Spy
അബുദാബി: ചാരവൃത്തി ആരോപിച്ച് യു.എ.ഇ അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് പൗരന് മോചനം. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാപ്പ് നല്‍കിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ബ്രിട്ടീഷ് ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു മാത്യൂ ഹെഡ്ജസിനെ മോചിപ്പിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മാത്യു നാട്ടിലേക്ക് തിരിക്കുമെന്ന് യു.എ.ഇ അറിയിച്ചിട്ടുണ്ട്. മോചനം സാധ്യമായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാത്യുവിന്റെ ഭാര്യ ഡാനിയേല തെജാദ പ്രതികരിച്ചു. യു.എ.ഇ ഭരണാധികാരി മാപ്പ് നല്‍കിയവരുടെ കൂട്ടത്തില്‍ മാത്യു ഉള്‍പ്പെട്ടതായി വന്ന വാര്‍ത്ത അതിയായ സന്തോഷം ഉളവാക്കുന്നതാണ്. കഴിഞ്ഞ ആറ് മാസങ്ങളെ തങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തിയ ജയില്‍വാസം അവസാനിച്ചുവെന്നും തെജാദ പറഞ്ഞു. 2018 മെയ് മാസത്തിലാണ് ചാരവൃത്തി ആരോപിച്ച് യു.എ.ഇ ബ്രിട്ടീഷ് ഗവേഷണ വിദ്യാര്‍ത്ഥിയായ മാത്യുൂ ഹെഡ്ജസിനെ അറസ്റ്റ് ചെയ്യുന്നത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒക്ടോബറിലാണ് കേസ് കോടതിയിലെത്തുന്നത്. അതേസമയം മാത്യുവിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ അകാരണമാണെന്നും യു.എ.ഇക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്നും വ്യക്തമാക്കി തെജാദ രംഗത്ത് വന്നു. ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് യു.എ.ഇ ഭരണകൂടവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഒക്ടോബര്‍ 25ന് അബുദാബി കോടതി കേസ് വീണ്ടും പരിഗണിച്ചു. തന്റെ മേല്‍ ആരോപിക്കപ്പെട്ട ചാരവൃത്തിക്കുറ്റം വ്യാജമാണെന്ന് മാത്യു കോടതിയില്‍ വാദിച്ചു. ഒക്ടോബര്‍ 29ന് മാത്യുവിന് അബുദാബി കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ കേസില്‍ വിധി മാത്യുവിന് പ്രതികൂലമായി. നവംബര്‍ 21ന് മാത്യുവിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവുകയും ചെയ്തു. നയതന്ത്രതലത്തിലെ ഇടപെടലുകള്‍ക്ക് സാധ്യമല്ലാത്ത വിധമായിരുന്നു കോടതി വിധി. പിന്നീട് യു.എ.ഇ സര്‍ക്കാരും ഫോറിന്‍ സെക്രട്ടറിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മാത്യുവിനെ മോചിപ്പിച്ചുവെന്ന് യു.എ.ഇ ഔദ്യോഗിക പ്രസ്താവനയിറക്കി. നടപടി സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചു.
