ukmalayalamnews
ആദ്യകാല സിനിമകളിലൊക്കെ ഇഷ്ടമില്ലാത്ത ഡ്രസ്സുകള്‍ ഇടേണ്ടി വന്നിട്ടുണ്ടെന്ന് മലയാളത്തിന്റെ പ്രിയതാരം കാവ്യാമാധവന്‍.അന്നൊന്നും ആരും നമ്മുടെ അഭിപ്രായം ചോദിക്കില്ലായിരുന്നുവെന്നും കാവ്യ പറയുന്നു. ഫാഷന്‍ സെന്‍സ് എന്നാല്‍ കയ്യില്‍ കിട്ടുന്നതെല്ലാം വാരിവലിച്ച് ഇടുന്നതല്ല മറിച്ച് അവനവനു യോജിക്കുന്ന രീതിയില്‍ ഡ്രസ് ചെയ്യുന്നതാണെന്ന് പറയുമ്പോഴും ഒരു ഡ്രസ് കണ്ടാല്‍ തന്റെ ബോഡിഷേപ്പിന് ചേരുമോ എന്ന് ചിന്തിച്ചും പിന്നെ അധികം ടൈറ്റായ ഡ്രസ്സുകള്‍ ഉപയോഗിക്കാറില്ല നമ്മള്‍ സൊസൈറ്റിയെ ബഹുമാനിക്കണമല്ലോ എന്നും കാവ്യ പറയുന്നു. ഇന്ന് സിനിമകളില്‍ ഡ്രസ്സിങ്ങിനെ കുറിച്ച് അത്ര പ്രശ്‌നം വരാറില്ല കാരണം ട്രയലൊക്കെ നടത്തിയിട്ടാണ് ഏതു ഡ്രസ് വേണമെന്ന് തീരുമാനിക്കുന്നത്. പല സിനിമകളിലും നമ്മള്‍ക്കു തന്നെ ഷോപ്പിങ് നടത്തി ഡ്രസ് തിരഞ്ഞെടുക്കാമെന്നതും ഏറെ നല്ലകാര്യമാണ്. പിന്നെ തനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് സൈസ് സീറോ ആകുന്നതെന്ന് കാവ്യ. ബോഡിഷേപ്പ് നമ്മള്‍ക്ക് പാരമ്പര്യമായി കിട്ടുന്നതാണ് അധികം മാറ്റങ്ങളില്ലാതെ അതങ്ങനെ തന്നെ സൂക്ഷിക്കാനാണ് തനിക്കിഷ്ടമെന്നും താരം തുറന്നുപറഞ്ഞു. എങ്കിലും മെലിഞ്ഞ ആരെക്കണ്ടാലും തനിക്ക് അസൂയയാണെന്ന് ഒരു കുസൃതിയോടെ കാവ്യ പറയുന്നു. ഇഷ്ടമുള്ള ഏതു വസ്ത്രവും അവര്‍ക്ക് ധരിക്കാമല്ലോ. ഭംഗിയുള്ള മെലിച്ചില്‍ ഒരു ഭാഗ്യം തന്നെയാണ്. പിന്നെ സിനിമാരംഗത്താണെങ്കില്‍ മംമ്തയുടെ സ്‌റ്റൈല്‍ ഒരുപാട് ഇഷ്ടമാണ്. ഏതു വസ്ത്രവും നന്നായി യോജിക്കും. മോഡേണ്‍ വസ്ത്രങ്ങള്‍ പ്രത്യേകിച്ച് യോജിക്കുമെന്നും താരം പറഞ്ഞു. മലയാളത്തിന്റെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യമാധവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ബോളിവുഡിലെ യുവ പ്രണയ ജോഡികളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും വേര്‍പിരിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ധാരാളം വിവാദങ്ങള്‍ വരുത്തിവെയ്ക്കുകയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞും നിന്നിരുന്ന ഈ നക്ഷത്ര കമിതാക്കളുടെ വേര്‍പിരിയലിന് പല കാരണങ്ങളും മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്‍ബീറിന്റെ മുന്‍ കാമുകി ദീപികയും കത്രീനയുടെ മുന്‍ കാമുകന്‍ സല്‍മാനുമെല്ലാം വേര്‍പിരിയലിന് കാരണമായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നമല്ല ബിടൗണിന്‍ പുതിയ ഹരം ആലിയ ഭട്ട് ആണ് ഇരുവര്‍ക്കുമിടയില്‍ വില്ലത്തിയായി കടന്നുവന്നതെന്നാണ് ഇപ്പോള്‍ അറിയുന്നത്. ആലിയ ഭട്ടിനോടുള്ള രണ്‍ബീറിന്റെ അടുപ്പം കത്രീനയെ ചൊടിപ്പിച്ചതാണ് ബ്രേക്കപ്പിനുള്ള കാരണമെന്ന് ചില ബോളിവുഡ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇംതിയാസ് അലിയുടെ വീട്ടില്‍ വെച്ചായിരുന്നു പ്രണയത്തകര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്നും പറപ്പെടുന്നുണ്ട്. ഇംതിയാസ് അലിയുടെ വീട്ടില്‍വെച്ചു നടന്ന പരിപാടിയില്‍ ബോളിവുഡിലെ പ്രമുഖരെ ക്ഷണിച്ചിരുന്നു. രണ്‍ബീറും കത്രീനയും ആലിയയുമെല്ലാം പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ ആരെയും ആകര്‍ഷിക്കുന്ന വേഷം ധരിച്ചെത്തിയ ആലിയ രണ്‍ബീറിന്റെ ശ്രദ്ധനേടാന്‍ ശ്രമിച്ചതും രണ്‍ബീര്‍ ആലിയയുമായി കൂടുതല്‍ ഇടപഴകിയതും കത്രീനയെ ചൊടിപ്പിച്ചത്രെ. ഇതേച്ചൊല്ലി ഇവര്‍ താമസിക്കുന്ന സ്ഥലത്തുവെച്ചും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിന്നിട് ചെറിയ കാരണങ്ങള്‍ക്കുപോലും തര്‍ക്കിച്ച ഇരുവരും, രണ്‍ബീറിന്റെ ദീപികയുമായുള്ള സിനിമ റിലീസ് ചെയ്തതോടെ പൂര്‍ണമായി അകലുകയായിരുന്നു. രണ്‍ബീര്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും താന്‍ പറയാതെ വിവാഹം കഴിക്കില്ലെന്നുമുള്ള ദീപികയുടെ പരാമര്‍ശവും പിണക്കത്തിന്റെ ആക്കം കൂട്ടിയെന്നാണ് അറിയുന്നത്.
ആലുവ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം മമ്പാട് പരതമ്മല്‍ അറപ്പച്ചാലിക്കുഴിയില്‍ അനീഷി(26)നെയാണ് നെടുമ്പാശേരി എമിഗ്രേഷന്‍ അധികൃതര്‍ ഇന്നലെ പിടികൂടിയത്. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്. ആദിവാസികള്‍ക്കിടയിലും മറ്റും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയുടെ ലീഡറായിരുന്നു പിടിയിലായ അനീഷ്. അടുത്തിടെ അന്തരിച്ച യുവ ഡോക്ടര്‍ ഷാനവാസായിരുന്നു ഈ സംഘടനയുടെ സ്ഥാപകന്‍. അദ്ദേഹം നടത്തിയിരുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രശസ്തമായതോടെ ധാരാളം പേര്‍ ഈ സംഘടനയില്‍ ആകൃഷ്ടരായി എത്തി. ഇദ്ദേഹത്തിന്റെ മരണശേഷം സംഘടനയുടെ നേതൃത്വം അനീഷ് ഏറ്റെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് യുവതി സംഘടനയും അനീഷുമായി അടുക്കുന്നത്. എന്‍ജിനീയറിംഗ് ബിരുദദാരിയായ യുവതി കോഴിക്കോട് വച്ച് അനീഷുമായി നേരില്‍ കാണുകയും കൂടുതല്‍ അടുക്കുകയും ചെയ്തു. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എംബിഎ കാരനായ പ്രതി മലപ്പുറത്തെ ഒരു ധനിക കുടുംബത്തിലെ അംഗമാണ്. എന്നാല്‍ ഇതു മറച്ചുവച്ചുകൊണ്ട് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ച് യുവതിയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇയാളുടെ നിര്‍ദേശപ്രകാരം യുവതി സന്ദര്‍ശന വിസയില്‍ ദുബൈയില്‍ എത്തി ജോലി ചെയ്തു. തുടര്‍ന്ന് അനീഷിന് വിസ അയച്ചുകൊടുത്തുവെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അനീഷ് മറ്റൊരു വിസയില്‍ സൗദി അറേബ്യയിലേക്ക് കടക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷ് ഇത്തരത്തില്‍ മറ്റു യുവതികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. എമിഗ്രേഷന്‍ വിഭാഗം നെടുമ്പാശേരി പോലീസിന് കൈമാറിയ പ്രതിയെ പിന്നീട് ഗുരുവായൂര്‍ പോലീസിന് വിട്ടുകൊടുത്തു. സിഐയുടെ നേതൃത്വത്തില്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിഞ്ഞതുകൊണ്ടാണ് അതിന് നേതൃത്വം നല്‍കുന്ന അനീഷുമായി കൂടുതല്‍ അടുത്തതെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും ഇനിയൊരു പെണ്‍കുട്ടിയും ഇത്തരത്തില്‍ വഞ്ചിക്കപ്പെടാന്‍ ഇടയാവരുതെന്നും യുവതി പറഞ്ഞു. അനീഷിന്റെ ബന്ധുക്കള്‍ യുവതി പരാതി നല്‍കിയതായി അറിഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്തു രംഗത്തെത്തിയിരുന്നു. എന്നാല്‍ യുവതി അത് നിരസിക്കുകയായിരുന്നു
‘നടുവേദന’ മൂലം എയര്‍ ഇന്ത്യ വിമാനം യാത്രക്കാരെ വലച്ചത് മൂന്നരമണിക്കൂര്‍. വൈകുന്നേരം ആറരയോടെ ഡല്‍ഹിയില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന കൊച്ചി-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനമാണ് ‘നടുവേദന’ പ്രശ്‌നം പരിഹരിക്കാനാവാതെ ഡല്‍ഹി വിമാനത്താവളത്തില്‍ മൂന്നരമണിക്കൂര്‍ കുടുങ്ങിക്കിടന്നത്. രൂക്ഷമായ നടുവേദനയുള്ള യാത്രക്കാരിയുടെ നടുവിനു ചൂടുപകരുന്ന യന്ത്രം കുത്താന്‍ സീറ്റിനടുത്തു പ്ലഗ് പോയിന്റില്ലാഞ്ഞതാണ് വിമാനം വൈകാന്‍ കാരണമായത്. വൈദ്യുതി ഉപയോഗിച്ചു ചൂടുപകരുന്ന യന്ത്രം വിമാനത്തില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. അതുകൊണ്ടുതന്നെ അതുമായാണ യാത്രക്കാരി വന്നത്. യന്ത്രം ഉപയോഗിക്കാന്‍ കഴിയാതെ മണിക്കൂറുകള്‍ വിമാനം പറന്നാല്‍ തനിക്കു വേദന രൂക്ഷമാകുമെന്നും അതുകൊണ്ട് അതിനുള്ള ക്രമീകരണം ചെയ്യാതെ വിമാനം പുറപ്പെടാന്‍ പാടില്ലെന്നും യാത്രക്കാരി ശഠിച്ചു. അതേസമയം ഇവരെ വിമാനത്തില്‍ നിന്നിറക്കാനുള്ള അധികൃതരുടെ നീക്കവും യാത്രക്കാരിയുടെ നിലവിളിമൂലം ആദ്യം കഴിയാതെപോയി. കെസി വേണുഗോപാല്‍ ഉള്‍പ്പെടെ മൂന്ന് എംപിമാരും യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നു. വ്യോമഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടിട്ടും പ്രശ്‌നം മൂന്നരമണിക്കൂറോളം പരിഹരിക്കപ്പെട്ടില്ല. ഒടുവില്‍ യാത്രക്കാരിയെ ബലമായി വിമാനത്തില്‍നിന്നിറക്കി രാത്രി 10 മണിയോടെയാണു വിമാനം പുറപ്പെട്ടത്.
നാട്ടില്‍ പോകാനാകാതെ 18 വര്‍ഷമായി കുവൈറ്റില്‍ കഴിയുകയായിരുന്ന മലയാളി യുവാവ് അസുഖ ബാധിതനായി മരിച്ചു. മരിച്ചത് ഗുരുവായൂര്‍ കാണിപ്പയ്യൂര്‍ സ്വദേശി പുതുവീട്ടില്‍ ഹസന്‍ മുബീദ ദമ്പതികളുടെ മകന്‍ നൗഷാദ് ( 43 ) ആണ്. നൗഷാദ് ഏതാനും ദിവസങ്ങളായി അദാന്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കെ.എം.സി. സി മെഡിക്കല്‍ വിംഗിന്റെ സഹായത്തോടെയായിരുന്നു താമസ രേഖയോ പാസ്‌പോര്‍ട്ടോ ഇല്ലാതെ രോഗാവസ്ഥയില്‍ അവശനായ നൗഷാദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 18 വര്‍ഷമായി നാട്ടില്‍ പോകാനാകാതെ കുവൈത്തില്‍ കഴിയുന്ന നൗഷാദിനെ കുവൈത്ത് കെ.എം.സി. സി നേതൃത്വം ഇടപെട്ട് ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ നാട്ടില്‍ വിദഗ്ധ ചികിത്സക്കയക്കാന്‍ ശ്രമിച്ചുവരുന്നതിനിടയിലായിരുന്നു അന്ത്യം സംഭവിച്ചത്. ദുരന്തം നൗഷാദിനെ വേട്ടയാടിയത് രേഖകള്‍ ശരിയാക്കി നാട്ടിലെത്തി കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിച്ചിരിക്കെയാണ്. കഴിഞ്ഞ ദിവസം കുവൈറ്റിലെ അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ പറ്റുന്ന വിധം സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കുന്നു എന്നറിഞ്ഞതോടെ തനിക്ക് സ്വന്തക്കാരെയും നാടും വീടും കാണാന്‍ കഴിയുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു നൗഷാദ്. എന്നാല്‍ നൗഷാദിന്റെ മടക്കയാത്ര ആ പൊതുമാപ്പിന്റെ ആനുകൂല്യം അനുഭവിക്കാന്‍ കഴിയാതെയാണ്. കെ.എം.സി. സി നേതാക്കളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, എം.ആര്‍ നാസര്‍, സിറാജ് എരഞ്ഞിക്കല്‍, പി.കെ. മുഹമ്മദലി, ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുകയാണ്.
RECENT POSTS
Copyright © . All rights reserved