un
വിന്‍ഡ് ടര്‍ബൈനുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘട. വൈദ്യുതോദ്പാദനത്തിന് ഉപയോഗിക്കുന്ന ഭീമന്‍ കാറ്റാടി യന്ത്രങ്ങള്‍ സൃഷ്ടിക്കുന്ന ശബ്ദം വെസ്‌റ്റേണ്‍ യൂറോപ്പിലെ ജനങ്ങളുടെ ആയുസ്സിനെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ വിധത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ബാധിക്കുന്നത് റോഡ് ഗതാഗതത്തില്‍ നിന്നുള്ള ശബ്ദമാണെന്നും ഗവേഷണത്തില്‍ വ്യക്തമായി. തീരപ്രദേശങ്ങളില്‍ സ്ഥാപിക്കുന്ന കാറ്റാടി യന്ത്രങ്ങള്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഊര്‍ജ്ജത്തിന് ഒരു പകരക്കാരനായതിനാല്‍ രാഷ്ട്രീയ നേതൃത്വങ്ങളും ഇതിന്റെ വക്താക്കളാണ്. കഴിഞ്ഞ ലേബര്‍ കോണ്‍ഫറന്‍സില്‍ ഇത്തരത്തിലുള്ള ഊര്‍ജ്ജോദ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ജെറമി കോര്‍ബിന്‍ വ്യക്തമാക്കിയിരുന്നു. ശബ്ദമലിനീകരണം മൂലം ഉറക്കക്കുറവ്, കേള്‍വിക്കുറവ്, അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, ചെവിയില്‍ എപ്പോഴും മൂളല്‍ പോലെ അനുഭവപ്പെടുന്ന ടിനിറ്റസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു. ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന അഞ്ച് സ്രോതസ്സുകളാണ് പഠന വിധേയമാക്കിയത്. റോഡ് ഗതാഗതം, റെയില്‍വേ, വ്യോമഗതാഗതം, കാറ്റാടി യന്ത്രങ്ങള്‍, ഹെഡ്‌ഫോണുകള്‍ ലൈവ് മ്യൂസിക് എന്നിവയാണ് വിശകലനം ചെയ്തത്. നമ്മുടെ നഗരങ്ങളില്‍ ശബ്ദ മലിനീകരണം വര്‍ദ്ധിച്ചു വരികയാണെന്നും അസഹ്യത സൃഷ്ടിക്കുമെന്നതില്‍ ഉപരിയായി ഇത് ആരോഗ്യപ്രശ്‌നങ്ങളാണ് മനുഷ്യരില്‍ സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണല്‍ ഡയറക്ടര്‍ ഡോ. സുസാന ജേക്കബ് പറഞ്ഞു. നിരവധി യൂറോപ്യന്‍മാരുടെ ജീവിതങ്ങളെയാണ് ഈ പ്രശ്‌നം ഗുരുതരമായി ബാധിക്കുന്നത്. കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ വരെ ശബ്ദമലിനീകരണം മൂലം ഉണ്ടാകുന്നുവെന്നും അവര്‍ പറഞ്ഞു. വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന ശബ്ദം മുതല്‍ നൈറ്റ്ക്ലബ്ബുകളില്‍ നിന്നും സംഗീതപരിപാടികളില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന ശബ്ദം വരെ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ശബ്ദ മലിനീകരണത്തിന്റെ തോത് നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. അവ ഉപയോഗിച്ച് നയരൂപീകരണം നടത്താന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സാലിസ്ബറി ആക്രമണത്തിനു ശേഷമുണ്ടായ പ്രത്യേക സാഹചര്യങ്ങളില്‍ ബ്രിട്ടന് മുന്നറിയിപ്പ് നല്‍കി റഷ്യ. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സ്യ ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് താക്കീതിന്റെ സ്വരത്തില്‍ സംസാരിച്ചത്. ബ്രിട്ടന്‍ തീകൊണ്ട് കളിക്കുകയാണെന്നും അതില്‍ ദുഃഖിക്കേണ്ടി വരുമെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു. സാലിസ്ബറിയില്‍ വെച്ച് റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിനു പിന്നില്‍ റഷ്യയാകാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞിരുന്നു. ഇതിനു ശേഷം യുകെയും പാശ്ചാത്യരാജ്യങ്ങളും ചേര്‍ന്ന് 150ലേറെ റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു. അതേ നാണയത്തില്‍ത്തന്നെ തിരിച്ചടിക്കുമെന്നാണ് റഷ്യ പ്രതികരിച്ചത്. തെരേസ മേയുടെ ആരോപണം ഭീകരവും കഴമ്പില്ലാത്തതുമാണെന്നും വാസിലി നെബെന്‍സ്യ പറഞ്ഞു. ഇതിലും മികച്ച ഒരു നുണക്കഥയുമായി വന്നുകൂടായിരുന്നോ എന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു. വിഷയത്തില്‍ ബ്രിട്ടന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും നെബെന്‍സ്യ സെക്യൂരിറ്റി കൗണ്‍സിലില്‍ വ്യക്തമാക്കി. ബ്രിട്ടന്റെ ആവശ്യപ്രകാരം വാച്ച്‌ഡോഗ് ഗ്രൂപ്പായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒപിസിഡബ്ല്യു) രാസായുധ പ്രയോഗത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗം വിളിക്കാന്‍ റഷ്യ മുന്‍കയ്യെടുത്തത്. റഷ്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന നോവിചോക്ക് എന്ന നെര്‍വ് ഏജന്റായിരുന്നു സ്‌ക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിച്ചത്. 1990കളില്‍ സോവിയറ്റ് യൂണിയനാണ് ഇത് വികസിപ്പിച്ചത്. എന്നാല്‍ നോവിചോക്ക് മറ്റ് നിരവധി രാജ്യങ്ങളില്‍ നിര്‍മിക്കുന്നുണ്ടെന്ന് നെബെന്‍സ്യ പറഞ്ഞു. റഷ്യന്‍ പേരാണ് ഈ വസ്തുവിന് ഉള്ളതെന്ന് മാത്രം. റഷ്യയെ നിന്ദിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമമാണ് ബ്രിട്ടന്‍ നടത്തുന്നതെന്നും റഷ്യന്‍ പ്രതിനിധി കുറ്റപ്പെടുത്തി. കെമിക്കല്‍ ആക്രമണത്തില്‍ സംയുക്ത അന്വേഷണമാണ് വേണ്ടതെന്നും തങ്ങളെ പങ്കെടുപ്പിച്ചില്ലെങ്കില്‍ അന്വേഷണഫലം അംഗീകരിക്കില്ലെന്നും റഷ്യ വ്യക്തമാക്കി.
RECENT POSTS
Copyright © . All rights reserved