suicide
22കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ അവാസന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ലൂസി ഡി ഒലിവേറയാണ് ആത്മഹത്യ ചെയ്തത്. ജോലി നേടുന്നതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ഒലിവേറയെന്ന് അമ്മ ലിസ് പറഞ്ഞു. നഴ്‌സിംഗ് ജോലിയില്‍ അതീവ താല്‍പ്പര്യം കാണിച്ചിരുന്ന വിദ്യാര്‍ത്ഥിനി പഠനം പൂര്‍ത്തീകരിക്കുന്നതിനായി രണ്ട് ജോലികള്‍ ചെയ്തിരുന്നു. അമിതമായി പെയിന്‍ കില്ലറുകള്‍ കഴിച്ചാണ് ഒലിവേറ മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നഴ്‌സിംഗ് ട്രെയിനിംഗ് പൂര്‍ത്തീകരിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആത്മഹത്യ. എന്‍എച്ച്എസ് ജോലി നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മകള്‍ക്ക് കടുത്ത് സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ലിസ് പറയുന്നു. ആത്മഹത്യ ചെയ്യാന്‍ മകളെ പ്രേരിപ്പിച്ചതും അതായിരിക്കുമെന്ന് ലിസ് വ്യക്തമാക്കുന്നു. പഠനച്ചെലവുകള്‍ കണ്ടെത്തുന്നതിനായി ഒലിവേറ രണ്ട് ജോലികള്‍ ചെയ്തിരുന്നു. ഇത് കൂടാതെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ചെയ്യേണ്ട ആശുപത്രി സേവനവും അവള്‍ ചെയ്തിരുന്നു. ഇത്തരം സേവനങ്ങള്‍ക്ക് പ്രതിഫലമൊന്നും ലഭിക്കുകയില്ല. മകളെ നഷ്ടപ്പെട്ട ലിസും കുടുംബവും അതീവ ദുഖത്തിലാണ്. ഒലിവേറയുടെ ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷകളുള്ള കുടുംബത്തെ അനാഥമാക്കിയാണ് അവള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ബിരുദപഠനം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ജോലി നേടുന്നതിനായി വലിയ കടമ്പകള്‍ കടക്കേണ്ടതുണ്ട്. വളരെയധികം മത്സരം നടക്കുന്ന തൊഴില്‍ മേഖലയാണ് നഴ്‌സിംഗ് മേഖലയെന്നും മുന്‍ ബാരിസ്റ്റര്‍ കൂടിയായ ലിസ് പറയുന്നു. പ്ലേസ്‌മെന്റിന്റെ ഭാഗമായി ലഭിച്ചിട്ടുള്ള ജോലിയുടെ ഫുള്‍ടൈം ഷിഫ്റ്റുകളെടുത്തിരുന്ന അവള്‍ക്ക് മറ്റു നിരവധി ഉത്തരവാദിത്വങ്ങളും നിറവേറ്റാനുണ്ടായിരുന്നതായും ലിസ് പറയുന്നു. പഠനം പൂര്‍ത്തികരിച്ച മേഖലയില്‍ ജോലി നേടിയെടുക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഒരുപക്ഷേ അവള്‍ക്ക് തോന്നിക്കാണും. ജോലി ലഭിക്കില്ലെന്ന് ചിന്തകള്‍ മാനസികമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതാകാം ഈ കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചെതെന്നും ലിസ് പറയുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മരണത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒലിവേറ യൂണിവേഴിസിറ്റിയില്‍ നിന്നും വീട്ടിലെത്തിയിരുന്നു. യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചുപോകണമെന്നും വീണ്ടുമൊരു ശ്രമം നടത്തി നോക്കട്ടെയെന്നും ലൂസി അമ്മയോട് പറഞ്ഞിരുന്നു. ഏതാണ്ട് ആറ് മാസം മുന്‍പ് തന്നെ ലൂസി തന്റെ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇന്ത്യന്‍ വംശജയെ ആരോ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍. ഹാംപ്‌സ്റ്റെഡിലെ ഹെന്റീറ്റ ബാര്‍നെറ്റ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന പതിനാലുകാരി എലേന മോന്‍ഡാലിനെ കഴിഞ്ഞ വര്‍ഷമാണ് തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ കണ്ടെത്തിയത്. സ്‌കൂളിന്റെ സമീപത്തുള്ള മരങ്ങള്‍ നിറഞ്ഞ പ്രദേശത്ത് വെച്ചായിരുന്നു സ്‌കൂളിലെ അധ്യാപകന്മാരിലൊരാള്‍ എലേനയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എലേനയെ കാണാതായതോടെ പോലീസും സ്‌കൂള്‍ അധികൃതരും സമീപ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന ഈ അന്വേഷണങ്ങള്‍ പോലീസിനെ തെറ്റായ സ്ഥലത്ത് കൊണ്ടെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് സ്ഥലം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. പഠന കാര്യത്തില്‍ വളരെയധികം മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിനികളില്‍ ഒരാളായിരുന്നു മരിച്ച എലേന മോന്‍ഡാല്‍. മകളുടെ മരണത്തില്‍ അതീവ ദു:ഖിതരാണ് എലേനയുടെ മാതാപിതാക്കളായ ശ്യാമലും മൗഷുമി മോന്‍ഡാലും. തങ്ങളുടെ മകള്‍ മരണപ്പെടുന്നതിന് മുന്‍പ് ആരുടെയെങ്കിലും ഭീഷണിക്കിരയായതായി സംശയമുണ്ടെന്ന് ബാര്‍നെറ്റ് കോറോണേഴ്‌സ് കോടതിയില്‍ നടന്ന വിചാരണയില്‍ ഇവര്‍ വ്യക്തമാക്കി. ദുരന്തം നടന്ന ദിവസം എലേനയുടെ ഫോണ്‍ ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെക്കുറിച്ച് വിവരിക്കാന്‍ കേസ് അന്വേഷിച്ച പോലീസ് കോണ്‍സ്റ്റബിള്‍ സൈമണ്‍ നോര്‍ത്തിനോട് ഫാമിലി ബാരിസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിനി മരിക്കുന്ന ദിവസം ഫോണ്‍ വളരെ കുറച്ചു മാത്രമെ ഉപയോഗിച്ചിരുന്നുള്ളുവെന്ന് സൈമണ്‍ നോര്‍ത്ത് കോടതിയെ ബോധിപ്പിച്ചു. എലേനയുടെ ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞിരിക്കുന്ന സന്ദേശങ്ങള്‍ കണ്ടെത്തുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണില്‍ നിന്ന് ഡാറ്റകള്‍ ഡിലീറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. വിവിധ മാനസിക പ്രശ്‌നങ്ങള്‍ മൂലം എലേന ബുദ്ധിമുട്ടിയിരുന്നതായി കുട്ടിയ ചികിത്സിച്ച സൈക്യാട്രിസ്റ്റ് കോടതിയില്‍ അറിയിച്ചു. ഭക്ഷണത്തോട് വിരക്തിയുണ്ടാവുക സ്വയം ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം എലേന ബാര്‍നെറ്റ്‌സ് ചൈല്‍ഡ് ആന്റ് അഡോളസെന്റ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് കൗണ്‍സലിംഗ് തേടിയിരുന്നു. ഹാംപ്‌സ്റ്റെഡിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലും എലേന ചികിത്സ നേടിയിരുന്നു. മറ്റു കുട്ടികളപ്പോലെ ഭാവിയെക്കുറിച്ച് വലിയ ആഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന മനസ്സായിരുന്നു എലേനയുടേതും. പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു എലേന സ്വപ്‌നം കണ്ടിരുന്നത്.
