uukma news
പി.ആര്‍.ഒ. യുക്മ  യുക്മ നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി അർദ്ധ കാലാവധിയിലെ ജനറൽ ബോഡി യോഗം 2018 ഫെബ്രുവരി 24 ന് വാൽസാളിലെ റോയൽ ഹോട്ടലിൽ വച്ച് ചേരുന്നതാണ്. അംഗ അസോസിയേഷനുകളിൽ നിന്ന് യുക്മ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവർക്ക് ജനറൽ ബോഡി യോഗത്തിൽ വോട്ട് ചെയ്യാനുള്ള അവകാശത്തോടെ പങ്കെടുക്കാം. അസോസിയേഷൻ ഭാരവാഹികളെയും യുക്മയുടെ അഭ്യുദയകാംക്ഷികളെയും ജനറൽ ബോഡി യോഗത്തിൽ സംബന്ധിക്കുന്നതിനും അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുവാനും സ്വാഗതം ചെയ്യുന്നു. യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, സെക്രട്ടറി റോജിമോൻ വറുഗീസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വായിക്കുന്നതും, ട്രഷറർ അലക്സ് വർഗീസ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുന്നതുമാണ്. യുക്മ നാഷണൽ കമ്മിറ്റി വിഭാവനം ചെയ്തു നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും ചുമതല ഉണ്ടായിരുന്നവക്ക് പോയ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനും, വരും വർഷത്തെ പരിപാടികൾ എപ്രകാരം വിഭാവനം ചെയ്തിരിക്കുന്നു എന്ന് വിശദീകരിക്കുന്നതിനും അവസരമുണ്ടായിരിക്കും. ഓരോ റീജിയന്റെയും പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് റീജിയണൽ പ്രസിഡന്റ് (അല്ലെങ്കിൽ സെക്രട്ടറി) എന്നിവർക്കും അവസരം നൽകുന്നതാണ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ യുക്മയെ വളർത്തുന്നതിനോടൊപ്പം, യു കെ മലയാളികൾക്കും മറ്റുള്ളവർക്കും പരമാവധി പ്രയോജനം ലഭിക്കത്തക്കവണ്ണം യുക്മയുടെ പ്രവർത്തനമേഖല വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പ്രാവശ്യത്തെ ജെനറൽ ബോഡി സംവിധാനം ചെയ്തിരിക്കുന്നത്. തുടർന്ന് ചോദ്യോത്തര വേളയും ആവശ്യമായ കാര്യങ്ങളിലുള്ള ചർച്ചകളും ഉണ്ടായിരിക്കും. യുക്മ ജനറൽ ബോഡിയിൽ ചർച്ചക്കെടുക്കേണ്ട പ്രധാന കാര്യങ്ങൾ ഉണ്ട് എങ്കിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി റോജിമോനെ ഫെബ്രുവരി 17 ന് മുമ്പായി [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ അറിയിക്കേണ്ടതാണ്. രാവിലെ കൃത്യം 10 മണിക്ക് യുക്മ ദേശീയ നിർവാഹക സമിതി യോഗം നടക്കുന്നതും തുടർന്ന് യുക്മ നാഷണൽ ജനറൽ ബോഡി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്നതാണ്. 2 മണിക്ക് ഉച്ചഭക്ഷണത്തിനു പിരിയുന്ന യോഗം 2 .45 വീണ്ടും ചേരുന്നതും, 6 മണിയോടെ അവസാനിപ്പിക്കുന്നതിനുമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എല്ലാ യുക്മ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്ത് നമ്മുടെ കൂട്ടായ്മയെ ഉന്നതിയുടെ പുതിയ മേഖലകളിലേക്ക് എത്തിക്കുവാൻ നിസ്വാർത്ഥമായി സഹകരിക്കണമെന്ന് യുക്മ നാഷണൽ കമ്മിറ്റി അഭ്യർത്ഥിക്കുന്നു യോഗം നടക്കുന്ന വേദിയുടെ വിലാസം The Royal Hotel Walsall, Ablewell Street, WS1 2EL.
സജീഷ് ടോം ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 യുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ആരംഭിക്കുകയാണ്. കഴിഞ്ഞ നവംബർ 11 ന് ബർമിംഗ്ഹാമിനടുത്തുള്ള വൂളറാംപ്റ്റണിൽ നടന്ന ആദ്യ സ്റ്റേജ് മത്സരങ്ങളിൽ രണ്ട് റൗണ്ട് മത്സരങ്ങളായിരുന്നു ക്രമീകരിച്ചിരുന്നത്. ആദ്യ റൗണ്ട്ആയ “ഇഷ്ടഗാന” റൗണ്ടിന്റെ സംപ്രേക്ഷണം പൂർത്തിയായിക്കഴിഞ്ഞു. അടുത്ത റൗണ്ട് 1970 – 1980 കാലഘട്ടത്തിൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽനിന്നുള്ള ഹൃദ്യഗാനങ്ങൾക്കായാണ് മാറ്റിവച്ചിരിക്കുന്നത്. മത്സരാർത്ഥികളായ പതിനഞ്ച് ഗായകരിൽ മൂന്നുപേർ ഈ റൗണ്ട് അവസാനിക്കുന്നതോടെ സ്റ്റാർസിംഗറിൽനിന്നും പുറത്താകുകയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഒരു ജീവന്മരണ പോരാട്ടമായിരിക്കും രണ്ടാം റൗണ്ടിലെ മത്സരങ്ങളിൽ നാം കാണുക. ഈ റൗണ്ടിലെ ആദ്യ എപ്പിസോഡിൽ പാടാനെത്തുന്നത് കടൽകടന്ന് മത്സരിക്കാനെത്തിയ ജാസ്മിൻ പ്രമോദ് (ഡബ്ലിൻ), സോളിഹള്ളിൽനിന്നുള്ള ആന്റണി തോമസ്, കെൻറ്റിൽനിന്നുള്ള അനു ജോസ് എന്നിവരാണ്. “ചിലമ്പ്” എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിൽ കെ എസ് ചിത്ര ആലപിച്ച ‘പുടമുറി കല്യാണം ദേവി എനിക്കിന്ന് മാങ്കല്യം’ എന്ന ഗാനമാണ് ജാസ്മിൻ നമുക്കായി ആലപിക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ നിരവധി വേദികളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്ന അനുഗ്രഹീത ഗായികയായ ജാസ്മിന്റെ ആലാപനം, പാട്ടുകേട്ട് കഴിഞ്ഞും നാമറിയാതെ വീണ്ടും മൂളിപ്പാട്ടായി ചുണ്ടിൽ വിരിയും വിധം അതീവ ഹൃദ്യമായ ഒന്നാണെന്നതിൽ സംശയമില്ല. പ്രതിഭാധനനായ സിനിമാ സംവിധായകൻ ഭരതൻ തന്നെയാണ് ഗാനത്തിന്റെ ഈരടികളും രചിച്ചിരിക്കുന്നത്. മലയാള സിനിമാ ഗാനങ്ങളുടെ വസന്തകാലത്തെ പണ്ഡിതരായ മഹാരഥന്മാരായിരുന്നു ശ്രീകുമാരൻതമ്പിസാറും ദക്ഷിണാമൂർത്തി സ്വാമികളും. അവരുടെ കൂട്ടുകെട്ടിൽ പിറന്ന നിരവധി ഗാനങ്ങൾ ആ കാലഘട്ടത്തിന്റെ കയ്യൊപ്പു പതിഞ്ഞവയായിരുന്നു. ശ്രീകുമാരൻതമ്പിയുടെ രചനയിൽ ദക്ഷിണാമൂർത്തി ഈണം ചിട്ടപ്പെടുത്തിയ “ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പം” എന്ന ഭാവ തീവ്രമായ ഗാനവുമായാണ് അടുത്ത മത്സരാർത്ഥിയായ ആൻ്റണി തോമസ് എത്തുന്നത്. തന്റെ ശബ്ദത്തിന് യോജിക്കുന്ന ഗാനങ്ങൾ തെരഞ്ഞെടുക്കാനുള്ള പാടവം ഇഷ്ടഗാന റൗണ്ടിലും ആൻ്റണി തെളിയിച്ചതാണ്. ‘ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്ന സിനിമയിൽ പി ജയചന്ദ്രൻ ആലപിച്ച ഈ ഗാനം ഭാവത്തിലും ആലാപനത്തിലും മികവുറ്റതാക്കാൻ ആൻ്റണി ശ്രമിക്കുന്നുണ്ട്. ഇഷ്ടഗാന റൗണ്ടിലെ “സ്വരകന്യകമാർ വീണ മീട്ടുകയായ്” എന്ന ഗാനം ആലപിച്ച അനുവിനെ ആരും മറന്നിട്ടുണ്ടാകില്ല. ലളിതവും മധുരവുമായി പാടുന്ന കെൻറ്റിൽനിന്നുള്ള അനു ജോസ് രണ്ടാമത്തെ റൗണ്ടിൽ എത്തുന്നത് “ഓളങ്ങൾ” എന്ന ചിത്രത്തിലെ ‘തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം’ എന്ന നിത്യ ഹരിത സൂപ്പർ ഹിറ്റ് ഗാനവുമായാണ്. ഒ എൻ വി കുറുപ്പ് – ഇളയരാജ ടീമിന്റെ എക്കാലവും ഓർമ്മയിൽ ഈണമാകുന്ന ഈ ഗാനം എസ് ജാനകിയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ നെഞ്ചിലേറ്റുന്നത്. അനുവിന്റെ സ്റ്റാർസിംഗറിലെ മറ്റൊരു മിന്നുന്ന പ്രകടനം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും ഈ ഗാനം. താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്കിലൂടെ പുതിയ എപ്പിസോഡ് കാണുക
സജീഷ് ടോം ഇഷ്ടഗാനങ്ങളുമായി മത്സരാർത്ഥികൾ എത്തുന്ന ഗർഷോം ടി വി- യുക്മ സ്റ്റാർ സിംഗർ 3 യുടെ ആദ്യ റൗണ്ട് മത്സരങ്ങൾ കൂടുതൽ ഗായക പ്രതിഭകളെ ശ്രോതാക്കളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. മൂന്നു ഗായകർ വീതം എത്തുന്ന അഞ്ച് എപ്പിസോഡുകളിലൂടെ പതിനഞ്ച് മത്സരാർഥികളാണ്‌ സ്റ്റാർസിംഗർ 3 യിൽ ഏറ്റുമുട്ടുന്നത്. മത്സരത്തിന്റെ നാലാം എപ്പിസോഡ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകവഴി കൂടുതൽ സ്ഥിരം പ്രേക്ഷകരെ നേടിക്കൊണ്ട് ഗർഷോം ടി വി.യും പുത്തൻ നാഴികക്കല്ലുകൾതാണ്ടി മുന്നേറുകയാണ്. യുക്മ ദേശീയ കലാമേളകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സീനിയർ- ജൂനിയർ വിഭാഗങ്ങളിൽ സ്ഥിരം ജേതാക്കളായ ഹരികുമാർ വാസുദേവനും കൃപാ മരിയാ ജോർജും പാടുവാൻ എത്തുകയാണ് ഈ എപ്പിസോഡിൽ. അതുപോലെ തന്നെ, നോർത്ത് വെയ്ൽസിൽ നിന്നുള്ള ആദ്യമത്സരാർത്ഥിയായി ശോഭ ആൻ ജോർജ് കൂടി എത്തിയപ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷയുടെ നിമിഷങ്ങൾ സമ്മാനിക്കുകയാണ് നാലാം എപ്പിസോഡ്. ജാനകിയമ്മയുടെ ഗാനങ്ങളെ ഒരു പൂക്കാലമായി നെഞ്ചിലേറ്റുന്ന കൃപ ‘കൂടെവിടെ’ എന്ന സിനിമയിലെ “പൊന്നുരുകും പൂക്കാലം” എന്ന ഗാനമാണ് ആലപിക്കുന്നത്. ഒ എൻ വി കുറുപ്പിന്റെ രചനയിൽ മറ്റൊരു ജോൺസൺമാഷ് ഗാനവുമായെത്തുന്ന കൃപ, യുക്മ സ്റ്റാർസിംഗർ സീസൺ 2 ജേതാവ് അനു ചന്ദ്രയുടെ സ്വന്തം തട്ടകമായ സ്വിണ്ടനിൽനിന്നു തന്നെയാണെത്തിയിരിക്കുന്നത് എന്നത് തികച്ചും യാദൃശ്ചികം മാത്രമാണോ എന്നാണു പ്രേക്ഷകർ ഉറ്റുനോക്കുന്നത്. സ്റ്റാർ സിംഗർ 3 യിലെ ഏറ്റവും പ്രായം കുറഞ്ഞ മറ്റൊരു മത്സരാർത്ഥിയാണ് കൃപ. രണ്ടാമത്തെ ഗാനവുമായെത്തുന്നത് ഷെഫീൽഡിൽ നിന്നുള്ള ഹരികുമാറാണ്. യുക്മ ദേശീയ കലാമേളകളിൽ സംഗീതവുമായി ബന്ധപ്പെട്ട എല്ലാ ഇനങ്ങളിലും സമ്മാനാർഹനാകുന്ന ഹരി, ഇക്കഴിഞ്ഞ ദേശീയ കലാമേളയിൽ സംയുക്ത കലാപ്രതിഭ കൂടിയായും തിളങ്ങിയിരുന്നു. ഹരിയോടൊപ്പം ദേശീയ കലാപ്രതിഭാ പട്ടം പങ്കുവച്ചത് സ്റ്റാർസിംഗർ 3യിലെ മറ്റൊരു മത്സരാർത്ഥിയായ സാൻ ജോർജ് തോമസ് ആയിരുന്നു എന്നത് മറ്റൊരു യാദൃശ്ചികത മാത്രം. കൈതപ്രം- ജോൺസൻ മാഷ്- യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന “ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരക”വുമായാണ് ഹരി എത്തുന്നത്. നോർത്ത് വെയിൽസിലെ പ്രസിദ്ധമായ സ്നോഡോണിയയിൽ നിന്നും എത്തുന്ന ശോഭ ആൻ ജോർജ് ആണ് ഈ എപ്പിസോഡിലെ അവസാന ഗായിക. യു എ ഇ യിൽ വിദ്യാഭ്യാസം പൂർത്തിയാക്കി യു.കെ.യിലെത്തിയ ശോഭ എൻ എച്ച എസ്സിൽ പ്രൊജക്റ്റ് ഓഫീസർ ആയി ജോലിചെയ്യുന്നതിനോടൊപ്പം തൻറെ സംഗീത സ്വപ്നങ്ങളെയും താലോലിക്കുന്നു. ജ്യോത്സന ആലപിച്ച “സുഖമാണീ നിലാവ്” എന്ന ഹൃദയഹാരിയായ ഗാനവുമായാണ് ശോഭ എത്തുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ഗർഷോം ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർസിംഗർ 3 യുടെ ഓരോ പുതിയ എപ്പിസോഡുകളുമാണ് തുടർന്നുവരുന്ന ആഴ്ചകളിൽ യൂട്യൂബ് ലിങ്ക് സഹിതം വാർത്തയായി യു.കെ.യിലെ പ്രമുഖ ഓൺലൈൻ പത്രങ്ങളിൽ വരുന്നത്. യൂറോപ്പ് മലയാളി സമൂഹത്തിന്റെ സംഗീതയാത്രയായി മാറിക്കഴിഞ്ഞ യുക്മ സ്റ്റാർസിംഗർ 3 യുടെ ബ്രാൻഡ്‌ന്യൂ എപ്പിസോഡുകളുമായെത്തുന്ന വാർത്തകൾ പരമാവധി ഷെയർ ചെയ്തു കൂടുതൽ സംഗീത പ്രേമികളിൽ എത്തിക്കുവാൻ വിനയപൂർവം അഭ്യർത്ഥിക്കുന്നു.
RECENT POSTS
Copyright © . All rights reserved