Tax
ഇനി വൈദികരും സന്യസ്തരും കന്യാസ്ത്രീകളും തങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിന് വരുമാന നികുതി അടയ്ക്കണം. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽനിന്ന്  വരുമാനനികുതി (ടി.ഡി.എസ്.) പിടിക്കാമെന്ന് ഹൈക്കോടതി. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായി ടി.ഡി.എസ്. പിടിക്കുന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ടി.ഡി.എസ്. പിടിക്കുന്നതിനെതിരേ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരായി കന്യാസ്ത്രീകളടക്കം നൽകിയ അപ്പീലുകൾ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 2014 മുതലാണ് സർക്കാർ, എയ്ഡഡ് അധ്യാപകരായ പുരോഹിതന്മാരുടെയും കന്യാസ്ത്രീമാരുടെയും ശമ്പളത്തിൽനിന്ന് ടി.ഡി.എസ്. പിടിച്ചുതുടങ്ങിയത്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്ന്യസ്തർ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്ന്യസ്തസഭയിലേക്കാണു പോകുന്നതെന്നും അതിനാൽ നികുതി ഈടാക്കരുതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിൾ വാക്യം ഉദ്ധരിച്ച് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. സർക്കാർശമ്പളം പറ്റുന്ന വൈദികരെയും കന്യാസ്ത്രീകളെയും സർക്കാർജീവനക്കാരായി കണക്കാക്കണമെന്നായിരുന്നു നികുതിവകുപ്പിെൻറ നിലപാട്. ശമ്പളം, പെൻഷൻ, ഗ്രാറ്റ്വിറ്റി തുടങ്ങിയവയെല്ലാം അവർക്കു കിട്ടുന്നുണ്ട് -നികുതിവകുപ്പ് വാദിച്ചു. വരുമാനം കിട്ടുന്ന വേളയിലാണ് ടി.ഡി.എസ്. ബാധകമാകുന്നതെന്നിരിക്കേ വിനിയോഗ രീതി നോക്കേണ്ടതില്ലെന്ന്, വരുമാനം പൂർണമായും സന്ന്യസ്തസഭയിലേക്കു പോകുന്നുവെന്ന വാദംതള്ളി കോടതി ചൂണ്ടിക്കാട്ടി. സന്ന്യസ്തവ്രതം എടുക്കുന്നതോടെ വൈദികനും കന്യാസ്ത്രീക്കും ‘സിവിൽ ഡെത്ത്’ സംഭവിക്കുന്നുവെന്ന കാനോനിക നിയമം എല്ലാ ജീവിതസാഹചര്യങ്ങളിലും ബാധകമല്ല. രാജ്യത്തെ നിയമത്തിനാണ് വ്യക്തിഗത നിയമത്തെക്കാൾ പ്രാധാന്യമുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.
കുപ്രസിദ്ധ ഇസ്ലാമിസ്റ്റ് വിദ്വേഷ പ്രചാരകന്‍ അന്‍ജം ചൗധരി ഈയാഴ്ച ജയില്‍ മോചിതനാകുന്നു. ഡര്‍ഹാം കൗണ്ടിയിലെ ഫ്രാങ്ക്‌ലാന്‍ഡ് ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിട്ടുള്ളത്. അഞ്ചര വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഇയാള്‍ ശിക്ഷയില്‍ പകുതിയോളം അനുഭവിച്ചതിനു ശേഷമാണ് പുറത്തെത്തുന്നത്. ഇതിനു ശേഷം ഇയാള്‍ക്ക് സുരക്ഷയൊരുക്കാനും നിരീക്ഷിക്കാനുമായി പ്രതിവര്‍ഷം 2 മില്യന്‍ പൗണ്ട് വീതം ഗവണ്‍മെന്റിന് ചെലവാകുമെന്നാണ് കരുതുന്നത്. 51കാരനായ ഇയാള്‍ ബുധനാഴ്ച ജയില്‍ മോചിതനാകും. പരസ്യമായി ഐസിസിനെ പിന്തുണച്ച് സംസാരിച്ചതിനാണ് 2016ല്‍ ഇയാള്‍ക്ക് തടവുശിക്ഷ ലഭിച്ചത്. ഇയാളെ നിരീക്ഷിക്കുന്നതിന് ആവശ്യമായ വന്‍ തുക ബ്രിട്ടീഷ് നികുതിദായകരുടെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണെന്ന് സണ്‍ഡേ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 25 നിബന്ധനകളോടെയാണ് ഇയാളെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചിരിക്കുന്നത്. ഈവനിംഗ് കര്‍ഫ്യൂ, ജിപിഎസ് ഇലക്ട്രോണിക് ടാഗ് ധരിക്കല്‍, സെന്‍ട്രല്‍ ലണ്ടനില്‍ ഇയാള്‍ നമസ്‌കാരത്തിന് എത്തിയിരുന്ന റീജന്റ്‌സ് പാര്‍ക്ക് മോസ്‌ക് സന്ദര്‍ശിക്കുന്നതില്‍ നിന്നുള്ള വിലക്ക്, മുന്‍ സഹപ്രവര്‍ത്തകരെ കാണാന്‍ പാടില്ല തുടങ്ങിയവയാണ് നിബന്ധനകള്‍. അന്‍ജം ചൗധരി നിരോധിത തീവ്രവാദ സംഘടനയായ അല്‍-മുഹാജിറൂണിന്റെ തലവനായിരുന്നു. ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടത്തിയ ഖുറം ഭട്ട് ഇയാളുടെ ശിഷ്യനായിരുന്നു. മറ്റു ഭീകരാക്രമണങ്ങളിലും ഇയാളുടെ അനുയായികള്‍ പങ്കെടുത്തിട്ടുണ്ട്. ജയില്‍ മോചിതനാകുന്നതിനു മുമ്പും ഇയാള്‍ നികുതിദായകര്‍ക്ക് വന്‍ ബാധ്യതയാണെന്നും സണ്‍ഡേ ടെലഗ്രാഫ് കുറ്റപ്പെടുത്തുന്നു. ഇയാളുടെ കേസ് നടത്തിപ്പിന് 140,000 പൗണ്ടാണ് ചെലവായ പൊതുധനം. കുറ്റവാളിയെന്ന് കണ്ടെത്തിയ വിധിക്കെതിരെ അപ്പീല്‍ നല്‍കിയ ഇനത്തില്‍ 4200 പൗണ്ട് കൂടി ചെലവായിട്ടുണ്ട്. ഇയാള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്താനും സ്വത്തുക്കള്‍ മരവിപ്പിക്കാനും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അധികാരങ്ങള്‍ ഉപയോഗിച്ച് സാധിക്കും എന്ന് വ്യക്തമായിരുന്നു. ഇയാള്‍ക്ക് ആയുധങ്ങള്‍ വാങ്ങാനുള്ള അനുമതിയും റദ്ദാക്കും. യുഎന്‍ അംഗരാഷ്ട്രങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ഫ്രാന്‍സ് അന്‍ജം ചൗധരിക്കെതിരെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇംഗ്ലണ്ടിലെ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ശമ്പളത്തില്‍ കാര്യമായ വര്‍ദ്ധന നിങ്ങളെ കാത്തിരിക്കുന്നു. എന്നാല്‍ കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സംയുക്ത തീരുമാനമെടുത്തുവെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. നാളെ, ഏപ്രില്‍ 6 മുതല്‍ പുതിയ നികുതി നിയമങ്ങള്‍ നടപ്പാകുകയാണ്. ഇതനുസരിച്ച് ശമ്പളത്തിലെ 11,850 പൗണ്ടിന് നികുതി നല്‍കേണ്ടതില്ല. 2107-18 വര്‍ഷത്തില്‍ ഈ പരിധി 11,500 പൗണ്ട് ആയിരുന്നു. പേഴ്‌സണല്‍ അലവന്‍സിന് അര്‍ഹതയുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 1,23,000 പൗണ്ടിനു മേല്‍ വരുമാനമുള്ളവര്‍ക്ക് ഈ നികുതിയിളവ് ലഭിക്കില്ല. പക്ഷേ 2 ലക്ഷം പൗണ്ട് വരെയോ അതില്‍ കൂടുതലോ ശമ്പളമുള്ളവര്‍ക്ക് കൂടുതല്‍ പണം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരിലും നികുതി നല്‍കേണ്ടി വരുന്നവരുടെ പരിധിയില്‍ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. മുമ്പ് 45,000 പൗണ്ടായിരുന്നു ഈ പരിധി. ഇത് 46,350 പൗണ്ടായാണ് ഉയര്‍ത്തിയിരിക്കുന്നത്. അതായത് വര്‍ക്ക് ഫോഴ്‌സില്‍ ബഹുഭൂരിപക്ഷത്തിനു ഉയര്‍ന്ന ശമ്പളമാണ് ഇനി മുതല്‍ ലഭിക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടേക്ക് ഹോം സാലറിയില്‍ 100 പൗണ്ടെങ്കിലും വര്‍ദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് ശേഷമുള്ള തുകയാണ് ഇത്. അതേസമയം ജീവനക്കാര്‍ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷനായി അധിക തുക നല്‍കേണ്ടി വരും. വരുമാനം ഡിവിഡെന്റുകളായി ലഭിക്കുന്നവര്‍ക്കും പ്രോപ്പര്‍ട്ടികള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കും കമ്പനികള്‍ സ്വന്തമായിട്ടുള്ളവര്‍ക്കും വരുമാനത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുള്ളതായും വിലയിരുത്തലുകളുണ്ട്. ബൈ-ടു-ലെറ്റ് കപ്രോപ്പര്‍ട്ടി നിയമങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ നികുതിയിളവുകള്‍ ലഭിക്കില്ലെന്നതാണ് വാടകവീടുകള്‍ സ്വന്തമായിട്ടുള്ളവര്‍ക്ക് തിരിച്ചടിയാകുക.