teachers
നാലു വയസുള്ള ആണ്‍കുട്ടിയെ തല്ലിയ സംഭവത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇയാന്‍ വെബ്ബര്‍ എന്ന അധ്യാപകനാണ് കുറ്റം ചെയ്തതായി ബര്‍മിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയത്. തെളിവുകളും സ്ഥലത്തുണ്ടായിരുന്ന മൂന്നു കുട്ടികളുടെ സാക്ഷിമൊഴികളും ഇയാള്‍ കുട്ടിയെ തല്ലിയെന്നത് തെളിയിക്കുന്നുവെന്ന് ജഡ്ജ് റോബിന്‍സണ്‍ പറഞ്ഞു. വികൃതി കാട്ടിയെന്ന് പറഞ്ഞാണ് വെബ്ബര്‍ കുട്ടിയുടെ കാലില്‍ തല്ലിയതെന്ന് കോടതി വ്യക്തമാക്കി. സ്‌കൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലനത്തിനിടയ്ക്കാണ് സംഭവമുണ്ടായത്. നിര്‍ദേശങ്ങള്‍ അനുസരിക്കാതിരുന്ന കുട്ടിയ സ്‌പോര്‍ട്‌സ് ഹാളില്‍ നിന്ന് തോളില്‍ പിടിച്ച് എടുത്തുകൊണ്ടു പോയതിനു ശേഷം മര്‍ദ്ദിക്കുകയായിരുന്നു. 6 അടി 2 ഇഞ്ച് ഉയരവും 54 വയസുമുള്ള അധ്യാപകനെ കുട്ടി ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇനി തൊഴിച്ചാല്‍ താന്‍ തല്ലുമെന്ന് വെബ്ബര്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് കോടതിയില്‍ വ്യക്തമാക്കപ്പെട്ടത്. 16 വര്‍ഷത്തെ അധ്യാപന പരിചയമുള്ള വെബ്ബര്‍ എന്നാല്‍ കുട്ടിയെ തല്ലിയെന്ന ആരോപണം നിഷേധിച്ചു. ദൃക്‌സാക്ഷികളായ കുട്ടികള്‍ കേട്ട തല്ലുന്നതു പോലെയുള്ള ശബ്ദം താന്‍ കുട്ടിക്ക് ഹൈ ഫൈവ് നല്‍കിയതിന്റെയായിരിക്കുമെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ അധ്യാപകനെ ഉപാധികളോടെ വിട്ടയച്ചു. 850 പൗണ്ട് കോടതിച്ചെലവുകള്‍ അടയ്ക്കാനും ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലണ്ടന്‍: യുകെ യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരുടെ പണിമുടക്ക് സമരം വ്യാഴാഴ്ച ആരംഭിക്കും. നാലാഴ്ചകളിലായി 14 ദിവസമാണ് അധ്യാപകര്‍ പണിമുടക്കുന്നത്. പുതുക്കിയ പെന്‍ഷന്‍ വ്യവസ്ഥകളില്‍ പ്രതിഷേധിച്ചാണ് യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്. അധ്യാപകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരം സമ്മര്‍ പരീക്ഷകളെയും ഗ്രാജ്വേഷന്‍ സെറിമണികളെയും ബാധിക്കുമെന്നാണ് കരുതുന്നത്. യുകെയിലെ 65 യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന 10 ലക്ഷത്തോളം കുട്ടികളെ സമരം ബാധിക്കും. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ആറ് മാസത്തേക്ക് നീട്ടുമെന്നും അത് പരീക്ഷകളെയും കോളേജ് പ്രവേശനങ്ങളെയും ഗ്രാജ്വേഷനുകളെയും ബാധിക്കുമെന്നും യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നു. ചരിത്രത്തിലില്ലാത്ത വിധം ശക്തമായ പണിമുടക്ക് സമരത്തിനാണ് അഅധ്യാപകര്‍ തയ്യാറെടുത്തിരിക്കുന്നത്. ചര്‍ച്ചക്കായുള്ള എല്ലാ സാധ്യതകളും തങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്ന് യുസിയു ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു. എന്നാല്‍ പ്രശ്‌നപരിഹാരത്തിനുള്ള ഒരു നീക്കവും മറുപക്ഷത്തു നിന്ന് ഉണ്ടാകുന്നില്ല. തീരുമാനമുണ്ടാകുന്നതു വരെ സമരം തുടരാനാണ് പദ്ധതിയെന്ന് അവര്‍ വ്യക്തമാക്കി. അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും സമരം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കുക. അവര്‍ക്ക് 5,75,000 മണിക്കൂറുകള്‍ നഷ്ടമാകുമെന്ന് അനുമാനിക്കുന്നു. ഇത് റീഷെഡ്യൂള്‍ ചെയ്യാനാകുന്നതല്ലെന്നും യൂണിയന്‍ വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ബ്രിസ്റ്റോള്‍, ഡര്‍ഹാം, എക്‌സെറ്റര്‍, ഇംപീരിയല്‍ കോളേജ് ലണ്ടന്‍, വാര്‍വിക്ക്, യോര്‍ക്ക് തുടങ്ങി യുകെയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളെയെല്ലാം സമരം ബാധിക്കും. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളില്‍ വര്‍ഷം 10,000 പൗണ്ട് വരെ നഷ്ടമാകുന്ന പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരായാണ് ലെക്ചറര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയര്‍മാരുടെ സംഘടനയായ യുയുകെ ഈ പെന്‍ഷന്‍ പദ്ധതി ജീവനക്കാരുടെ താല്‍പര്യത്തിന് അനുസൃതമായി തയ്യാറാക്കിയതാണെന്ന് അവകാശപ്പെട്ടു.
പെഷവാര്‍: പാകിസ്ഥാനില്‍ എ.കെ.47 ഉപയോഗിക്കാന്‍ അദ്ധ്യാപികമാര്‍ പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിദ്യാര്‍ത്ഥികളെ തോക്കുപയോഗിക്കാന്‍ പഠിപ്പിക്കുന്നതിന്റെ ആദ്യപടിയായാണ് അദ്ധ്യാപികമാര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നത്. പാക് സ്‌കൂള്‍ സിലബസ്സില്‍ തോക്കുപയോഗിക്കുന്നതില്‍ പരിശീലനം നല്‍കുന്നത് ഒരു പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പെഷവാറിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ തോക്കുപയോഗിക്കാന്‍ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാനില്‍ അദ്ധ്യാപികമാര്‍ക്ക് സ്‌കൂളിലേക്ക് തോക്കുകൊണ്ടുപോകുന്നതിനും അനുവാദമുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
RECENT POSTS
Copyright © . All rights reserved