Speed
സ്പീഡ് അവയര്‍നെസ് കോഴ്‌സുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ ഈ കോഴ്‌സുകളില്‍ ചേരുന്നവരുടെ എണ്ണം മൂന്നിരട്ടിയായിട്ടുണ്ട്. ഇത് പോലീസിന് ഒരു വരുമാന മാര്‍ഗ്ഗം കൂടിയായി മാറിയിട്ടുണ്ടെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കോഴ്‌സുകളിലൂടെ രാജ്യത്തെ പോലീസ് സേനകള്‍ പ്രതിവര്‍ഷം 50 മില്യന്‍ പൗണ്ടാണ് വരുമാനമായി നേടുന്നത്. പിഴയടക്കുകയോ ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്തുന്നതോ ഒഴിവാക്കാനാണ് ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നത്. ഇവയ്ക്ക് പകരം കോഴ്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ വര്‍ഷം മാത്രം 1.2 മില്യന്‍ ഡ്രൈവര്‍മാര്‍ തയ്യാറായിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് 280,000 പേര്‍ മാത്രമായിരുന്നു ഈ കോഴ്‌സുകളില്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നത്. പുതിയ കണക്കുകള്‍ അനുസരിച്ച് ബ്രിട്ടനില്‍ വാഹനമോടിക്കുന്നവരില്‍ 25 ശതമാനം പേര്‍ ഒരിക്കലെങ്കിലും സ്പീഡ് അവയര്‍നെസ് കോഴ്‌സുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ്. 75 പൗണ്ട് മുതല്‍ 99 പൗണ്ട് വരെയാണ് 4 മണിക്കൂര്‍ നീളുന്ന ക്ലാസിന് നല്‍കേണ്ടി വരാറുള്ളത്. രാജ്യത്തിന്റെ ഏതു ഭാഗത്താണ് നിങ്ങളുള്ളത് എന്നതിനെ ആശ്രയിച്ചായിരിക്കും ഈ ഫീസ് നിര്‍ണ്ണയിക്കപ്പെടുക. അഡ്മിനിസ്‌ട്രേഷന്‍ ചെലവുകള്‍ക്ക് ഉള്‍പ്പെടെ 45 പൗണ്ട് വരെ മാത്രമേ ഈടാക്കാന്‍ പോലീസിന് അനുവാദമുണ്ടായിരുന്നുള്ളു. പോലീസ് സേനകളുടെ ബജറ്റ് വളരെ കുറവായിരുന്നതിനാല്‍ 2017 ഒക്ടോബറില്‍ ഈ നിരക്ക് ഉയര്‍ത്തി. 2011ല്‍ 1.5 മില്യന്‍ ഡ്രൈവര്‍മാരെയാണ് അമിതവേഗത്തിന് പിടികൂടിയത്. അവരില്‍ 19 ശതമാനം മാത്രമേ കോഴ്‌സില്‍ പങ്കെടുക്കാന്‍ തയ്യാറായുള്ളു. 2017ല്‍ അമിതവേഗതയ്ക്ക് പിടികൂടിയവരുടെ എണ്ണം 2 മില്യനായി ഉയര്‍ന്നു. എന്നാല്‍ അവരില്‍ 50 ശതമാനത്തോളം പേര്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചു. ഈ വിവരമനുസരിച്ച് കഴിഞ്ഞ വര്‍ഷം പോലീസ് സേനകള്‍ക്ക് 54 മില്യന്‍ പൗണ്ട് ലഭിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികളില്‍ നിന്ന് ലാഭമുണ്ടാക്കലല്ല സേനകളുടെ ദൗത്യമെങ്കിലും കൂടുതലാളുകള്‍ കോഴ്‌സുകളില്‍ പങ്കെടുക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നതിനാല്‍ അമിതവേഗക്കാരെ തേടിപ്പിടിക്കാന്‍ പോലീസിന് ഇത് പ്രോത്സാഹനമാകുമെന്ന് ക്യാംപെയിനര്‍മാര്‍ പറയുന്നു. അതേസമയം വളരെ കുറഞ്ഞ തോതിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കു വേണ്ടിയാണ് ഈ കോഴ്‌സുകള്‍ നടത്തുന്നതെന്നും അപകട മരണങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനായുള്ള അവബോധന ക്ലാസുകള്‍ മാത്രമാണ് ഇവയെന്നും നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ വക്താവ് പറഞ്ഞു. ഇതിലൂടെ പോലീസിന് യാതൊരു സാമ്പത്തികലാഭവും ഉണ്ടാകുന്നില്ല. ക്ലാസുകള്‍ക്ക് ചെലവാകുന്ന പണം മാത്രമാണ് ഈടാക്കുന്നതെന്നും വക്താവ് പറഞ്ഞു.
