Thushar Vellappally
ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയുമായി സഹകരിക്കില്ലെന്നും തുഷാര്‍ പറഞ്ഞു. ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ലഭിക്കാതെ ബിജെപിയുമായി ഇനി സഹകരിക്കില്ലെന്നും എംപി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി. എല്‍ഡിഎഫിലേക്ക് പോകണമെങ്കില്‍ ഒന്ന് മൂളിയാല്‍ മതി. മഅദ്‌നിയുമായി സഹകരിക്കാമെങ്കില്‍ എല്‍ഡിഎഫിന് ബിഡിജെഎസുമായും സഹകരിക്കാമെന്നും തുഷാര്‍ പറഞ്ഞു. ഒരു വിഭാഗം ബിജെപി നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ചില നേതാക്കള്‍ക്ക് വേണ്ടി തന്നെ ഉപയോഗിച്ചു. മറ്റുള്ളവരുടെ ശല്യം ഒഴിവാക്കാനാണ് ചില ആളുകള്‍ പാരവെച്ചത്. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന് ലഭിക്കരുതെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ടെന്നും അതിന്റെ ഫലമായാണ് താന്‍ എംപി സ്ഥാനം ചോദിച്ചുവെന്ന പ്രചാരണമെന്നും തുഷാര്‍ പറയുന്നു. താന്‍ പോയി എംപി സീറ്റ് ചോദിച്ചു എന്നു പറഞ്ഞാല്‍ സീറ്റ് മോഹികളായ ബിജെപി നേതാക്കള്‍ പിന്നോക്കം പോകുമല്ലോ. അതിനുവേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്നും തുഷാര്‍ വ്യക്തമാക്കി.
ബിജെപി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ശക്തമായ രാഷ്ട്രീയ തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് ബിഡിജെഎസ്. ചെങ്ങന്നൂരില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനത്തില്‍ കുറവുണ്ടാകുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇതോടെ ഉപതെരെഞ്ഞടുപ്പില്‍ ബിഡിജെഎസ് ബിജെപിയുടെ കാലുവാരുമെന്ന് ഉറപ്പായിട്ടുണ്ട്. ബിജെപിയുടെ നിലപാടാണ് മുന്നണിയെ ശിഥിലമാക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മാത്രമാണ് ബിജെപി കേന്ദ്ര നേതൃത്വത്തോട് ബിഡിജെഎസ് ആവശ്യപ്പെട്ടത്. രാജ്യസഭാ സീറ്റ് ആവശ്യപ്പെടാത്തതിനാല്‍ നിരാശയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ സീറ്റിനായുള്ള ബിഡിജെഎസിന്റെ അവകാശവാദം ബിജെപി നേതൃത്വം നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് കേരളത്തിലെ മുതിര്‍ന്ന നേതാവ് വി.മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. 18 പേരടങ്ങുന്ന രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങള്‍ ബിജെപി ഇതിനോടകം പുറത്തുവിട്ട് കഴിഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിക്ക് സീറ്റ് നല്‍കിയാല്‍ സംസ്ഥാന ഘടകത്തില്‍ നിന്നും കടുത്ത എതിര്‍പ്പുകളുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് രാജ്യസഭാ സീറ്റിലേക്ക് വി മുരളിധരനെ കേന്ദ്രം പരിഗണിക്കുന്നത്. അതേസമയം വാഗ്ദാനം ചെയ്ത പദവികള്‍ തന്നില്ലെങ്കില്‍ മുന്നണി വിടുമെന്ന് ബിഡിജെഎസ് നിലപാടറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം പതിനാലിന് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved