UP
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. എട്ടയിലാണ് സംഭവം. കുട്ടി മരിച്ചു കിടന്നതിന് സമീപത്ത് സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലായിരുന്നവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം രൂപപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി സ്ഥലത്ത് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ശീതള്‍പുരിലെ മണ്ഡി സമിതിക്കു സമീപം ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ മൃതദേഹത്തിനരികെ മദ്യ ലഹരിയില്‍ കാണപ്പെട്ട ഏട്ട സ്വദേശിയായ സോനു (18) വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കത്വ പെണ്‍കുട്ടിക്കായി രാജ്യം മുഴുവന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന 600ഓളം വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. എം.ബി.ബി.എസ് പരീക്ഷ വിജയിക്കാന്‍ ഉത്തരക്കടലാസ് എഴുതി നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജന്മാരെ കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. തിങ്കളാഴ്ച മുസഫനഗര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് രണ്ട് പേരെ പോലീസ് പിടികൂടിയത്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഉത്തരക്കടലാസുകള്‍ എഴുതി നല്‍കുകയും. പിന്നീട് പരീക്ഷ നടത്തിപ്പുകാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇവ ഫയലില്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘങ്ങള്‍ യൂപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഉത്തരക്കടലാസുകള്‍ എഴുതി നല്‍കുന്നതിന് ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം വരെയാണ് ഇവര്‍ ഈടാക്കുന്ന തുക. ഇതര പ്രൊഫഷണല്‍ കോളേജ് വിദ്യര്‍ത്ഥികളില്‍ നിന്ന് 40000 രൂപ മുതല്‍ 50000 രൂപ വരെ ഈടാക്കുന്നു. കുട്ടികളുടെ മരണവും ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവെപ്പ് നടത്തി എച്ച്‌ഐവി പടര്‍ന്നു പിടിച്ച സംഭവങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഘട്ടത്തിലാണ് പരീക്ഷാ തട്ടിപ്പ് വിവരങ്ങള്‍ പുറത്തു വരുന്നത്. വരും നാളുകളില്‍ തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ കീഴില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ലക്‌നൗ: ദളിത് പെണ്‍കുട്ടിയെ ജീവനോടെ ചുട്ടു കൊന്നു. രാജ്യത്തെ ഞെട്ടിച്ച കൊടും ക്രൂരത നടന്നത് ഉത്തര്‍പ്രദേശ് ഉന്നാവോ ജില്ലയിലെ ഗ്രാമത്തില്‍. കഴിഞ്ഞ വ്യാഴാഴ്ച്ച പച്ചക്കറി മാര്‍ക്കറ്റിലൂടെ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന 18 വയസ്സുകാരി മോണി എന്ന പെണ്‍കുട്ടിയെ അജ്ഞാതരായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി പെണ്‍കുട്ടിയെ വളഞ്ഞ സംഘം യാതൊരു പ്രകോപനവും കൂടാതെ മോണിയുടെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്കെ മാര്‍ക്കറ്റില്‍ വെച്ച് മോണിയുടെ ശരീരം കത്തിയമരുകയായിരുന്നു. സംഭവത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തെത്തിയ സോണല്‍ ഐജി സുജിത് കുമാര്‍ പാണ്ഡെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മോണിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ കൂടുംബ വൈരാഗ്യമാണോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കുടുംബത്തോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടോയെന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് നിന്ന് കാലിയായ പെട്രോള്‍ ക്യാന്‍, തീപ്പെട്ടി എന്നിവ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ഫോര്‍വീലറിന്റെ ടയര്‍ പാടുകള്‍ പോലീസ് കണ്ടെത്തി. സ്ഥലം എസ്പി പുഷ്പാജ്ഞലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തം സിങ് റാത്തോഡ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പേരെ ചോദ്യം ചെയ്തു. അജ്ഞാതരായ അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved