TIji Thomas
റ്റിജി തോമസ് യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഇത്രയും ജന പങ്കാളിത്തം ഉണ്ടാകാനുള്ള കാരണം എന്തായിരിക്കും? പലരും എത്തിയിരിക്കുന്നത് 500 കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് . കേരളത്തിന്റെ സാംസകാരിക തനിമയോടുള്ള ഗൃഹാതുരത്വവും ഒരേ നാട്ടിൽനിന്ന് വിദൂര ദേശത്തു വന്നവർ തമ്മിൽ ഒത്തുചേരാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ ബഹിർസ്പുരണമാണ് അവിടെ കണ്ടത് . അതിന് നൃത്തവും സംഗീതവും മറ്റ് കലാരൂപങ്ങളും ഒരു നിമിത്തമായെന്നേയുള്ളു . ആരോഗ്യ രംഗമുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ജോലി ചെയ്യുമ്പോഴും തങ്ങളുടെ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും മലയാളി എന്ന തങ്ങളുടെ അസ്തിത്വം അന്വേഷിക്കുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശോപിക്കുകയും ചെയ്യുന്ന ഒട്ടേറെ വ്യക്തികളെ എനിക്ക് പരിചയപ്പെടാനായി . പ്രവാസത്തിലേയ്ക്ക് കാലെടുത്തുവയ്ക്കുന്ന മലയാളിക്ക് താങ്ങും തണലുമായി എവിടെയും സഹായകമാകുന്നത് മലയാളി സംഘടനകളാണ്. യുകെയിലെ സ്ഥിതിയും വ്യത്യസ്തമല്ല . വിവിധ മേഖലകളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ബെർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി , ലെസ്റ്റർ കേരള കമ്മ്യൂണിറ്റി , കലാകേരളം ഗ്ലാസ്ഗോ എന്നീ സംഘടനകളെ ചടങ്ങിൽ ആദരിച്ചു. മികച്ച സംഘാടകനുള്ള അവാർഡ് ലഭിച്ചത് ഫാ. മാത്യു മുളയോലിക്കായിരുന്നു. ലീഡ്സിലെ സെന്റ് മേരീസ് ആൻഡ് സെൻറ് വിൽഫ്രഡ് ഇടവകയുടെ അമരക്കാരനായ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിൽ ലീഡ്സിലെ സീറോ മലബാർ സഭ സ്വന്തമായി ഒരു ദേവാലയം കരസ്ഥമാക്കിയിരുന്നു. കേരളത്തിൽനിന്ന് കുടിയേറിയ സീറോ മലബാർ സഭാ അംഗങ്ങൾ യുകെയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ദേവാലയം സ്വന്തമാകുന്നത്. വെസ്റ്റ് യോർക്ക് ഷെയറിന് സമീപപ്രദേശങ്ങളിലെ മലയാളികൾ ഒത്തുചേർത്ത് തന്റെ നേതൃത്വപാടവത്തിന്റെ ഫലമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഒരു സംഘാടകൻ എന്ന നിലയിൽ ഫാ. മാത്യു മുളയോലി നിർവഹിച്ചു വന്നിരുന്നത്. സ്പിരിച്വൽ റൈറ്റർ ഓഫ് ദി ഇയർ അവാർഡിന് അർഹനായ ഫാ. ഹാപ്പി ജേക്കബിന്റെ ഇരിപ്പിടം എൻറെ അടുത്ത് തന്നെയായിരുന്നു. മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളിലൂടെ എനിക്ക് സുപരിചിതനായിരുന്ന അച്ചനെ നേരിട്ട് കാണുന്നതും സംസാരിക്കുന്നതും ആദ്യമായിട്ടായിരുന്നു. മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ എന്നാണ് അവതാരക ഫാ. ഹാപ്പി ജേക്കബിനെ വിശേഷിപ്പിച്ചത് തികച്ചും ശരിയായിരുന്നു. ക്രിസ്തുമസ്സിനോടും ഈസ്റ്ററിനോടും അനുബന്ധിച്ചുള്ള എല്ലാ നോയമ്പ് ഞായറാഴ്ചകളിലും അദ്ദേഹത്തിൻറെ ലേഖനങ്ങൾ ഒരു പ്രാവശ്യം പോലും മുടക്കമില്ലാതെ മലയാളം യുകെ ന്യൂസിൽ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലെ അർപ്പണബോധം അദ്ദേഹത്തിൻറെ വ്യക്തിത്വത്തിൻ്റെ പ്രത്യേക സവിശേഷതയാണ് . യോർക്ക് ഷെയറിലെ ഹാരോ ഗേറ്റിൽ താമസിക്കുന്ന അച്ചൻ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ വികാരിയാണ്. കേരളത്തിൽ കൊല്ലത്തിനടുത്തുള്ള ചാത്തന്നൂർ ആണ് അദ്ദേഹത്തിൻറെ സ്വദേശം . ഹാരോഗേറ്റ് ആശുപത്രിയിൽ സർജറി പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്ന സഹധർമിണി ആനിയും മെഡിക്കൽ വിദ്യാർത്ഥിനിയായ മകൾ അന്ന നേഹയും സ്റ്റാൻഡേർഡ് 8 -ൽ പഠിക്കുന്ന മകൻ ജോഷ് ജേക്കബും അദ്ദഹത്തോടെ ഒപ്പം എത്തിയിരുന്നു. അവാർഡ് നൈറ്റിൽ വച്ച് പരിചയപ്പെട്ടതിനു ശേഷം പലപ്രാവശ്യം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി പിന്നീട് സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. യുകെയിൽ നിന്ന് പണം സ്വരൂപിച്ച് വർഷങ്ങളായി കേരളത്തിലെ ഒട്ടനവധി ആളുകൾക്ക് സഹായം എത്തിച്ചു നൽകുന്ന ഇടുക്കി ചാരിറ്റി എന്ന സംഘടനയുടെ സെക്രട്ടറിയായ ഇടുക്കിയിലെ തടിയംമ്പാട് സ്വദേശിയായ ടോം ജോസിനാണ് മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് ലഭിച്ചത്.   യുകെ മലയാളികളിൽ ഭൂരിഭാഗം പേരും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നേഴ്സിംഗ് രംഗത്തെ മികവിനുള്ള അവാർഡിന് ഒട്ടേറെ പ്രാധാന്യങ്ങളുണ്ട്. നിലവിൽ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനാണ് മികച്ച നേഴ്സിനുള്ള അവാർഡ് ലഭിച്ചത്. ആരോഗ്യ രംഗത്തെ സംഭാവനകൾക്ക് ഒട്ടേറെ തവണ വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുള്ള മിനിജ ബക്കിംഗ്ഹാം പാലസിൽ എലിസബത്ത് രാജ്ഞിയുടെ ഗാർഡൻ പാർട്ടിയിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് . യൂറോപ്പിലെ തന്നെ ആദ്യത്തെ ലൈവ് പേഷ്യന്റ് ടു പേഷ്യൻ്റ് ലെഗ് വെയ്ൻ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് മലയാളി നേഴ്സുമാരിൽ മിനിജ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത കഴിഞ്ഞയിടെയാണ് അറിയാൻ സാധിച്ചത്. കേരളത്തിൽനിന്ന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിയേറിയുന്ന മലയാളി നേഴ്സുമാർ ആരോഗ്യ മേഖലയ്ക്ക് നൽകുന്ന സംഭാവനകൾ ഓരോ മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്ന കാര്യങ്ങൾ തന്നെയാണ് . സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള അവാർഡ് ലഭിച്ചത് ശ്രീ. ബൈജു വർക്കി തിട്ടാലയ്ക്കാണ്. കേരളത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് യുകെയിലെത്തി സുപ്രയത്നത്താൽ ഉയർന്നു വന്ന ആളാണ് ബൈജു തിട്ടാല . യുകെയിലെത്തിയ മലയാളികളിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിൽ നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് . പല വിഷയങ്ങളുമായി ബന്ധപ്പെട്ട് ബൈജുവുമായി പിന്നീട് ഒട്ടേറെ തവണ സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് . പിന്നീട് കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി ച മേയറായി ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടത് മലയാളികൾക്ക് ഏവർക്കും സന്തോഷം നൽകുന്ന വാർത്തയാണ് . സമൂഹമാധ്യമങ്ങളിലൂടെ വിവിധ വിഷയങ്ങളിൽ പ്രതികരിക്കുകയും കുട്ടികൾക്ക് നൽകും ലൈംഗിക പാഠങ്ങൾ എന്ന പുസ്തകം രചിക്കുകയും ചെയ്ത ജോസ്നാ സാബു സെബാസ്റ്റ്യൻ , കർമ്മം കൊണ്ട് ഡോക്ടർ ആണെങ്കിലും നൃത്തത്തോടുള്ള അദമ്യമായ അഭിനിവേശം കൊണ്ട് കലയ്‌ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഡോ. രജനി പാലയ്ക്കൽ, വളരെ ചെറു പ്രായത്തിലെ എലിസബത്ത് രാജ്ഞി, മാർപാപ്പ തുടങ്ങിയവർക്ക് വിവിധ വിഷയങ്ങളെ അധികരിച്ച് കത്തുകളയച്ച് വാർത്തകളിൽ സ്ഥാനം പിടിച്ച കൃപാ തങ്കച്ചൻ, കുട്ടനാട്ടിലെ മുട്ടാർ സ്വദേശിയായ സാബു സെബാസ്റ്റ്യൻ തുടങ്ങിയവരെയെല്ലാം അവാർഡ് നൈറ്റിൻ്റെ വേദിയിൽ കണ്ടുമുട്ടുകയും പിന്നീട് സൗഹൃദം പുതുക്കുകയും ചെയ്ത വ്യക്തികളാണ്. റിജി തോമസ്  റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.  
റ്റിജി തോമസ് മലയാളം യുകെയുടെ അവാർഡ് നൈറ്റും ബോളിവുഡ് ഡാൻസ് മത്സരങ്ങളും അരങ്ങേറുന്നത് വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിലുള്ള വിക്ടോറിയ ഹാളിലാണ്. ഒക്ടോബർ 8-ാം തീയതി രാവിലെ തന്നെ ജോജിയോടൊപ്പം അവിടേയ്ക്ക് യാത്ര തിരിച്ചു . ജോജിയുടെ താമസ സ്ഥലമായ വെയിക്ക് ഫീൽഡിൽ നിന്ന് 28 മൈൽ ദൂരമാണ് കീത്തിലിയിലേയ്ക്ക് ഉള്ളത് . ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്. മലയാളം യുകെ സംഘടിപ്പിക്കുന്ന 2022 -ലെ അവാർഡ് നൈറ്റിൽ പങ്കെടുക്കുകയും ചെറുകഥയ്ക്കുള്ള അവാർഡ് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് രണ്ടാഴ്ച കാലത്തോളം നീണ്ടു നിന്ന എന്റെ യുകെ സന്ദർശനത്തിന് നിമിത്തമായത്. അതോടൊപ്പം തന്നെ മറ്റ് ചില കാരണങ്ങൾ കൊണ്ടും ഈ അവാർഡ് നൈറ്റ് എനിക്ക് മറക്കാൻ പറ്റുന്നതായിരുന്നില്ല. അതിന് പ്രധാന കാരണം രണ്ടു പുസ്തകങ്ങൾ ആയിരുന്നു . എൻറെ സഹോദരൻ ജോജി തോമസ് മലയാളം യുകെയിലെഴുതിയ മാസാന്ത്യവലോകനം എന്ന പംക്തി വേറിട്ട ചിന്തകൾ എന്ന പേരിൽ പുസ്തകമാക്കിയതിന്റെ പ്രകാശന കർമ്മം ഈ ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടുകയാണ്. പ്രിയ സുഹൃത്തും പാലക്കാട് കോളേജിലെ പ്രിൻസിപ്പലുമായ ഡോ. ഐഷാ വിയുടെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പുസ്തകത്തിന്റെ യുകെയിലെ പ്രകാശന കർമ്മവും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് നടക്കുന്നുണ്ട്. ദീർഘകാലമായി മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ഓർമ്മച്ചെപ്പ് തുറന്നപ്പോൾ . പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും അനുഭവക്കുറിപ്പുകളുടെയും സമാഹാരമായ രണ്ടു പുസ്തകങ്ങൾ അവാർഡ് നൈറ്റിന്റെ വേദിയിൽ പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത് ഒരു ഓൺലൈൻ മാധ്യമം എന്ന നിലയിൽ മലയാളം യുകെയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു.   യുകെയിലെ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകളുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമായിരുന്നു ബോളിവുഡ് ഡാൻസ് മത്സരങ്ങൾ . അതോടൊപ്പം പത്രത്തിലൂടെ വായിച്ചറിഞ്ഞ യുകെയിലെ സാമൂഹിക സാംസ്കാരിക സാഹിത്യ മേഖലകളിലെ പലരെയും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് കണ്ടുമുട്ടാനായതും പരിചയപ്പെടാൻ സാധിച്ചതും മനസ്സിന് സന്തോഷം നൽകുന്നതായി. അവാർഡ് നൈറ്റ് എനിക്ക് പലതുകൊണ്ടും വേറിട്ട അനുഭവമായിരുന്നു. അത് പരിചയപ്പെട്ട പലരുമായി വീണ്ടും സൗഹൃദവും സംവാദങ്ങളും നടത്താൻ സാധിച്ചതും 2022 ഒക്ടോബർ 8 -നെ വീണ്ടും വീണ്ടും ഓർമ്മിക്കുന്നതിന് കാരണമായിട്ടുണ്ട്.   മലയാളം യുകെ ന്യൂസിന്റെ ചീഫ് എഡിറ്റർ ബിൻസു ജോണിനെയും മറ്റ് ഡയറക്ടർ ബോർഡ് മെമ്പേഴ്സ് ആയ ഷിബു മാത്യു, ജോജി തോമസ്, റോയി ഫ്രാൻസിസ് , ജിമ്മി മൂലംകുന്നം, ബിജു മൂന്നാനംപള്ളി , ബിനു മാത്യു, തോമസ് ചാക്കോ എന്നിവരടങ്ങുന്ന നേതൃത്വ നിരയാണ് ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും അവാർഡ് നൈറ്റിന്റെയും ചുക്കാൻ പിടിക്കുന്നത്. ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റീവ് എഡിറ്ററുമായ ഷിബു മാത്യുവിന്റെ സ്ഥലം വെസ്റ്റ് യോർക്ക്ഷെയറിൽ ആയതു കൊണ്ട് തന്നെ അവാർഡ് നൈറ്റിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു .മാസങ്ങൾ നീണ്ട മുന്നൊരുക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേർചിത്രങ്ങളായിരുന്നു അവാർഡ് നൈറ്റിൽ കാണാൻ സാധിച്ചത് . യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ കലാകാരന്മാരും കലാകാരികളും ആയിരുന്നു ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ മാറ്റുരച്ചത്. കേരളത്തിൽ ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തിരുന്ന എനിക്ക് അവാർഡ് നൈറ്റിൻറെ പല കാര്യങ്ങളും പുതുമ നിറഞ്ഞതായിരുന്നു. തുടക്കത്തിലെ സുരക്ഷാ മുന്നറിയിപ്പിൻറെ ഭാഗമായുള്ള അനൗൺസ്മെന്റുകൾ ഒരിക്കലും കേരളത്തിലെ ഒരു പരിപാടിയിലും കേട്ടിട്ടുണ്ടായിരുന്നില്ല. ഏതെങ്കിലും രീതിയിലുള്ള അഗ്നിബാധ ഉണ്ടായാലുള്ള ഫയർ എക്സിറ്റിനെ കുറിച്ചും ആർക്കെങ്കിലും വൈദ്യസഹായം വേണമെങ്കിൽ ആരെ സമീപിക്കണമെന്നും ടോയ്‌ലറ്റ് എവിടെയാണെന്നുമാണ് പ്രധാനമായും അറിയിപ്പുകളായി നൽകപ്പെട്ടത്. കേരളത്തിൽ ആകസ്മികമായി വിവിധ പരിപാടികൾക്കിടയിൽ ഉണ്ടാകുന്ന അപകടങ്ങളുടെ വെളിച്ചത്തിൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകൾ നൽകേണ്ടതിന്റെ ആവശ്യകത വളരെയേറെയാണ്. പൊതുസ്ഥലങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും അപകടങ്ങൾ ഉണ്ടായാൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യവും നമ്മുടെ സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കുന്നത് ഉചിതമായിരിക്കും. പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി ഡോ. അഞ്ജു ഡാനിയേൽ ആയിരുന്നു. കർമ്മം കൊണ്ട് ഡോക്ടർ ആയ അഞ്ജു ഒരു മികച്ച കലാകാരി കൂടിയാണ്. നല്ല രീതിയിൽ ഗൃഹപാഠം ചെയ്ത് സ്റ്റേജിലെത്തിയ ഡോ . അഞ്ജുവിന്റെ അവതരണം മനോഹരമായിരുന്നു. നമ്മുടെ സംസ്കാരത്തിൻറെ പ്രതിഫലനമായി തനത് രീതിയിൽ നിലവിളക്ക് കൊളുത്തി കൊണ്ടാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത്. സ്ഥലം എംപിയായ റോബി മൂർ ലൂക്ക് മോൺസൽ കൗൺസിലർ പോൾ കുക്ക് ചീഫ് എഡിറ്റർ ബിൻസു ജോൺ എന്നിവർ തിരി തെളിച്ചാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് . യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഇത്രയും ജന പങ്കാളിത്തം ഉണ്ടാകാനുള്ള കാരണം എന്തായിരിക്കും? അതിനെക്കുറിച്ച് അടുത്ത ആഴ്ച്ച എഴുതാം .... റ്റിജി തോമസ്  റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.   യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം .... https://malayalamuk.com/uk-smrithikal-chapter-8-part-5/ https://malayalamuk.com/uk-smrithikal-chapter-8-part-4/ https://malayalamuk.com/uk-smrithikal-chapter-8-part-3/ https://malayalamuk.com/uk-smrithikal-chapter-8-part-2/ https://malayalamuk.com/uk-smrithikal-chapter-8/ https://malayalamuk.com/uk-smrithikal-chapter-7/ https://malayalamuk.com/uk-smrithikal-chapter6/ https://malayalamuk.com/uk-smrithikal-chapter5/ https://malayalamuk.com/uksmrithikal-chapter-4/ https://malayalamuk.com/uksmrithikal-chapter3/ https://malayalamuk.com/uksmrithikal-chapter2/
റ്റിജി തോമസ് പല പുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കുകയാണ് എന്റെ പതിവ്. പക്ഷേ ചിലപ്പോഴൊക്കെ വളരെ അവിചാരിതമായി ചില പുസ്തകങ്ങൾ നമ്മുടെ വായനാനുഭവത്തിന് പാത്രമാകും. അങ്ങനെ ആണ് വിനിൽ പോൾ രചിച്ച അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകം എൻറെ കൈയ്യിൽ വന്നത്. തിരുവല്ല മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ ചെറിയാന് സമ്മാനം കിട്ടിയ പുസ്തകം അദ്ദേഹം എനിക്ക് വായിക്കാനായി നൽകുകയായിരുന്നു. നാം ഇതുവരെ പഠിച്ച, കേട്ടറിഞ്ഞ കേരള ചരിത്ര പാഠങ്ങളിൽ ഒന്നും ഇല്ലാത്ത കീഴാള ജീവിതത്തിൻറെ അടയാളപ്പെടുത്തലുകളാണ് പുസ്തകത്തിൻറെ അടിമ കേരളം എന്ന ആദ്യ ഭാഗത്തിന്റെ പ്രമേയം. കേരളത്തിൽനിന്ന് അടിമകളായി വിൽക്കപ്പെട്ടിരുന്ന കീഴാള സമൂഹത്തിന്റെ രേഖാചിത്രം വസ്തുതകളുടെ അടിസ്ഥാനത്തിൽ വിനിൽ പോൾ വരച്ചുകാട്ടുന്നു. അതോടൊപ്പം കേരളത്തിലെ അടിമകൾ നേരിട്ടിരുന്ന ക്രൂരതകളെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ലേഖനങ്ങളും ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മിഷനറി പ്രസ്ഥാനത്തെ കുറിച്ചും ദളിത് ക്രൈസ്തവരെ കുറിച്ചുമുള്ള ലേഖനങ്ങളാണ് പുസ്തകത്തിലെ മിഷിനറി പ്രസ്‌ഥാനം എന്ന രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത് . കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ദളിതരുടെ ഇടയിൽ പ്രവർത്തിച്ച വിവിധ മിഷനറി സഭകളെ കുറിച്ചും അതുവഴി ഉണ്ടായ നവോഥാനത്തെ കുറിച്ചും കൂടുതൽ അടുത്തറിയാൻ പുസ്തകത്തിലെ ഉള്ളടക്കം വായനക്കാരെ സഹായിക്കും. അതോടൊപ്പം ദളിത് ക്രിസ്ത്യാനികൾ നേരിട്ട ജാതീയ വിവേചനത്തിൻ്റെ നേർചിത്രം വിവിധ സംഭവങ്ങളിലൂടെ എഴുത്തുകാരൻ വരച്ചുകാട്ടുന്നു. ജന്മികുടിയാൻ ബന്ധത്തിനുമപ്പുറം കേരളത്തിൽ അടിമവ്യാപാരം നിലനിന്നിരുന്നു എന്ന ചരിത്ര വസ്തുതയെ എത്രമാത്രം തമസ്കരിക്കാൻ നമ്മുടെ ചരിത്ര രചയിതാക്കൾക്ക് സാധിച്ചു എന്ന സത്യം വിളിച്ചു പറയുന്നു എന്നതാണ് അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകത്തിൻറെ പ്രാധാന്യം. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലണ്ടിൽ നിന്നുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങൾ മലയരയർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽ വിദ്യാഭ്യാസപരമായി ചെലുത്തിയ സാമൂഹിക പരിവർത്തനം എത്ര മാത്രമായിരുന്നു എന്ന് മിഷനറി പുരാശേഖരത്തിലെ മലയരയർ എന്ന ലേഖനത്തിൽ വിവരിക്കുന്നു. ലണ്ടനിലെ അറിയപ്പെടുന്ന പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന ഹെൻറി ബേക്കർ കേരളത്തിൽ എത്തി മുണ്ടക്കയം കേന്ദ്രീകരിച്ച് നടത്തിയ മിഷനറി പ്രവർത്തനങ്ങളും സ്കൂളുകൾ സ്ഥാപിച്ചുകൊണ്ടുള്ള നവോത്ഥാന പരിശ്രമങ്ങളെ കുറിച്ചുള്ള വിവരണങ്ങളും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രധാനമായും മുണ്ടക്കയം കേന്ദ്രീകരിച്ചിട്ടുള്ള മിഷനറിമാരുടെ പ്രവർത്തനത്തെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. എന്നാൽ പുസ്തകത്തിൽ പറയുന്നതിന് വിപരീതമായി മർഫി സായിപ്പാണ് ഏന്തയാറിൽ സ്കൂൾ തുടങ്ങിയതെന്നാണ് മുണ്ടക്കയത്തെ പഴമക്കാരുടെ അഭിപ്രായം. പക്ഷേ മധ്യതിരുവിതാംകൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദളിത് ജീവിതങ്ങൾ എത്രമാത്രം ദുഷ്കരമായ പരിതസ്ഥിതിയാണ് അഭിമുഖീകരിച്ചത് എന്നതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ഭൂതകാലത്തിന്റെ കാർമേഘങ്ങൾ ഒരു പരുധി വരെ തുടച്ചുമാറ്റാൻ മിഷനറിമാർക്കും വിദേശ ആധിപത്യത്തിനും കഴിഞ്ഞതായും പുസ്തകം സമർത്ഥിക്കുന്നു . ചരിത്രത്തിൻറെ ഏടുകളിൽ ഒരു രാജ്യത്തെ ഭരണം കൊണ്ട് അടിച്ചമർത്തിയ ബ്രിട്ടീഷ് ആധിപത്യം ഒരു പരുധിവരെ കേരളത്തിലെ ജാതിയ അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയുന്നതിന് പ്രേരകമായതും വിനിൽ പോളിന്റെ പുസ്തകം ചൂണ്ടി കാണിക്കുന്നു. കെ ജെ ബേബിയുടെ മാവേലി മന്റം എന്ന നോവലിൽ വയനാട്ടിലെ ആദിവാസികൾ അനുഭവിക്കുന്ന അടിമത്വത്തിന്റെ ആഴം വരച്ചു കാട്ടിയിരുന്നു. തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹന്റെ 100 സിംഹാസനങ്ങൾ നായാടി ആദിവാസി സമൂഹത്തിൻറെ ദുരവസ്ഥയും പ്രതിഫലിപ്പിക്കുന്നുണ്ട്. ഇവയുൾപ്പെടെ കഥയും കവിതയും നോവലുമായി മലയാള സാഹിത്യത്തിൽ എഴുതപ്പെട്ട പുസ്തകങ്ങൾക്കപ്പുറം കേരളത്തിൻറെ സാമൂഹ്യ ചരിത്രം എത്രമാത്രം ഇരുണ്ടതായിരുന്നു എന്ന് വായനക്കാരന് മനസ്സിലാക്കാൻ വിനിൽ പോളിന്റെ അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകം നമ്മളെ സഹായിക്കും. റ്റിജി തോമസ്  റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
റ്റിജി തോമസ് നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലെ സന്ദർശനം രണ്ട് ദിവസങ്ങളായാണ് പൂർത്തിയായത് . ആദ്യദിനത്തിലെ സന്ദർശനം പാതിവഴിയിൽ അവസാനിക്കാൻ ഒരു കാരണമുണ്ടായിരുന്നു. അത് ഒരു ഫോൺകോളായിരുന്നു. യുകെ മലയാളികളുടെഇടയിൽ കേരളത്തിൽ നിന്നുള്ള നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ജെ ജെ സ്‌പൈസസ് ആൻഡ് ഗ്രോസറീസ് എന്ന സ്‌ഥാപനത്തിന്റെ ഉടമയാണ് ജിജോ ജേക്കബ് . ജിജോയ്ക്ക് അന്ന് യോർക്ക് ഷെയറിൽ ഹോം ഡെലിവറി ഉള്ള ദിവസമായിരുന്നു. എന്നാൽ ജിജോയുടെ ഡെലിവറി വാനിൽ അനുവദിച്ചതിൽ കൂടുതൽ ഭാരമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞുവെച്ച വിവരവുമായിട്ടാണ് ജിജോയുടെ ഭാര്യ വിളിച്ചത്. 20 മിനിറ്റിനുള്ളിൽ സാധനങ്ങൾ വാഹനത്തിൽ നിന്ന് മാറ്റിയില്ലെങ്കിൽ പിഴയുടെ ഒപ്പം കൂടുതൽ നടപടികളിലേയ്ക്ക് പോകുമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഈ സന്ദേശത്തെ തുടർന്ന് ഞങ്ങൾ അതിവേഗം കോൾ മൈനിങ് മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങി. അയച്ചു കിട്ടിയ ലൊക്കേഷനിലേയ്ക്ക് പരമാവധി വേഗത്തിൽ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ എത്തിച്ചേർന്നത് ഒരു കാടിൻറെ നടുവിലായിരുന്നു . ഗൂഗിൾ മാപ്പ് ചതിച്ചതാണോ? സമയം അതിക്രമിച്ചു കൊണ്ടേയിരിക്കുന്നു. ഗൂഗിൾ മാപ്പ് ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് തിരക്കിനിടയിൽ നടന്ന് യാത്ര ചെയ്യാനുള്ള ഓപ്ഷനാണ് സെറ്റ് ചെയ്തിരുന്നത് എന്ന് മനസ്സിലായത്. പിന്നെയും ഗൂഗിൾ തന്നെ ശരണം. വഴിയിലുള്ള സിഗ്നലുകൾ വഴി മുടക്കരുതെന്ന പ്രാർത്ഥനയോടെ ഞങ്ങൾ ലക്ഷ്യത്തിലേക്ക് കുതിച്ചു. അധികം വൈകാതെ തന്നെ ജിജോയുടെ അടുത്ത് എത്തിച്ചേർന്നു. ജിജോയുടെ വാഹനത്തിന് തൊട്ടടുത്തുതന്നെ പോലീസ് വാഹനവും പാർക്ക് ചെയ്തിരുന്നു. അധികം താമസിയാതെ തന്നെ യുക്മാ യോർക്ക്ഷെയർ ആന്റ് ഹംബർ റീജൻ വൈസ് പ്രസിഡൻറ് സിബി മാത്യുവും അവിടെ എത്തിച്ചേർന്നു. ഞങ്ങളുടെ രണ്ടു കൂട്ടരുടെയും വാഹനത്തിലേയ്ക്ക് സാധനങ്ങൾ മാറ്റിവച്ചത് കൊണ്ട് തുടർ നടപടികളിൽ നിന്ന് പോലീസ് പിന്മാറി . പിഴ ഒഴിവാക്കുന്നതിന് ഒന്ന് അഭ്യർത്ഥിച്ചു നോക്കിയാലോ എന്ന് എൻറെ കേരള ബുദ്ധിയിൽ തോന്നി. പക്ഷേ നിയമം നടപ്പാക്കുന്നതിൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വളരെ സൗമ്യമായാണ് പോലീസ് വ്യക്തമാക്കിയത്. 