ഡ്രൈവിംഗിനിടയില്‍ ഡ്രൈവര്‍മാര്‍ നിയമലംഘനങ്ങള്‍ നടത്തുന്നത് പിടികൂടാന്‍ പോലീസ് പ്രത്യേക ക്യാമറ ഉപയോഗിക്കുന്നു. അതിശക്തമായ ഈ ക്യാമറ ഉപയോഗിച്ച് ഒരു മൈല്‍ ദൂരെ നിന്നു തന്നെ കാറിനുള്ളില്‍ ഉള്ളവരുടെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. ലോംഗ് റേഞ്ചര്‍ എന്നാണ് ക്യാമറയുടെ വിളിപ്പേര്. ഓപ്പറേഷന്‍ ഇന്‍ഡെംനിസ് എന്ന പൈലറ്റ് പ്രോജക്ട് അവതരിപ്പിക്കുന്നതിനോടനുബന്ധിച്ച് ഈ ക്യാമറ പ്രദര്‍ശിപ്പിച്ചു. ഗ്ലോസ്റ്റര്‍ പോലീസ് ഇപ്പോള്‍ ഈ ക്യാമറ ഉപയോഗിച്ചു വരുന്നുണ്ട്. അമിത വേഗത, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അമിതവേഗത പിടികൂടാന്‍ സ്പീഡ് ഗണ്ണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ ക്യാമറ കാറിനുള്ളില്‍ ഉള്ളവരുടെ വ്യക്തമായ വീഡിയോ ഫുട്ടേജുകളും നിശ്ചല ചിത്രങ്ങളും നല്‍കുന്നു എന്നതാണ് പ്രധാന പ്രത്യേകത. സാധാരണ ക്യാമറകള്‍ നല്‍കുന്നതിനേക്കാള്‍ വ്യക്തമായ ചിത്രങ്ങള്‍ ഇരട്ടി ദൂരത്തു നിന്ന് എടുക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ഗ്ലോസ്റ്റര്‍ഷയര്‍ പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ മാര്‍ട്ടിന്‍ സേള്‍ പറഞ്ഞു. ഗ്ലോസ്റ്റര്‍ഷയറിനെയും വില്‍റ്റ്ഷയറിനെയും ബന്ധിപ്പിക്കുന്ന എ417, എ419 പാതകളിലും എം4, എം5 പാതകളിലും നിരീക്ഷണത്തിനാണ് പദ്ധതി. പീക്ക് ടൈമില്‍ 35,000 വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പ്രദേശം ഒരു അപകട മേഖലയായി മാറിയിരിക്കുകയാണ്. ലോംഗ് റേഞ്ചര്‍ ക്യാമറയും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷന്‍ (ANPR) സംവിധാനവും ഉപയോഗിച്ച് വാഹനങ്ങള്‍ ഈ പ്രദേശത്ത് നിരീക്ഷിക്കാനാണ് ഉദ്ദേശ്യം. അപകടങ്ങള്‍ ഒഴിവാക്കാനും സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ചും ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ പദ്ധതിയെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ചില ഡ്രൈവര്‍മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി വിട്ടയക്കും. എന്നാല്‍ നിയമലംഘനം നടത്തിയ ഡ്രൈവര്‍മാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗ്രാനീസ് പമ്പ് എന്ന പേരില്‍ അറിയപ്പെടുന്ന എ417ലെ ലേ ബൈയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചത്. പരീക്ഷണം വിജയകരമായാല്‍ രാജ്യത്തെ മറ്റു റോഡുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് നീക്കം.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വിവിധ മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് കുറച്ചു. മോട്ടോര്‍വേകളിലെ ചില സ്‌ട്രെച്ചുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വേഗപരിധി കുറച്ചത്. ഈ പ്രദേശങ്ങളില്‍ ഇനി മുതല്‍ 50 മൈല്‍ വേഗതയില്‍ മാത്രമേ വാഹനങ്ങള്‍ ഓടിക്കാനാകൂ. എം4ല്‍ ന്യൂപോര്‍ട്ടിലെ ജംഗ്ഷന്‍ 25, ജംഗ്ഷന്‍ 26 എന്നിവയ്ക്കിടയിലും പോര്‍ട്ട് ടാല്‍ബോട്ടില്‍ ജംഗ്ഷന്‍ 41നും 42നുമിടയിലും വേഗപരിധി 50 മൈല്‍ ആക്കിയത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ച് ലൊക്കേഷനുകളില്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ വായു മലിനീകരണം 18 ശതമാനത്തോളം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ470യില്‍ അപ്പര്‍ ബോട്ടിനും പോണ്ടിപ്രിഡ്ഡിനുമിടയിലും എ483ല്‍ റെക്‌സ്ഹാമിലും എ494ല്‍ ഡീസൈഡിലുമാണ് വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വായു മലിനീകരണം കുറച്ച് സമൂഹത്തിനും പരിസ്ഥിതിക്കും ആരോഗ്യകരമായ ഭാവി പ്രദാനം ചെയ്യുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് വെല്‍ഷ് ഗവണ്‍മെന്റ് പരിസ്ഥിതി മന്ത്രി ഹന്ന ബ്ലിഥിന്‍ പറഞ്ഞു. അഞ്ച് പ്രദേശങ്ങളില്‍ നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് അനുവദനീയമായതിലും മേലെയാണ്. അതുകൊണ്ടുതന്നെ അടിയന്തര നടപടികളാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു. ഇത് കുറയ്ക്കുന്നതിനായി എന്തൊക്കെ ചെയ്യാനാകുമെന്ന പഠനങ്ങള്‍ നടത്തി. ഇതിലാണ് വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നത് സാരമായ മാറ്റം കൊണ്ടുവരുമെന്നത് വ്യക്തമായത്. മലിനീകരണ നിയന്ത്രണത്തിന് ശക്തമായ നടപടികള്‍ യുകെ ഗവണ്‍മെന്റ് സ്വീകരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് വെല്‍ഷ് ഗവണ്‍മെന്റ് ഇക്കോണമി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെന്‍ സ്‌കെയിറ്റ്‌സും വ്യക്തമാക്കി.
Copyright © . All rights reserved