UK Education
യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ പരിശീലന പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പരിപാലനത്തിനായി നിയോഗിച്ചിരിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് ആയിരിക്കും ഇത് നടപ്പാക്കുക. സോഷ്യല്‍ മീഡിയയെയും പൂര്‍ണ്ണത നേടാനുള്ള ശ്രമങ്ങളെയും എങ്ങനെയായിരിക്കണം കൈകാര്യം ചെയ്യേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുകയായിരിക്കും ടാസ്‌ക്‌ഫോഴ്‌സിന്റെ ജോലി. പണം കൈകാര്യം ചെയ്യേണ്ട രീതികള്‍, വിദ്യാര്‍ത്ഥി ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍, സുഹൃത്തുക്കളെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കും. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനായി വീട്ടില്‍ നിന്ന് പുറത്തെത്തുന്നതു തന്നെ കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ വീര്യം ചോര്‍ത്താറുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. സ്വതന്ത്രമായി നിന്ന് പഠിക്കുക, അതിനൊപ്പം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. പുതിയൊരു സ്ഥലവും തീര്‍ത്തും അപരിചിതരുമായുള്ള സഹവാസവും ഈ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയേയുള്ളു. അത്തരം സാഹചര്യങ്ങളെ അതിജീവിച്ച് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമായ യൂണിവേഴ്‌സിറ്റി ജീവിതം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് സഹായം നല്‍കുകയാണ് നാം ചെയ്യേണ്ടതെന്ന് ഹിന്‍ഡ്‌സ് പറഞ്ഞു. എജ്യുക്കേഷന്‍ ട്രാന്‍സിഷന്‍സ് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനുള്ള ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ യൂണിവേളഴ്‌സിറ്റീസ് യുകെ, യുസിഎഎസ്, നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് എന്നിവയുടെ പ്രതിനിധികള്‍ അംഗങ്ങളായിരിക്കും. യൂണിവേഴ്‌സിറ്റി പഠന കാലയളവില്‍ വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന്റെ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് ഈ നീക്കം. യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന പുതിയ വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് വര്‍ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തു വന്നത്. കോഴ്‌സുകളുടെ ആരംഭത്തില്‍ ഡിപ്രഷന്‍, അമിതാകാംക്ഷ തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2014-15 അധ്യയന വര്‍ഷത്തിനും 2017-18 വര്‍ഷത്തിനുമിടയില്‍ 73 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്.
നാലു വയസുള്ള ആണ്‍കുട്ടിയെ തല്ലിയ സംഭവത്തില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇയാന്‍ വെബ്ബര്‍ എന്ന അധ്യാപകനാണ് കുറ്റം ചെയ്തതായി ബര്‍മിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയത്. തെളിവുകളും സ്ഥലത്തുണ്ടായിരുന്ന മൂന്നു കുട്ടികളുടെ സാക്ഷിമൊഴികളും ഇയാള്‍ കുട്ടിയെ തല്ലിയെന്നത് തെളിയിക്കുന്നുവെന്ന് ജഡ്ജ് റോബിന്‍സണ്‍ പറഞ്ഞു. വികൃതി കാട്ടിയെന്ന് പറഞ്ഞാണ് വെബ്ബര്‍ കുട്ടിയുടെ കാലില്‍ തല്ലിയതെന്ന് കോടതി വ്യക്തമാക്കി. സ്‌കൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലനത്തിനിടയ്ക്കാണ് സംഭവമുണ്ടായത്. നിര്‍ദേശങ്ങള്‍ അനുസരിക്കാതിരുന്ന കുട്ടിയ സ്‌പോര്‍ട്‌സ് ഹാളില്‍ നിന്ന് തോളില്‍ പിടിച്ച് എടുത്തുകൊണ്ടു പോയതിനു ശേഷം മര്‍ദ്ദിക്കുകയായിരുന്നു. 6 അടി 2 ഇഞ്ച് ഉയരവും 54 വയസുമുള്ള അധ്യാപകനെ കുട്ടി ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഇനി തൊഴിച്ചാല്‍ താന്‍ തല്ലുമെന്ന് വെബ്ബര്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് കോടതിയില്‍ വ്യക്തമാക്കപ്പെട്ടത്. 16 വര്‍ഷത്തെ അധ്യാപന പരിചയമുള്ള വെബ്ബര്‍ എന്നാല്‍ കുട്ടിയെ തല്ലിയെന്ന ആരോപണം നിഷേധിച്ചു. ദൃക്‌സാക്ഷികളായ കുട്ടികള്‍ കേട്ട തല്ലുന്നതു പോലെയുള്ള ശബ്ദം താന്‍ കുട്ടിക്ക് ഹൈ ഫൈവ് നല്‍കിയതിന്റെയായിരിക്കുമെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ അധ്യാപകനെ ഉപാധികളോടെ വിട്ടയച്ചു. 850 പൗണ്ട് കോടതിച്ചെലവുകള്‍ അടയ്ക്കാനും ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലണ്ടന്‍: സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലായിരിക്കും ഒരുപക്ഷേ കുട്ടികളെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പല കാരണങ്ങള്‍ കൊണ്ടും കുട്ടികളുടെ ചെറുതും വലുതുമായി വികൃതികള്‍ പഠനത്തെയും സമാനമായി ജീവിതത്തെയും ബാധിക്കും. യു.കെയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍ ആശങ്കാജനകമാണ്. ഏതാണ്ട് 3000ത്തിലേറെ കുട്ടികളെ 'പഠിപ്പിക്കാന്‍' സ്‌കൂളുകള്‍ക്ക് സാധിക്കുന്നില്ല. ചെറുതും വലുതുമായി കുറ്റകൃത്യങ്ങള്‍ ചെയ്ത് സസ്‌പെന്‍ഷന്‍ വാങ്ങിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മാതാപിതാക്കളെ സംബന്ധിച്ചടത്തോളം വലിയ നമ്പറാണിത്. സമീപ വര്‍ഷങ്ങളെക്കാളും കൂടുതല്‍ കുട്ടികളാണ് ഇത്തവണ അച്ചടക്ക നടപടികള്‍ നേരിട്ടേണ്ടി വന്നിരിക്കുന്നതെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അച്ചടക്കത്തോടെ പഠന സാഹചര്യത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് വലിയ ശ്രമകരമായ ജോലിയാണ്. അച്ചടക്ക നടപടി നേരിടേണ്ടി വന്നിരിക്കുന്ന കുട്ടികള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങള്‍ അതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അധ്യാപകരെ ഉപദ്രവിക്കുക, സഹപാഠികളോട് വര്‍ണ്ണവിവേചനം കാണിക്കുക, അപമാനിക്കുക, ശാരീരികമായി മറ്റു കുട്ടികളെ ഉപദ്രവിക്കുക, മയക്കുമരുന്ന് ഉപയോഗം, സഹപാഠികളെ മാനസികമായി ആഘാതമേല്‍പ്പിക്കുക തുടങ്ങിയവയാണ് പ്രധാനമായും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചെയ്തിരിക്കുന്ന കുറ്റകൃത്യങ്ങള്‍. സ്‌കൂളുകള്‍ 'പഠിപ്പിക്കുന്നതില്‍' പരാജയപ്പെട്ട 430 വിദ്യാര്‍ത്ഥികള്‍ പ്രൈമറി ക്ലാസുകളില്‍ ഉള്ളവരാണ്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ കാണപ്പെടുന്ന അക്രമവാസനയാണ് പ്രധാനമായും ഇവിടെ വില്ലനാകുന്നത്. സ്‌കൂളില്‍ നിന്ന് ഏറ്റവും കൂടുതല്‍ അച്ചടക്ക നടപടി നേരിട്ട വിദ്യാര്‍ത്ഥി 63 പ്രാവശ്യമാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. അതായത് 43ലധികം സ്‌കൂള്‍ ദിവസങ്ങള്‍ ഈ കുട്ടിക്ക് നഷ്ടപ്പെട്ടു. മറ്റൊരു വിദ്യാര്‍ത്ഥിയെ 22 പ്രാവശ്യം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്, ഏതാണ്ട് 62 ദിവസമാണ് നഷ്ടമായത്. ദി സണ്‍ഡേ പീപ്പിള്‍ വിവരാവകാശ നിയമപ്രകാരം നേടിയെടുത്ത രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചില കുട്ടികള്‍ക്ക് സാധാരണ സ്‌കൂളുകളിലെ ചുറ്റുപാടുമായി സഹകരിക്കാന്‍ കഴിയില്ലെന്നും അത്തരക്കാര്‍ മറ്റു വിദ്യാര്‍ത്ഥികളുടെ ജീവിതവും വിദ്യാഭ്യാസവും തകരാന്‍ കാരണമാകുമെന്നും റിയല്‍ എജ്യുക്കേഷന്‍ ക്യാംപെയിനേഴ്‌സ് ചെയര്‍മാന്‍ ചൂണ്ടിക്കാണിച്ചു.
മക്കളുടെ ലഞ്ച് ബോക്‌സുകള്‍ കുത്തിനിറയ്ക്കുന്ന അമ്മമാര്‍ അധ്യാപകരുടെ വിമര്‍ശനത്തിന് സ്ഥിരം ഇരയാകാറുണ്ട്. അത്തരം അനുഭവം പങ്കുവെക്കുകയാണ് ഒരു അമ്മ. ഫെയിസ്ബുക്കിലാണ് ഇവര്‍ കുട്ടിക്ക് നല്‍കുന്ന ലഞ്ച് ബോക്‌സിന്റെ ചിത്രം ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്. തന്റെ മകളെ അങ്ങനെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് അധ്യാപികയോട് വിശദീകരിച്ചു. ചില ദിവസങ്ങളില്‍ അവള്‍ കുറച്ച് ഭക്ഷണം കഴിക്കും. പക്ഷേ ചില ദിവസങ്ങളില്‍ വിഷം കാണുന്നതുപോലെയാണ്, ഭക്ഷണത്തില്‍ തൊട്ടു നോക്കുക പോലുമില്ല. പല വിധത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ അവള്‍ക്ക് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവള്‍ കഴിക്കുന്നത് നഗ്ഗെറ്റ്‌സും സോസേജും മുട്ടയും മാത്രമാണ്. ഓടി നടക്കുന്ന പ്രകൃതക്കാരിയാണ് അവള്‍. കളിയും ബഹളവും കഴിഞ്ഞാല്‍ അവള്‍ക്ക് വിശക്കുമെന്ന് തനിക്ക് അറിയാമെന്നും അമ്മ പറയുന്നു. പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന ലഞ്ച് ബോക്‌സിന്റെ ചിത്രം കണ്ടാല്‍ ഇത്രയും ഭക്ഷണം നല്‍കണോ എന്ന് ചോദിക്കുമോ എന്നും പോസ്റ്റില്‍ അമ്മ പറയുന്നു. എന്തായാലും സമ്മിശ്രമായ പ്രതികരണമാണ് പോസ്റ്റിന് ലഭിച്ചത്. പലരും ഇത്രയും ഭക്ഷണം നല്‍കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞു. കുട്ടികള്‍ ഭക്ഷണം മറ്റു കുട്ടികളുമായി പങ്കുവെക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും ചിലര്‍ പറഞ്ഞു. ചില കുട്ടികള്‍ ചില പ്രത്യേക ഭക്ഷണ സാധനങ്ങളോട് അലര്‍ജിയുള്ളവരാകാമെന്നും ചോക്കോ കുക്കീസ് പോലെയുള്ള മധുരമടങ്ങിയ ഭക്ഷണ സാധനങ്ങള്‍ തങ്ങളുടെ കുട്ടികള്‍ അധികം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാത്ത രക്ഷിതാക്കളുണ്ടാകാം എന്നതൊക്കെയാണ് ഇതിന് കാരണമായി പറയുന്നത്. അതേസമയം ഒരു അമ്മയെന്ന നിലയില്‍ കുട്ടിയെ ഭക്ഷണം കഴിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്ന കമന്റുകളും പോസ്റ്റിലുണ്ട്. കുട്ടികള്‍ക്ക് ബാലന്‍സ്ഡ് ഫുഡ് ആണ് നല്‍കേണ്ടതെന്ന് അറിയാമെങ്കിലും അവര്‍ കുറച്ചു മാത്രം കഴിക്കുന്നവരാണെങ്കില്‍ ഇതല്ലാതെ മാര്‍ഗ്ഗമില്ലെന്നാണ് അമ്മമാരുടെ അഭിപ്രായം. മിക്ക രക്ഷിതാക്കളും ലഞ്ച് ബോക്‌സുകള്‍ കുത്തിനിറയ്ക്കുന്നതിനു കാരണവും ഇതു തന്നെയാണ്.
ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ രണ്ടു വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ കൂടുതലായി അനുവദിക്കാനുള്ള നീക്കത്തിന് അംഗീകാരം നല്‍കി ലോര്‍ഡ്‌സ്. സെപ്റ്റംബര്‍ മുതല്‍ കാലപരിധി കുറഞ്ഞതും കൂടുതല്‍ ഗൗരവമുള്ളതുമായ ഈ കോഴ്‌സുകള്‍ക്കായി അധിക ഫീസ് ഈടാക്കാനും യൂണിവേഴ്‌സിറ്റികള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ സാധാരണ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളേക്കാള്‍ ട്യൂഷന്‍ ഫീസ് ഇനത്തില്‍ രണ്ടു വര്‍ഷ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5500 പൗണ്ട് ലാഭമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. നിലവില്‍ ചില യൂണിവേഴ്‌സിറ്റികള്‍ ഫാസ്റ്റ്ട്രാക്ക് ഡിഗ്രി കോഴ്‌സുകള്‍ നല്‍കുന്നുണ്ടെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ പറയുന്നു. പക്ഷേ, അവക്കായി എത്തുന്നവര്‍ വളരെ ചുരുക്കമാണ്. കൂടുതല്‍ അധ്യാപന സമയം ആവശ്യമാണെന്നതിനാലാണ് രണ്ടു വര്‍ഷ കോഴ്‌സുകള്‍ക്ക് 20 ശതമാനം അധിക ഫീസ് ഈടാക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷ കോഴ്‌സ് ചെയ്യുന്നവര്‍ക്ക് പ്രതിവര്‍ഷം 11,000 പൗണ്ടാണ് ഫീസിനത്തില്‍ നല്‍കേണ്ടി വരുന്നത്. മൂന്നു വര്‍ഷക്കാര്‍ക്ക് ഇത് 9250 പൗണ്ടാണ്. എങ്കിലും രണ്ടു വര്‍ഷക്കാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 20 ശതമാനം കുറവ് ഫീസ് മാത്രമേ ആകുന്നുള്ളുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ വ്യക്തമാക്കുന്നു. കുടുംബപരമായ ചുമതലകളുള്ളവര്‍ക്കും ജോലികള്‍ ചെയ്യുന്നവര്‍ക്കും അനുയോജ്യമായവയാണ് രണ്ടു വര്‍ഷ ഡിഗ്രി കോഴ്‌സുകളെന്നും വിലയിരുത്തപ്പെടുന്നു. മൂന്നു വര്‍ഷം പഠിച്ചു നേടുന്ന ഡിഗ്രിക്ക് തുല്യമാണ് രണ്ടു വര്‍ഷം കൊണ്ട് ലഭിക്കുന്ന ഡിഗ്രിക്കും ഉള്ളത്. താമസത്തിനും മറ്റു ചെലവുകള്‍ക്കാമായി ചെലവാകുന്ന പണവും രണ്ടു വര്‍ഷ കോഴ്‌സിലൂടെ ലാഭിക്കാനാകുമെന്നതും മറ്റൊരു നേട്ടമാണ്. മുതിര്‍ന്നതിനു ശേഷം ഡിഗ്രി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ ഈ രീതി അനുഗ്രഹമാകുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ആധുനിക കാല നാഴികക്കല്ലായിരിക്കും ഈ പദ്ധതിയെന്ന് യൂണിവേഴ്‌സിറ്റീസ് മിനിസ്റ്റര്‍ ക്രിസ് സ്‌കിഡ്‌മോര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റികളും ഈ പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
Copyright © . All rights reserved