Social care
ബ്രിട്ടനിലെ ഏറ്റവും വലിയ കെയര്‍ പ്രൊവൈഡിംഗ് കമ്പനികളിലൊന്നായ അലൈഡ് ഹെല്‍ത്ത്‌കെയര്‍ തകര്‍ച്ചയുടെ വക്കില്‍. കെയര്‍ ക്വാളിറ്റി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസത്തിനു ശേഷം കമ്പനിയുടെ സേവനങ്ങള്‍ തുടരാന്‍ സാധ്യതയില്ലെന്ന് വാച്ച്‌ഡോഗ് അറിയിച്ചു. പതിനായിരത്തോളം പ്രായമായവരാണ് കമ്പനിയുടെ സേവനം തേടുന്നത്. ഇവരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സിക്യുസി അറിയിച്ചു. ഇംഗ്ലണ്ടിലെ പകുതിയിലേറെ കൗണ്‍സിലുകളില്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്നത് ഈ കമ്പനിയാണ്. സേവനം തേടുന്ന വൃദ്ധര്‍ക്ക് അവ തുടര്‍ന്ന് നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് 84 ലോക്കല്‍ കൗണ്‍സിലുകള്‍ അറിയിച്ചു. കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഈ ലോക്കല്‍ അതോറിറ്റികളുടെ സോഷ്യല്‍ കെയര്‍ പ്രവര്‍ത്തനങ്ങളില്‍ തടസങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. 9300 പെന്‍ഷനര്‍മാര്‍ക്ക് വാഷിംഗ്, ഡ്രെസിംഗ്, ഷോപ്പിംഗ്, ക്ലീനിംഗ്, ഭക്ഷണം നല്‍കല്‍ തുടങ്ങിയ സഹായങ്ങളാണ് കമ്പനി നല്‍കി വരുന്നത്. അലൈഡ് ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ നല്‍കുന്ന ഇവര്‍ക്ക് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വിവരം നല്‍കണമെന്ന് സിക്യുസി ലോക്കല്‍ അതോറിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ബാധ്യതകള്‍ തീര്‍ക്കുന്നതിനായി കഴിഞ്ഞ ഏപ്രിലില്‍ കമ്പനി വോളണ്ടറി അറേഞ്ച്‌മെന്റിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് സിക്യുസി വെളിപ്പെടുത്തി. അതിനു ശേഷം കമ്പനിയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധികളൊന്നും ഇല്ലെന്നാണ് അലൈഡ് ഹെല്‍ത്ത്‌കെയറിന്റെ അവകാശവാദം. വാച്ച്‌ഡോഗിന്റെ പ്രവൃത്തി മുന്നറിയിപ്പില്ലാതെയും അപക്വവുമാണെന്നും കമ്പനി അറിയിച്ചു. ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടുകള്‍ ലഭിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ ഡിസംബര്‍ മുതല്‍ സുഗമമായി പ്രവര്‍ത്തിക്കാനാകുമെന്ന യാതൊരു ഉറപ്പും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് സിക്യുസി അറിയിച്ചു. നവംബര്‍ 30 വരെയുള്ള ഫണ്ടിംഗില്‍ മാത്രമേ അലൈഡ് ഹെല്‍ത്ത്‌കെയര്‍ ഉറപ്പു നല്‍കിയിട്ടുള്ളുവെന്ന് സിക്യുസി, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഹോസ്പിറ്റല്‍സ്, ആന്‍ഡ്രിയ സറ്റ്ക്ലിഫ് വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ് 67 