ലണ്ടന്‍: ബ്രിട്ടിഷ് സെക്യൂരിറ്റി സര്‍വീസ് കുട്ടികളെ ചാരവൃത്തിക്കായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദ കേന്ദ്രങ്ങളിലും മയക്കുമരുന്ന് വ്യാപാരികള്‍ക്കിടയിലും വളര്‍ന്നു വരുന്ന അധോലോക സംഘങ്ങള്‍ക്കിടയിലും കുട്ടികളുടെ സാന്നിദ്ധ്യമുറപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ബ്രിട്ടിഷ് പോലീസും ഇതര സെക്യൂരിറ്റി ഏജന്‍സികളും ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടികളെ ഇത്തരത്തില്‍ ചാരവൃത്തിക്കായി നിയോഗിക്കുന്നത് അവരില്‍ ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഇത് ഒഴിവാക്കുന്നതിന് എന്ത് നടപടിയാണ് എടുക്കുകയെന്നതിനെക്കുറിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. കുട്ടികള്‍ കൗമാര പ്രായത്തിലെത്തുമ്പോള്‍ കുറ്റകൃത്യങ്ങളിലേക്കും തീവ്രസ്വഭാവമുള്ള സംഘങ്ങളിലേക്കും ആകൃഷ്ടരാകാന്‍ ഇത്തരം ചാരവൃത്തികള്‍ കാരണമായേക്കാം. മയക്കുമരുന്ന് ഉപയോഗവും അക്രമവാസനയും ചെറിയ പ്രായം മുതല്‍ക്കെ ഇവരില്‍ സ്വാധീനം ചെലുത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ഒന്ന് മുതല്‍ നാല് മാസം വരെയാണ് ഒരു കുട്ടിയെ സെക്യൂരിറ്റി സര്‍വീസുകള്‍ ഇത്തരം ഇന്‍ഫര്‍മേഷന് വേണ്ടി ആശ്രയിക്കുന്നത്. കുട്ടികളെ മതിയായ സുരക്ഷയില്ലാതെ അണ്ടര്‍ കവര്‍ ഓപ്പറേഷന് ഉപയോഗിച്ചതായി വ്യക്തമാണെന്ന് ലെജിസേ്‌ലേഷന്‍ സ്‌ക്രൂട്ടിനി കമ്മറ്റി ചെയര്‍മാന്‍ ലോര്‍ഡ് ട്രെഫ്ഗാണ്‍ വ്യക്തമാക്കി. ചാരവൃത്തികള്‍ക്കായി ഉപയോഗപ്പെടുത്തുന്ന കുട്ടികളുടെ മാനസികനിലയിലും ശാരീരികക്ഷമതയിലും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായി ലോര്‍ഡ് ട്രെഫ്ഗാണ്‍ സെക്യൂരിറ്റി മിനിസ്റ്റര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. ഇത്തരം ജോലികള്‍ക്കായി ഉപയോഗപ്പെടുത്തുന്ന കുട്ടികളെ ക്ഷേമത്തെക്കുറിച്ചുള്ള കമ്മറ്റിയുടെ ആകുലതകള്‍ മറച്ചുവെക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായി നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി സര്‍വീസ് പല ജുവനൈല്‍ നിയമങ്ങളും പാലിക്കാതെയാണ് കുട്ടികളെ ജോലിക്കായി നിയമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 16 മുതല്‍ പ്രായമുള്ളവരെ കൗമാരക്കാരായി കണക്കാക്കുമെങ്കിലും ഇത്തരം അപകടം നിറഞ്ഞ ജോലികളില്‍ സാധാരണയായി ഇവരെ ഉപയോഗിക്കാറില്ല.
ലണ്ടന്‍: ശീതയുദ്ധകാലത്തിനു ശേഷം ഏറ്റവും മോശം അവസ്ഥിയില്‍ നില്‍ക്കുന്ന റഷ്യ-യുകെ ബന്ധം യുദ്ധത്തേക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ വധശ്രമം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ കലുഷിതമാക്കിയിരിക്കുകയാണ്. ഇതിന്റെയടിസ്ഥാനത്തില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ ഒരു യുദ്ധത്തിന കാരണമായാല്‍ ബ്രിട്ടനില്‍ റഷ്യ ആണവായുധം പ്രയോഗിക്കാന്‍ പോലും മടിക്കില്ലെന്നാണ് കരുതുന്നത്. അപ്രകാരം സംഭവിച്ചാല്‍ മൂന്നാം ലോകമഹായുദ്ധമായിരിക്കും പിന്നീട് നടക്കുക. സ്‌ക്രിപാലിന് നേര്‍ക്കുണ്ടായ ആക്രമണം വിശദീകരിക്കണമെന്ന് തെരേസ മേയ് റഷ്യക്ക് അന്ത്യശാസനം നല്‍കിയെങ്കിലും