supreme court
ന്യൂഡല്‍ഹി: എംജി സര്‍വകലാശാല വിസി സ്ഥാനത്ത് ഡോ.ബാബു സെബാസ്റ്റിയന് മെയ് 4 വരെ തുടരാന്‍ അനുമതി. സുപ്രീം കോടതിയാണ് ഈ അനുമതി നല്‍കിയത്. ബാബു സെബാസ്റ്റിയനെ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയത്. വിസിയുടെ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതില്‍ ക്രമക്കേടുണ്ടെന്നും വൈസ് ചാന്‍സലറെ തിരഞ്ഞെടുത്ത നടപടികളില്‍ അപാകതകളുണ്ടായിരുന്നെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് യൂണിവേഴ്സിറ്റിയുമായി ബന്ധം പാടില്ലെന്നാണ് ചട്ടം. ഇത് പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. കേസ് മെയ് നാലിന് വീണ്ടും പരിഗണിക്കും.
ന്യൂഡല്‍ഹി: മുസ്ലീം സമുദായത്തില്‍ നിലവിലുള്ള ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. മുത്തലാഖ് വിധിക്കു ശേഷം സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു. മുസ്ലീം സമുദായത്തിലെ ഈ രീതികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഒരു ഭാര്യയുണ്ടായിരിക്കുമ്പോള്‍ മുസ്ലീം പുരുഷന്‍മാര്‍ വീണ്ടും വിവാഹം കഴിക്കുന്നത്. അനുവദിക്കരുതെന്നും ഹര്‍ജികള്‍ ആവശ്യപ്പെടുന്നു. സ്ത്രീകള്‍ക്ക് ഇത്തരം അവകാശങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ഇവ സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നവയാണെന്നും ഹര്‍ജികള്‍ പറയുന്നു. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം അതേ സ്ത്രീയെ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് ബന്ധം വേര്‍പെടുത്തേണ്ടതുണ്ട്. ഇതിനെയാണ് നിക്കാഹ് ഹലാല എന്ന് പറയുന്നത്. ഈ ആചാരവും ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജികള്‍ വാദിക്കുന്നത്.
ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതകളില്‍ കള്ളു ഷാപ്പുകള്‍ തുറക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി. ഉപാധികളോടെയാണ് സുപ്രീം കോടതി ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിലെ കള്ള് ഷാപ്പ് ഉടമസ്ഥരും തൊഴിലാളികളും സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. വിദേശമദ്യശാലകളുടെ നിരോധനം ഇളവു ചെയ്തുകൊണ്ടുള്ള വിധി കള്ളു ഷാപ്പുകള്‍ക്കും ബാധകമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ദേശീയ സംസ്ഥാന പാതകളിലെ 520 കള്ളുഷാപ്പുകളാണ് ഇപ്പോള്‍ പൂട്ടിക്കിടക്കുന്നത്. പുതിയ ഉത്തരവ് വന്നതോടെ ഇവയില്‍ മിക്ക ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഏതൊക്കെ ഷാപ്പുകള്‍ തുറക്കണമെന്നത് സംബന്ധിച്ച തീരുമാനം എടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനായിരിക്കും. തുറക്കാനുള്ള അനുമതിക്കായി ഷാപ്പുടമകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. നിലവില്‍ പൂട്ടിക്കിടക്കുന്ന മുഴുവന്‍ ഷാപ്പുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് ഷാപ്പുടമകളുടെ പ്രതീക്ഷ. പഞ്ചായത്തുകളുടെ കീഴിലുള്ള നഗര പ്രദേശങ്ങളിലെ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ വിധിയില്‍ ഇളവ് വരുത്താമെന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കോടതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്ത് ദയാവധം നടപ്പിലാക്കുന്നതിന് സുപ്രീം കോടതി അനുമതി. ഉപാധികളോടെയാണ് പുതിയ അനുമതി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന തീരുമാനം കൈകൊണ്ടിരിക്കുന്നത്. യാതൊരുവിധ ചികിത്സയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കില്ലെന്ന് ഡോക്ടര്‍മാര്‍ തീര്‍പ്പിച്ചു പറഞ്ഞിരിക്കുന്ന രോഗികള്‍ മരണ താത്പര്യം അറിയിക്കുകയാണെങ്കില്‍ ദയാവധത്തിന് അനുമതി നല്‍കാമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ വിധി. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമെ ദയാവധം നടപ്പിലാക്കാന്‍ കഴിയൂ. ഒരു വ്യക്തി മരണ താത്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെയും അതിനു ശേഷം ഹൈക്കോടതിയുടെയും അനുമതിക്കായി കാത്തു നില്‍ക്കേണ്ടി വരും. മരുന്ന് കുത്തിവെച്ചുള്ള മരണത്തിന് കോടതി അനുമതി നല്‍കിയിട്ടില്ല. മറിച്ച് നിഷ്‌ക്രിയ മരണം തെരെഞ്ഞെടുക്കാനുള്ള അവകാശത്തിന് മാത്രമെ അനുമതി നല്‍കുകയുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു. ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിനൊപ്പം പുതിയ മാര്‍ഗ നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. അന്തസ്സോടെ മരിക്കുന്നത് മനുഷ്യന്റെ അവകാശമാണെന്നും വിധി പ്രസ്താവിച്ച കോടതി വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഷെഫിന്‍ ജഹാനും ഹാദിയയുമായുള്ള വിവാഹം പരസ്പര സമ്മതത്തോടെയുള്ളതാണ്. കോടതിയില്‍ നല്‍കിയിരിക്കുന്നത് ബലാല്‍സംഗക്കേസല്ലെന്നും കോടതി വ്യക്തമാക്കി. വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്ന ആരോപണമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി വ്യക്തമാക്കി. ഹാദിയയെ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അച്ഛന്‍ അശോകന്‍ മറുപടി നല്‍കണം. മറുപടി നല്‍കാന്‍ എന്‍ഐഎയ്ക്കും സമയം നല്‍കി. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് എട്ടിലേക്ക് കോടതി മാറ്റി. രാഹുല്‍ ഈശ്വറിന് എതിരായി ഉന്നയിച്ച ആരോപണങ്ങള്‍ ഹാദിയ പിന്‍വലിച്ചിട്ടുമുണ്ട്. മാതാപിതാക്കള്‍ക്കെതിരെ രൂക്ഷമായ ആരോപണണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം ഹാദിയ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് പിതാവ് അശോകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് നേരത്തേ തള്ളിയിരുന്നു. താന്‍ മുസ്‌ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹാദിയ സത്യവാങ്മൂലം നല്‍കിയത്. സ്വന്തം ഇഷ്ടപ്രകാരമാണു ഇസ്‌ലാം മതം സ്വീകരിച്ചതും ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു. വീട്ടു തടങ്കലിലായിരുന്ന സമയത്ത് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി തനിക്ക് തന്നിരുന്നെന്നും അത് മനസിലായതോടെ സ്വയം പാചകം ചെയ്ത് കഴിക്കുകയായിരുന്നു താനെന്നും ഹാദിയ ബോധിപ്പിച്ചിരുന്നു. ആറുമാസത്തെ വീട്ടുതടങ്കലില്‍ ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചു. മാനസാന്തരമുണ്ടാക്കാന്‍ ബാഹ്യശക്തികളുടെ നിരന്തര പ്രേരണയുണ്ടായി. സുരക്ഷാചുമതലയുണ്ടായിരുന്ന വൈക്കം ഡിവൈഎസ്പി കൈചൂണ്ടി ഭീഷണിപ്പെടുത്തി. എന്‍ഐഐ ഉദ്യോഗസ്ഥര്‍ ഭീകരബന്ധമുളളയാളെന്ന മട്ടില്‍ പെരുമാറിയെന്നും ഹാദിയ ആരോപിച്ചിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved