Summer
ഈ സമ്മറില്‍ യുകെയുടെ വ്യോമ ഗതാഗത മേഖലയിലുണ്ടായത് റെക്കോര്‍ഡ് ട്രാഫിക്. ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ഓരോ മിനിറ്റിലും അഞ്ചിലേറെ വിമാനങ്ങളാണ് കൈകാര്യം ചെയ്തത്. ഇത് പുതിയ റെക്കോര്‍ഡാണ്. മണിക്കൂറില്‍ 333 ഫ്‌ളൈറ്റുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സര്‍വീസായ നാറ്റ്‌സ് അറിയിച്ചു. യൂറോപ്പിലെ മൊത്തം ട്രാഫിക്കിന്റെ 25 ശതമാനത്തോളം വരും ഇത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യുകെയുടെ എയര്‍ സ്‌പേസില്‍ 736,800 കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ പറന്നിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 5683 ഫ്‌ളൈറ്റുകള്‍ അധികമാണ് ഇത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ എയര്‍ ട്രാഫിക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തിരക്കേറിയ ഒരു സമ്മറായിരുന്നു ഇതെന്നാണ് നാറ്റ്‌സ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജൂലിയറ്റ് കെന്നഡി പറയുന്നത്. പ്രതീക്ഷിക്കാത്ത വിധത്തിലുള്ള തിരക്ക് വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ നാറ്റ്‌സിന് കഴിഞ്ഞതായും അവര്‍ പറഞ്ഞു. സാങ്കേതിക മേഖലയില്‍ നടത്തിയ നിക്ഷേപങ്ങളും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ എയര്‍സ്‌പേസില്‍ മാറ്റങ്ങള്‍ വരുത്തിയതും ശരിയായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് സാഹചര്യമൊരുക്കി. യൂറോപ്പില്‍ നിലവിലുള്ള കപ്പാസിറ്റി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ശരിയായ വിധത്തില്‍ ട്രാഫിക് കൈകാര്യം ചെയ്യാന്‍ സാധിച്ചു. എന്നാല്‍ ഇനിയും ട്രാഫിക് വര്‍ദ്ധിക്കുമെന്നത് പ്രതീക്ഷിക്കണമെന്നും അവര്‍ വ്യക്തമാക്കി. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ എയര്‍ സ്‌പേസിന്റെ നിര്‍ണായക സ്ഥാനം വ്യക്തമാക്കുന്നതിനായി സ്‌കൈ ബൈ നംബേഴ്‌സ് എന്ന ഒരു ക്യാംപെയിനിന് നാറ്റ്‌സ് തുടക്കമിടുകയാണ്. യൂറോപ്പിന്റെ വിവിധ പ്രദേശങ്ങളിലെ തിരക്കേറിയ എയര്‍സ്‌പേസ് ഉയര്‍ത്തുന്ന ക്രഞ്ച് കപ്പാസിറ്റി ഒഴിവാക്കുന്നതിനായാണ് ഇത്. എസെക്‌സിന്റെ എയര്‍സ്‌പേസില്‍ ഇപ്പോള്‍ തന്നെ കപ്പാസിറ്റി പ്രശ്‌നങ്ങള്‍ ഏറെയാണ്.
വിന്റര്‍ പ്രതിസന്ധിയില്‍ ആടിയുലഞ്ഞ എന്‍എച്ച്എസ് അതില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ കാലാവസ്ഥ വീണ്ടും വില്ലനാകുന്നു. സമ്മറും എന്‍എച്ച്എസിന് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് യുകെയില്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളത് റെക്കോര്‍ഡ് ചൂടാണെന്ന മെറ്റ് ഓഫീസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്ക് വര്‍ദ്ധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ടിലെ ചില ഹോസ്പിറ്റലുകളിലെ എ ആന്‍ഡ് ഇകളില്‍ വ്യാഴാഴ്ച റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടത്. ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെട്ട ദിവസം കൂടിയായിരുന്നു ഇന്നലെ. ഹീത്രൂവില്‍ 35 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്ന് താപനില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനിലയായ 38.5 ഡിഗ്രിയേക്കാള്‍ ചൂട് ഇന്നുണ്ടായേക്കും. അതിനു പിന്നാലെ ഒരു തണ്ടര്‍‌സ്റ്റോമിന് സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. അന്തരീക്ഷ താപനില ഈ വിധത്തില്‍ വര്‍ദ്ധിക്കുന്നത് ഹൃദ്രോഗികള്‍ക്കും വൃക്ക, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ഈ രോഗങ്ങള്‍ കൂടുതല്‍ ഗുരുതരമാകാനും മരണം പോലും സംഭവിക്കാനുമുള്ള സാധ്യത ഏറെയാണ്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. ഹീറ്റ് വേവ് തുടരുന്ന പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് വിന്ററിലെ അതേ അവസ്ഥയിലേക്ക് തിരികെ വന്നിരിക്കുകയാണെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സാഫ്രോണ്‍ കോര്‍ഡി പറഞ്ഞു. ഹോസ്പിറ്റലുകളിലെയും കമ്യൂണിറ്റികളിലെയും ആംബുലന്‍സ് സര്‍വീസുകളിലെയും ജീവനക്കാരില്‍ കുറച്ചു പേര്‍ സിക്ക് ലീവിലാണ്. അതിലേറെപ്പേര്‍ ഹോളിഡേകള്‍ക്കായി പോയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. രോഗിളുടെ തിരക്ക് വര്‍ദ്ധിക്കുന്നതു മൂലം പ്ലാന്‍ഡ് ഓപ്പറേഷനുകള്‍ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ വീണ്ടും ഉണ്ടായിരിക്കുന്നതെന്നും എന്‍എച്ച്എസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.
യുകെ അഭിമുഖീകരിക്കുന്നത് കടുത്ത കുടിവെള്ളക്ഷാമമെന്ന് റിപ്പോര്‍ട്ട്. മഴയിലുണ്ടായ കുറവാണ് ഇതിന് കാരണം. ഇംഗ്ലണ്ടില്‍ ഹീറ്റ് വേവ് ശക്തമാകുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ജലക്ഷാമം മൂലം ഹോസ്‌പൈപ്പ് ബാന്‍ നേരത്തേ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. നോര്‍ത്ത് വെസ്റ്റിലെ വാട്ടര്‍ സപ്ലയറായ യുണൈറ്റഡ് യൂട്ടിലിറ്റീസ് ഇംഗ്ലണ്ടിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതിനായുള്ള ഉദ്യമത്തിലാണ്. വരും ദിവസങ്ങളിലും മഴയുണ്ടാകാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം. തങ്ങളുടെ റിസര്‍വോയറുകളിലെ ജലനിരപ്പ് പതിവിലും താഴെയാണെന്ന് കമ്പനിയുടെ വക്താവ് ഹെലന്‍ ആപ്‌സ് പറഞ്ഞു. ഈ സമയങ്ങളില്‍ കാണപ്പെടുന്ന നിരപ്പിനേക്കാള്‍ കുറവാണ് ഇപ്പോള്‍ കാണുന്നത്. ചൂട് കാലാവസ്ഥയില്‍ ഇത് പ്രതീക്ഷിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു. ആവശ്യം വര്‍ദ്ധിച്ചത് മൂലം ഉപഭോക്താക്കള്‍ക്ക് ശരിയായ വിധത്തില്‍ സപ്ലൈ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വെള്ളം ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മിക്കയാളുകളും അതിനനുസരിച്ച് ഉപയോഗത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എങ്കിലും ഉപയോഗം ഉയര്‍ന്ന നിരക്കിലാണ് നീങ്ങുന്നത്. അതിനാല്‍ ജനങ്ങള്‍ വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന നിര്‍ദേശം തുടര്‍ന്നും നല്‍കി വരികയാണെന്ന് അവര്‍ പറഞ്ഞു. മഴവെള്ള സംഭരണികളില്‍ നിന്നുള്ള വെള്ളവും ബാത്ത്ടടബ്ബുകളില്‍ നിന്ന് റീസൈക്കിള്‍ ചെയ്യുന്ന വെള്ളവും മറ്റും ഉപയോഗിച്ചു കൊണ്ട് പ്രതിസന്ധിയെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണമെന്ന് വാട്ടര്‍ സര്‍വീസ് റെഗുലേഷന്‍ അതോറിറ്റി മേധാവി റേച്ചല്‍ ഫ്‌ളെച്ചറും ആവശ്യപ്പെട്ടു. ഗാര്‍ഡനിംഗിനും കാര്‍ കഴുകാനും മറ്റും ടാപ്പ് വാട്ടര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
സമ്മര്‍ ഹോളിഡേകളില്‍ കുട്ടികള്‍ക്കായി മാതാപിതാക്കള്‍ ചെലവാക്കുന്നത് 600 പൗണ്ടിന് മുകളിലുള്ള തുകയെന്ന് സര്‍വേ. 16-07 വയസ് പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളായ 1000 പേരില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ഒരു കുട്ടിക്ക് വേണ്ടി മാത്രം ഒരാഴ്ച 103.11 പൗണ്ട് ചെലവാകുമെന്ന് കണ്ടെത്തി. അപ്രകാരം ആറാഴ്ച നീളുന്ന സമ്മര്‍ അവധിക്കാലത്ത് 618.66 പൗണ്ട് ശരാശരി ചെലവാകുമെന്നാണ് കണക്കാക്കുന്നത്. സമ്മര്‍ അവധിയില്‍ തങ്ങളുടെ കുടുംബ വരുമാനത്തിന്റെ 20 ശതമാനത്തോളം കുട്ടികള്‍ക്കു വേണ്ടി ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത ചിലര്‍ വെളിപ്പെടുത്തി. കുട്ടികള്‍ ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍ സ്‌ക്രീനുകളില്‍ നിന്ന് പുറത്തേക്ക് പോകുമെന്നതാണ് സമ്മര്‍ അവധി ദിനങ്ങളില്‍ രക്ഷിതാക്കള്‍ ആശ്വസിക്കുന്നത്. എന്നാല്‍ അത് തങ്ങളുടെ സമ്പാദ്യത്തെ ബാധിക്കാത്ത വിധത്തിലാകാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് നാഷണല്‍ സിറ്റിസണ്‍ സര്‍വീസ് നടത്തിയ സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. കുട്ടികള്‍ക്കായി ഗവണ്‍മെന്റ് ഫണ്ടഡ് സമ്മര്‍ പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. 