stroke
എനര്‍ജി ഡ്രിങ്കുകള്‍ പക്ഷാഘാത സാധ്യത ഉയര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മനുഷ്യരില്‍ പക്ഷാഘാതം വരാനുള്ള സാധ്യത 500 ശതമാനം ഉയരാന്‍ ഇവ കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ഡ്രിങ്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ക്രമരഹിതമായ ഹൃദയസ്പന്ദനം കാണപ്പെടുന്നതായി വിദഗ്ദ്ധര്‍ പറയുന്നു. യുകെയില്‍ സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2010ല്‍ 463 മില്യന്‍ ലിറ്ററും 2017ല്‍ 679 മില്യന്‍ ലിറ്ററും സോഫ്റ്റ് ഡ്രിങ്കുകളാണ് യുകെയിലുള്ളവര്‍ കുടിച്ചു തീര്‍ത്തത്. നിലവില്‍ പ്രതിവര്‍ഷം 2 ബില്യന്‍ പൗണ്ട് മൂല്യമുള്ളതാണ് യുകെയിലെ എനര്‍ജി ഡ്രിങ്ക് മാര്‍ക്കറ്റ്. ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റിക്കുന്ന അറിത്ത്മിയ എന്ന അസുഖത്തിലേക്ക് നയിക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പക്ഷാഘാത സാധ്യത അഞ്ചിരട്ടി ഉയര്‍ത്തും. ഈ രോഗാവസ്ഥയുണ്ടാകാന്‍ ഹൃദയത്തിന് ആരോഗ്യക്കുറവുണ്ടാകണമെന്ന നിര്‍ബന്ധമില്ലെന്ന് ദി അറിത്ത്മിയ അലയന്‍സ് സിഇഒ ട്രൂഡീ ലോബാന്‍ പറയുന്നു. ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന കഫീനിലെ ഘടകങ്ങള്‍ മാത്രം മതി ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റിക്കാന്‍. ആറോ ഏഴോ കോഫി ഒരു ദിവസം കുടിച്ചാല്‍ ഈ അവസ്ഥയുണ്ടാകാം. എന്നാല്‍ അതിലുമേറെയാണ് എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ്. 250 മില്ലിലിറ്റര്‍ എനര്‍ജി ഡ്രിങ്കില്‍ 80 മില്ലീഗ്രാം കഫീന്‍ അടങ്ങിയിരിക്കും. കോളകളിലുള്ളതിനേക്കാള്‍ ഇരട്ടിയും 60 മില്ലി എസ്ര്പ്രസോയിലുള്ളതിനൊപ്പവുമാണ് ഈ നിരക്ക്. കഫീന്‍ മിതമായി ഉപയോഗിക്കുന്നത് കുഴപ്പമുണ്ടാക്കുന്നില്ലെങ്കിലും അമിതമായി ഉപയോഗിക്കുന്നത് അതീവ ഗുരുതരമായ അവസ്ഥകളിലേക്ക് തള്ളിവിട്ടേക്കാമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
ഹൃദ്രോഗ മരണങ്ങളുടെ എണ്ണം സാരമായി കുറയ്ക്കാന്‍ ഉയര്‍ന്ന ഡോസില്‍ സ്റ്റാറ്റിന്‍ നല്‍കുന്നത് സഹായിക്കുമെന്ന് ഗവേഷകര്‍. കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങളിലൂടെയുള്ള മരണങ്ങളെ ചെറുക്കാന്‍ സ്റ്റാറ്റിനുകള്‍ക്ക് സാധിക്കുമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെയും ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് വ്യക്തമാക്കുന്നത്. കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങളായ ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവ വരുന്നതിന്റെ തോത് സ്റ്റാറ്റിന്റെ അളവ് വ്യത്യാസപ്പെടുത്തിയാല്‍ കുറയുമെന്നും വ്യക്തമായി. ഈ രോഗങ്ങള്‍ വരാന്‍ കൂടുതല്‍ സാധ്യതയുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. 