uber
കുടിവെള്ള പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടോ എന്ന് കണ്ടെത്താന്‍ വ്യത്യസ്തമായ മാര്‍ഗ്ഗം ആവിഷ്‌കരിച്ച് വാട്ടര്‍ കമ്പനി. പൈപ്പുകള്‍ ചോരുന്നുണ്ടോ എന്ന് അറിയിക്കാന്‍ ഊബര്‍ ടാക്‌സി ഡ്രൈവര്‍മാരെ നിയോഗിച്ചിരിക്കുകയാണ് സെവേണ്‍ ട്രെന്റ് എന്ന കമ്പനി. ഇത് വളരെ ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ടാഴ്ചക്കുള്ളില്‍ 50 റിപ്പോര്‍ട്ടുകള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയെന്ന് കമ്പനി അറിയിച്ചു. വിര്‍ച്വല്‍ ഫീല്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായി വീഡിയോ എടുത്ത് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. പ്രതിദിനം 400 മില്യന്‍ ലിറ്റര്‍ വെള്ളം പാഴാകാതെ സംരക്ഷിക്കുമെന്നാണ് കമ്പനി പ്രതിജ്ഞ ചെയ്തിരിക്കുന്നത്. എന്നാല്‍ തകരാറുകള്‍ കണ്ടെത്താന്‍ വിദഗ്ദ്ധരെ അയക്കുന്നതിനു പകരം ടാക്‌സി ഡ്രൈവര്‍മാരെ ഉപയോഗിക്കുന്നതില്‍ കമ്പനിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. വാട്ടര്‍ എന്‍ജിനീയര്‍മാര്‍ പരിശീലനം നേടിയ സ്‌പെഷ്യലിസ്റ്റുകളാണെന്നും വെള്ളത്തില്‍ മാലിന്യം കലര്‍ന്നിട്ടുണ്ടോയെന്നും അത് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതാണോയെന്നും മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും യൂണിയന്‍ നേതാവായ സ്റ്റുവര്‍ട്ട് ഫേഗാന്‍ പറഞ്ഞു. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഇത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലീക്ക് എവിടെയാണെന്ന് കൃത്യമായി മനസിലാക്കാനും അവര്‍ക്ക് സാധിച്ചെന്നു വരില്ല. അതിനാല്‍ റിപ്പയര്‍ ചെയ്യാനെത്തുന്നവര്‍ ഹൈവേകളില്‍ അനാവശ്യമായി കുഴികള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ചോര്‍ച്ച കണ്ടെത്താന്‍ സെവേണ്‍ ട്രെന്റ് ടാക്‌സി ഡ്രൈവര്‍മാരെ നിയോഗിച്ചിരിക്കുന്ന എന്ന വാര്‍ത്ത കേട്ടപ്പോള്‍ തമാശായായിരിക്കും എന്നാണ് കരുതിയതെന്നും ഫേഗാന്‍ പറഞ്ഞു. എന്നാല്‍ ഉപഭോക്താക്കള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള വിഷയമായതിനാല്‍ ആരും ഈ തമാശ കേട്ട് ചിരിക്കുന്നില്ല. സെവേണ്‍ ട്രെന്റ് വിവേകത്തോടെ പെരുമാറണമെന്നും പ്രോഗ്രാം അടിയന്തരമായി റദ്ദാക്കണമെന്നും ജിഎംബി ദേശീയ നേതാവായ അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനിയുടെ ഈ പദ്ധതിയെ ഊബര്‍ ലീക്ക്‌സ് എന്നാണ് ജീവനക്കാര്‍ തന്നെ പരിഹസിക്കുന്നത്.
