terrorism
ഭീകരവിരുദ്ധ സേനകള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കാന്‍ ഹോം ഓഫീസ് പദ്ധതി. ഹൈ-ടെക് ന്യൂക്ലിയര്‍, റേഡിയോളജിക്കല്‍ ഡിറ്റക്ഷന്‍ സംവിധാനങ്ങളാണ് നല്‍കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നതിനാണ് ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്. ഭീകരാക്രമണങ്ങളില്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. 10 മൊബൈല്‍ ഗാമ, ന്യൂട്രോണ്‍ റേഡിയേഷന്‍ ഡിറ്റക്ഷന്‍ സംവിധാനങ്ങളാണ് സേനകള്‍ക്ക് നല്‍കുക. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. റേഡിയോ ആക്ടീവ് വസ്തുക്കള്‍ കടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. എന്നാല്‍ രാജ്യത്തിനുള്ളില്‍ ഇത്തരം വസ്തുക്കള്‍ ആരെങ്കിലും കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 2012 സമ്മര്‍ ഒളിമ്പിക്‌സില്‍ ഇത്തരം ഉപകരണങ്ങള്‍ ലണ്ടനില്‍ ഉപയോഗിച്ചിരുന്നു. രാജ്യത്തിനുള്ളില്‍ അനധികൃതമായി റേഡിയോ ആക്ടീവ് വസ്തുക്കള്‍ കൈകാര്യം ചെയ്യപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് പുതിയ ഉപകരണങ്ങള്‍ നല്‍കുന്നത്. ഇവ വളരെ വേഗത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കാനാകും. മുന്‍ കെജിബി ഏജന്റായിരുന്ന അലക്‌സാന്‍ഡര്‍ ലിത്വിനെന്‍കോയെ 2006ല്‍ പൊളോണിയം 210 ഉപയോഗിച്ച് റഷ്യന്‍ ഏജന്റുമാര്‍ ആക്രമിച്ചിരുന്നു. ഇവര്‍ റേഡിയോ ആക്ടീവ് വിഷം കടത്തിയത് എങ്ങനെയെന്നത് അജ്ഞാതമാണ്. ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ 2016ലെ സ്റ്റാറ്റിസ്റ്റിസ് അനുസരിച്ച് 189 സംഭവങ്ങളില്‍ റേഡിയോആക്ടീവ് വസ്തുക്കള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് 147 സംഭവങ്ങള്‍ മാത്രമാണ് ഈ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആണവ വികിരണം ഏറ്റിട്ടുള്ള ചില ലോഹഭാഗങ്ങളാണ് പിടിക്കപ്പെട്ടവയില്‍ ചിലത്. ഇവ അനധികൃതമായി കടത്തിക്കൊണ്ടു വന്നവയാണ്.
ഭീകരാക്രമണങ്ങള്‍ നേരിടാന്‍ ജനങ്ങളെ പ്രാപ്തമാക്കാന്‍ പദ്ധതിയൊരുങ്ങുന്നു. ആക്രമണങ്ങള്‍ക്കു ശേഷം പരിക്കേറ്റവരെ എങ്ങനെയാണ് പരിപാലിക്കേണ്ടതെന്ന് ജനങ്ങള്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിയാണ് പോലീസ് ആവിഷ്‌കരിക്കുന്നത്. ഇതിനായി ജനങ്ങള്‍ക്ക് ഫസ്റ്റ് എയ്ഡ് പരിശീലനം നല്‍കും. ബോംബ് ആക്രമണങ്ങള്‍, വെടിവെയ്പ്പ്, കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ എന്നിവയില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള പരിശീലനമായിരിക്കും മുഖ്യമായും നല്‍കുക. ഭീകരാക്രമണങ്ങള്‍ക്കുള്ള ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സെക്യൂരിറ്റി ഫോഴ്‌സുകള്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആക്രമണങ്ങളുണ്ടായാല്‍ ഇരകളാക്കപ്പെടുന്നവരെ സഹായിക്കാന്‍ പരമാവധി മുന്നോട്ടു വരണമെന്ന് കഴിഞ്ഞ വര്‍ഷം നടന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലീസ് ഓഫീസര്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ ഡിഫന്‍സ് മിനിസ്റ്റര്‍ തോബിയാസ് എല്‍വുഡ് ആവശ്യപ്പെടുന്നു. ആക്രമണങ്ങള്‍ ഉണ്ടായാല്‍ അതില്‍ നിന്ന് രക്ഷപ്പെടാനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന് പോലീസ് ചീഫുമാര്‍ പറയുന്നു. ആശങ്കയുള്ളവര്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കരുത്. സുരക്ഷിതമാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ രക്ഷാപ്രവര്‍ത്തനത്തിനായി ശ്രമിക്കാവൂ എന്നും പോലീസ് നേതൃത്വങ്ങള്‍ നിര്‍ദേശിക്കുന്നു. ഏതെങ്കിലും ഒരു ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഈ പരിശീലനം നല്‍കുന്നത് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് നാഷണല്‍ കൗണ്ടര്‍ ടെററിസം സെക്യൂരിറ്റി ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ളവര്‍ക്ക് ശരിയായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പൊതുജനങ്ങളെ സുരക്ഷിതരാക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക പരിഗണനയെന്ന് പ്രൊട്ടക്ട് ആന്‍ഡ് പ്രിപ്പയര്‍ നാഷണല്‍ സ്ട്രാറ്റജീസിന്റെ ഡെപ്യൂട്ടി നാഷണല്‍ കോ ഓര്‍ഡിനേറ്ററായ സൂപ്പറിന്റെന്‍ഡന്റ് ആഡം തോംസണ്‍ പറഞ്ഞു. ആക്രമണങ്ങളുണ്ടായാല്‍ ഓടുക, ഒളിക്കുക, അതേക്കുറിച്ചുള്ള വിവരം അറിയിക്കുക എന്നതാണ് പ്രധാനം. കഴിഞ്ഞ ഒന്നര വര്‍ഷമായി നാം നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ നിന്ന് ജീവനുകള്‍ രക്ഷിക്കാന്‍ ഇതാണ് ഏറ്റവം ഫലപ്രദമായ മാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ സംഘങ്ങളെ പിന്തുണച്ചുകൊണ്ടുള്ള അതിരുകടന്ന പ്രസ്താവനകള്‍ക്കും തീവ്രവാദ ഉള്ളടക്കമുള്ളവ മൂന്ന് തവണയില്‍ കൂടുതല്‍ നോക്കുന്നതും ശിക്ഷാര്‍ഹമാക്കുന്ന പുതിയ നിയമം പരിഗണനയില്‍. കൗണ്ടര്‍ ടെററിസം ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റി ബില്‍ ആണ് കടുത്ത നിയന്ത്രണങ്ങളുമായി എത്തുന്നത്. എന്നാല്‍ ഈ നിയമം മനുഷ്യാവകാശ ലംഘനമാകുമെന്ന് എംപിമാരും ലോര്‍ഡ്‌സ് അംഗങ്ങളും അഭിപ്രായപ്പെട്ടു. സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമിടയില്‍ തെറ്റായ സന്തുലനമാണ് ഈ ബില്‍ നല്‍കുന്നതെന്നും ജോയിന്റ് കമ്മിറ്റി ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. എന്നാല്‍ ഈ വിലയിരുത്തലുകള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഗവണ്‍മെന്റിന്റെ പൂര്‍ണ്ണപിന്തുണയോടെ പാര്‍ലമെന്റിലെ നടപടികള്‍ ബില്‍ വേഗം പൂര്‍ത്തിയാക്കുകയാണ്. ഈ നിയമം നടപ്പായാല്‍ അത് പൗരന്‍മാരുടെ അവകാശങ്ങളായ സ്വകാര്യത, വിശ്വസിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയ്ക്കു മേലുള്ള കടന്നുകയറ്റമായിരിക്കുമെന്നും ജോയിന്റ് കമ്മിറ്റി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് വിലയിരുത്തുന്നു. തീവ്രവാദത്തില്‍ നിന്ന് സുരക്ഷ നല്‍കുക എന്നത് ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. അതേസമയം മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഹാരിയറ്റ് ഹാര്‍മാന്‍ പറഞ്ഞു. തീവ്രവാദ ഉള്ളടക്കമുള്ളവ മൂന്ന് പ്രാവശ്യം വായിക്കുന്നത് പോലും കുറ്റകരമാക്കുന്നത് വിവരാവകാശത്തിന്റെ ലംഘനമാണെന്ന് കോമണ്‍സ്, ലോര്‍ഡ്‌സ് അംഗങ്ങള്‍ പറയുന്നു. ജേര്‍ണലിസ്റ്റുകള്‍, അക്കാഡമിക്കുകള്‍ തുടങ്ങിയവര്‍ക്ക് ഈ നിബന്ധനയില്‍ ഇളവുകള്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള നിയമങ്ങള്‍ തീവ്രവാദത്തെ ചെറുക്കാന്‍ പര്യാപ്തമാണെന്നിരിക്കെ ഒരു വെബ്‌സൈറ്റില്‍ നോക്കുന്നത് പോലും കുറ്റകരമാക്കുന്ന പുതിയ നിയമത്തിന്റെ ആവശ്യകത എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.