വര്‍ഷമായി ഒന്നിച്ചു കഴിയുന്ന ദമ്പതികള്‍ ഗവണ്‍മെന്റ് സംവിധാനങ്ങളുടെ അപര്യാപ്തത മൂലം പിരിയേണ്ടി വരുമോ എന്ന് ആശങ്ക. ചെംസ്ലി വുഡ് സ്വദേശികളായ ഫ്രാങ്ക് സപ്രിംഗെറ്റ് (91) ഭാര്യ മെരി (86) എന്നിവര്‍ കൗണ്‍സില്‍ ഫണ്ടിംഗ് ലഭിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പിരിഞ്ഞു ജീവിക്കേണ്ടി വരുമോ എന്ന ആശങ്കയില്‍ കഴിയുന്നത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വൂട്ടന്‍ വേവന്‍ എന്ന കെയര്‍ ഹോമിലാണ് ഇരുവരും ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രൈവറ്റ് കെയര്‍ നല്‍കാന്‍ കുടുംബത്തിന് പണമില്ല. കൗണ്‍സില്‍ കെയറാണ് ഇനി ആശ്രയം. ഇരുവര്‍ക്കും വ്യത്യസ്തമായ ആവശ്യങ്ങളാണ് ഉള്ളതെന്നതിനാല്‍ രണ്ട് ഇടങ്ങളിലേക്ക് ഇവരെ മാറ്റുമോ എന്ന് ആശങ്കയുണ്ടെന്ന് മകള്‍ ജോവാന്‍ ഡൗണ്‍സ് പറഞ്ഞു. അല്‍ഷൈമേഴ്‌സ രോഗ ബാധിതയായ മേരിക്ക് കെയര്‍ നല്‍കാമെന്ന് ലോക്കല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രാങ്കിന് സ്വന്തം ഫ്‌ളാറ്റില്‍ താമസിക്കാന്‍ കഴിയുമെന്നാണ് കൗണ്‍സില്‍ വിലയിരുത്തുന്നതെന്ന് ഡൗണ്‍സ് പറയുന്നു. ഇരുവരെയും ഒരുമിച്ച് താമസിപ്പിക്കുന്നതിനായി ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഫ്രാങ്കും മേരിയും ഇതുവരെ പിരിഞ്ഞു താമസിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോള്‍ പിരിക്കുന്നത് അവരെ തകര്‍ത്തു കളയുമെന്നും മകള്‍ വ്യക്തമാക്കി. മേരിക്ക് അല്‍ഷൈമേഴ്‌സ് രോഗമുണ്ട്. ഫ്രാങ്കിന് പേശികള്‍ മരവിക്കുന്ന വാതരോഗവും ടൈപ്പ് 2 ഡയബറ്റിസ് രോഗവുമുണ്ട്. ഇദ്ദേഹത്തിന്റെ കേള്‍വിശക്തി പൂര്‍ണ്ണമായും നഷ്ടമായിട്ടുമുണ്ട്. കഴിഞ്ഞ മാര്‍ച്ച് വരെ ഇരുവരും ചെംസ്ലി വുഡിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മറവി രോഗം ഗുരുതരമായതോടെ മേരി വീടുവിട്ട് പുറത്തിറങ്ങി അലഞ്ഞു നടക്കാന്‍ തുടങ്ങി. അയല്‍ക്കാരും ഒരിക്കല്‍ ഒരു പോസ്റ്റ്മാനുമാണ് ഇവരെ വീട്ടില്‍ തിരികെയെത്തിച്ചത്. ഇപ്പോള്‍ ശരിയായി സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍ ഉള്ളത്. ഫ്രാങ്ക് നാലു തവണ വീട്ടിനുള്ളില്‍ വീണു. സന്ധിവാതവും വീഴ്ച നല്‍കിയ ആഘാതവും അദ്ദേഹത്തിന്റെ കൈകള്‍ക്ക് ഒരു ഫ്രെയിമിന്റെ പിന്തുണ വേണ്ട അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇവരെ ഒരുമിച്ച് നിര്‍ത്തുന്നതിനായി മക്കളായ റോഡെറിക്ക് സ്പ്രിംഗെറ്റും ജോവാന്‍ ഡൗണ്‍സും ശ്രമങ്ങള്‍ തുടരുകയാണ്. ദമ്പതികളുടെ മൂന്നാമത്തെ കുട്ടി 2005ല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചിരുന്നു.