ലണ്ടനിലെ യൂബര്‍ ഉപയോക്താക്കള്‍ക്ക് അധിക ഫീസ് ഏര്‍പ്പെടുത്തി ഊബര്‍. 'ക്ലീന്‍ എയര്‍ ഫീ' എന്ന പേരില്‍ മൈലിന് 15 പെന്‍സ് വീതമാണ് അധികമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ സമാഹരിക്കുന്ന തുക ഡ്രൈവര്‍മാര്‍ക്ക് ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് കാറുകള്‍ വാങ്ങാന്‍ നല്‍കുമെന്നാണ് യൂബര്‍ നല്‍കുന്ന വിശദീകരണം. വരുന്ന കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 മില്യന്‍ പൗണ്ട് ഇതിലൂടെ സമാഹരിക്കാനാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. ആഴ്ചയില്‍ ശരാശരി 40 മണിക്കൂറെങ്കിലും ആപ്പ് ഉപയോഗിക്കുന്ന ഡ്രൈവര്‍ക്ക് മലിനീകരണ മുക്തമായ കാര്‍ വാങ്ങാന്‍ വരുന്ന രണ്ടു വര്‍ഷത്തിനുള്ളിലാണെങ്കില്‍ 3000 പൗണ്ടും മൂന്നു വര്‍ഷത്തിനുള്ളിലാണെങ്കില്‍ 4500 പൗണ്ടും നല്‍കാനാണ് തീരുമാനം. ശരാശരി ട്രിപ്പിന് 45 പെന്‍സ് എങ്കിലും ക്ലീന്‍ എയര്‍ ഫീയായി ലഭിക്കുമെന്നാണ് യൂബര്‍ കണക്കാക്കുന്നത്. 2021നുള്ളില്‍ ലണ്ടനില്‍ കബറിനു കീഴില്‍ സര്‍വീസ് നടത്തുന്ന 20,000 കാറുകള്‍ ഇല്ക്രിക് ആക്കി മാറ്റണമെന്നാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 2025ഓടെ ഇത് ഇരട്ടിയാക്കാനാണ് നീക്കം. ബ്രിട്ടീഷ് തലസ്ഥാനത്ത് ഇപ്പോള്‍ 45000 ഊബര്‍ ഡ്രൈവര്‍മാരുണ്ടെന്നാണ് കണക്ക്. എന്നാല്‍ അധിക ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള അടവ് മാത്രമാണ് ഇതെന്നും മറ്റുള്ളവരുടെ ചെലവില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്നും പല ഉപയോക്താക്കളും കുറ്റപ്പെടുത്തുന്നു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി യൂബര്‍ അവതരിപ്പിക്കുന്നതെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ദാര ഖോസ്രോവ്ഷാഹി പറഞ്ഞു. ലണ്ടന്‍ നഗരം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നായ മലിനീകരണം നിയന്ത്രിക്കാന്‍ മേയര്‍ സാദിഖ് ഖാന്‍ നടത്തുന്ന ഉദ്യമങ്ങള്‍ക്ക് ഒരു സഹായമെന്ന നിലയിലാണ് കമ്പനി പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി നിക്ഷേപിക്കുന്ന 200 മില്യന്‍ പൗണ്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതാണ്. 2025ഓടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം യൂബറിന്റെ ഈ നീക്കം ഡ്രൈവര്‍മാര്‍ക്ക് ഉപകാരമാകാന്‍ സാധ്യതയില്ലെന്നാണ് ലൈസന്‍സ്ഡ് ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സ്റ്റീവ് മക്‌നാര പ്രതികരിച്ചത്. യൂബര്‍ ഡ്രൈവര്‍മാര്‍ മിനിമം ശമ്പളം പോലുമില്ലാതെ ഏറെ നേരം ജോലി ചെയ്യുകയാണ്. കമ്പനിയുടെ ഈ ശ്രമം മേയറുടെ ഗുഡ്ബുക്കില്‍ കയറിപ്പറ്റാനുള്ള പിആര്‍ ജോലി മാത്രമാണ്. ഇല്ക്ട്രിക് ആണെങ്കിലും അല്ലെങ്കിലും ലണ്ടന്‍ നഗരത്തില്‍ 40,000 കാറുകള്‍ ഉണ്ടാക്കുന്നത് വന്‍ ഗതാഗതക്കുരുക്കാണെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനില്‍ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ നിരോധനത്തെ നിയമനടപടിയിലൂടെ മറികടന്ന് ഊബര്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ അഞ്ച് വര്‍ഷത്തെ ഓപ്പറേറ്റിംഗ് ലൈസന്‍സ് ഊബറിന് നിഷേധിച്ചത്. ഡ്രൈവര്‍മാരുടെ പശ്ചാത്തലം അന്വേഷിക്കുന്നില്ലെന്നും ഇവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നുമായിരുന്നു ഊബറിനെതിരെ ഉയര്‍ന്ന ആരോപണം. ഇതിനെതിരെ ഊബര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ലൈസന്‍സ് നിഷേധിക്കപ്പെട്ടതിനു ശേഷം ഊബറിന്റെ കോര്‍പറേറ്റ് സ്വഭാവത്തില്‍ കാര്യമായ പുരോഗമനം ഉണ്ടായിട്ടുണ്ടെന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിലയിരുത്തി. തങ്ങളുടെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ഊബര്‍ കോടതിയെ അറിയിച്ചു. മൂന്ന് നോണ്‍ എക്സിക്യൂട്ടീവ് ബോര്‍ഡംഗങ്ങളെ നിയമിച്ചതായും ഊബര്‍ വ്യക്തമാക്കി. നിയന്ത്രിത ലൈസന്‍സ് അനുവദിച്ച ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്‍ബത്ത്നോട്ട് പക്ഷേ ഊബറിന്റെ ഏതു വിധേനയും ബിസിനസ് വളര്‍ത്തുകയെന്ന സമീപനത്തെ വിമര്‍ശിച്ചു. ഊബര്‍ ആവശ്യപ്പെട്ട 18 മാസത്തെ പ്രൊവിഷണല്‍ ലൈസന്‍സ് അനുവദിക്കാനാകില്ലെന്നും മജിസ്ട്രേറ്റ് പറഞ്ഞു. ലണ്ടനിലെ ലൈസന്‍സ് പുതുക്കേണ്ടെന്ന തീരുമാനം ശരിയായിരുന്നുവെന്ന് ഊബര്‍ നേതൃത്വം പറഞ്ഞേതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വിധി വരുന്നത്. ലണ്ടനില്‍ വര്‍ഷങ്ങളോളം മോശമായി പ്രവര്‍ത്തിച്ച ശേഷം ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ എടുത്ത നടപടി ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഈ പ്രസ്താവനയിലൂടെയെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞിരുന്നു. കോടതിയും തങ്ങളുടെ നിലപാടിനെ ശരിവെച്ചിക്കുകയാണെന്നും മേയര്‍ പറഞ്ഞു. നിബന്ധനകളോടെയാണ് ഇപ്പോള്‍ 15 മാസത്തെ ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. ടിഎഫ്എല്ലിന് ഊബറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും സാദിഖ് ഖാന്‍ വിശദീകരിച്ചു. കോടതിച്ചെലവായി 425,000 പൗണ്ടും ഊബര്‍ നല്‍കേണ്ടി വരും.
ടാക്‌സി മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഊബര്‍ യാത്രക്കാര്‍ക്കുവേണ്ടി പുതിയ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. പറക്കും ടാക്‌സികള്‍ അവതരിപ്പിക്കാനാണ് പദ്ധതി. ലോസ് ആന്‍ജലസില്‍ നടക്കുന്ന എലിവേറ്റ് സമ്മിറ്റില്‍ ഇതിന്റെ മാതൃക ഊബര്‍ അവതരിപ്പിച്ചു. ഹെലികോപ്ടറിന്റെ മാതൃകയില്‍ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും നടത്താനാകുന്ന എയര്‍ക്രാഫ്റ്റായിരിക്കും ഇതിനായി ഉപയോഗിക്കുക. തിരക്കേറിയ നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങളിലെത്താന്‍ ഈ പറക്കു ടാക്‌സികള്‍ സഹായിക്കും. 