social media
സോഷ്യല്‍ മീഡിയ ഉപയോഗം ഒട്ടേറെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ഇതുവരെ പുറത്തുവന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പുതിയ പഠനം പറയുന്നത് സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ സന്തുഷ്ടി ഇല്ലാതാക്കുന്നില്ലെന്നാണ്. കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗം വളരെ ചെറിയ തോതില്‍ മാത്രമേ പ്രതികൂലമായി ബാധിക്കുന്നുള്ളുവെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ജീവിതത്തെ സന്തോഷത്തോടെ നോക്കിക്കാണുന്നതില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സോഷ്യല്‍ മീഡിയ പ്രതികൂലമായി ബാധിക്കുന്നില്ല. എന്നാല്‍ അസംതൃപ്തി മൂലം സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നവരില്‍ ഏറെയും പെണ്‍കുട്ടികളാണെന്നും പഠനം പറയുന്നു. വളരെ ചുരുങ്ങിയ തോതിലാണെങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗം വരുത്തുന്ന പ്രതികൂല ഫലങ്ങള്‍ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളെയാണ് ഏറെയും ബാധിക്കുന്നതെന്നും പഠനം കണ്ടെത്തി. 99.75 ശതമാനം ചെറുപ്പക്കാരിലും ലൈഫ് സാറ്റിസ്ഫാക്ഷന്‍ സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ആന്‍ഡി പ്രൈബില്‍സ്‌കി പറയുന്നു. കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത പലതും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുമെന്നത് ശരിയാണെന്നും എന്നാല്‍ ചെറുപ്പക്കാര്‍ ദുര്‍ബലരാകുന്നത് മറ്റു ചില പശ്ചാത്തലങ്ങള്‍ മൂലമാകാമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ വിഷമിക്കേണ്ടതില്ലെന്നാണ് ഗവേഷക സംഘം പറയുന്നത്. പകരം അവരുടെ സോഷ്യല്‍ മീഡിയ അനുഭവം എന്തായിരുന്നു എന്നത് അവരുമായി സംസാരിക്കുകയാണ് വേണ്ടത്. ആശയവിനിമയം ശക്തമാകുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഗവേഷകര്‍ പറയുന്നു.
സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ക്ക് ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് രക്ഷിതാക്കളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നുവെന്ന് സര്‍വേ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളെ സുരക്ഷിതരാക്കാന്‍ നിയമപരമായി ഉത്തരവാദിത്തബോധം നടപ്പാക്കുന്ന ഈ നിയന്ത്രണം ആവശ്യമാണെന്നാണ് എന്‍എസ്പിസിസി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ രക്ഷിതാക്കള്‍ വ്യക്തമാക്കിയത്. വോട്ടിംഗില്‍ പങ്കെടുത്തവരില്‍ പത്തില്‍ ഒമ്പതു പേരും ഇതേ അഭിപ്രായം അറിയിച്ചു. 2700ലേറെ ആളുകളിലാണ് പോള്‍ നടത്തിയത്. 11 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ 92 ശതമാനം പേരും പൊതുജനങ്ങളില്‍ 89 ശതമാനം പേരും ഡ്യൂട്ടി ഓഫ് കെയറിനെ അനുകൂലിച്ചു. 11-12 വയസ് പരിധിയിലുള്ളവര്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. ഫെയിസ്ബുക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് 70 ശതമാനം പേര്‍ പറയുന്നത്. മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കുകളും അതിന്റെ ഉപയോക്താക്കളുടെ ഏറ്റവും കുറഞ്ഞ പ്രായമായി പറയുന്നത് 13 വയസാണ്. എന്നാല്‍ പ്രായം പരിശോധിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങളില്ല എന്നതാണ് വാസ്തവം. ഇതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് അപകടകരമല്ല തങ്ങളുടെ പ്ലാറ്റ്‌ഫോം എന്ന കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ തയ്യാറാകണമെന്നാണ് എന്‍എസ്പിസിസി ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നിയമപരമായ ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് എന്‍എസ്പിസിസിയുടെ സര്‍വേ ഫലം പുറത്തു വരുന്നത്. ഗവണ്‍മെന്റിന്റെ ഓണ്‍ലൈന്‍ ഹാംസ് വൈറ്റ് പേപ്പര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് ലീഗല്‍ ഡ്യൂട്ടി ഓഫ് കെയര്‍ ഏര്‍പ്പെടുത്തണമെന്ന് ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ വാന്‍ലെസ് ആവശ്യപ്പെട്ടു.