അത് തള്ളിയ റഷ്യ ഒരു ആണവശക്തിയായ തങ്ങളെ ഭീഷണിപ്പെടുത്താന്‍ ബ്രിട്ടന്‍ വളര്‍ന്നിട്ടില്ലെന്നായിരുന്നു പ്രതികരിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇക്കാര്യത്തിന് തന്റെ പ്രസംഗത്തില്‍ അടിവരയിടുകയും ചെയ്തു. ശക്തമായ ആണവായുധങ്ങളുടെ കലവറ തന്നെ റഷ്യക്കുണ്ടെന്നും ലോകത്ത് എവിടെ വേണമെങ്കിലും ആക്രമണം നടത്താന്‍ ശേഷിയുള്ള ക്രൂസ് മിസൈല്‍ തങ്ങള്‍ക്ക് സ്വന്തമായുണ്ടെന്നും പുടിന്‍ പറഞ്ഞു. അത്തരമൊരു ഭൂഖണ്ഡാന്തര മിസൈല്‍ ഉപയോഗിച്ച് ഹൈഡ്രജന്‍ ബോംബാക്രമണം ഉണ്ടായാല്‍ എന്തു ചെയ്യുമെന്നതാണ് യുകെ നിവാസികളുടെ മുന്നിലുള്ള ചോദ്യം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടേതുപോലെ രണ്ടാം ലോകയുദ്ധകാലത്ത് വ്യോമാക്രമണങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന സൈറണുകളൊന്നും ഇപ്പോളില്ല. നാല് മിനിറ്റ് മുമ്പ് നല്‍കുന്ന മുന്നറിയിപ്പുകളും നിലവിലില്ല. അത്തരമൊരു ആക്രമണമുണ്ടായാല്‍ ഗവണ്‍മെന്റ് എല്ലാ മൊബൈല്‍ ഫോണുകളുടെയും നിയന്ത്രണം ഏറ്റെടുക്കും. അവയിലൂടെ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കും. റഷ്യയില്‍ നിന്ന് തൊടുക്കുന്ന ഒരു മിസൈല്‍ ലണ്ടനിലെത്തണമെങ്കില്‍ 20 മിനിറ്റ് സമയമെടുക്കും. മറ്റ് നാറ്റോ സഖ്യരാജ്യങ്ങള്‍ക്ക് മുകളിലൂടെയായിരിക്കും ഈ മിസൈല്‍ സഞ്ചരിക്കുകയെന്നതിനാല്‍ മുന്നറിയിപ്പുകള്‍ ലഭിക്കും. അതിനാല്‍ ആക്രമണത്തെ നേരിടാന്‍ ബ്രിട്ടന് 10 മിനിറ്റായിരിക്കും സമയം ലഭിക്കുക. ഈ സമയത്തിനുള്ളില്‍ ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങള്‍ തേടാനുള്ള സന്ദേശം എത്തിക്കണം. ഇതിനുള്ള ശേഷി ജിസിഎച്ച്ക്യുവിനുണ്ടെന്നാണ് വിവരം. മൊബൈലുകളിലെ ഔട്ട്‌ഗോയിംഗ് സംവിധാനം ബ്ലോക്ക് ചെയ്യുകയാണ് അടുത്ത പടി. അടിയന്തര സര്‍വീസുകള്‍ക്ക് വേണ്ടി മാത്രം മൊബൈല്‍ സിഗ്നലുകള്‍ ലഭ്യമാക്കാനും സുപ്രധാന നിര്‍ദേശങ്ങള്‍ മാത്രം ജനങ്ങള്‍ക്ക് നല്‍കാനുമാണ് ഈ രീതി അനുവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ എന്തായിരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ജപ്പാനില്‍ ഇത്തരമൊരു അണുവായുധ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ കെട്ടിടങ്ങളും അവയുടെ ഭൂഗര്‍ഭ നിലകളും കണ്ടെത്താനായിരുന്നു ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ജാപ്പനീസ് ടിവി സംപ്രേഷണം നിര്‍ത്തിവെച്ച് കറുത്ത സ്്ക്രീനില്‍ സുരക്ഷിത കേന്ദ്രങ്ങള്‍ തേടാനുള്ള മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
നെര്‍വ് ഏജന്റ് ഉപയോഗിച്ച് സാലിസ്‌ബെറിയില്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. നെര്‍വ് ഏജന്റ് ആക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്ന നൂറ് കണക്കിന് ആളുകള്‍ക്ക് രാസായുധ പ്രയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ചിലപ്പോള്‍ ഇതിന്റെ അനന്തര ഫലങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. നെര്‍വ് ഏജന്റ് നോവിചോക് നിര്‍മ്മിച്ച റഷ്യയുടെ ടെക്‌നിക്കല്‍ കൗണ്ടര്‍-ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റിന് കീഴില്‍ കെമിക്കല്‍ വെപ്പണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. വില്‍ മിര്‍സായനോവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കെമിക്കല്‍ വെപ്പണുകളുടെ നിര്‍മ്മാണം മനുഷ്യരാശിക്ക് തന്നെ വിപത്താണെന്ന് മനസ്സിലാക്കിയ ഡോ. വില്‍ മിര്‍സായനോവ് കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് താമസം മാറ്റിയ വ്യക്തിയാണ്. നിലവില്‍ രാസയുധങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രചരണങ്ങളില്‍ സജീവ സാന്നിധ്യമാണ് അദ്ദേഹം. നെര്‍വ് ഗ്യാസിനേക്കാള്‍ 10 ഇരട്ടി അപകടകാരിയായ നെര്‍വ് ഏജന്റാണ് സാലിസ്‌ബെറിയില്‍ പ്രയോഗിച്ചിരിക്കുന്നത്. ഇത് പരിഹരിക്കാന്‍ കഴിയാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ മനുഷ്യ ശരീരത്തിലുണ്ടാക്കുമെന്നും മിര്‍സായനോവ് സാക്ഷ്യപ്പെടുത്തുന്നു. സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായിരിക്കുന്ന തരത്തിലുള്ള വലിയ ഡോസിലുള്ള നെര്‍വ് ഏജന്റ് പ്രയോഗം അതീവ അപകടം പിടിച്ചതാണ്. ഇരുവര്‍ക്കും ഇനിയുള്ള ജീവിതകാലം മുഴുവന്‍ ഡോക്ടര്‍മാരുടെ സേവനം അത്യാവിശ്യമായിരിക്കും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ലാബിലുണ്ടായ ചെറിയൊരു അപകടത്തില്‍ സഹപ്രവര്‍ത്തകന്റെ ജീവന്‍ തന്നെ നഷ്ടമായിരുന്നതായി അദ്ദേഹം പറയുന്നു. ഇത്തരം രാസപ്രയോഗങ്ങള്‍ പരിഹാരമില്ലെന്നതാണ് വസ്തുതയെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ആക്രമണ നടക്കുന്ന സമയത്ത സമീപ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന പൊതു ജനങ്ങള്‍ക്കും അണുബാധയുണ്ടായേക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും നെര്‍വ് ഏജന്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് മിര്‍സായനോവ് പറയുന്നു. കടുത്ത തലവേദന, ചിന്താശേഷി കുറവ്, ചലന വൈകല്യങ്ങള്‍ തുടങ്ങി നെര്‍വ് ഏജന്റ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ആക്രമണം ബാധിച്ചുവെന്ന് കരുതുന്നവര്‍ എത്രയും പെട്ടന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും സ്ഥിരമായി തങ്ങളുടെ ആരോഗ്യ നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വസ്ത്രങ്ങള്‍ കഴുകിയതുകൊണ്ടോ മറ്റു രീതികള്‍ ഉപയോഗിച്ച് വൃത്തിയാക്കിയതുകൊണ്ടോ രാസയുധത്തിന്റെ സാന്നിധ്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഇഗ്ലണ്ടിലെ ആരോഗ്യ രംഗത്തിന് നിര്‍ദേശം നല്‍കണമെന്നും മിര്‍സായനോവ് കൂട്ടിച്ചേര്‍ത്തു. ആക്രമണം നടക്കുന്നതിന് തൊട്ടുമുന്‍പ് കാര്‍ പാര്‍ക്ക് ചെയ്യുന്ന സമയത്ത് സെര്‍ജി സ്‌ക്രിപാല്‍ ഉപയോഗിച്ച ടിക്കറ്റ് മെഷീന്‍ കുറച്ച് സമയത്തിനു ശേഷമാണ് പ്രോട്ടക്ടീവ് കവര്‍ ഉപയോഗിച്ച് മറച്ചത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കഴിഞ്ഞ ദിവസങ്ങള്‍ മുഴുവന്‍ പ്രദേശം സംരക്ഷിത ആവരണങ്ങള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. അതീവ വെല്ലുവിളി നിറഞ്ഞതാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണമെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ നെയില്‍ ബസു പറഞ്ഞു.
