Tamil Rockers
പുതിയ സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ നിര്‍മ്മിച്ച് തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറെക്കാലമായ തമിഴ്-മലയാളം സിനിമാ ലോകത്തിന് തലവേദനയുണ്ടാക്കുന്ന വെബ്‌സൈറ്റുകളിലൊന്നാണ് തമിഴ് റോക്കേഴ്‌സ്. റിലീസ് ചെയ്ത ദിവസങ്ങള്‍ക്കകം സിനിമയുടെ വ്യാജ പതിപ്പ് സൈറ്റിലൂടെ പുറത്തു വിടുന്നതാണ് ഇവരുടെ രീതി. അഡ്മിനുകളെ പിടികൂടാന്‍ നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ആന്റി പൈറസി സെല്ലാണ് സൈറ്റ് അഡ്മിന്‍ കാര്‍ത്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കൂടാതെ പ്രഭു, സുരേഷ് എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന മറ്റൊരു സൈറ്റായ ഡി.വി.ഡി റോക്കേഴ്‌സിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും അറസ്റ്റിലായിട്ടുണ്ട്. ജോണ്‍സണ്‍, ജഗന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം വിമാനം തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് സിനിമകള്‍ക്ക് വന്‍ നഷ്ടമാണ് സൃഷ്ടിക്കുക. നിരവധി നിര്‍മ്മാതാക്കളാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നത്.
RECENT POSTS
Copyright © . All rights reserved