ലണ്ടന്‍: യുകെയില്‍ അസിസ്റ്റഡ് ഡെത്തിനായി ക്ലിനിക്ക് വരുന്നു. ചാനല്‍ ഐലന്‍ഡിലെ ഗ്യുവെന്‍സിയിലായിരിക്കും ക്ലിനിക്ക് സ്ഥാപിക്കുകയെന്നാണ് വിവരം. ഇത് സംബന്ധിച്ച് മെയ് മാസത്തില്‍ തീരുമാനമുണ്ടാകും. ഒരിക്കലും തിരിച്ചുവരാനാകാത്ത വിധത്തിലുള്ള രോഗങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്ക് വിദഗ്ദ്ധ സഹായത്തോടെ സ്വയം മരണം വരിക്കാനുള്ള സൗകര്യമാണ് ഈ ക്ലിനിക്കില്‍ ലഭ്യമാകുക. മെയ് മാസത്തില്‍ ഇതിനായുള്ള വോട്ടെടുപ്പ് നടത്താന്‍ തീരുമാനമായതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗങ്ങളാലോ അപകടങ്ങള്‍ മൂലമോ ജീവച്ഛവമായി ദീര്‍ഘകാലം ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നിയമവിധേയമായി മരണം വരിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. പദ്ധതിയനുസരിച്ച് 18 മാസത്തെ സമയം സ്വമേധയാ മരണം കാംക്ഷിച്ചെത്തുന്നവര്‍ക്ക് നല്‍കും. അതിനു ശേഷവും മരണം തെരഞ്ഞെടുക്കുന്നവര്‍ക്കുള്ള പ്രൊസീജിയറിന്റെ ചെലവ് ഐലന്‍ഡിന്റെ ഹെല്‍ത്ത് സര്‍വീസ് തന്നെ വഹിക്കും. യുകെയില്‍ 1961ലെ നിയമമനുസരിച്ച് ആത്മഹത്യ നിയമവിരുദ്ധമാണ്. ഗ്യുവെന്‍സി ഒരു ക്രൗണ്‍ ഡിപ്പെന്‍ഡന്‍സിയായതിനാല്‍ സ്വന്തമായി നിയമങ്ങള്‍ രൂപീകരിക്കാന്‍ അവകാശമുണ്ട്. യുകെയില്‍ ആത്മഹത്യക്ക് സഹായം നല്‍കുന്നത് 14 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. യുകെയില്‍ അസിസ്റ്റഡ് മരണത്തിനു വേണ്ടി നിയമനിര്‍മാണം നടത്തണമെങ്കില്‍ വെസ്റ്റമിന്‍സ്റ്ററിലെ മുതിര്‍ന്ന നേതാക്കളുടെ സമിതിയായ പ്രിവി കൗണ്‍സിലിന്റെ അനുവാദം ആവശ്യമാണ്. ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായിരിക്കും ഈ സമിതി നടത്തുന്ന ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കുക. നിലവില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മാത്രമാണ് വിദേശികള്‍ക്ക് അസിസ്റ്റഡ് ഡെത്തിന് സൗകര്യമുള്ളത്. സൂറിച്ചിലെ ഡിഗ്നിറ്റാസ് ഓര്‍ഗനൈസേഷന്‍ ഒരുക്കിയിരിക്കുന്ന ഈ കേന്ദ്രത്തിലേക്ക് ബ്രിട്ടനില്‍ നിന്ന് ഓരോ എട്ട് ദിവസത്തിലും ഒരാള്‍ വീതം പോകുന്നുണ്ടെന്നാണ് കണക്ക്. ഇത്തരം സൗകര്യമൊരുക്കാന്‍ ബ്രിട്ടനിലെ ക്യാംപെയിനേഴ്‌സ് ആവശ്യമുന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. എന്നാല്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കുകയാണ്. ഡിഗ്നിറ്റി ഇന്‍ ഡയിംഗ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ 53 ശതമാനം ബ്രിട്ടീഷുകാര്‍ അസിസ്റ്റഡ് മരണത്തിനായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോകുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചതായി വ്യക്തമായിരുന്നു.
