uk news
സ്റ്റാഫോര്‍ഡില്‍ വീട്ടിലുണ്ടായ തീപ്പിടിത്തത്തിലും പൊട്ടിത്തെറിയിലും നാലു കുട്ടികള്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. അശ്രദ്ധ മൂലമുള്ള നരഹത്യക്കാണ് ഇവര്‍ക്കെതിരെ സ്റ്റാഫോര്‍ഡ്ഷയര്‍ പോലീസ് കേസെടുത്തത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. നതാലി യൂണിറ്റ് (24), പാര്‍ട്‌നറായ ക്രിസ് മൗള്‍ടണ്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മക്കളായ ജാക്ക് (2), ഓലി (3), കീഗന്‍ (6), എന്നിവരും നതാലിയുടെ നേരത്തേയുള്ള ബന്ധത്തിലെ മകനായ റൈലി(8)യുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നതാലിയും ക്രിസും ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസിന് പൊള്ളലേറ്റിട്ടുണ്ട്, അതേസമയം നതാലിക്ക് പുക ശ്വസിച്ചതിന്റെ അസ്വസ്ഥതകളാണ് ഉള്ളത്. ഇരുവര്‍ക്കു ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് വിവരം. തീപ്പിടിത്തത്തെ തുടര്‍ന്ന് വീടിന്റെ മുകള്‍ നിലയില്‍ നിന്ന് നതാലിയും ക്രിസും ഇളയ കുട്ടിയുമായി ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അപകടത്തിന് കാരണമെന്തെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ബോയിലര്‍ തകരാറു മൂലമുണ്ടായ ഗ്യാസ് ചോര്‍ച്ചയായിരിക്കാം കാരണമെന്നാണ് സൂചന. പുലര്‍ച്ചെ 2.40നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അപകടത്തില്‍ വീടിന്റെ മേല്‍ക്കൂരയും ജനലുകളും തകര്‍ന്നു. ചുമരുകള്‍ പുകയേറ്റ് കറുത്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇന്നലെ ഉച്ചക്ക് 1.30നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കുടുംബത്തിനു വേണ്ടി ആരംഭിച്ച ഫണ്ട് റെയിസിംഗ് പേജില്‍ 28,500 പൗണ്ടിലേറെ സഹായം എത്തിയിട്ടുണ്ട്. 1800ലേറെയാളുകള്‍ സംഭാവന നല്‍കി. കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് സ്റ്റാഫോര്‍ഡ്ഷയര്‍ കൊറോണറുടെ വക്താവ് അറിയിച്ചു. കൊറോണര്‍ക്ക് ഫയല്‍ ലഭിച്ചിട്ടുണ്ടെന്നും വക്താവ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടികളുടെ അധ്യാപകര്‍ ഇവരെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പങ്കുവെച്ചത്.
ന്യൂസ് ഡെസ്ക് യുകെയിലെ ഹോളിഡേ ഇൻ ഹോട്ടൽ  ഗ്രൂപ്പ് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതായി ആരോപണം. ഹോളിഡേ ഇന്നിന്റെ മെനുവിലാണ് ഹോളി കൗ കറി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വില 15.75 പൗണ്ടാണ്. റൈസും നാൻ ബ്രെഡും ചട്നിയും ഹോളി കൗ കറിയോടൊപ്പം സേർവ് ചെയ്യുമെന്നു മെനുവിൽ പറയുന്നു. ഹോളി കൗ എന്ന ബ്രാൻഡ് നെയിമുള്ള കമ്പനിയാണ് ഹോളിഡേ ഇന്നിന് കറി സോസ് സപ്ളെ ചെയ്യുന്നത്. പശുവിനെ പരിശുദ്ധമായി ആരാധിക്കുന്ന ഹിന്ദുക്കളെ അപമാനിക്കുന്നതാണ് കറിയുടെ പേരെന്ന് പരാതി ഉന്നയിച്ച ഹിന്ദു മത പുരോഹിതനായ ദിൽപേഷ് കൊട്ടേച്ച പറയുന്നു. കറി സോസ് പായ്ക്കറ്റിന്റെ പുറത്ത് പശുവിന്റെ തലയുടെ പടവും കൊടുത്തിട്ടുണ്ട്. ഇത് കമ്പനിയുടെ ട്രേഡ് മാർക്ക് സിംബൽ ആണ്. ലെസ്റ്ററിലെ ഒരു ഹോളിഡേ ഇന്നിലാണ് താൻ ഹോളി കൗ കറി കണ്ടത് എന്ന് 44 കാരനായ ദിൽപേഷ് പറഞ്ഞു.  ഹോളിഡേ ഇൻ സ്റ്റാഫിനോട് പരാതി പറഞ്ഞെങ്കിലും അവർ അതിനെ തമാശയായി കണ്ട് ചിരിച്ചു തള്ളുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഹോളിഡേ ഇൻ ഈ കറി മെനുവിൽ നിന്ന് നീക്കം ചെയ്യണമെന്നും ക്ഷമാപണം നടത്തണമെന്നും ദിൽപേഷ് ആവശ്യപ്പെട്ടു. ഹോളിഡേ ഇന്നിന് കറി സപ്ളെ ചെയ്യുന്ന ഹോളി കൗ കമ്പനി ഉടമ ബ്രിട്ടനിലെ ഹിന്ദു സമുദായത്തിൽ പെട്ട ആളാണ്. ഫാമിലി ബിസിനസായി നടത്തുന്ന ഹോളി കൗ കമ്പനിയുടെ ഉടമ അനു ശർമ്മയാണ്. കമ്പനിയുടെ ബ്രാൻഡ് നെയിം ആർക്കെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിച്ചതിൽ ഖേദിക്കുന്നതായി അവർ പറഞ്ഞു.
RECENT POSTS
Copyright © . All rights reserved