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃകയില്‍ കേരളത്തില്‍ ആള്‍പാര്‍പ്പില്ലാത്ത വീടുകളുടെ നികുതി നിരക്ക് കുത്തനെ ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. പാര്‍പ്പിടങ്ങള്‍ വളരെ ആഡംബരത്തോടെ പണികഴിപ്പിക്കുന്ന മലയാളികള്‍ അത് ഉപയോഗിക്കുന്നതില്‍ ശുഷ്‌കാന്തി കാട്ടുന്നില്ല. കൊച്ചിയില്‍ മാത്രം ഏകദേശം 50,000 വീടുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ അര്‍ഹമായ പാര്‍പ്പിട സൗകര്യങ്ങളില്ലാതെ വലയുമ്പോള്‍ ഇത്രയധികം വീടുകള്‍ താമസക്കാരില്ലാതെ ഒഴിച്ചിടുന്നത് മനുഷ്യ വംശത്തിന് മൊത്തത്തില്‍ അര്‍ഹതപ്പെട്ട വിഭവങ്ങളുടെ ദുരുപയോഗമാണെന്ന് വിലയിരുത്തപ്പെടുന്നു. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ നല്ലൊരു ശതമാനമെങ്കിലും വാടകയ്ക്ക് മാര്‍ക്കറ്റില്‍ എത്തുകയാണെങ്കില്‍ കേരളത്തില്‍ കുതിച്ചുകയറിയ വീടു വാടക നിരക്ക് കുറയുകയും അത് സാധാരണക്കാരായ വാടകക്കാര്‍ക്ക് ആശ്വാസമാകുകയും ചെയ്യും. കേരളത്തിലെ മൊത്തം വീടുകളില്‍ 14 ശതമാനമാണ് ആള്‍ താമസമില്ലാത്തത്. ഇതില്‍ ഭൂരിഭാഗവും പ്രവാസികളായ മലയാളികളുടേത് ആണ്. ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് കേരളത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളുടെ എണ്ണം. എന്നാല്‍ ഗുജറാത്ത് ആണ് ഇക്കാര്യത്തില്‍ മുന്നില്‍. വളരെയധികം പ്രവാസികളുള്ള ഗുജറാത്തില്‍ 19 ശതമാനം വീടുകളിലും ആള്‍പാര്‍പ്പില്ല. ഇന്ത്യയൊട്ടാകെ 12.38 ശതമാനം വീടുകളും പൂട്ടിക്കിടക്കുന്നു. എണ്ണത്തില്‍ മഹാരാഷ്ട്രയിലാണ് ഏറ്ററവുമധികം വീടുകള്‍ പൂട്ടിക്കിടക്കുന്നത്. മഹാരാഷ്ട്രയില്‍ 20 ലക്ഷം വീടുകളിലാണ് ആള്‍പാര്‍പ്പില്ലാത്തത്. മുംബൈയില്‍ മാത്രം അഞ്ചുലക്ഷത്തോളം വീടുകളില്‍ ആള്‍പ്പാര്‍പ്പില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആള്‍താമസമില്ലാത്ത വീടുകളുടെ എണ്ണത്തില്‍ 46 ലക്ഷത്തിന്റെ വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവിട്ട കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക സര്‍വേയിലാണ് മുകളില്‍ പറഞ്ഞ കണക്കുകള്‍ ഉള്ളത്. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം കുറയ്ക്കാന്‍ വീടുകള്‍ കൈകാര്യം ചെയ്യാനും വാടകയ്ക്ക് നല്‍കുന്നതിനും പുതിയ നയം കൊണ്ടുവരണമെന്ന് സര്‍വ്വേ നിര്‍ദ്ദേശിക്കുന്നു. ബ്രിട്ടണ്‍ ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം കുറയ്ക്കുന്നതിന് വ്യക്തമായ നിയമങ്ങളും നയങ്ങളുമുണ്ട്. ബ്രിട്ടണില്‍ രണ്ട് വര്‍ഷത്തിലേറെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ കൗണ്‍സില്‍ ടാക്‌സ് ഇരട്ടിയിലേറെയാണ്. വിഭവങ്ങളുടെ ദുരുപയോഗം തടയുകയാണ് പ്രസ്തുത നയത്തിന്റെ അടിസ്ഥാനം. ഇതിലൂടെ പാര്‍പ്പിടമില്ലാത്തവര്‍ക്ക് കൂടുതല്‍ പാര്‍പ്പിടങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നു. ഇന്ത്യയിലും പാര്‍പ്പിട കാര്യത്തില്‍ ഇത്തരമൊരു നയം അത്യന്താപേക്ഷിതമാണ്.
RECENT POSTS
Copyright © . All rights reserved