ഹാര്‍ഡ് ബ്രെക്‌സിറ്റാണ് ഉണ്ടാകുന്നതെങ്കില്‍ സ്ത്രീകള്‍ തങ്ങളുടെ ജോലിയുപേക്ഷിച്ച് പ്രായമായവരെ സംരക്ഷിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ റിപ്പോര്‍ട്ടാണ് ഈ ആശങ്ക പങ്കുവെക്കുന്നത്. ഹാര്‍ഡ് ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ പുതിയ മൈഗ്രേഷന്‍ നിയമം അനുസരിച്ച് മറ്റു മേഖലകളിലേക്ക് നിയോഗിക്കേണ്ടി വരും. ബ്രെക്‌സിറ്റിനു ശേഷം ജീവനക്കാരിലുണ്ടാകുന്ന കുറവ് മറികടക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാല്‍ സ്ത്രീകള്‍ക്ക് ജോലി രാജിവെച്ച് പ്രായമായ ബന്ധുക്കളെ പരിപാലിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുതിര്‍ന്നവരെ പരിപാലിക്കുന്നതിനായുള്ള സോഷ്യല്‍ കെയര്‍ ഫണ്ടിംഗ് വലിയൊരു ബാധ്യതയാണെന്ന് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ പോലും വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരുടെ വരവ് നിലച്ചാല്‍ 6000 ഡോക്ടര്‍മാരുടെയും 12000 നഴ്‌സുമാരുടെയും 28,000 കെയര്‍ സ്റ്റാഫിന്റെയും കുറവ് വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കെയര്‍ സ്റ്റാഫിന്റെ കുറവു മൂലം ജനങ്ങള്‍ തങ്ങളുടെ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനായി ജോലിയില്‍ നിന്ന് വിട്ടു നിന്നാല്‍ അത് ലേബര്‍ മാര്‍ക്കറ്റിനെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ജോലിയുപേക്ഷിച്ച് മാറിനില്‍ക്കേണ്ടി വരുമെന്ന പരാമര്‍ശത്തിനെതിരെ വ്യക്തികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നമ്മുടെ സോഷ്യല്‍ കെയര്‍ സിസ്റ്റത്തിന്റെ പ്രത്യേകതകകള്‍ മൂലം നിരവധി സ്ത്രീകള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെന്ന് ദി ഫോസറ്റ് സൊസൈറ്റി ട്വീറ്റ് ചെയ്തു. അതിനെ കൂടുതല്‍ ഗുരുതരമാക്കാന്‍ അനുവദിക്കരുതെന്നും ബ്രെക്‌സിറ്റിനു ശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഒരുമിച്ചു നില്‍ക്കാമെന്നും സന്ദേശം പറയുന്നു. സ്ത്രീകളെ അവരുടെ ജോലികളില്‍ നിന്ന് മാറ്റി വേതനമില്ലാത്ത കെയര്‍ ജോലിയിലേക്ക് നിയോഗിക്കാനാണ് നീക്കമെന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
ഐസ്‌ക്രീം വാങ്ങിക്കൊടുത്തില്ലെന്ന പേരില്‍ അമ്മയില്‍ നിന്ന് എട്ടുവയസുകാരനെ ഏറ്റെടുത്ത നടപടിയില്‍ സോഷ്യല്‍ കെയറിന് കോടതിയുടെ വിമര്‍ശനം. കുട്ടിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അവന്റെ വികാരങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നില്ലെന്നും ആരോപിച്ചാണ് എട്ടു വയസുകാരനെ സോഷ്യല്‍ വര്‍ക്കര്‍ അമ്മയില്‍ നിന്ന് ഏറ്റെടുത്തത്. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നില്ല, കുട്ടിയുടെ ഇഷ്ടമനുസരിച്ച് മുടി വെട്ടുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് 44 പേജുള്ള പ്രസ്താവനയില്‍ സോഷ്യല്‍ വര്‍ക്കര്‍ എഴുതിയത്. ഒരു ഹൈക്കോര്‍ട്ട് ജഡ്ജ് സോഷ്യല്‍ വര്‍ക്കറെ ഇക്കാര്യത്തില്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്. കുട്ടിയെ അമ്മയ്ക്ക് തിരികെ നല്‍കണമെന്ന് കോടതി വിധിച്ചു. സോഷ്യല്‍ വര്‍ക്കറുടെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതും അപ്രസക്തവുമാണെന്ന് ജസ്റ്റിസ് മോസ്റ്റിന്‍ വ്യക്തമാക്കി. 44 പേജുള്ള സോഷ്യല്‍ വര്‍ക്കറുടെ വിറ്റ്‌നസ് സ്‌റ്റേറ്റ്‌മെന്റ് വളരെ ദീര്‍ഘമാണെങ്കിലും മോശം പേരന്റിംഗ് വ്യക്തമാക്കുന്ന ഒരു തെളിവും പരാമര്‍ശിക്കാത്തതാണെന്ന് ജസ്റ്റിസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍മാര്‍ത്തന്‍ഷയര്‍ കൗണ്ടി കൗണ്‍സിലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കരാണ് കോടതിയുടെ വിമര്‍ശനം കേട്ടത്. ഒരി കീഴ്‌ക്കോടതി സോഷ്യല്‍ വര്‍ക്കറുടെ നടപടി ശരിവെക്കുകയും കുട്ടിയെ ഫോസ്റ്റര്‍ പേരന്റ്‌സിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുട്ടിയെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ പിന്നീട് അപേക്ഷ നല്‍കിയെങ്കിലും കൗണ്‍സില്‍ ഇത് നിരസിച്ചു. പിന്നീടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
ഒരു വയസുള്ള കുഞ്ഞിനെ ബോബ് ദി ബില്‍ഡര്‍ ടോയ് കാറില്‍ ഇരുത്തിയ സംഭവത്തില്‍ സോഷ്യല്‍ കെയര്‍ കുഞ്ഞിനെ ഏറ്റെടുത്തു. ഒരു നഴ്‌സിന്റെ ആണ്‍കുഞ്ഞിനെയാണ് സോഷ്യല്‍ കെയര്‍ ഏറ്റെടുത്തത്. ഈ കളിപ്പാട്ടം കുട്ടിയുടെ പ്രായത്തിന് യോജിച്ചതല്ലെന്നാണ് സോഷ്യല്‍ വര്‍ക്കര്‍ ഫാമിലി കോര്‍ട്ട് ജഡ്ജിനോട് പറഞ്ഞത്. ഒരു പ്ലേ ഏരിയയില്‍ വെച്ച് അമ്മയെയും കുട്ടിയെയും നിരീക്ഷിച്ചതില്‍ ഈ സ്ത്രീയുടെ കുട്ടിയെ പരിചരിക്കാനുള്ള കഴിവിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അവര്‍ വ്യക്തമാക്കി. കുഞ്ഞിന്റെ നാപ്പി മാറ്റുന്നതും ഭക്ഷണം കൊടുക്കുന്നതു പോലും ശരിയായ വിധത്തിലായിരുന്നില്ലെന്നാണ് കണ്ടെത്തിയത്. വിഷയം പരിശോധിച്ച വിദഗ്ദ്ധരെല്ലാവരും തന്നെ കുട്ടിയുടെ അമ്മയെക്കുറിച്ച് സമാനമായ ആശങ്കകള്‍ പങ്കുവെച്ചു. കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം തന്നെ കഴിയാന്‍ അനുവദിച്ച കോടതി അമ്മയുടെ സാമീപ്യം അവന് നല്‍കണമെന്നും ഉത്തരവിട്ടു. അമ്മ ഒരു നഴ്‌സാണെങ്കിലും വളരെ കുറഞ്ഞ ബുദ്ധിശക്തി മാത്രമാണ് ഇവര്‍ക്കുള്ളതെന്നും ജഡ്ജ് എലിനോര്‍ ഓവന്‍സ് വ്യക്തമാക്കി. അമ്മയെയും കുഞ്ഞിനെയും നിരീക്ഷിച്ച ശേഷം ഒരു സ്വതന്ത്ര സോഷ്യല്‍ വര്‍ക്കറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ അമ്മയ്ക്ക് കഴിയുന്നില്ലെന്ന് സോഷ്യല്‍ വര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്തു. ബോബ് ദി ബില്‍ഡര്‍ കാറില്‍ കുഞ്ഞിനെ ഒരു മണിക്കൂറോളം വെച്ചിരുന്നതായി നിരീക്ഷണത്തില്‍ നിന്ന് വ്യക്തമായി. കുഞ്ഞ് ഇതില്‍ നിന്ന് വീണുപോകാനുള്ള സാധ്യതകള്‍ ഏറെയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
RECENT POSTS
Copyright © . All rights reserved