300 പൗണ്ട് ഞാൻ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയപ്പോൾ ഒന്ന് ഞെട്ടി. മുപ്പതിനായിരം രൂപയോളം . ഒരുപക്ഷേ ജിജോയുടെ ഒന്നിലേറെ ദിവസങ്ങളിലെ കഷ്ടപ്പാട് ആവിയായി പോകുന്ന അവസ്ഥ. അന്ന് തന്റെ സ്ഥിരം കസ്റ്റമേഴ്സിന് സാധനങ്ങൾ കൊടുത്തശേഷം ജോജിയുടെ വാഹനത്തിലേയ്‌ക്ക് മാറ്റിയ സാധനങ്ങൾ എടുക്കാൻ ജിജോ എത്തിച്ചേർന്നു. നന്ദി സൂചകമായി 10 കിലോയുടെ ഒരു ചാക്ക് അരി സമ്മാനമായി തരാൻ ജിജോ ശ്രമിച്ചെങ്കിലും ജോജി അത് നിരസിച്ചു . ഒന്നിലേറെ തവണ ചെയ്തു തന്ന ഉപകാരത്തിന് നന്ദി പറയുമ്പോൾ എന്റെ മനസ്സിൽ പ്രവാസ ലോകത്ത് ജീവിതം കരിപിടിപ്പിക്കാൻ കഷ്ടപ്പെടുന്ന ഒട്ടേറെ ചെറുപ്പക്കാരുടെ മുഖമാണ് തെളിഞ്ഞുവന്നത്. അതോടൊപ്പം ഒരു ആവശ്യസമയത്ത് കൈത്താങ്ങാകാൻ ഓടിയെത്താനായി മലയാളി കാണിക്കുന്ന കൂട്ടായ്മയും മനസ്സിന് കുളിർമ നൽകുന്നതായിരുന്നു . റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി. യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം .... https://malayalamuk.com/uk-smrithikal-chapter-8-part-5/ https://malayalamuk.com/uk-smrithikal-chapter-8-part-4/ https://malayalamuk.com/uk-smrithikal-chapter-8-part-3/ https://malayalamuk.com/uk-smrithikal-chapter-8-part-2/ https://malayalamuk.com/uk-smrithikal-chapter-8/ https://malayalamuk.com/uk-smrithikal-chapter-8/ https://malayalamuk.com/uk-smrithikal-chapter-7/ https://malayalamuk.com/uk-smrithikal-chapter6/ https://malayalamuk.com/uk-smrithikal-chapter5/ https://malayalamuk.com/uksmrithikal-chapter-4/ https://malayalamuk.com/uksmrithikal-chapter3/ https://malayalamuk.com/uksmrithikal-chapter2/  
റ്റിജി തോമസ് നിമിഷങ്ങൾക്കകം ലിഫ്റ്റിലൂടെ 140 അടി താഴ്ച്ചയിലുള്ള കൽക്കരി ഖനിയിൽ ഞങ്ങൾ എത്തിച്ചേർന്നു. അക്ഷരാർത്ഥത്തിൽ പെരുച്ചാഴി നിൽക്കുന്നതു പോലെ തുരങ്കത്തിലായിരുന്നു ഞങ്ങൾ . വെയ്ക് ഫീൽഡിലെ സ്ഥലമായ ഓവർട്ടണിലെ കാപ്‌ഹൗസ് കൽക്കരി ഖനിയിയുടെ ഉള്ളിലാണ് ഞങ്ങളെന്ന് ഗൈഡ് മൈക്ക് പറഞ്ഞു . 1863 -ല്‍ ആരംഭിച്ച കാപ്‌ഹൗസ് കൽക്കരി ഖനി 1985 -ലാണ് പ്രവർത്തനം നിർത്തിയത്. അതിനു ശേഷം 1988 -ൽ കോൾ മൈനിങ് മ്യൂസിയമായി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഞങ്ങൾ തുരങ്കപാതയിലൂടെ മൈക്കിൻ്റെ നിർദ്ദേശാനുസരണം നടന്നു. ആദ്യകാലം തൊട്ട് ആധുനിക കാലഘട്ടം വരെയുള്ള കൽക്കരി ഖനനത്തിന്റെ നാൾവഴികളെ അതിൻറെ തനതായ രീതിയിൽ അടുത്തറിയാൻ സാധിക്കുന്ന തരത്തിലായിരുന്നു ഞങ്ങളുടെ യാത്ര . ഒരാൾക്ക് മാത്രം നൂർന്ന് അപ്പുറം കടക്കേണ്ടുന്ന ഒരു ഉപപാത ഞാനും ജോജിയും ഒഴിവാക്കിയപ്പോൾ സഹയാത്രികനായ പീറ്റർ അതിനു തയ്യാറായി. തുരങ്കപാതയിൽ നിന്ന് പുറത്തുവന്നപ്പോൾ പീറ്ററിന്റെ മുഖത്ത് പ്രത്യേക അഭിമാനം നിഴലിച്ചിരുന്നു. ആ ഘട്ടത്തിലാണ് ഞങ്ങളുടെ കൂടെയുള്ള മൂന്നാമനായ പീറ്ററിനെ ഞാൻ കൂടുതൽ പരിചയപ്പെട്ടത്. പീറ്റർ മ്യൂസിയത്തിൽ എത്തിയത് തൻറെ മുത്തച്ഛൻറെ ഓർമ്മ പുതുക്കാനാണ്. പീറ്ററിന്റെ മുത്തച്ഛൻ ജീവിതകാലം മുഴുവൻ ജോലി ചെയ്തിരുന്ന കൽക്കരി ഖനിയിലാണ് ഞങ്ങളിപ്പോൾ. തന്റെ പൂർവ്വപിതാമഹനോടുള്ള സ്നേഹവും ആദരവും അയാളുടെ ഓരോ വാക്കുകളിലും പ്രവർത്തനങ്ങളിലും അടുത്തറിയാൻ എനിക്ക് സാധിച്ചു. ആദ്യകാലങ്ങളിലെ കൽക്കരി ഖനികളിലെ ദുരവസ്ഥയും ക്രൂരമായ ജോലി സാഹചര്യങ്ങളും അതേപടി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു. ഖനനത്തിന്റെ ആദ്യകാലങ്ങളിൽ ജീവനക്കാർ ശരിക്കും അടിമകളെപോലെയായിരുന്നു. ഇംഗ്ലണ്ടിലെ കൽക്കരി ഖനനത്തിന്റെ ആദ്യ നാളുകളിൽ സ്ത്രീകളും കുട്ടികളും ഖനികളിൽ ജോലി ചെയ്തിരുന്നു. അവരുടെ ജീവിതം നരകതുല്യവുമായിരുന്നു. പലപ്പോഴും ചെറിയ തുരങ്കപാതകളിലൂടെ ട്രോളികളിൽ കൽക്കരി വഹിച്ചു കൊണ്ട് പോകുന്നത് കുട്ടികളും സ്ത്രീകളുമായിരുന്നു. അവരുടെ ശരീരത്തിന്റെ വലുപ്പ കുറവാണ് ഇടുങ്ങിയ ഇടനാഴികളിലെ ഈ രീതിയിലുള്ള ജോലിക്കായി അവരെ നിയോഗിക്കാൻ കാരണമായത് . പിഞ്ചുകുഞ്ഞുങ്ങളും ഇങ്ങനെ ജോലി ചെയ്തവരിൽ ഉൾപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ സ്ത്രീകളും കുട്ടികളും കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നത് നിയമം മൂലം നിരോധിക്കപ്പെടുന്നത് വരെ ഇതായിരുന്നു സ്ഥിതി. പിന്നീട് വളരെ വർഷങ്ങൾക്കുശേഷമാണ് ഖനികൾക്ക് പുറത്തുള്ള ജോലികൾക്ക് സ്ത്രീകളെ നിയോഗിക്കുന്നത് അനുവദിച്ചത്. നേരത്തെ മ്യൂസിയത്തിൽ 1812 -ലെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഗേറ്റർ ഷെഡ്ഡിലുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞ ഒരു 8 വയസ്സുകാരന്റെ ഓർമ്മ തുരങ്ക പാതയിലൂടെ യാത്ര ചെയ്തപ്പോൾ ഒരു നീറ്റലായി എൻറെ മനസ്സിലുണ്ടായിരുന്നു. തോമസ് ഗാർഡർ എന്നായിരുന്നു അവന്റെ പേര്. ചെറുപ്രായത്തിൽ ജീവൻ വെടിഞ്ഞ ഒട്ടേറെ പേരുകൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ തോമസിന്റെ പേരാണ് മനസ്സിൽ തങ്ങി നിന്നത്. പലപ്പോഴും ഖനികളിൽ പത്തും പന്ത്രണ്ടും മണിക്കൂർ വരെ കുട്ടികൾ ജോലി ചെയ്യേണ്ടതായി വന്നിരുന്നു. ഭാരമുള്ള കൽക്കരി വണ്ടികൾ തള്ളുകയോ വലിക്കുകയോ ചെയ്യുക, കൊട്ടകളിലോ ചാക്കുകളിലോ കൽക്കരി കൊണ്ടുപോകുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുള്ള ജോലികൾക്കും കുട്ടികളെ നിയോഗിച്ചിരുന്നു. ഖനികളിലെ തുടർച്ചയായുള്ള ജീവിതം പലരെയും നിത്യരോഗികളാക്കി . പ്രായപൂർത്തിയായ തൊഴിലാളികളെക്കാൾ കുറഞ്ഞ ശമ്പളം മാത്രം നൽകിയാൽ മതിയെന്നതായിരുന്നു കുട്ടികളെ ഖനികളിൽ ജോലിക്കായി നിയോഗിക്കുന്നതിന് ഒരു കാരണമായത്. അതോടൊപ്പം കുട്ടികൾക്ക് മാത്രം നുഴഞ്ഞുകയറാവുന്ന തുരങ്ക പാതകളിലെ ജോലിയും ഒരു കാരണമായി. തങ്ങളുടെ മാതാപിതാക്കൾ ഖനികളിൽ ജോലി ചെയ്യുമ്പോൾ ഏറ്റവും ഇളയ കുട്ടികൾ ഭൂമിക്കടിയിലെ അവർ മുന്നേറുന്ന പാതയുടെ ആരംഭത്തിൽ ഇരുട്ടിലായിരിക്കും. ട്രാപ്പർമാർ എന്നാണ് ഇവരെ വിളിച്ചിരുന്നത്. ഇടയ്ക്ക് ശുദ്ധ വായു കടന്നു വരാൻ ട്രാപ്പ് ഡോറുകൾ എന്ന് വിളിക്കപ്പെടുന്ന തടി വാതിലുകൾ തുറക്കുകയും അടയ്ക്കുകയും ആയിരുന്നു ഇവരുടെ ജോലി. പലപ്പോഴും 12 മണിക്കൂറോളം ഇങ്ങനെ ഇരുട്ടിൽ ഇരിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ഈ പാവം കുട്ടികൾ. 1842 ഓഗസ്റ്റ് 4 - ന് ബ്രിട്ടനിലെ ഖനികളിൽ സ്ത്രീകളും 10 വയസ്സിൽ താഴെയുള്ള കുട്ടികളും മണ്ണിനടിയിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം വരുന്നതിന് മുൻപ് ഖനികളിൽ ഭാര്യയും ഭർത്താവും കുട്ടികളും ഉൾപ്പെടെയുള്ള മുഴുവൻ കുടുംബാംഗങ്ങളും ജോലി ചെയ്യുന്നത് സാധാരണമായിരുന്നു. അങ്ങനെ ജോലി ചെയ്യുന്ന ഒരു കുടുംബത്തിൻറെ പ്രതീകാത്മകമായ ചിത്രീകരണം ഖനിയിലൂടെയുള്ള യാത്രയിൽ നമുക്ക് കാണാൻ സാധിക്കും. ഖനികളിൽ നിന്ന് കൽക്കരി അടർത്തിയെടുക്കുന്ന മുതിർന്നവർക്ക് മാത്രമേ വെളിച്ചം നൽകുന്ന വിളക്കുകൾ ഉണ്ടായിരുന്നുളളൂ . ട്രാപ്പർമാരായും മറ്റു ജോലികളിൽ ഏർപ്പെടുന്ന കുട്ടികൾ കൂരിരുട്ടിലാണ് ചിലവഴിക്കേണ്ടി വന്നിരുന്നത്. എന്തിനുവേണ്ടിയാണ് കുട്ടികളുടെ കാലിൽ ചരട് കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്ന ചോദ്യത്തിന് വിശദമായി തന്നെ ഗൈഡ് മറുപടി നൽകി .ഒന്നാമത് ഇരുട്ടിൽ അവർ തുരങ്ക പാതയിലേക്ക് എവിടെയെങ്കിലും പോകാനുള്ള സാധ്യത ഒഴിവാക്കുക എന്നതായിരുന്നു. അതുകൂടാതെ കുട്ടികൾ ഉറങ്ങി പോയെങ്കിൽ അവരെ വിളിച്ചുണർത്താനുമായും ഈ ചരടുകൾ ഉപയോഗിച്ചിരുന്നു! ട്രാപ്പർമാരായ ജോലിചെയ്യുന്ന കുട്ടികൾ പലപ്പോഴും ഇരുട്ടിൽ തളർന്ന് ഉറങ്ങി പോവുകയാണെങ്കിൽ മുതിർന്നവർ കാലിൽ കെട്ടിയിരുന്ന ചരട് ദൂരെ നിന്ന് വലിക്കുകയായിരുന്നു ചെയ്തിരുന്നത് . ഗൈഡിന്റെ വിവരണം ഭീതിയോടെയല്ലാതെ ശ്രവിക്കാനായില്ല . ഭൂമിക്കടിയിലെ ഈ തുരങ്ക പാതയിൽ ഞങ്ങൾ നാലുപേർ മാത്രമേയുള്ളൂ. ആർക്കെങ്കിലും ഒരു അത്യാസന്ന നില വന്നാൽ എന്ത് ചെയ്യും. ഗൈഡിന് പെട്ടെന്ന് ദേഹാസ്വസ്ഥ്യം ഉണ്ടായാൽ ഞങ്ങൾ മൂന്നുപേരും ഇവിടെ കുടുങ്ങി പോകുമോ ? എന്റെ മനസ്സിൽ ഈ വിധ ചോദ്യങ്ങൾ ഉണ്ടായെങ്കിലും അത് പുറത്തേയ്ക്ക് വന്നില്ല . ഗൈഡിൻെറ ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു പക്ഷേ ഖനികളിൽ മൊബൈൽ അനുവദനീയമായിരുന്നില്ല. ഏതെങ്കിലും രീതിയിൽ തീ പിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യതയുള്ള വസ്തുക്കൾ ഖനികളിലേയ്ക്ക് കൊണ്ടുപോകാൻ സന്ദർശകർക്ക് അനുവാദമില്ല . കോൾ മൈനിങ് മ്യൂസിയം തുടങ്ങിയപ്പോൾ മുതൽ ഗൈഡ് ആയി ജോലിചെയ്യുന്ന മൈക്ക് ഈ ഖനിയിലെ തന്നെ തൊഴിലാളി ആയിരുന്നെന്ന് അഭിമാനത്തോടെയാണ് പറഞ്ഞത്. കൽക്കരി ഖനനത്തിന്റെ ഭാഗമാകാത്ത ഒരാൾക്ക് എങ്ങനെ ഇത്രമാത്രം ആധികാരികതയോടെ കാര്യങ്ങളെ വിശദീകരിച്ചു തരാനാവും.   