50 പൗണ്ട് മാത്രം ചെലവു വരുന്ന ഈ പരിപാടികള്‍ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും സമൂഹത്തില്‍ കൂടുതല്‍ സജീവമാകാന്‍ അവരെ സഹായിക്കുകയും ചെയ്യും. വര്‍ഷത്തിലെ മറ്റു സമയങ്ങളെ അപേക്ഷിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും ഉല്ലാസത്തിനായി സമ്മറില്‍ കൂടുതല്‍ പണം ചെലവാക്കാറുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം പേര്‍ വെളിപ്പെടുത്തി. ഇതിനായുള്ള പണം കൈവശമുണ്ടാകുമോ എന്ന ആശങ്കയുള്ളവരാണ് 58 ശതമാനം ആളുകള്‍. കുട്ടികളുടെ സന്തോഷത്തിനായി കുറച്ച് അധികം പണം ചെലവാക്കുന്നതില്‍ ബുദ്ധിമുട്ടില്ലാത്തവരാണ് 25 ശതമാനം ആളുകളെന്നും സര്‍വേ വ്യക്തമാക്കുന്നു.
സമ്മര്‍ കനത്തതോടെ ബ്രിട്ടനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഹീറ്റ് വേവ് എത്തിയതിനു പിന്നാലെ വീടുകളിലും സ്‌കൂളുകളിലും കുടിവെള്ളക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ലക്ഷക്കണക്കിന് ഗ്യാലന്‍ വെള്ളം ഇവിടങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് മറ്റു പ്രദേശങ്ങളില്‍ ക്ഷാമത്തിനു കാരണമാകുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ ആറ് പ്രദേശങ്ങളില്‍ പ്രതിസന്ധി രൂക്ഷമായിരുന്നുവെന്നാണ് വിവരം. റിസര്‍വോയറുകളിലെ ജലക്ഷാമം മൂലം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹോസ്‌പൈപ്പ് നിരോധനവും നടപ്പിലാക്കിയിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങളും പ്രതിസന്ധി രൂക്ഷമാക്കി. ഹാംപ്ഷയറിലെ ഹാല്‍സ്‌മെയറില്‍ ജലവിതരണം വൈദ്യുതി തടസത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം നിലച്ചു. ബ്ലാക്ക്ഡൗണ്‍ റിസര്‍വോയറിലാണ് പ്രതിസന്ധിയുണ്ടായത. പ്രശ്‌നപരിഹാരത്തിനായി എന്‍ജിനീയര്‍മാര്‍ ശ്രമിക്കുന്നതിനിടെ പ്രദേശത്തെ പ്രായമായവര്‍ക്ക് എമര്‍ജന്‍സി വാട്ടര്‍ ബോട്ടിലുകള്‍ വിതരണം ചെയ്തു. പിന്നീട് പുലര്‍ച്ചെ 2 മണിയോടെയാണ് ജലവിതരണം പുനസ്ഥാപിച്ചത്. എന്നാല്‍ ജനങ്ങള്‍ക്ക് ലഭിച്ചത് ചെളിവെള്ളമാണെന്ന് പരാതിയുണ്ട്. ഇതേക്കുറിച്ച് ശരിയായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നില്ലെന്നും പരാതികള്‍ ഉയരുന്നു. വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത പ്രായമായവരാണ് പരാതിയുമായി രംഗത്തെത്തിയത്. വാട്ടര്‍ ബില്‍ ഇനത്തില്‍ കനത്ത തുകയാണ് തങ്ങള്‍ നല്‍കുന്നതെന്നും അതുകൊണ്ടു തന്നെ പ്രായമായവര്‍ക്ക് ഇത്തരം പ്രതിസന്ധികളെക്കുറിച്ച് ശരിയായ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആന്‍ ഹാക്ക് എന്ന സ്ത്രീ പറഞ്ഞു. ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ അറിയിക്കാന്‍ വേണ്ട സംവിധാനങ്ങളില്ലെന്ന് മറ്റൊരു പെന്‍ഷനറും അറിയിച്ചു. ജലക്ഷാമം മൂലം ചില സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.
RECENT POSTS
Copyright © . All rights reserved