12,000 ഹാര്‍ട്ട് അറ്റാക്കുകളോ സ്‌ട്രോക്കുകളോ ഈ വിധത്തില്‍ ഒഴിവാക്കാനായി. ഒരിക്കല്‍ ഇത്തരം രോഗങ്ങള്‍ വന്നവരിലും സാധാരണക്കാരിലുമാണ് പഠനം നടത്തിയത്. ആദ്യമായാണ് സ്റ്റാറ്റിന്‍ ഉയര്‍ന്ന അളവില്‍ നല്‍കിക്കൊണ്ടുള്ള പഠനം നടത്തുന്നത്. ജെഎഎംഎ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ എന്ന ജേര്‍ണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റാറ്റിന്‍ ഉയര്‍ന്ന ഡോസില്‍ ഉപയോഗിച്ചവരില്‍ ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍ നിരക്ക് താഴ്ന്നതായി കണ്ടു. രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന ഉപദ്രവകാരിയായ കൊളസ്‌ട്രോളാണ് ഇത്. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് സ്റ്റാറ്റിന്‍ സ്വീകരിച്ച രോഗികളില്‍ ഇതിന്റെ അളവ് സാരമായി കുറഞ്ഞുവെന്നും വ്യക്തമായിട്ടുണ്ട്. രോഗികള്‍ മരുന്നുകള്‍ ശരിയായി കഴിക്കുകയും ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്നുണ്ടോ എന്ന കാര്യവും പഠനവിധേയമാക്കിയിരുന്നു. മരുന്നുകള്‍ യഥാക്രമം കഴിക്കാതിരിക്കുകയും മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തുകയും ചെയ്യുന്നത് ചികിത്സയെ ബാധിക്കും. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ നിരക്ക് കൂടുതലാണെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകണമെന്നില്ല. ചികിത്സ തുടരുന്നവരില്‍ കൊളസ്‌ട്രോളിന്റെ അളവ് കാര്യമായി കുറയുന്നുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫ. കൗശിക് റായ് പറഞ്ഞു. രോഗികളിലെ അപായ സാധ്യത കുറയാനും കൂടുതല്‍ കാലം മരുന്നുകള്‍ കഴിക്കുന്നതു തന്നെയാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. 450 ജിപി പ്രാക്ടീസുകളില്‍ നിന്നുള്ള അഞ്ചുലക്ഷം പേരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ക്ലിനിക്കല്‍ പ്രാക്ടീസ് റിസര്‍ച്ച് ഡേറ്റാലിങ്ക് വിവരങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത്.
പക്ഷാഘാതം ബാധിച്ച് അവയവങ്ങളുടെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷയായി പുതിയ ചികിത്സാരീതി ഉരുത്തിരിയുന്നു. ജീന്‍ തെറാപ്പി ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായി. നട്ടെല്ലിന് പരിക്ക് പറ്റി ചലനശേഷി ഇല്ലാതായവരില്‍ ഈ തെറാപ്പി ഫലപ്രദമാകുമെന്നാണ് കരുതുന്നത്. കൈകാലുകളുടെ ചലനശേഷി നഷ്ടമായ എലികളിലാണ് പരീക്ഷണം നടത്തിയത്. ഇതിനു ശേഷം എലികള്‍ക്ക് അവയവങ്ങളുടെ ചലനശേഷി തിരികെ ലഭിക്കുകയും ഭക്ഷണം കൈകളില്‍ എടുക്കാനും സ്വന്തമായി കഴിക്കാനും സാധിച്ചു. വീഴ്ചയിലും വാഹനാപകടങ്ങളിലും മനുഷ്യര്‍ക്കുണ്ടാകുന്ന സുഷുമ്‌നാ നാഡിയിലെ പരിക്കിന് സമാനമായ പരിക്കുകള്‍ എലികളില്‍ സൃഷ്ടിച്ച ശേഷമായിരുന്നു പരീക്ഷണം. ജീന്‍ തെറാപ്പി നടത്തിയ എലികള്‍ വളരെ വേഗത്തില്‍ത്തന്നെ അവയവങ്ങളുടെ അടിസ്ഥാന ചലനശേഷി വീണ്ടെടുത്തുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. എലിസബത്ത് ബ്രാഡ്ബറി പറഞ്ഞു. പിന്നീട് സാവധാനം അവ സാധാരണ നിവയിലേക്ക് മടങ്ങി വരികയായിരുന്നു. അവയവങ്ങളുടെ സ്വാധീനം മനസിലാക്കുന്നതിനായി നടത്തിയ പരീക്ഷണങ്ങളും രണ്ടാഴ്ചക്കുള്ളില്‍ മറികടക്കാന്‍ എലികള്‍ക്കായി. സാധനങ്ങള്‍ എടുക്കുന്നതിന് പേശികള്‍ കൂടി വഴങ്ങേണ്ടതുണ്ട്. അത്തരം ശേഷികള്‍ തിരികെ ലഭിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. അഞ്ച് മുതല്‍ ആറ് ആഴ്ചകളാണ് എലികള്‍ക്ക് ഇതിനായി വേണ്ടി വന്നത്. കിംഗ്‌സ് കോളേജ് ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, സൈക്കോളജി, ന്യൂറോസയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തില്‍ പങ്കാളികളായത്. ക്രോന്‍ഡോയ്റ്റിനേസ് എന്ന എന്‍സൈം ഉദ്പാദിപ്പിക്കുന്ന ജീനുകളാണ് സ്‌പൈനല്‍ കോര്‍ഡിലേക്ക് നേരിട്ട് കുത്തിവെച്ചത്. ഈ എന്‍സൈം സുഷുമ്‌നയിലെ കേടുപാടുകള്‍ പരിഹരിക്കുകയും നാഡീ കോശങ്ങളെ വീണ്ടും യോജിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ലണ്ടന്‍: ഒരേ പ്രായക്കാരായ സഹപാഠികളേക്കാള്‍ ഒന്നോ രണ്ടോ ഇഞ്ച് ഉയരക്കുറവുള്ള കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് പഠനം. സ്ത്രീകളിലും പുരുഷന്‍മാരിലും മസ്തിഷ്‌കത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഇസ്‌കീമിക് പക്ഷാഘാതവും പുരുഷന്‍മാരില്‍ രക്തക്കുഴലുകള്‍ പൊട്ടിയുണ്ടാകുന്ന ഹെമറാജിക് പക്ഷാഘാതത്തിനും സാധാരണയേക്കാള്‍ ഉയരം കുറഞ്ഞവര്‍ക്ക് സാധ്യതയേറെയാണെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഏഴ് വയസ് വരം പ്രായത്തില്‍ സാധാരണയിലും പൊക്കം കുറഞ്ഞ പെണ്‍കുട്ടികള്‍ക്ക് പ്രാപൂര്‍ത്തിയായാല്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 11 ശതമാനം ഏറെയാണെന്നാണ് പഠനം പറയുന്നത്. ഏഴ് വയസില്‍ ഉയരം കുറവായിരുന്ന പുരുഷന്‍മാര്‍ക്ക് ഇസ്‌കീമിക് പക്ഷാഘാതത്തിന് 10 ശതമാനം അധിക സാധ്യതയും ഹെമറാജിക് പക്ഷാഘാതത്തിന് 11 ശതമാനം സാധ്യതയുമാണ് ഉള്ളത്. ഏവ് വയസിനും 13 വയസിനുമിടയിലുള്ള വളര്‍ച്ച ഈ രോഗത്തിനുള്ള സാധ്യതയെ ബാധിക്കുന്നില്ലെന്നും ഡാനിഷ് സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 1930നും 1989നും ഇടിയിലുള്ള കാലയളവില്‍ മൂന്ന് ലക്ഷം കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരില്‍ പകുതിയോളം പേരെ 31 വയസ് വരെ നിരീക്ഷണത്തിന് വിധേയരാക്കിയിരുന്നു. സാധാരണയിലും ഉയരക്കുറവ് ചെറുപ്പത്തില്‍ കാണപ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്നാണ് ഈ പഠനം വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പ്രായപൂര്‍ത്തിയാകുമ്പോളുണ്ടാകുന്ന ഉയരം ജനിതകമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഗര്‍ഭകാലത്ത് അമ്മ കഴിച്ച ഭക്ഷണം, കുട്ടിക്കാലത്തെ ഭക്ഷണം, മാനസിക സമ്മര്‍ദ്ദങ്ങള്‍, അണുബാധകള്‍ എന്നിവ ഇതിനെ ബാധിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലണ്ടന്‍: പക്ഷാഘാതമുണ്ടാകാനുള്ള കാരണം തലച്ചോറിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് തടസമുണ്ടാകുന്നതാണ്. ഇത് തടയുന്നതിനായി രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കുകയാണ് ചെയ്തു വരുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്ക്കുകയല്ല, പകരം വര്‍ദ്ധിപ്പിക്കുകയാണെന്ന് പുതിയ പഠനം പറയുന്നു. 65 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഇത്തരം മരുന്നുകള്‍ ഹൃദയസ്പന്ദനത്തില്‍ വ്യതിയാനമുണ്ടാക്കുന്നതായും വൃക്കരോഗങ്ങള്‍ ഉണ്ടാക്കുന്നതായും പഠനം പറയുന്നു. ആന്റികൊയാഗുലന്റുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മരുന്നുകള്‍ സൂക്ഷിച്ച് വേണം നിര്‍ദേശിക്കാനെന്ന് ഗവേഷകര്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ പഠനങ്ങള്‍ ഈ മേഖലയില്‍ ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഒന്നിലേറെ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ പലവിധത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നതിന്റെ പ്രശ്‌നങ്ങളേക്കുറിച്ചും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പോളിഫാര്‍മസി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രായമേറിയവരില്‍ പലരും ഇത്തരത്തില്‍ മരുന്നുകള്‍ കഴിക്കുന്നവരായിരിക്കും. വൃക്കരോഗവും ഏട്രിയല്‍ ഫൈബ്രില്ലേഷന്‍ എന്ന ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റുന്ന അസുഖവുമുള്ള 7000 പേരിലാണ് പഠനം നടത്തിയത്. ഏട്രിയല്‍ ഫൈബ്രിലേഷന്‍ 55 വയസിനു മുകളില്‍ പ്രായമുള്ള 33.5 ദശലക്ഷം പേര്‍ക്ക് ആഗോള തലത്തില്‍ കാണപ്പെടുന്നുണ്ട്. എന്‍എച്ച്എസ് ബജറ്റിന്റെ ഒരു ശതമാനം ഈ അസുഖത്തിനായാണ് ചെലവാകുന്നതെന്നും നിരീക്ഷിക്കപ്പെടുന്നു. ആന്റികൊയാഗുലന്റുകള്‍ നിര്‍ദേശിക്കപ്പെട്ട ഏകദേശം അഞ്ചുലക്ഷത്തോളം ആളുകള്‍ക്ക് യുകെയില്‍ ഈ രണ്ട് രോഗങ്ങളും ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. പഠനത്തില്‍ പങ്കെടുത്തവരില്‍ പകുതിയാളുകള്‍ ഈ മരുന്നുകള്‍ കഴിക്കുന്നവരായിരുന്നു. 506 ദിവസം നീണ്ട നിരീക്ഷണത്തിനൊടുവില്‍ നടത്തിയ പരിശോധനയില്‍ ആന്റികൊയാഗുലന്റുകള്‍ കഴിച്ചവര്‍ത്ത് അല്ലാത്തവരേക്കാള്‍ 2.6 മടങ്ങ് പക്ഷാഘാത സാധ്യതയുണ്ടെന്ന് വ്യക്തമായി. ഹെമറേജ് ഉണ്ടാകാന്‍ 2.4 മടങ്ങ് അധിക സാധ്യതയും നിരീക്ഷിക്കപ്പെട്ടു.
RECENT POSTS
Copyright © . All rights reserved