ലണ്ടന്‍: റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യയുമായുള്ള ബ്രിട്ടന്റെ ബന്ധം ഉലയുന്നു. സ്‌ക്രിപാലിന്റെ വധശ്രമത്തിനു പിന്നില്‍ മോസ്‌കോയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചു. വിഷയത്തില്‍ ഇന്ന് അര്‍ദ്ധരാത്രിക്കുള്ളില്‍ റഷ്യ വിശദീകരണം നല്‍കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. വില്‍റ്റ്ഷയറിലെ സാലിസ്ബറിയില്‍ വെച്ചാണ് സ്‌ക്രിപാലിനും മകള്‍ യൂലിയക്കു നേരെ നെര്‍വ് ഏജന്റ് ഉപയോഗിച്ച് ആക്രമണമുണ്ടായത്. ഇത് റഷ്യന്‍ നിര്‍മിത വിഷമാണെന്ന് വ്യക്തമായിരുന്നു. ആക്രമണത്തിന് പിന്നില്‍ റഷ്യയാകാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. റഷ്യയുടെ ഭാഗത്തു നിന്നുണ്ടായ അങ്ങേയറ്റം മോശം പെരുമാറ്റമാണ് ഇതെന്നും അതിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും വ്യക്തമാക്കി. ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെ കോബ്ര മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ഹോം സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലായിരിക്കും ഗവണ്‍മെന്റിന്റെ എമര്‍ജന്‍സി കമ്മിറ്റിയായ കോബ്ര യോഗം ചേരുക. അതേസമയം സംഭവം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് മോസ്‌കോ പ്രതികരിച്ചത്. നോവിചോക്ക് എന്ന റഷ്യന്‍ സൈനിക ഉപയോഗത്തിലുള്ള നെര്‍വ് ഏജന്റാണ് സ്‌ക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിച്ചതെന്ന് തെരേസ മേയ് തിങ്കളാഴ്ച കോമണ്‍സില്‍ പറഞ്ഞിരുന്നു. ഈ ആക്രമണത്തില്‍ റഷ്യക്ക് നേരിട്ട് പങ്കുണ്ടെന്നതാണ് ഈ വിഷവസ്തുവിന്റെ ഉപയോഗം തെളിയിക്കുന്നത്. അല്ലെങ്കില്‍ റഷ്യയുടെ കൈകളില്‍ നിന്ന് ഇത് നഷ്ടപ്പെട്ട് മറ്റുള്ളവരില്‍ എത്തിയിട്ടുണ്ടാകാമെന്നും അവര്‍ പറഞ്ഞു. ഇവയില്‍ എന്താണ് നടന്നിരിക്കുക എന്ന കാര്യം വിശദീകരിക്കണമെന്ന് ഫോറിന്‍ ഓഫീസ് റഷ്യന്‍ അംബാസഡറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ചക്കുള്ളില്‍ ഇതിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ മോസ്‌കോ രാജ്യത്തിനുള്ളില്‍ നടത്തിയ നിയമവിരുദ്ധ സൈനികപ്രവൃത്തിയായി ഇതിനെ കണക്കാക്കുമെന്നും അവര്‍ വ്യക്തമാക്കി. റഷ്യക്കെതിരെ മുമ്പില്ലാത്ത വിധത്തില്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ രാജ്യം തയ്യാറെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബ്രിട്ടന്റെ നിലപാടിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഫോണ്‍ സന്ദേശത്തില്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണെ അറിയിച്ചത്. അതേ സമയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസ മേയ് സര്‍ക്കസ് ഷോ നടത്തുകയാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സാഖറോവ് പറഞ്ഞു. പ്രകോപനത്തിലൂന്നിയ രാഷ്ട്രീയ പ്രചരണമാണ് ഇതെന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു. കാര്യങ്ങളേക്കുറിച്ച് കൂടുതല്‍ വ്യക്തത വന്നതിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു വ്‌ളാഡിമിര്‍ പുടിന്‍ ബിബിസിയോട് പറഞ്ഞത്.
RECENT POSTS
Copyright © . All rights reserved