ഖനികളിൽ തീപിടുത്തത്തിന് കാരണമാകുന്ന അപകടകരമായ വാതകങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് ആദ്യകാലങ്ങളിൽ എലികളെയും കാനറികൾ ( ഒരു തരം ചെറുപക്ഷികൾ ) ഉപയോഗിച്ചിരുന്നതായി മൈയ്ക്ക് പറഞ്ഞു. കൂട്ടിലടച്ച ഈ ജീവികളുടെ അസ്വാഭാവിക പ്രതികരണങ്ങൾ അപകട സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ തൊഴിലാളികളെ സഹായിച്ചിരുന്നു. ശാസ്ത്രം പുരോഗമിച്ചപ്പോൾ ഗ്യാസ് ഡിറ്റക്ടർ സെൻസറുകൾ ഏന്നിവ അപകടങ്ങളെ കുറിച്ച് കാര്യക്ഷമമായ മുന്നറിയിപ്പ് നൽകുന്നത് ഉപയോഗിച്ച് തുടങ്ങി. ഖനികളിൽ നിന്ന് പുറത്തുവന്നതിനുശേഷമാണ് പീറ്ററുമായി കൂടുതൽ സംസാരിച്ചത്. മുത്തശ്ശന്റെ വിയർപ്പ് വീണ ഖനി പാതയിലൂടെ യാത്ര ചെയ്തതിന്റെ ഗൃഹാതുരത്വത്തിലായിരുന്നു അദ്ദേഹം. "ഞാൻ ഇനിയും വന്നേക്കാം..." പിരിയാൻ നേരത്തെ പീറ്റർ ഞങ്ങളോട് പറഞ്ഞു. മറ്റുള്ളവർക്ക് വെളിച്ചവും ഊർജവും നൽകാൻ ഇരുട്ടിലും ഇടുങ്ങിയ തുരങ്കത്തിലും നിരന്തരമായ അപകടങ്ങളിലും ജീവൻ ഹോമിക്കപ്പെട്ട ഖനി തൊഴിലാളികളുടെ വേദന മനസ്സിൽ വിങ്ങലായി കുറേക്കാലത്തേക്ക് നിലനിന്നു , മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പരിചയപ്പെട്ട മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുന്ന അലൻ ചാൽക്കയുടെ പ്രസാദാത്മകമായ പുഞ്ചിരിയ്ക്കും സുഖാന്വേഷണത്തിനും മനസ്സിന്റെ വിങ്ങലുകളെ ശമിപ്പിക്കാനായില്ല . ഖനിയിലൂടെയുള്ള യാത്രയിൽ ഞാൻ ഗൈഡിനോട് ചോദിച്ച ചോദ്യം പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നു. ഈ ഖനി തുരങ്കത്തിൽ എത്ര മൈലുകൾ ഉണ്ടായിരിക്കും ? അതിന് കൃത്യമായ ഒരു ഉത്തരം ഇല്ലായിരുന്നു. ഖനികൾ സ്വകാര്യ ഉടമസ്ഥതയിൽ ആയിരുന്നപ്പോൾ ഖനനത്തിന് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പെരുച്ചാഴിയുടെ തുരങ്ക പാത പോലെ ഖനനപാതകളും കൃത്യതയില്ലാതെ കാൽക്കരി തേടി നീണ്ടു നീണ്ടുപോയി. മൈൻ സേർച്ചിങ്ങിനെ കുറിച്ച് മടക്കയാത്രയിൽ ജോജി വിശദമായി പറഞ്ഞു.മൈനിങ്ങ് നിലവിലുള്ള സ്ഥലങ്ങളിൽ വീടുകൾ എടുക്കുമ്പോൾ മൈൻ സെർച്ചിങ് നടത്തിയിരിക്കണം. വീട് മേടിക്കുന്ന ആൾ ഏർപ്പെടുത്തുന്ന സോളിസിറ്റർ ആണ് ഗവൺമെൻറ് ഏജൻസിയുടെ സഹായത്തോടെ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഖനികളിൽ നിന്ന് ശേഖരിച്ച കൽക്കരിയുടെ ചെറുകഷണങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു എൻറെ ആഗ്രഹം. പക്ഷേ പിന്നീടുള്ള പല ദിവസങ്ങളിലും അർദ്ധനഗ്നരായ കാൽക്കരി ഖനിയിൽ കഴിയുന്ന കുട്ടികളുടെ ചിത്രം എൻറെ ഉറക്കം കെടുത്താൻ തുടങ്ങി. ഇരുട്ടിൽ ശ്വാസം കിട്ടാതെ ഭൂഗർഭ അറയിൽ ജീവൻ ഹോമിച്ച കുട്ടികളുടെ ചിത്രങ്ങൾ എൻെറ സ്വപ്നങ്ങളെ പോലും അലോസര പെടുത്തിയപ്പോൾ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ ഖനിയിൽ നിന്ന് ശേഖരിച്ച കൽക്കരി തുണ്ടുകൾ ഞാൻ ഇംഗ്ലണ്ടിന്റെ മണ്ണിൽ തന്നെ ഉപേക്ഷിച്ചു. റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി. യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം .... https://malayalamuk.com/uk-smrithikal-chapter-8-part-4/ https://malayalamuk.com/uk-smrithikal-chapter-8-part-3/ https://malayalamuk.com/uk-smrithikal-chapter-8-part-2/ https://malayalamuk.com/uk-smrithikal-chapter-8/ https://malayalamuk.com/uk-smrithikal-chapter-7/ https://malayalamuk.com/uk-smrithikal-chapter6/ https://malayalamuk.com/uk-smrithikal-chapter5/ https://malayalamuk.com/uksmrithikal-chapter-4/ https://malayalamuk.com/uksmrithikal-chapter3/ https://malayalamuk.com/uksmrithikal-chapter2/ https://malayalamuk.com/uksmrithikal-chapter-1/
Copyright © . All rights reserved