്റ്ററും മഞ്ഞില്‍ പുതയുമെന്ന മുന്നറിയിപ്പ് സ്ഥിരീകരിച്ച് മെറ്റ് ഓഫീസ്. ഇത്തവണ വൈറ്റ് ഈസ്റ്ററായിരിക്കുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ പ്രഭാവം ഇപ്പോഴും തുടരുകയാണ്. ശീതക്കാറ്റ് രാജ്യത്തേക്ക് വീണ്ടും എത്തും. അതിനാല്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും രാജ്യത്തെമ്പാടുമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. സ്‌കോട്ട്‌ലന്‍ഡില്‍ ചൊവ്വാഴ്ച മുതല്‍ തന്നെ മഞ്ഞുവീഴ്ചയക്ക് സാധ്യതയുണ്ട്. ആര്‍ട്ടിക് വായു പ്രവാഹം മൂലം ഈസ്റ്റര്‍ വാരാന്ത്യത്തിലെ താപനില മൈനസ് 10 വരെ താഴ്‌ന്നേക്കാം. ചിലയിടങ്ങളില്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ തന്നെ താപനില താഴുമെന്നാണ് കരുതുന്നത്. ഈ ശനിയു ഞായറും യുകെയില്‍ സൂര്യപ്രകാശമുള്ള ദിനങ്ങളായിരിക്കുമെന്നാണ മെറ്റ് ഓഫീസ് അറിയിക്കുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ത്തന്നെ തണുത്ത കാലാവസ്ഥ മടങ്ങിയെത്തും. നോര്‍ത്തിലും സ്‌കോട്ട്‌ലന്‍ഡിലുമാണ് മഞ്ഞുവീഴ്ചയ്ക്ക് സാധ്യത പ്രവചിക്കപ്പെടുന്നത്. ഈയാഴ്ചയില്‍ യുകെയിലെ താപനില 11 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ 5 ഡിഗ്രി വരെ താപനിലയെത്തുന്നത് വിരളമായിരിക്കും. വിന്ററിനുശേഷം സ്പ്രിംഗിലും തുടരുന്ന മഞ്ഞുവീഴ്ചയും തണുത്ത കാലാവസ്ഥയും സൗത്ത് വെസ്റ്റ്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, കെന്റ് ഉള്‍പ്പെടെയുള്ള ഈസ്‌റ്റേണ്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈസ്റ്ററിന് ശേഷം കാലാവസ്ഥ മെച്ചപ്പെടുമെങ്കിലും ഏപ്രില്‍ പകുതിയോടെ വീണ്ടും കടുത്ത ശൈത്യത്തിന് സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു.
ലണ്ടന്‍: മിനി ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ബ്രിട്ടനിലെത്തി. ഇംഗ്ലണ്ടിന്റെയും സ്‌കോട്ട്‌ലന്‍ഡിന്റെയും ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മിഡ്‌ലാന്‍ഡ്‌സിലും വെയില്‍സിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചനം. ഹീത്രൂവില്‍ നിന്നുള്ള 100ഓളം വിമാന സര്‍വീസുകള്‍ ഇതോടെ റദ്ദാക്കിയിട്ടുണ്ട്. റോഡുകളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, മിഡ്‌ലാന്‍ഡ്‌സ്, ലണ്ടന്‍, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഉച്ച മുതല്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളുണ്ടാകാമെന്നതിനാലാണ് ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നു വരെ യുകെയിലെ മിക്ക പ്രദേശങ്ങളിലും ജാഗ്രതാ മുന്നറിയിപ്പായ യെല്ലോ വാണിംഗും മെറ്റ് ഓഫീസ് നല്‍കിയിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മുതല്‍ നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് വരെയുള്ള പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സതേണ്‍ ഇംഗ്ലണ്ടിലെ ഹാംപ്ഷയറിലും സസെക്‌സിലും കെന്റിലും മഞ്ഞുവീഴ്ചയുണ്ടായി. ലോഫ്റ്റസ്, നോര്‍ത്ത് യോര്‍ക്ക്ഷയര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൈനസ് 3.2 വരെ താപനില താഴ്ന്നു. ശക്തമായ കാറ്റില്‍ താപനില മൈനസ് 8 വരെ താഴ്ന്നതായി തോന്നിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 70 മൈല്‍ വരെ വേഗതയുള്ള ശീതക്കാറ്റ് നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമുണ്ടാകാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. റോഡുകളില്‍ ഗതാഗതസ്തംഭനമുണ്ടാകാനുള്ള സാധ്യതയേറെയാണെന്നും റെയില്‍, വ്യോമ ഗതാഗതത്തെയും മോശം കാലാവസ്ഥ ബാധിക്കുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. ഹീത്രൂവിലെ സര്‍വീസുകള്‍ റദ്ദാക്കിയത് 15,000 യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
RECENT POSTS
Copyright © . All rights reserved