Spring Statement
ലണ്ടന്‍: ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയാണെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. സാമ്പത്തികമേഖല വഴിത്തിരിവിലാണെന്നും പ്രത്യാശയുടെ വെളിച്ചം കാണാനാകുന്നുണ്ടെന്നും സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തിക നിയന്ത്രണങ്ങള്‍ അത്ര പെട്ടെന്ന് പിന്‍വലിക്കാന്‍ കഴിയില്ലെങ്കിലും സമീപഭാവിയില്‍ത്തന്നെ കൂടുതല്‍ പണം ചെലവഴിക്കാനുള്ള അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാണ്യപ്പെരുപ്പ നിരക്ക് കുറയുമെന്നും സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിക്കുമെന്നുമാണ് സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് അവകാശപ്പെടുന്നത്. ചരിത്രത്തിലില്ലാത്ത പൊതുമേഖലായ ഫണ്ടിംഗ് പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ ഇത്രയും അതിശയകരമായ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് ലേബര്‍ ചോദിച്ചത്. എന്നാല്‍ ടാക്‌സ് റെസിപ്റ്റുകളില്‍ അപ്രതീക്ഷിതമായുണ്ടായ വര്‍ദ്ധന നടപ്പാക്കാനിരുന്ന ചെലവുചുരുക്കല്‍ വേണ്ടെന്ന് വെക്കാന്‍ സഹായിച്ചുവെന്നാണ് ഇതിനോട് ഹാമണ്ട് പ്രതികരിച്ചത്. 2019ലെ സ്‌പെന്‍ഡിംഗ് റിവ്യൂ ഉള്‍പ്പെടെ 2020നും ഭാവിക്കുമായി ഒരു പബ്ലിക് സ്‌പെന്‍ഡിംഗ് മാര്‍ഗരേഖ ഓട്ടം ബജറ്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്‍എച്ച്എസ് സ്‌പെന്‍ഡിംഗിലുള്ള സമ്മര്‍ദ്ദത്തേക്കുറിച്ച് ധാരണയുണ്ടെന്നാണ് ബിബിസി അഭിമുഖത്തില്‍ പിന്നീട് ഹാമണ്ട് വ്യക്തമാക്കിയത്. കൂടുതല്‍ പണം എന്‍എച്ച്എസിന് അനുവദിക്കേണ്ടതുണ്ട്. പ്രായമായവരുടെ എണ്ണം കൂടുന്നതും കെയര്‍ സംവിധാനങ്ങളിലെ വികസനവും കൂടുതല്‍ പണം ആവശ്യപ്പെടുന്നുണ്ട്. എന്‍എച്ച്എസിനും ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്കും കൂടുതല്‍ പണമനുവദിക്കുന്നത് സംബന്ധിച്ച് ഓട്ടം ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നും ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഇതിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
RECENT POSTS
Copyright © . All rights reserved