ലണ്ടന്‍: നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ സ്വദേശിനിയായ പതിനാലുകാരിയുടെ ആത്മഹത്യക്ക് പ്രേരണയായത് സോഷ്യല്‍ മീഡിയയെന്ന് ആരോപണം. പെണ്‍കുട്ടിയുടെ പിതാവാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മോളി റസലിന്റെ മരണത്തിന് ശേഷം ബന്ധുക്കള്‍ കുട്ടി ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്നു. കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ടൈം ലൈനില്‍ സെല്‍ഫ് ഹാം ചിത്രങ്ങളും വിഡിയോകളും നിറഞ്ഞിരുന്നതായി പിതാവ് റസല്‍ പറയുന്നു. 2017 നവംബറില്‍ മോളി റസല്‍ ബെഡ്‌റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ പാകത്തിന് മാനസിക പിരിമുറുക്കമോ പ്രശ്‌നങ്ങളോ മോളി പ്രകടിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയയില്‍ മോളി സ്ഥിരമായി ബ്രൗസ് ചെയ്തിരുന്ന കണ്ടന്റുകളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിച്ചിരിക്കുന്ന അല്‍ഗോരിതം പ്രകാരം ഒരാള്‍ നിരന്തരമായി സമാന കണ്ടന്റുകള്‍ സെര്‍ച്ച് ചെയ്താല്‍ ടൈം ലൈനില്‍ ഓട്ടോമാറ്റിക് മോഡിഫൈ ചെയ്യപ്പെടും. അതായത് സമാന കണ്ടന്റുകള്‍ അടങ്ങിയതായിരിക്കും പിന്നീട് വരുന്ന മിക്ക പോസ്റ്റുകളും. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സമാന രീതിയില്‍ തന്നെയാണ് പ്രത്യക്ഷപ്പെടുക. ഇത് നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗങ്ങളുമില്ല. ഈ അല്‍ഗോരിത രീതിയാണ് തന്റെ മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റസല്‍ പറയുന്നു. ഡിപ്രഷന്‍, മാനസിക പിരിമുറുക്കം, ആത്മഹത്യ, സെല്‍ഫ് ഹാം തുടങ്ങിയവയുമായി ബന്ധപ്പെട്ട കണ്ടന്റുകളായിരുന്നു മോളി ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിനങ്ങള്‍ കൂടുതലായും കണ്ടിരുന്നത്. ഇന്‍സ്റ്റാഗ്രാം അല്‍ഗോരിതം ധാരാളം സമാന കണ്ടന്റുകളിലേക്ക് മോളിയുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. ഇത് ആത്മഹത്യ പ്രവണതയ്ക്ക് ആക്കം കൂട്ടിയെന്നും പിതാവ് റസല്‍ പറഞ്ഞു. മാനസിക പിരിമുറുക്കമോ എന്തെങ്കിലും സമ്മര്‍ദ്ദമുള്ള ലക്ഷണമോ ഒന്നും മോളിയുടെ സ്വഭാവത്തില്‍ വ്യക്തമായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഇത്തരം സോഷ്യല്‍ മീഡിയ അപകടങ്ങളെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വലിയ അപകടം ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയ അല്‍ഗോരിതമെന്നും റസല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ യുകെയിലെ പെണ്‍കുട്ടികളിലെയും യുവതികളിലെയും സന്തുഷ്ടിയുടെ നിരക്ക് സാരമായി കുറഞ്ഞതായി പഠനം. 25 ശതമാനം പേര്‍ മാത്രമാണ് തങ്ങള്‍ സന്തുഷ്ടരാണെന്ന് വെളിപ്പെടുത്തിയത്. 2009ല്‍ ഈ നിരക്ക് 41 ശതമാനമായിരുന്നു. പരീക്ഷകളും സോഷ്യല്‍ മീഡിയയും സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ് ഈ അസന്തുഷ്ടിക്ക് കാരണമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ചൂണ്ടിക്കാണിക്കുന്നു. ഗേള്‍ഗൈഡിംഗ് ഓര്‍ഗനൈസേഷനു വേണ്ടി ഏഴ് മുതല്‍ 21 വയസു വരെയുള്ളവരില്‍ നടത്തിയ ആറ്റിറ്റിയൂഡ് സര്‍വേയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. പ്രായമേറിയവരിലാണ് അസന്തുഷ്ടിയുടെ നിരക്ക് ഏറെയെന്നും പഠനം പറയുന്നു. 17 മുതല്‍ 21 വയസു വരെ പ്രായമുള്ളവരില്‍ 27 ശതമാനത്തിലേറെ പെണ്‍കുട്ടികള്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് പറഞ്ഞു. 2009ല്‍ ഇത് വെറും 11 ശതമാനം മാത്രമായിരുന്നു. ഈ അസന്തുഷ്ടി ഇവരുടെ ആത്മവിശ്വാസത്തെ 61 ശതമാനവും ആരോഗ്യത്തെ 50 ശതമാനവും ബന്ധങ്ങളെ 49 ശതമാനവും പഠനത്തെ 39 ശതമാനവും ബാധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. 