തീവ്രവാദ ഭീഷണി ഒഴിവാക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍. സംശയകരമായ ഓര്‍ഡറുകളെക്കുറിച്ച് എംഐ5ന് വിവരം നല്‍കണമെന്ന് ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ക്കുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കത്തികള്‍, രാസവസ്തുക്കള്‍ എന്നിവക്കായി ലഭിക്കുന്ന ഓര്‍ഡറുകള്‍ അറിയിക്കണമെന്ന് ഇ കൊമേഴ്‌സ് സൈറ്റുകളോട് ആവശ്യപ്പെടാനാണ് പദ്ധതി. മാഞ്ചസ്റ്റര്‍ അറീന ഭീകരാക്രമണത്തിനായുള്ള ആയുധങ്ങള്‍ നിര്‍മിക്കാന്‍ സല്‍മാന്‍ അബേദി ഓണ്‍ലൈനിലാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. വിവിധ പേരുകളിലായിരുന്നു അബേദി ഈ വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങിയത്. പക്ഷേ എല്ലാം ഒരു അഡ്രസില്‍ തന്നെ ഡെലിവര്‍ ചെയ്യുകയും ചെയ്തു. ഇത്തരം സംഭവങ്ങളില്‍ നിരീക്ഷണത്തിലുള്ള ആളുകളില്‍ ഏജന്‍സികള്‍ പ്രത്യേകം ശ്രദ്ധ നല്‍കാനും തീരുമാനമുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൗണ്‍സിലുകള്‍, ലോക്കല്‍ പോലീസ് സേനകള്‍, ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയിലേക്കും കൈമാറും. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കൊപ്പം ഈ സംവിധാനങ്ങളുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്. ഈ സര്‍ക്കാര്‍ ഭീകരവാദത്തിനെതിരായി കഴിയാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളും തേടുമെന്ന് പദ്ധതി അവതരിപ്പിച്ചുകൊണ്ട് ഹോം സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഈ വിധത്തില്‍ എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ഭീകരവാദത്തെ ചെറുക്കാന്‍ ഫലപ്രദമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
സെക്യൂരിറ്റി സര്‍വീസുകള്‍ക്കും പോലീസിനും പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ട് പുതിയ തീവ്രവാദവിരുദ്ധ നയം. ചില കമ്യൂണിറ്റികളെ പ്രത്യേകമായി ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങള്‍ തീവ്രവാദത്തിലേക്ക് ചായാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കമ്യൂണികളിലെ ആളുകളെ സംശയമുണ്ടെങ്കില്‍ പിടികൂടാന്‍ ഈ നയം അനുമതി നല്‍കുന്നു. ഭീകരാക്രമണങ്ങള്‍ക്ക് അന്തിമ പദ്ധതി തയ്യാറാക്കുന്നതിനു മുമ്പുതന്നെ ഗൂഢാലോചന നടത്തുന്നവരെ പിടികൂടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഈ വിധത്തിലുള്ള ഒരു ചുവടുമാറ്റം അനിവാര്യമാണെന്ന് സെക്യൂരിറ്റി മേധാവിമാര്‍ കരുതുന്നതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദത്തിനും തീവ്രവാദ ആശയങ്ങള്‍ക്കും പടരാന്‍ കൂടുതല്‍ സാഹചര്യങ്ങളുള്ള കമ്യൂണിറ്റികളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ഭീകരാക്രമണ പദ്ധതികള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവ തടയുന്നതിന് എംഐ 5നും ഡിറ്റക്ടീവുകള്‍ക്കും പ്രത്യേക അധികാരങ്ങള്‍ നല്‍കുമെന്നും ഭീകരവിരുദ്ധനയത്തിന്റെ പുറത്തായ രേഖകള്‍ വ്യക്തമാക്കുന്നു. ഈ വിധത്തില്‍ ചില സമൂഹങ്ങളെ മാത്രം ലക്ഷ്യമിടുന്നത് ഈ നയത്തെ വിവാദത്തിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍, വെസ്റ്റ്മിന്‍സ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഈ ആക്രമണങ്ങളില്‍ 35 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. സുരക്ഷാ സര്‍വീസുകളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന 23,000 തീവ്രവാദികളില്‍പ്പെടുന്നവരായിരുന്നു ആക്രമണങ്ങളില്‍ പങ്കെടുത്ത മൂന്ന് പേര്‍. അവരില്‍ ഒരാളുടെ പേരില്‍ മാത്രമായിരുന്നു എംഐ5 അന്വേഷണം നടത്തി വന്നിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് തീവ്രവാദത്തിനുള്ള ജയില്‍ ശിക്ഷ വര്‍ദ്ധിപ്പിക്കുകയും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കൗണ്‍സിലുകള്‍ക്കും പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും തങ്ങളുടെ നിരീക്ഷണത്തിലുള്ള വ്യക്തികളേക്കുറിച്ച് പോലീസിനും എംഐ 5നും വിവരങ്ങള്‍ കൈമാറാനും കഴിയും. പുതിയ നയം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടപ്പാകുമെന്നാണ് കരുതുന്നത്.
Copyright © . All rights reserved