Society
ബ്രിട്ടീഷ് കമ്യൂണിറ്റികളെ കുടിയേറ്റം ദോഷകരമായി ബാധിക്കുന്നുവെന്നാണ് ബ്രിട്ടീഷുകാരില്‍ ഭൂരിപക്ഷവും കരുതുന്നതെന്ന് തിങ്ക്ടാങ്ക്. ഇടതുപക്ഷാനുഭാവമുള്ള ഡെമോസ് എന്ന തിങ്ക്ടാങ്കാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വര്‍ദ്ധിച്ച തോതിലുള്ള കുടിയേറ്റം വഴിവെച്ചതായും ബ്രിട്ടീഷുകാര്‍ വിശ്വസിക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ലിബറല്‍ ഡെമോക്രാറ്റ് നേതാവും മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സര്‍ നിക്ക് ക്ലെഗ്ഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെമോസ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുമായി അടുപ്പമുള്ള സംഘടനയായാണ് വിലയിരുത്തപ്പെടുന്നത്. പട്ടണങ്ങളും നഗരങ്ങളുമായുള്ള വ്യതിയാനം കുടിയേറ്റക്കാരുടെ വരവോടെ വര്‍ദ്ധിച്ചു. കുടിയേറ്റക്കാരുള്ള മേഖലകളില്‍ ഈ വിഭജനത്തെക്കുറിച്ചുള്ള തോന്നല്‍ ഉയര്‍ന്ന തോതിലായി മാറിയെന്നും ബ്രിട്ടീഷുകാര്‍ കരുതുന്നു. അതേസമയം പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകേണ്ടതില്ലെന്ന അഭിപ്രായം ജനതയ്ക്കുണ്ടെന്നും ഡെമോസ് പറയുന്നു. നോസ്റ്റാള്‍ജിയയിലും ഭാവിയെക്കുറിച്ചുള്ള ആശങ്കയിലും കുരുങ്ങിക്കിടക്കുന്ന ജര്‍മനി, ഫ്രാന്‍സ് എന്നിവരെപ്പോലെയാകരുത് എന്നാണ് ജനത കരുതുന്നത്. ബ്രിട്ടീഷുകാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഫോക്കസ് ഗ്രൂപ്പുകള്‍ നടത്തിയ വിശകലനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡെമോസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 1000 സ്‌കൈ ടിവി സബ്‌സ്‌ക്രൈബര്‍മാരിലായിരുന്നു പോള്‍ നടത്തിയത്. ഇവരില്‍ 43 ശതമാനം പേര്‍ ഇമിഗ്രേഷന് അനുകൂലമായി സംസാരിച്ചപ്പോള്‍ 44 ശതമാനം പേര്‍ ഇതിന് ദോഷഫലങ്ങളാണുള്ളതെന്ന് പ്രതികരിച്ചു.
RECENT POSTS
Copyright © . All rights reserved