69 ശതമാനം പേരില്‍ സ്‌കൂള്‍ പരീക്ഷകളാണ് അവരുടെ മാനസിക സമ്മര്‍ദ്ദത്തിന് പ്രധാന കാരണം. 59 ശതമാനം പേര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും അസന്തുഷ്ടിക്ക് കാരണമാകുന്നുണ്ട്. അഞ്ചു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ദയാരഹിതമായി പെരുമാറ്റങ്ങളും ഭീഷണികളും മോശം പെരുമാറ്റങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വെല്ലുവിളി. 1900 പെണ്‍കുട്ടികളിലാണ് സര്‍വേ നടത്തിയത്. പെണ്‍കുട്ടികള്‍ ഓണ്‍ലൈനില്‍ ഏറെ സമയം ചെലവഴിക്കുന്നതായും അവരുടെ സാമൂഹ്യ ജീവിതം കുറഞ്ഞു വരുന്നതായും സര്‍വേ ആശങ്കപ്പെടുന്നു. വ്യക്തിബന്ധങ്ങളാണ് സാമൂഹിക സന്തുഷ്ടിയുടെ പ്രധാന ഘടകം. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ പെണ്‍കുട്ടികളുടെ സോഷ്യലൈസേഷനില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
ലണ്ടന്‍: കുട്ടികളുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ നിയന്ത്രിക്കുന്നതിനായി കര്‍ശന നിയമം കൊണ്ടുവരാനൊരുങ്ങി കമ്മീഷ്ണര്‍. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ സ്‌കൂള്‍ ദിവസങ്ങളിലെ രാത്രികാലങ്ങളില്‍ കുട്ടികള്‍ക്ക് നോട്ടിഫിക്കേഷന്‍, ഇതര സന്ദേശങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളില്‍ നിന്ന് 18 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം ഈടാക്കും. രാത്രികാലങ്ങളില്‍ കുട്ടികളെ ഇത്തരം നോട്ടിഫിക്കേഷനുകള്‍ ശല്യം ചെയ്യുന്നതായി കണക്കാക്കിയായിരിക്കും നടപടി. പുതിയ ഭേദഗതി നടപ്പിലാക്കാനുള്ള പ്രാരംഭഘട്ട ആലോചനകളിലാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണറായ എലിസബത്ത് ഡെന്‍ഹാം. രാത്രികാലങ്ങളില്‍ കുട്ടികളെ ഓണ്‍ലൈനില്‍ നിര്‍ത്താന്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്ന ചില സ്ട്രാറ്റജികളുടെ ഭാഗമാണ് മിക്ക നോട്ടിഫിക്കേഷനുകളും ഓട്ടോ പ്ലേയുമെല്ലാമെന്ന് എലിസബത്ത് ഡെന്‍ഹാം ചൂണ്ടിക്കാട്ടുന്നു. ഇത്തരം സ്ട്രാറ്റജികളെയായിരിക്കും പുതിയ ഭേദഗതി ലക്ഷ്യം വെക്കുകയെന്നും എലിസബത്ത് ഡെന്‍ഹാം വിശദീകരിച്ചു. സ്‌കൂള്‍ ദിവസങ്ങളിലെ രാത്രി സമയങ്ങളില്‍ കുട്ടികളുടെ ഉറക്കമോ പഠനമോ നഷ്ടപ്പെടുത്തിക്കൊണ്ട് വരുന്ന എല്ലാവിധ സന്ദേശങ്ങളും അറിയിപ്പുകളും നിരോധിക്കുകയാണ് പുതിയ ഭേദഗതിയുടെ ഉദ്ദേശം. സോഷ്യല്‍ മീഡിയ ഭീമന്മാര്‍ നിയമം തെറ്റിച്ചാല്‍ വന്‍തുക പിഴയൊടുക്കേണ്ടതായി വരുമെന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികളെ ഓണ്‍ലൈനില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതിനായി ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയെക്കുറിച്ചായിരിക്കും താന്‍ കൂടുതല്‍ വിശകലനത്തിന് ശ്രമിക്കുകയെന്ന് എലിസബത്ത് ഡെന്‍ഹാം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഭേദഗതി ഇത്തരം പ്രവണതകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ടോയെന്ന് ആഴത്തില്‍ വിശകലനം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമായും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുകയെന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. കൂട്ടുകാരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കുട്ടികളുടെ സാമൂഹിക ജീവിതത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാന്‍ കൂടിയാണ് പുതിയ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
RECENT POSTS
Copyright © . All rights reserved