2020 മുതല്‍ ഈ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഒരു എയര്‍ക്രാഫ്റ്റില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാം. ആദ്യഘട്ടത്തില്‍ പൈലറ്റുമാരുള്ള മോഡലുകളായിരിക്കും അവതരിപ്പിക്കുക. പിന്നീട് സ്വയം പറക്കുന്ന മോഡലുകള്‍ നിലവില്‍ വരും. ഇത് 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരും. വാഹനത്തിന്റെ മിനിയേച്ചറും പൂര്‍ണ്ണ രൂപത്തിലുള്ള മോഡലും സമ്മിറ്റില്‍ ഊബര്‍ പ്രദര്‍ശിപ്പിച്ചു. ഈ സര്‍വീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണീയത അതിന്റെ നിരക്കാണ്. മൈലിന് 1.50 പൗണ്ട് മാത്രമേ യാത്രക്കാര്‍ക്ക് ചെലവാകൂ എന്നാണ് ഊബര്‍ അവകാശപ്പെടുന്നത്. ഹെലികോപ്ടറിന്റെ മാതൃകയിലുള്ള ഒന്നിലേറെ റോട്ടറുകളിലാണ് ഇത് പറന്നുയരുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹനമായതിനാല്‍ ഹെലികോപ്ടറിന്റെയത്ര ശബ്ദമുണ്ടാകില്ലെന്ന മെച്ചവുമുണ്ട്. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്ക് 4.20 പൗണ്ട് വീതം ഒരു മൈല്‍ യാത്രക്ക് ചെലവാകുമെങ്കിലും പെട്ടെന്നു തന്നെ നിരക്കുകള്‍ കുറയ്ക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. നഗരങ്ങള്‍ ഗതാഗതത്തിന്റെ കാര്യത്തില്‍ ഇനി മറ്റൊരു സമീപനം സ്വീകരിക്കേണ്ട സമയം വന്നിരിക്കുകയാണെന്ന് ഊബര്‍ സിഇഒ ദാര ഖോസ്രോഷാഹി പറഞ്ഞു. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമങ്ങളിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: യുവതിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ ഡ്രൈവര്‍ പീഡിപ്പിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ യൂബര്‍ ഡ്രൈവറായ ഹരിയാന സ്വദേശിയായ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒമ്പതിനാണ് സംഭവം നടക്കുന്നുത്. ജോലി സമയത്തിന് ശേഷം വീട്ടിലേക്ക് പോകുന്നതിനായിട്ടാണ് യുവതി യൂബര്‍ ടാക്‌സി ബുക്ക് ചെയ്യുന്നത്. യുവതി കാറില്‍ കയറിയതിനു ശേഷം കുറച്ച് ദൂരം ഹൈവേയിലൂടെ ഓടിച്ച ഡ്രൈവര്‍ ആള്‍താമസം കുറഞ്ഞ മറ്റൊരു റൂട്ടിലേക്ക് വണ്ടി തിരിച്ചു വിട്ടു. കാറില്‍ സെന്‍ട്രല്‍ ലോക്ക് സംവിധാനമുണ്ടായിരുന്നതിനാല്‍ വാഹനത്തിന്റെ വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ യുവതിക്ക് കഴിഞ്ഞില്ല. അതിവേഗതയിലായിരുന്ന ഇയാള്‍ കാറോടിച്ചിരുന്നത്. പീഡനത്തിന് ശേഷം കുറച്ചു ദൂരം പിന്നിട്ട് കാര്‍ വേഗത കുറഞ്ഞപ്പോള്‍ യുവതി ലോക്ക് തുറന്ന് ചാടിയിറങ്ങുകയായിരുന്നു. ഉടന്‍ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ചെയ്തു. പക്ഷേ പോലീസ് എത്തിച്ചേരുന്ന സമയത്തിനുള്ളില്‍ കാറുമായി രക്ഷപ്പെട്ട ഡ്രൈവറെ പിന്നീടാണ് അറസ്റ്റ് ചെയ്യുന്നത്. പീഡന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് വാഹന ലൈസന്‍സ് പോലും സ്വന്തമായില്ലെന്ന് പോലീസ് പറഞ്ഞു. കൂടാതെ കാറിന് ടാക്‌സി പെര്‍മിറ്റ് ഇല്ലായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് യൂബര്‍ വക്താവ് അറിയിച്ചു. അറസ്റ്റിലായ ഡ്രൈവര്‍ സഞ്ജീവിനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
RECENT POSTS
Copyright © . All rights reserved