Syria
2015ല്‍ ഈസ്റ്റ് ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് കടന്ന് ഐസിസില്‍ ചേര്‍ന്ന ബ്രിട്ടീഷ് സ്‌കൂള്‍ കുട്ടി ഷമീമ ബീഗത്തിന് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങണം! ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഷമീമ ഇക്കാര്യം അറിയിച്ചത്. മൂന്ന് പെണ്‍കുട്ടികളാണ് 2015ല്‍ സിറിയയിലേക്ക് കടന്നത്. ഇപ്പോള്‍ 19 വയസുള്ള ഷമീമ 9 മാസം ഗര്‍ഭിണിയാണ്. കുട്ടിക്ക് ജന്മം നല്‍കാന്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇവളുടെ ആഗ്രഹം. അതേസമയം തീവ്രവാദി സംഘത്തില്‍ ചേര്‍ന്നതില്‍ തനിക്ക് ഖേദമില്ലെന്നും ഷമീമ പറഞ്ഞു. സിറിയയിലെ അഭയാര്‍ത്ഥി ക്യാംപില്‍ വെച്ചാണ് ടൈംസുമായി ഷമീമ സംസാരിച്ചത്. നേരത്തേ താന്‍ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നുവെന്നും രണ്ടു കുട്ടികളും മരിച്ചെന്നും ഷമീമ പറഞ്ഞു. തനിക്കൊപ്പം എത്തിയ രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തു സംഭവിച്ചു എന്ന കാര്യം അറിയില്ലെന്നും ഷമീമ വ്യക്തമാക്കി. ഛേദിക്കപ്പെട്ട ശിരസുകള്‍ ബിന്നുകളില്‍ കിടക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടില്ലെന്നും അവള്‍ പറയുന്നു. ബെത്ത്‌നാള്‍ ഗ്രീന്‍ അക്കാഡമി വിദ്യാര്‍ത്ഥിനികളായിരുന്ന ഷമീമ ബീഗം, അമീറ അബേസ് എന്നിവര്‍ക്ക് സിറിയയിലേക്ക് പോകുമ്പോള്‍ 15 വയസായിരുന്നു പ്രായം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഖദീജ സുല്‍ത്താനയ്ക്ക് 16 വയസും. ഗാറ്റ്വിക്കില്‍ നിന്ന് തുര്‍ക്കിയിലേക്കാണ് ഇവര്‍ ആദ്യം പോയത്. പിന്നീട് ഇവിടെ നിന്ന് അതിര്‍ത്തി കടന്ന് സിറിയയിലെത്തി. റഖയിലെത്തിയപ്പോള്‍ ഐസിസ് വധുക്കളാകാന്‍ എത്തിയവര്‍ക്കൊപ്പം ഒരു വീട്ടിലാണ് ഇവര്‍ താമസിച്ചത്.20-25 വയസുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് താന്‍ അപേക്ഷിച്ചതെന്ന് ഷമീമ പറഞ്ഞു. പത്തു ദിവസത്തിനു ശേഷം 27 കാരനായ ഇസ്ലാമിലേക്ക് മതം മാറിയെത്തിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചു. ഇയാള്‍ക്കൊപ്പമാണ് പിന്നീട് താന്‍ കഴിയുന്നതെന്നും കിഴക്കന്‍ സിറിയയില്‍ ഐസിസിന്റെ അവസാന താവളമായ ബാഗൂസില്‍ നിന്ന് രണ്ടാഴ്ച മുമ്പ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷമീമ വ്യക്തമാക്കി. സിറിയന്‍ പോരാളികളുടെ ഒരു സംഘത്തിനു മുന്നില്‍ തന്റെ ഭര്‍ത്താവ് കീഴടങ്ങി. ഇപ്പോള്‍ വടക്കന്‍ സിറിയയിലെ ഒരു അഭയാര്‍ത്ഥി ക്യാംപിലാണ് ഇവള്‍ താമസിക്കുന്നത്. 39,000ത്തോളം അഭയാര്‍ത്ഥികളാണ് ഈ ക്യാംപിലുള്ളത്. റഖയിലെ ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ സാധാരണ ജീവിതമായിരുന്നു അവിടെ തങ്ങള്‍ നയിച്ചിരുന്നതെന്ന മറുപടിയാണ് ഷമീമ നല്‍കിയത്. ഒരു തടവുകാരന്റെ തല ഛേദിക്കപ്പെട്ട നിലയില്‍ താന്‍ കണ്ടിട്ടുണ്ട്. പക്ഷേ അത് ഇസ്ലാമിന്റെ ശത്രുവിന്റെ തലയായിരുന്നു. ഒരു മുസ്ലീം സ്ത്രീയോട് അയാള്‍ എന്തു ചെയ്യുമായിരുന്നു എന്നു മാത്രമാണ് അപ്പോള്‍ താന്‍ ചിന്തിച്ചതെന്നും ഷമീമ പറഞ്ഞു.
സിറിയയെ ആക്രമിക്കാന്‍ യുഎന്‍ അനുമതിക്കായി കാത്ത് നില്‍ക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ജനങ്ങള്‍ക്ക് നേരെ രാസായുധങ്ങള്‍ പ്രയോഗിക്കുന്ന സിറിയന്‍ ഭരണകൂടത്തെ ആക്രമിക്കാന്‍ യുഎന്‍ അനുമതിക്കായി ശ്രമിക്കുന്നത് ബ്രീട്ടീഷ് ഫോറിന്‍ പോളിസിക്കുമേല്‍ വീറ്റോ അധികാരം പ്രയോഗിക്കാന്‍ റഷ്യയ്ക്ക് അവസരമൊരുക്കുമെന്നും അത്തരമൊരു സാഹചര്യമുണ്ടാക്കില്ലെന്നും മെയ് വ്യക്തമാക്കി. ദൗമയിലെ വിമത കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് സിറിയന്‍ ഭരണകൂടം നടത്തിയ രാസായുധാകമണങ്ങളെ സംബന്ധിച്ച തെളിവ് ശേഖരണം നടത്തുന്നതിനായി വിദ്ഗദ്ധരെ അനുവദിക്കാത്തതിന് പിന്നില്‍ റഷ്യന്‍ കൈകളാണെന്നും മേയ് ആരോപിക്കുന്നു. ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തോടപ്പം ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നും ബ്രിട്ടന്‍ ആരോപിച്ചു. മനുഷ്യത്വരഹിതമായ നടപടിയെന്നാണ് സിറിയന്‍ ആക്രമണത്തെ മേയ് വിശേഷിപ്പിച്ചത്. കോമണ്‍സില്‍ നടന്ന ചൂടേറിയ വാദപ്രതിവാദങ്ങളില്‍ അമേരിക്കയോടും ഫ്രാന്‍സിനോടും ഒപ്പം ചേര്‍ന്ന് സിറിയന്‍ രാസായുധ കേന്ദ്രം ആക്രമിച്ച നടപടിയെ ന്യായീകരിച്ച് മേയ് രംഗത്ത് വന്നു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്നും സിറിയയെ പിന്തിരിപ്പിക്കാന്‍ അത്തരമൊരു പ്രതികരണം അനിവാര്യമായിരുന്നുവെന്ന് മേയ് പറഞ്ഞു. സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച് നിരവധി എംപിമാര്‍ രംഗത്ത് വന്നു. നിയമങ്ങള്‍ പാലിച്ചുകൊണ്ടു തന്നെയാണ് സിറിയയില്‍ ആക്രമണം നടത്തിയിരിക്കുന്നത്. കൃത്യവും വ്യക്തവുമായ ധാരാളം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ കഴിയൂ. എന്നാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പാകത്തിലുള്ള വിവരങ്ങളല്ല ഇവയെന്നും മേയ് പറഞ്ഞു. സിറിയയിലെ നിലവിലെ സ്ഥിതിഗതികളും യുകെ സര്‍ക്കാരിന്റെ നടപടിയും വിലയിരുത്തി നടത്തിയ വോട്ടെടുപ്പില്‍ മേയ് ഗവണ്‍മെന്റ് 314 വോട്ടുകള്‍ നേടി. അതേസമയം സിറിയയില്‍ ആക്രമണം നടത്തിയ നടപടി നിയപരമായി ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ വ്യക്തമാക്കി. ആക്രമണങ്ങള്‍ നടത്തുന്നതിന് മുന്‍പ് തന്നെ പാര്‍ലമെന്റിന്റെ അനുമതി തേടാവുന്നതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. സിറിയയില്‍ സമാധാനം കൊണ്ടുവരുന്നതുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള യുകെയുടെ അവസരമാണ് ആക്രമണത്തോടുകൂടി ഇല്ലാതായിരിക്കുന്നത്. ഡിപ്ലോമാറ്റിക് ശ്രമങ്ങള്‍ക്ക് ഇനി സാധ്യതയില്ലെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു. വിമത കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് സിറിയന്‍ ഭരണകൂടം നടത്തിയ രാസായുധ ആക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്റെയും റഷ്യയുടെയും സഹായത്തോടെയാണ് സിറിയന്‍ ഭരണകൂടം ഇപ്പോള്‍ ആക്രമണങ്ങള്‍ നടത്തുന്നത്.
സിറിയന്‍ സൈന്യം വീണ്ടും രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ തുനിഞ്ഞാല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് അമേരിക്ക. കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്ക സജ്ജമാണെന്ന് യുഎന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനിടെയാണ് യുഎസ് അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും സംയുക്തമായി സിറിയയില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. അസദ് ഭരണകൂടം വീണ്ടും രാസായുധം പ്രയോഗിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ആക്രമണം നടത്താന്‍ സഹായം നല്‍കിയ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സൈന്യത്തിന് ട്രംപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വിമതരെ നേരിടുന്നതിനാവശ്യമായ സാമ്പത്തിക സഹായം സിറിയന്‍ ഭരണകൂടത്തിന് നല്‍കുന്നത് റഷ്യയും ഇറാനുമാണ്. 2013ല്‍ സിറിയലുള്ള രാസായുധങ്ങള്‍ പൂര്‍ണമായും തുടച്ച് നീക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമീപകാലത്തെ ആക്രണങ്ങള്‍ വിലയിരുത്തുമ്പോള്‍ റഷ്യ വാക്ക് പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി വ്യക്തമാകുന്നതായി ട്രംപ് പറഞ്ഞു. സിറിയയില്‍ ആഭ്യന്തരയുദ്ധം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. രാജ്യത്തെ സമാധാനം തിരിച്ചു പിടിക്കുന്നതില്‍ റഷ്യയ്ക്ക് സഹായം ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. അസദ് ഭരണകൂടം നടത്തുന്ന കുറ്റകൃത്യങ്ങളെ മറച്ചുവെക്കാന്‍ റഷ്യ കൂട്ടുനില്‍ക്കുകയാണെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ അമേരിക്കന്‍ അംബാസഡര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 50 തവണ അസദ് സൈന്യം രാസായുധം ഉപയോഗിച്ചതായും അംബാസഡര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയുടെത് ധിക്കാര നടപടിയാണെന്ന് റഷ്യ തിരിച്ചടിച്ചു. നേരത്തെ സിറിയയില്‍ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മോസ്‌കോ രംഗത്ത് വന്നിരുന്നു. രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജമാണ്. സിറിയയില്‍ അത്തരം ആക്രമണങ്ങള്‍ നടന്നിട്ടില്ലെന്നും മോസ്‌കോ വ്യക്തമാക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് റഷ്യ പിന്തുണ നല്‍കുന്നത് ശരിയല്ലെന്ന് ആരോപിച്ച് ലോക രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. ജനങ്ങള്‍ക്ക്‌മേല്‍ രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ മുതിര്‍ന്നാല്‍ റഷ്യയും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സിറിയയില്‍ ആക്രമണം നടത്തിയ അമേരിക്കന്‍ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യ വിമര്‍ശിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ആക്രമണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് അമേരിക്കയും ബ്രിട്ടണും ഫ്രാൻസും സിറിയയിൽ വൻ ആക്രമണം നടത്തി. 110 മിസൈലുകളാണ് സിറിയയുടെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കുന്നതിനായി ഉപയോഗിച്ചത്. സിറിയയിലെ കെമിക്കൽ വെപ്പൺ ഫസിലിറ്റികളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. സിറിയയിലെ ഡ്യൂമയിൽ സിറിയൻ ഗവൺമെന്റ് സേന വിമത വിഭാഗത്തിനെതിരെ രാസായുധങ്ങൾ പ്രയോഗിച്ചുവെന്നാരോപിച്ചാണ് അമേരിക്കയും ബ്രിട്ടണും ഫ്രാൻസും ആക്രമണം നടത്തിയത്. സിറിയയുടെ മേൽ മിസൈൽ ആക്രമണം നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം പ്രകോപനപരമാണെന്ന് റഷ്യ പ്രതികരിച്ചു. റഷ്യൻ മിലിട്ടറി സിറിയൻ ഗവൺമെന്റിനൊപ്പം ഭീകരർക്കെതിരെ പോരാടുകയാണെന്നും ആ നീക്കത്തെ തുരങ്കം വയ്ക്കുന്ന നീക്കങ്ങൾ അസ്വീകാര്യമാണെന്നും റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ തിരിച്ചടിയ്ക്കുമെന്ന ആശങ്കയിലാണ് മറ്റുലോകരാജ്യങ്ങൾ. ഇന്ന് രാവിലെ കടലിൽ നിന്നും ആകാശത്തു നിന്നും ഒരേ സമയമായിരുന്നു മിസൈലുകൾ തൊടുത്തത്. നിരവധി മിസൈലുകൾ സിറിയൻ ആർമി ആകാശത്തു വച്ചു തന്നെ തകർത്തതായാണ് വിവരം. ആക്രമണത്തിൽ സിറിയൻ ഭാഗത്ത് എത്രമാത്രം നാശനഷ്ടം ഉണ്ടായെന്ന് വ്യക്തമല്ല. അമേരിക്കയും ബ്രിട്ടണും ഫ്രാൻസും നടത്തിയ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ഇറാൻ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റും ഫ്രഞ്ച് പ്രസിഡൻറും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ക്രിമിനലുകളാണെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനി പ്രഖ്യാപിച്ചു. യുൻ സെക്യൂരിറ്റി കൗൺസിന്റെ അടിയന്തിര യോഗം വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ആക്രമണത്തെ ജർമ്മനി ഡച്ചും സ്വാഗതം ചെയ്തു. പാർലമെന്റിന്റെ അംഗീകാരമില്ലാതെ സിറിയയെ ബ്രിട്ടൺ ആക്രമിച്ചതിൽ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പ്രതിഷേധം പ്രകടിപ്പിച്ചു.  ആക്രമണം നടന്നതിനു ഏതാനും മണിക്കൂറുകൾക്ക് ശേഷം സിറിയൻ പ്രസിഡന്റ് ബഷർ അൽ ആസാദ് ഓഫീസിൽ എത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിറിയയിൽ ആക്രമണം നടത്തുന്ന വിവരം സഖ്യകക്ഷികൾ ടർക്കിയെ അറിയിച്ചിരുന്നു. ടോമഹോക്ക് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ രാസായുധാക്രമണത്തില്‍ ബാഷര്‍ അല്‍ അസദിനുള്ള പങ്ക് സ്ഥിരീകരിക്കാന്‍ അമേരിക്കന്‍ ശ്രമം. ഒരു സൈനിക നടപടി സ്ഥിതിഗതികള്‍ കൈവിട്ടു പോകാന്‍ കാരണമാകുമെന്നതിനാല്‍ തെളിവുകള്‍ക്കായി ശ്രമിക്കുകയാണെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് മുതിര്‍ന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് വ്യാഴാഴ്ച അറിയിച്ചത്. അസദ് ഭരണകൂടത്തിന് രാസായുധാക്രമണത്തില്‍ പങ്കുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് ജെയിംസ് മാറ്റിസ് യോഗത്തില്‍ പറഞ്ഞുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സിറിയയെ ശിക്ഷിക്കണമെന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിപ്രായത്തോട് ഭരണകൂടത്തിന് എതിരഭിപ്രായമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വൈറ്റ് ഹൗസ് യോഗത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ട്രംപ് സംസാരിച്ചിരുന്നു. രാസായുധാക്രമണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അനിവാര്യമാണെന്ന ധാരണയിയാണ് ഇരു നേതാക്കളും എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡമാസ്‌കസില്‍ നടന്ന രാസായുധാക്രമണത്തിന് പിന്നില്‍ അസദും സിറിയന്‍ ഭരണകൂടവുമാണെന്നതില്‍ സംശയമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും മാക്രോണ്‍ വ്യക്തമാക്കി. കുട്ടികളുള്‍പ്പെടെ 50 പേരാണ് കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് വിഷബാധയേല്‍ക്കുകയും ചെയ്തു. ഇരകളായവരുടെ രക്തത്തിലും മൂത്രത്തിലും ക്ലോറിന്റെയും നെര്‍വ് ഏജന്റുകളുടെയും അംശം കണ്ടെത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസിയും സിഎന്‍എനും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഭരണകൂടത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ്. ഈ തെളിവുകള്‍ പ്രസിഡന്റ് ട്രംപിന് നല്‍കുമെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം സിറിയയില്‍ ആക്രമണം നടത്തുമെന്ന ട്വീറ്റില്‍ നിന്ന് ട്രംപ് മലക്കം മറിഞ്ഞു. മിസൈലുകള്‍ വരുന്നുവെന്നും തയ്യാറായിരിക്കാനും ആവശ്യപ്പെടുന്ന ട്വീറ്റില്‍ താന്‍ ആക്രമണത്തിനുള്ള ആഹ്വാനം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved