tariff
എനര്‍ജി കമ്പനികള്‍ നിരക്കു വര്‍ദ്ധന നടപ്പാക്കിയതിനു പിന്നാലെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി ഓഫ്‌ജെം നടപടി. വേരിയബിള്‍ താരിഫുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് കമ്പനികള്‍ക്ക് ഈടാക്കാനാകുന്ന തുകയുടെ പരിധിയില്‍ 47 പൗണ്ടിന്റെ വര്‍ദ്ധന വരുത്തി. എനര്‍ജി ഹോള്‍സെയില്‍ വിലയിലുണ്ടായ വര്‍ദ്ധനയാണ് ഈ നിരക്ക് ഉയര്‍ത്താന്‍ റെഗുലേറ്ററെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതോടെ സേഫ്ഗാര്‍ഡ് താരിഫ് തുക ഒക്ടോബറോടെ 1136 പൗണ്ടാകുമെന്ന് ഓഫ്‌ജെം പറഞ്ഞു. എണ്ണവിലയിലുണ്ടാകുന്ന വര്‍ദ്ധന മൂലമാണ് ഈ ക്യാപ് ഉയര്‍ത്തുന്നതെന്നും ഓരോ യൂണിറ്റ് എനര്‍ജിക്കും പരമാവധി വില നിശ്ചയിക്കാനാണ് ഇത് കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം. ഏതു വിധത്തിലായാലും വില വര്‍ദ്ധിക്കുന്നത് നിര്‍ഭാഗ്യകരം തന്നെയാണ്. എന്നാല്‍ ഈ ക്യാപ് വര്‍ദ്ധിപ്പിക്കുന്നതോടെ ഗ്യാസ്, ഇലക്ട്രിസിറ്റി വിതരണത്തില്‍ യഥാര്‍ത്ഥ നിരക്ക് മാത്രമേ ഉപഭോക്താവിന് നല്‍കേണ്ടി വരികയുള്ളുവെന്ന് ഓഫ്‌ജെം ചീഫ് എക്‌സിക്യൂട്ടീവ് ഡെര്‍മോട്ട് നോളന്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ കുറഞ്ഞ നിരക്കിലുള്ള എനര്‍ജി ദാതാക്കളുണ്ടെന്നും ചെലവു കുറയ്ക്കാന്‍ അവയിലേക്ക് മാറാവുന്നതാണെന്നും ഓഫ്‌ജെം ചീഫ് പറഞ്ഞു. കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി നിര്‍ണ്ണയിക്കുന്ന മാനദണ്ഡമനുസരിച്ച് വര്‍ഷത്തില്‍ രണ്ടു തവണയാണ് ഓഫ്‌ജെം താരിഫില്‍ മാറ്റം വരുത്താറുള്ളത്. സേഫ്ഗാര്‍ഡ് താരിഫ് ഓരോ യൂണിറ്റ് എനര്‍ജിക്കും മൂല്യപരിധി നിര്‍ണ്ണയിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത് മൊത്തം ബില്ലിനെയായിരിക്കില്ല ബാധിക്കുന്നത്. ഉപഭോഗത്തിനനുസരിച്ച് പ്രീപെയ്‌മെന്റ് ഉപഭോക്താക്കളുടെ നിരക്കിലും മാറ്റം വന്നുകൊണ്ടിരിക്കും. സമ്മറില്‍ എനര്‍ജി കമ്പനികള്‍ പല തവണ നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഓഫ്‌ജെം നടപടി.
ലണ്ടന്‍: എനര്‍ജി നിരക്കുകള്‍ അമിതമാകാതിരിക്കാന്‍ താരിഫുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഉപഭോക്താക്കളെ കൊള്ളയിടിക്കുന്നത് എനര്‍ജി കമ്പനികള്‍ തുടരുന്നു. ആറ് പ്രമുഖ എനര്‍ജി കമ്പനികളും ഉപഭോക്താക്കളില്‍ നിന്ന് ഇപ്പോളും ഈടാക്കുന്നത് ഉയര്‍ന്ന നിരക്കു തന്നെയാണെന്ന് ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പ്രധാനമന്ത്രി തെരേസ മേയാണ് സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫുകളില്‍ നിയന്ത്രണം പ്രഖ്യാപിച്ചചത്. ഇതിനു പിന്നാലെ അത്തരം താരിഫുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും സ്ഥിര മൂല്യമുള്ള പ്ലാനുകളിലേക്ക് ഉപഭോക്താക്കളെ മാറ്റുമെന്ന് ബ്രിട്ടീഷ് ഗ്യാസ്, ഇ.ഓണ്‍, എസ്എസ്ഇ തുടങ്ങിയ കമ്പനികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എനര്‍ജി വിപണിയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്നായിരുന്നു ഓഫ്‌ജെം ഇതിനെ വിലയിരുത്തിയത്. എന്നാല്‍ ഗാര്‍ഡിയന്‍ തയ്യാറാക്കിയ കണക്കുകള്‍ കമ്പനികളുടെ വാഗ്ദാനത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. താരിഫ് മാറ്റത്തിനായി അപേക്ഷിച്ച ഉപഭോക്താക്കള്‍ക്ക് ബ്രിട്ടീഷ് ഗ്യാസ് നല്‍കിയ പ്ലാന്‍ 1099.84 പൗണ്ടിന്റേതാണ്. പഴയ സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിന് തുല്യമായ തുകയാണ് ഇത്. അതായത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ അട്ടിമറിച്ചുകൊണ്ട് പഴയ നിരക്കുകള്‍ തന്നെ പുതിയ പേരില്‍ ഈടാക്കുകയാണ് മുന്‍നിര കമ്പനിയായ ബ്രിട്ടീഷ് ഗ്യാസ്. ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ പഴയ താരിഫിന് പകരമായി നല്‍കുന്നത് തങ്ങളുടെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള താരിഫുകളാണെന്നാണ് വ്യക്തമാകുന്നത്. കമ്പനികള്‍ ഓഫര്‍ ചെയ്യുന്ന കുറഞ്ഞ നിരക്കുകള്‍ കംപാരിസണ്‍ സൈറ്റുകളില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളു. ഇ.ഓണ്‍ എസ്‌വിറ്റികളിലും മറ്റു താരിഫുകളില്‍ ഏറ്റവും ഉയര്‍ന്നവയ്ക്കും 1093.35 പൗണ്ടാണ് ഈടാക്കുന്നത്. ഇതുമായി സ്‌കോട്ടിഷ് പവറിന്റെ താരിഫിന് 8.49 പൗണ്ടിന്റെയും എന്‍പവറിന്റെ താരിഫിന് 37 പൗണ്ടിന്റെയും വ്യത്യാസമുണ്ട്. എസ്എസ്ഇ 54.73 പൗണ്ടിന്റെയും ഇഡിഎഫ് 82.83 പൗണ്ടിന്റെയും കുറവ് നിരക്കുകളില്‍ വരുത്തിയിട്ടുണ്ട്. ഇവരാണ് താരതമ്യേന കുറഞ്ഞ നിരക്കുകള്‍ ഈടാക്കുന്ന കമ്പനികള്‍. ഈ കണക്കുകള്‍ കാണിക്കുന്നത് കമ്പനികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ച് നിരക്കുകള്‍ കുറയ്ക്കാനല്ല, പകരം താരിഫുകളുടെ പേരുകള്‍ മാറ്റി അവ ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ്. 4000 ജീവനക്കാരെ പിരിച്ചു വിടുന്നതിന് കാരണമായി ബ്രിട്ടീഷ് ഗ്യാസ് പറഞ്ഞത് താരിഫ് നിരക്കുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ്. എന്നാല്‍ കമ്പനിക്ക് ഒരു ശതമാനം ലാഭത്തിലുള്ള ഇടിവ് മാത്രമാണ് നേരിട്ടിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
RECENT POSTS
Copyright © . All rights reserved