മലയാളി അനസ്തറ്റിസ്റ്റ് യുകെയില്‍ ആത്മഹത്യ ചെയ്തു. രണ്ടാം വിവാഹ മോചനത്തെത്തുടര്‍ന്നുണ്ടായ നിരാശയിലാണ് 41 കാരനായ ജോര്‍ജ്ജ് ഈപ്പന്‍ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച മരുന്നുകളുടെ മിശ്രിതം കുത്തിവെച്ചാണ് ഈപ്പന്‍ ആത്മഹത്യ ചെയ്തത്. ഭാര്യയില്‍ നിന്ന് വിവാഹമോചനത്തിനായുള്ള ഡോക്യുമെന്റുകള്‍ ലഭിച്ചതിനു ശേഷം പീക്ക് ഡിസ്ട്രിക്ടിലെ പ്രാന്ത പ്രദേശത്ത് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മലയാളിയായ ജോര്‍ജ് ഈപ്പന്‍ ജിപിയായ ആമി എന്ന സ്ത്രീയെ വിവാഹം ചെയ്തിട്ട് ഏതാണ്ട് മൂന്നു വര്‍ഷത്തോളമായി. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുവരും നിരവധി കൗണ്‍സിലിംഗ് സെഷനുകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഒക്‌ടോബറിലാണ് വിവാഹ മോചനം സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചത്. മരിക്കുന്നതിന് മുന്‍പ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. സുഹൃത്തുക്കളാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. സുഹൃത്തുക്കള്‍ നടത്തിയ തിരിച്ചലില്‍ ജോര്‍ജ്ജ് ഈപ്പനെ ജീവനോടെ കണ്ടെത്തിയെങ്കിലും ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. ചെന്നൈയില്‍ നിന്നും മെഡിക്കല്‍ ഡിഗ്രി സ്വന്തമാക്കിയ ഈപ്പന്‍ മുംബൈയില്‍ ജോലി ചെയ്തു വരുന്നതിനിടെ 2001 ലാണ് ഇഗ്ലണ്ടിലേക്ക് ചേക്കേറിയത്. ഇഗ്ലണ്ടിലെ ഗ്ലാസ്‌ഗോയില്‍ ട്രെയിനി അനസ്തറ്റിസ്റ്റായി ജോലി ആരംഭിച്ച ഈപ്പന്‍ 2004ല്‍ ഷെഫീല്‍ഡിലേക്ക് താമസം മാറി. ആറു വര്‍ഷത്തിനിടെ 80,000 പൗണ്ട് ഒരു വര്‍ഷം പ്രതിഫലം വാങ്ങുന്ന ന്യൂറോഅനസ്തറ്റിസ്റ്റായി അദ്ദേഹം പ്രമോട്ട് ചെയ്യപ്പെട്ടു. ഇക്കാലയളവില്‍ ഷെഫില്‍ഡിലെ ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലാണ് ഇദ്ദേഹം ജോലി ചെയ്തു വന്നിരുന്നത്. യുണിവേഴ്‌സിറ്റി പ്രൊഫസര്‍ കൂടിയായ ഈപ്പന്റെ ആദ്യ വിവാഹജീവിതം ഒരു വര്‍ഷം മാത്രമെ നീണ്ടു നിന്നിരുന്നുള്ളു. ആദ്യ വിവാഹം മോചനം ഈപ്പനെ മാനസിക പിരിമുറുക്കത്തിലാക്കിയിരുന്നു. 2012 ലാണ് ഈപ്പന്‍ ആമി എന്ന യുവതിയുമായി പ്രണയത്തിലാകുന്നത്, രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.
കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെയാണ് സംഭവമുണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴേക്ക് ചാടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത്.
RECENT POSTS
Copyright © . All rights reserved