surgery
ശരീരത്തില്‍ അപകടകരമായ വിധത്തില്‍ അലൂമിനിയം നിക്ഷേപിക്കുന്നുവെന്ന ആശങ്കയെത്തുടര്‍ന്ന് ശസ്ത്രക്രിയാ ഉപകരണത്തിന്റെ ഉപയോഗം നിര്‍ത്തിവെച്ച് ആശുപത്രികള്‍. എന്‍ഫ്‌ളോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉപകരണം ശസ്ത്രക്രിയക്കിടെ രോഗികളുടെ ശരീരത്തിലേക്ക് കുത്തിവെക്കുന്ന ദ്രവങ്ങള്‍ ശരീര താപനിലയിലേക്ക് എത്തിക്കാനാണ് ഉപയോഗിക്കുന്നത്. ഈ വിധത്തില്‍ നല്‍കുന്ന ശരീര ദ്രവങ്ങളില്‍ നടത്തിയ പരിശോധനകളില്‍ അനുവദനീയമായതിലും ഉയര്‍ന്ന നിരക്കില്‍ അലൂമിനിയത്തിന്റെ അംശം കണ്ടെത്തിയതോടെയാണ് എന്‍ഫ്‌ളോ പ്രതിക്കൂട്ടിലായത്. ഇത്രയും ഉയര്‍ന്ന അളവില്‍ അലൂമിനിയം ശരീരത്തിലെത്തിയാല്‍ മാസം തികയാതെ ജനിച്ചതുള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് മസ്തിഷ്‌ക തകരാറുകള്‍ ഉണ്ടായേക്കാം. ഈ ആശങ്ക ഉയരുന്നതിന്റെ അടിസ്ഥാനത്തില്‍ റോയല്‍ മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലും സാല്‍ഫോര്‍ഡ് റോയലും എന്‍ഫ്‌ളോയുടെ ഉപയോഗം നിര്‍ത്തി വെച്ചിരിക്കുകയാണ്. യുകെയില്‍ നിരവധി ആശുപത്രികളില്‍ ഈ ഉപകരണം ഉപയോഗിച്ചു വരുന്നുണ്ട്. ഇത്രയും അളവില്‍ അലൂമിനിയം മനുഷ്യ ശരീരത്തില്‍ എത്തുകയെന്നത് തീര്‍ച്ചയായും ഭീതിയുളവാക്കുന്ന കാര്യമാണെന്നും ആശുപത്രികള്‍ ഈ ഉപകരണത്തിന്റെ ഉപയോഗത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും മാഞ്ചസ്റ്റിലെ വിഥിന്‍ഷോ ഹോസ്പിറ്റലില്‍ അനസ്‌തെറ്റിസ്റ്റായ മൈക്കിള്‍ ചാള്‍സ് വര്‍ത്ത് പറയുന്നു. വിഷയം ജനുവരി 2ന് ഹെല്‍ത്ത് റെഗുലേറ്ററായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ റെഗുലേറ്ററി ഏജന്‍സിയെ (എംഎച്ച്ആര്‍എ) ധരിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് റെഗുലേറ്റര്‍ അറിയിക്കുന്നത്. ശസ്ത്രക്രിയകള്‍ക്കിടെ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന രക്തം തിരികെ നല്‍കുന്നതിനും നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിനുമാണ് ശരീര ദ്രവങ്ങള്‍ നല്‍കുന്നത്. ഹൈപ്പോതെര്‍മിയ എന്ന ശരീര താപനില നഷ്ടമാകുന്ന അവസ്ഥ ഒഴിവാക്കുന്നതിനാണ് കുത്തിവെക്കുന്നതിനു മുമ്പായി ഇവയെ ശരീര താപനിലയിലേക്ക് എത്തിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ വൈയാര്‍ മെഡിക്കല്‍ ആണ് എന്‍ഫ്‌ളോയുടെ നിര്‍മാതാക്കള്‍. അമേരിക്കയിലും യൂറോപ്പിലും ഒരു ദശാബ്ദത്തിലേറെയായി ഉപയോഗിച്ചു വരുന്ന ഈ ഉപകരണം യുകെ ആശുപത്രികളില്‍ ദിവസേന ആയിരക്കണക്കിന് ശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചില ഉപകരണങ്ങളില്‍ ഹീറ്റിംഗ് എലമെന്റ് ഒരു ബയോകോംപാറ്റിബിള്‍ വസ്തിവിനാല്‍ പൊതിഞ്ഞിരിക്കും. എന്‍ഫ്‌ളോയില്‍ ദ്രവങ്ങള്‍ ലോഹഭാഗങ്ങളില്‍ നേരിട്ട് സ്പര്‍ശിക്കുന്നുണ്ട്. ഇതായിരിക്കാം ലോഹ മലിനീകരണത്തിന് കാരണമാകുന്നതെന്നാണ് നിഗമനം.
എന്‍എച്ച്എസ് ആശുപത്രികള്‍ ശസ്ത്രക്രിയാ ടാര്‍ജറ്റുകള്‍ നേടാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ജിപി റഫറലുകളുടെ അടിസ്ഥാനത്തില്‍ ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കായി എത്തുന്ന രോഗികള്‍ ഇപ്പോള്‍ പരമാവധി പരിധിയായ 18 ആഴ്ചകള്‍ക്കും ശേഷവും ചികിത്സ ലഭിക്കാതെ കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നോണ്‍-അര്‍ജന്റ് ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നാലര മാസത്തിനു മേല്‍ ചികിത്സ കാത്തിരിക്കുന്നവരുടെ എണ്ണം 500,068 ആയതായാണ് കണക്ക്. 2008 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. 2016 ഫെബ്രുവരിക്ക് ശേഷം ആശുപത്രികള്‍ക്ക് ശസ്ത്രക്രിയകള്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രിലില്‍ ആറു മാസത്തെ കാത്തിരിപ്പ് സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കാനായത് 87.5 ശതമാനം രോഗികള്‍ക്ക് മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അര മില്യനിലേറെ രോഗികള്‍ ഇപ്പോഴും ചികിത്സ ലഭിക്കാതെ കാത്തിരിക്കുകയാണെന്നത് വളരെ ദുഃഖകരമാണെന്ന് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് വൈസ് പ്രസിഡന്റ് ഇയാന്‍ ഏര്‍ഡ്‌ലി പറഞ്ഞു. 2008ലുണ്ടായതിനൊപ്പമാണ് എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകള്‍. മുന്‍നിര ജീവനക്കാര്‍ കഠിനമായി ശ്രമിച്ചിട്ടും ഇപ്രകാരം സംഭവിക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇവരില്‍ ഭൂരിപക്ഷം ആളുകളും ഒരു കണ്‍സള്‍ട്ടന്റ് ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയിലുള്ളവരാണ്. ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടവരാണ് ഇവരില്‍ മിക്കവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിന്റര്‍ സമ്മര്‍ദ്ദം മൂലമുണ്ടായ ഈ വലിയ ബാക്ക്‌ലോഗില്‍ നിന്ന് എങ്ങനെ പുറത്തു കടക്കാനാണ് എന്‍എച്ച്എസ് പദ്ധതിയെന്നത് അവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കാലേയ്: വിന്റര്‍ ക്രൈസിസില്‍ ശസ്ത്രക്രിയകള്‍ മാറ്റിവെക്കപ്പെട്ട എന്‍എച്ച്എസ് രോഗികള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ഫ്രഞ്ച് ആശുപത്രി. കാലേയിലെ ദി സെന്റര്‍ ഹോസ്പിറ്റലിയര്‍ ആണ് രോഗികള്‍ക്ക് അടിയന്തര ചികിത്സ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. രോഗികളെ നാലാഴ്ചക്കുള്ളില്‍ രോഗികളെ കാണാമെന്നും ശസ്ത്രക്രിയകള്‍ നടത്താമെന്നുമാണ് വാഗ്ദാനം. സൗത്ത് കെന്റ് കോസ്റ്റല്‍ ക്ലിനിക്കല്‍ കമ്മീഷനിംഗ് ഗ്രൂപ്പും എന്‍എച്ച്എസുമായി 2016ല്‍ ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇതനുസരിച്ച് ഇരു രാജ്യങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ രണ്ട് രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ചികിത്സ ലഭ്യമാകും. എന്‍എച്ച്എസ് ആശുപത്രികള്‍ മാറ്റിവെച്ച ശസ്ത്രക്രിയകള്‍ കാലേയിലെ ആശുപത്രിയില്‍ നടത്താന്‍ സാധിക്കുമെന്നും അതിനുള്ള ശേഷി ആശുപത്രിക്ക് ഉണ്ടെന്നും കാലേയ് സെന്ററില്‍ നിന്നുള്ള അറിയിപ്പ് വ്യക്തമാക്കുന്നു. ചികിത്സാച്ചെലവുകള്‍ എന്‍എച്ച്എസ വഹിക്കുമെങ്കിലും രോഗികള്‍ ഇംഗ്ലീഷ് ചാനലിലൂടെ യാത്ര ചെയ്ത് കാലേയിലെത്തണം. യൂറോസ്റ്റാര്‍ ടെര്‍മിനലിന് തൊട്ടടുത്താണ് ആശുപത്രി സ്ഥിതിചെയ്യുന്നത്. ഈ ആശുപത്രിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ജീവനക്കാര്‍ ഉണ്ടെന്നതും പോസ്റ്റ ഓപ്പറേറ്റീവ് ഫോളോഅപ്പുകള്‍ ഇംഗ്ലീഷില്‍ ലഭ്യമാകുമെന്നതും രോഗികള്‍ക്ക് സഹായകമാകും. 500 രോഗികളെ പ്രവേശിപ്പിക്കാന്‍ ശേഷിയുള്ള ആശുപത്രിയാണ് ഇത്. അടിയന്തരമല്ലാത്ത എന്നാ ശസ്ത്രക്രിയകളും വിന്റര്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് മാറ്റിവെച്ചിരുന്നു. 55,000 ശസ്ത്രക്രിയകള്‍ ഫെബ്രുവരി വരെയാണ് മാറ്റിവെച്ചിരിക്കുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ എത്തുന്ന അവശനിലയിലുള്ള രോഗികള്‍ക്കും മറ്റ് അസുഖങ്ങള്‍ ബാധിച്ച് എത്തുന്ന ക്യാന്‍സര്‍ രോഗികള്‍ക്കും ആവശ്യമായ പരിചരണം നല്‍കുന്നതിന് വാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനായാണ് ശസത്രക്രിയകള്‍ മാറ്റിവെച്ചത്. ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞു കവിയുകയാണ്.
RECENT POSTS
Copyright © . All rights reserved